Monthly Archives: May 2009

പുകവലി


33

സിഗററ്റ് പുകയുടെ അല്ലെങ്കില്‍ ബീഡിപ്പുകയുടെ മണം വളരെ ഇഷ്ടമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അച്ഛന്‍ ദിനേശ് ബീഡി വലിക്കാരനായിരുന്നു. ദിനേശ് ബീഡിയല്ലെങ്കില്‍ പനാമാ സിഗററ്റ് അച്ഛന്റെ പതിവായിരുന്നു. അച്ഛന്‍ അടുത്തേക്ക് വരുമ്പോള്‍ കിട്ടുന്ന പുകയുടെ മണം ഇഷ്ടപ്പെട്ട് പോയതില്‍ തെറ്റ് പറയാനാവില്ലല്ലോ ?

പുകവലിയുടെ ദൂഷ്യഫലങ്ങളൊന്നും അറിയാതിരുന്നകാലത്തുണ്ടായിരുന്ന ആ ആകര്‍ഷണം ഒരു ശീലമായി മാറിയിട്ടില്ലെങ്കിലും കോളേജ് കാലഘട്ടത്തില്‍ കുറെയധികം സിഗററ്റുകള്‍ ഞാനും പുകച്ച് തള്ളിയിട്ടുണ്ട്.

പ്രീ-ഡിഗ്രിക്ക് പ്രവേശനം കിട്ടി കോളേജ് എന്ന മായാലോകത്തേക്ക് പുറപ്പെടാന്‍ കച്ചകെട്ടി നില്‍ക്കുന്ന ഒരു പതിനഞ്ചുകാരന്, പുകവലിക്കാരനായ ഏതൊരച്ഛനും കൊടുക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരുപദേശമാണ് എനിക്കും കിട്ടിയത്.

“കോളേജ് പഠനകാലത്താണ് പല ചീത്ത സ്വഭാവങ്ങളും കുട്ടികള്‍ക്ക് കിട്ടുന്നത്. അത്തരം ചീത്തസ്വഭാവങ്ങളില്‍ ഒന്നാണ് പുകവലി. ഞാന്‍ പുകവലിക്കാരനായതുകൊണ്ട് നിന്നോട് പുകവലിക്കരുതെന്ന് പറയാന്‍ എനിക്കവകാശമില്ല. അച്ഛന്‍ ചെയ്യുന്നതല്ലേ ഞാനും ചെയ്യുന്നുള്ളൂ എന്ന് നീ തിരിച്ച് ചോദിച്ചാല്‍ എനിക്കുത്തരമില്ലല്ലോ ? നല്ല ശീലമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനിത് കൊണ്ടുനടക്കുന്നത്. നിന്നോട് പുകവലിക്കരുതെന്ന് പറയാന്‍ അവകാശമില്ലെങ്കിലും, എന്റെ പണം കൊണ്ട് പുകവലിക്കരുതെന്ന് പറയാന്‍ എനിക്കവകാശമുണ്ട്. സ്വന്തമായി സമ്പാദിക്കാ‍ന്‍ തുടങ്ങുന്ന കാലത്ത് നിനക്ക് വലിക്കണമെന്ന് തോന്നിയാല്‍ ആയിക്കോളൂ. പക്ഷെ എന്റെ ചിലവില്‍ പുകവലിക്കാന്‍ പാടില്ല.”

വളരെ ബുദ്ധിപൂര്‍വ്വമുള്ള ഒരു ഉപദേശമായിരുന്നതെന്ന് എനിക്ക് മനസ്സിലായത് കോളേജ് പഠനമൊക്കെ കഴിഞ്ഞതിനുശേഷമാണ്. ടീനേജ് പ്രായത്തില്‍ പുകവലി എന്ന ദുഃശ്ശീലത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ സാധിച്ചാല്‍ ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും ഒരാള്‍ പുകവലിക്കാരനായെന്ന് വരില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരുടെ കാര്യത്തിലും ഈ അനുമാനം ശരിയാകണമില്ലെങ്കിലും ബഹുഭൂരിപക്ഷത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സത്യമെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊക്കെ എന്റെ കാഴ്ച്ചപ്പാടുകള്‍ മാത്രമാണ്.

