ലാലേട്ടന് ഒരു കുറിപ്പ്


666

ലാലേട്ടന്റെ പുതിയ ബ്ലോഗ് പോസ്റ്റുമായി ബന്ധപ്പെട്ട് ഒരു കുറിപ്പെഴുതണമെന്ന് തോന്നി. അത് ചുവടെ ചേർക്കുന്നു.

താങ്കൾക്കൊപ്പം ‘ഫോട്ടോഗ്രാഫർ‘ എന്ന സിനിമയിൽ അഭിനയിച്ച് ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മണി എന്ന ആദിവാസി ബാലന്റെ അവസ്ഥയെക്കുറിച്ച് താങ്കളടക്കമുള്ള സിനിമാക്കാർ അറിയാനും, കഴിയുമെങ്കിൽ എന്തെങ്കിലും സഹായം അവന് ചെയ്യാനും വേണ്ടി, ഞാനും എഴുതിയിരുന്നു ലാലേട്ടാ ഒരു ബ്ലോഗ്.

ആ ബ്ലോഗ് പോസ്റ്റ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ അച്ചടിച്ച് വരുകയും ചെയ്തു. പക്ഷെ, സിനിമാക്കാരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. കുഞ്ഞഹമ്മദിക്ക കുറേ ഓടി നടന്നു, ഞങ്ങളും കുറേ ശ്രമിച്ചു സർക്കാർ തലത്തിൽത്തന്നെ മണിക്കൊരു വീടുണ്ടാക്കിക്കൊടുക്കാൻ. അതിപ്പോഴും ചില ചുവപ്പ് നാടകളിൽ കുടുങ്ങിക്കിടക്കുകയാണ്. പ്രധാനകാരണം ഇടനിലക്കാരായി വന്നവർ ഉണ്ടാക്കിയ പ്രശ്നങ്ങളും ഉദ്യോഗസ്ഥരടക്കമുള്ളവരുടെ മറ്റ് താൽ‌പ്പര്യങ്ങളുമൊക്കെയാണ്. സ്വന്തം കൂട്ടർക്ക് വേണ്ടിപ്പോലും ഒന്നും ചെയ്യാൻ കെൽ‌പ്പില്ലാത്ത ആദിവാ‍