എന്തായാലും പ്രീ-ഡിഗ്രി പഠനകാലം പുകവലിക്കടിമപ്പെടാതെ കടന്നുപോയി. വലിക്കണമെന്ന് ആഗ്രഹം ഉണ്ടായാല്‍പ്പോലും ചേച്ചിമാര്‍ രണ്ടുപേരും അതേ കോളേജില്‍ പഠിക്കുന്നതുകൊണ്ട് അത്തരം ആശയൊക്കെ അടക്കം ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.

എഞ്ചിനീയറിങ്ങ് ബിരുദപഠനത്തിന് കണ്ണൂരെത്തിയതോടെ കളി മാറി. ഇടയ്ക്കിടയ്ക്കൊക്കെ ഒരു പുക ഒരു ശീലമായിത്തുടങ്ങി. എപ്പോഴാണ് അത് തുടങ്ങിയതെന്നോ ആ ശീലത്തിനടിമയായതെന്നോ കൃത്യമായി ഓര്‍മ്മയില്ല. അവസാന സെമസ്റ്റര്‍ ആയപ്പോഴേക്കും ഏറ്റവും കുറഞ്ഞത് ദിവസം നാലെണ്ണം എന്ന തോതില്‍ വലിയുടെ കാര്യത്തില്‍ പുരോഗതിയുണ്ടായി. പഠനമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും അത്താഴത്തിനുശേഷം ഒരു പുക ചെന്നില്ലെങ്കില്‍ ഒരു വല്ലാത്തെ അസ്വസ്ഥത അനുഭവപ്പെട്ടുതുടങ്ങി. അഡിക്‍ഷന്റെ ലക്ഷണമായിട്ട് കരുതുന്നതില്‍ തെറ്റില്ല. ഭക്ഷണം കഴിഞ്ഞ ഉടനെ വീട്ടില്‍ എങ്ങനെ സിഗററ്റ് വലിക്കും എന്നുള്ളത് ഒരു കീറാമുട്ടിയായി. മുറിയടച്ചിട്ട് വലിച്ചാലും അപകടം തന്നെ. പെട്ടെന്നാരെങ്കിലും വാതിലില്‍ മുട്ടി അകത്തുകടന്നുവന്നാല്‍ പുകയുടെ മണം നന്നായി മനസ്സിലാക്കാന്‍ പറ്റുമെന്ന് ഉറപ്പാണ്.

രാത്രി ഭക്ഷണത്തിനുശേഷം പടിക്കുപുറത്തുകടന്ന് ഇരുട്ടിലൂടെ ഒരു നടത്തം പതിവാക്കിത്തുടങ്ങി. നടത്തമൊക്കെ കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും ഒരു സിഗററ്റിന്റെ പുക ശ്വാസകോശത്തിന്റെ ഉള്ളറകളില്‍ പറ്റിച്ചേന്നുകഴിഞ്ഞിരിക്കും. പക്ഷെ ഈ മാര്‍ഗ്ഗം അത്ര ശാശ്വതമായിത്തോന്നിയില്ല. നാട്ടുകാര്‍ നല്ല പുള്ളികളാണ്. നമ്മളെന്തൊക്കെ ചെയ്യുന്നു എന്തൊക്കെ ചെയ്യുന്നില്ല എന്ന് നോക്കിയിരിക്കുകയാണവര്‍. വല്ലതും കണ്ടുപിടിച്ചാല്‍ നിധി കിട്ടിയ സന്തോഷത്തോടെ വിവരം വീട്ടിലെത്തിച്ചിരിക്കും. അതുകൊണ്ട് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ റോഡിലിറങ്ങി ഇരുട്ടിലൂടെയുള്ള പുകവലിക്ക് വിരാമമിട്ടു. വീണ്ടും ഒന്നുരണ്ട് പ്രാവശ്യം മുറിയടച്ചിട്ട് വലി തുടര്‍ന്നെങ്കിലും, ഭക്ഷണം കഴിഞ്ഞ ഉടനെ മുറിക്കകത്ത് കയറി വാതിലടയ്ക്കുന്നതിന്റെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കാന്‍ പുകവലിക്കാരനായ അച്ഛന് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ലെന്ന് ഉറപ്പാണു്.‌ മുറിയിലിരുന്ന് വലിച്ചപ്പോഴൊക്കെ ഗര്‍ഫില്‍ നിന്ന് ആരോ കൊണ്ടുവന്നുതന്ന പെപ്സിയുടെ ഒരു കാലി ടിന്നിലായിരുന്നു(കാലി ടിന്നല്ല ഗള്‍ഫീന്ന് കൊണ്ടുവന്ന് തന്നത്. കുടിച്ച് കാലിയാക്കിയത് ഞാന്‍ തന്നെ.) എന്റെ പുകവലിയുടെ രഹസ്യങ്ങള്‍ കുഴിച്ചുമൂടപ്പെട്ടിരുന്നത്. ജനലിലൂടെ പുറത്തേക്ക് ഒരു തീപ്പെട്ടിക്കോള്ളിയോ സിഗററ്റിന്റെ കുറ്റിയോ എറിയാതിരിക്കാന്‍ ഞാനങ്ങിനെ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നില്ലെങ്കിലും അതങ്ങിനെ സംഭവിച്ചുപോന്നു.

വെളിയില്‍ മറ്റ് ചില സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇക്കാലത്ത് ഞാന്‍ അറിഞ്ഞിരുന്നില്ല. രാവിലെ എഴുന്നേറ്റാലുടന്‍ എന്റെ മുറിയുടെ ജനാലപ്പുറത്ത് ഒരു സിഗററ്റ് കുറ്റിയോ തീപ്പെട്ടിക്കമ്പോ വീണുകിടക്കുന്നുണ്ടോ എന്ന് പരതി നോക്കുന്നത് അച്ഛന്‍ ശീലമാക്കിയിരുന്നു. പുകവലിക്കാരനായ ഒരാള്‍ എത്രയൊക്കെ മറച്ചുപിടിക്കണമെന്ന് കരുതിയാലും ഒരിക്കലെങ്കിലും ഒരു സിഗററ്റ് കുറ്റിയെങ്കിലും അശ്രദ്ധമായി വലിച്ചെറിഞ്ഞിട്ടുണ്ടാകുമെന്നായിരുന്നു അച്ഛന്റെ തത്ത്വശാസ്ത്രം. അങ്ങനെയുള്ള ഒരു സിഗററ്റ് കുറ്റിക്കുവേണ്ടി അച്ഛന്‍ ഡിക്‍ടറ്റീവായിരിക്കുന്നതറിയാതെ എന്റെ സിഗററ്റ് കുറ്റികള്‍ പെപ്സി ടിന്നിനുള്ളില്‍ അന്ത്യനിദ്രകൊണ്ടു. ഈ സിഗററ്റ് കുറ്റി തപ്പിയുള്ള നടത്തത്തെപ്പറ്റി ഒരിക്കല്‍ അച്ഛന്‍ തന്നെ കുമ്പസരിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ അറിയുകപോലുമില്ലായിരുന്നു.

എന്തായാലും പോകെപ്പോകെ ഇത്രയും വിഷമസന്ധികളൊക്കെ തരണം ചെയ്ത് ഒളിച്ചും പാത്തും പുകവലിക്കുന്നതില്‍ ഒരു സുഖവുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അങ്ങനെ 1991 ഡിസംബര്‍ മാസത്തില്‍ ഞാന്‍ പുകവലി എന്നെന്നേക്കുമായി ഉപേക്ഷിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് സ്വന്തം സമ്പാദ്യമായതില്‍പ്പിന്നെ ഞാന്‍ പുകവലിച്ചിട്ടേയില്ല. വലിച്ചതുമുഴുവന്‍ അച്ഛന്റെ പണം ഉപയോഗിച്ച് തന്നെ. അച്ഛന്റെ ചിലവില്‍ പുകവലിച്ച് നടന്നതിന്റെ കടം വീട്ടാനായി നാട്ടിലേക്ക് പോകുമ്പോള്‍ ചിലപ്പോഴൊക്കെ കുറേ സിഗററ്റ് അച്ഛന് കൊണ്ടുക്കൊടുക്കാറുണ്ടായിരുന്നു കുറേനാള്‍ മുന്‍പുവരെ. പക്ഷെ ഇപ്പോള്‍ അച്ഛന്‍ വലിനിര്‍ത്തിയിരിക്കുന്നതുകൊണ്ട് ആ പതിവുമില്ല.

പിന്നീട് ഇതുവരെ പുകവലിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ലെന്ന് മാത്രമല്ല പുകവലിക്കാര്‍ അടുത്തെത്തുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ടും, ശ്വാസം മുട്ടലും അനുഭവപ്പടാന്‍ തുടങ്ങുകയും ചെയ്തു. ചെറുപ്പത്തില്‍ അച്ഛന്‍ അടുത്തേക്ക് വരുമ്പോള്‍ ഇഷ്ടമായിരുന്ന ആ പുകമണം എനിക്കസഹ്യമായിത്തുടങ്ങിയത് വളരെപ്പെട്ടെന്നാണ്. പൊതുനിരത്തുകളിലും, ബസ്സ്, തീവണ്ടി മുതലായ പൊതുസ്ഥലങ്ങളിലുമൊക്കെ പുകവലിച്ച് സെക്കന്ററി സ്മോക്കിങ്ങ് സമ്മാനിക്കുന്നവരോട് തട്ടിക്കയറുന്നതായി പിന്നെ എന്റെ ശീലം. അങ്ങനെ ബസ്സിലിരുന്ന് പുകവലിച്ച ഒരു അമ്മാവനോട് ഞാന്‍ തട്ടിക്കറിയത് അദ്ദേഹം അച്ഛന്റെ പരിചയക്കാരനാണെന്നറിയാതെയായിരുന്നു. അദ്ദേഹമെന്നെ തിരിച്ചറിഞ്ഞെന്ന് എനിക്ക് മനസ്സിലായത് “രവീന്ദ്രന്‍ മാഷിന്റെ മോനല്ലേ ?” എന്ന ചോദ്യം ഉന്നയിക്കപ്പെട്ടപ്പോളാണു്‌.

“ഇങ്ങനെയാണോ പ്രായമുള്ളവരോട് പെരുമാറുന്നത് ? മാഷിനെപ്പോലൊരാളുടെ മകനില്‍ നിന്നും ഞാനിത് തീരെ പ്രതീക്ഷിച്ചില്ല” എന്നുകൂടെ പ്രഖ്യാപനം വന്നപ്പോള്‍ എന്നിലെ യുവരക്തം ആളിക്കത്തി.

“പൊതുസ്ഥലത്തിരുന്ന് പുകവലിച്ചിട്ട് വീട്ടിലുള്ളവരെ വലിച്ചിഴച്ച് വിഷയം മാറ്റാനൊന്നും നോക്കണ്ട കാര്‍ന്നോരേ“ എന്നുപറഞ്ഞ് ഞാന്‍ കത്തിക്കയറിയപ്പോള്‍ അമ്മാവന്‍ അടങ്ങി.

അക്കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ കത്തിക്കയറാനൊന്നും പറ്റുന്ന കാലമല്ല. കത്തിച്ച് കളയാനുള്ള പ്രായവുമായിരിക്കുന്നു. അതുകൊണ്ട് പുകമണമുള്ളയിടത്തുനിന്നും പതുക്കെ വലിയുകയാണ് ഇപ്പോഴത്തെ പതിവ്. പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്ക് 500 രൂപാ പിഴയിടുന്നു എന്നൊക്കെ വാര്‍ത്ത വന്നപ്പോള്‍ വളരെ സന്തോഷം തോന്നിയെങ്കിലും ആ പ്രഖ്യാപനമൊക്കെ കാറ്റില്‍ സിഗററ്റ് പുകയുടേയും ബീഡിപ്പുകയുടേയുമൊക്കെ കൂടെ പാ‍റിപ്പോയി. കുറേ പൊലീസുകാര്‍ക്കു്‌ പോക്കറ്റുമണി തരമായതുമാത്രം മിച്ചം.

പുകവലിക്കാരോട് വലി നിര്‍ത്താന്‍ പറഞ്ഞ് പിന്നാലെ നടന്നിട്ടൊന്നും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്വയം തോന്നിയാല്‍ ഒറ്റ ദിവസം കൊണ്ട് നിര്‍ത്താന്‍ പറ്റുന്നതേയുള്ളൂ പുകവലി. എണ്ണം കുറച്ചു കുറച്ച് പതുക്കെ പതുക്കെ വലി നിര്‍ത്താമെന്നുള്ളതൊക്കെ വ്യാമോഹം മാത്രമാണ്. എത്രപേര്‍ അങ്ങിനെ വലി നിര്‍ത്തിയിട്ടുണ്ടെന്ന് കണ്ടുതന്നെ അറിയണം.

‘പുകവലി നിര്‍ത്താന്‍ വളരെ എളുപ്പമാണ്. ഞാന്‍ തന്നെ ഇരുപത് പ്രാവശ്യം വലി നിര്‍ത്തിയിട്ടുള്ളതാണ് ‘ എന്ന് തമാശ പറയുന്നവരടക്കമുള്ള പുകവലിക്കാര്‍ വലിയൊന്നും നിര്‍ത്തിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിച്ചാല്‍ത്തന്നെ കുറേയൊക്കെ നന്നായിരുന്നേനേ.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഞാനാദ്യമായി പുകവലിച്ചത്. അതും അച്ഛന്റെ വിശിഷ്ട ബ്രാന്‍ഡായ ദിനേശ് ബീഡി തന്നെ. കട്ടെടുത്ത് വലിച്ചതൊന്നുമല്ല, ‘ഔദ്യോഗികമായി’ വലിച്ചതാണെന്ന് പറയുമ്പോള്‍ അത്ഭുതം കൂറിയിട്ട് കാര്യമില്ല. സംഭവം സത്യമാണ്.

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്ക്കൂള്‍ നാടകത്തില്‍, അല്‍പ്പം വില്ലന്‍ സ്വഭാവമുള്ള എന്റെ കഥാപാത്രം സ്റ്റേജിലേക്ക് കയറിവരുന്നത് ബീഡി വലിച്ചുകൊണ്ടാണ്. നാടകത്തിലാണെങ്കിലും,സ്വപ്നരംഗത്തായാലും ബീഡി ബീഡി തന്നെയാണല്ലോ ? ആദ്യമായി വലിക്കുമ്പോള്‍ ചുമച്ച് കുരച്ച് നാടകം കൊളമാക്കണ്ടാന്ന് കരുതിയിട്ടാകും, റിഹേസ്‌സലിന്റെ ഭാഗമായി ഒരു അദ്ധ്യാപകന്‍(എന്റെ സ്കൂളിലെ അദ്ധ്യാപകനല്ല) ബീഡി ഒരെണ്ണം കത്തിച്ച് എന്റെ ചുണ്ടത്ത് വെച്ചുതന്നിട്ട് പതുക്കെ ഉള്ളിലേക്ക് വലിക്കാനാവശ്യപ്പെട്ടു. ആദ്യത്തെ ഒന്നുരണ്ട് പുകയെടുത്തതും ഒരുവിധം മോശമില്ലാതെ തന്നെ ഞാന്‍ ചുമച്ചു. പുക അകത്തേക്ക് എടുക്കാതെ കവിളില്‍ത്തന്നെ വെച്ച് പുറത്തേക്ക് ഊതിക്കളഞ്ഞാല്‍ മതിയെന്ന നിര്‍ദ്ദേശം അനുസരിച്ചതോടെ ആദ്യത്തെ പുകവലി സംരംഭം വിജയകരമായി പൂര്‍ത്തിയായി.

ആദ്യമായി പുകവലിക്കാന്‍ എന്നെ പഠിപ്പിച്ച ആ അദ്ധ്യാപകന്‍ മറ്റാരുമല്ല, ‘എന്റെ കാശിനു്‌ നീ വലിക്കരുത് ‘ എന്ന്‍ നിബന്ധന വെച്ച സാക്ഷാല്‍ രവീന്ദ്രന്‍ മാസ്റ്റര്‍ എന്ന എന്റെ പിതാശ്രീ തന്നെ.

ഇന്ന് പുകവലി വിരുദ്ധദിനം. ഞങ്ങള്‍ അച്ഛനും, മകനും വലിയൊക്കെ നിറുത്തി നല്ലകുട്ടികളായിരിക്കുകയാണു്‌.ബാക്കിയുള്ളവര്‍ക്കും വലി നിര്‍ത്തുന്നതിനെപ്പറ്റി ആലോചിക്കാന്‍ എന്തുകൊണ്ടും പറ്റിയ ദിവസം തന്നെ. എന്താ ഒന്നാലോചിക്കുന്നോ ?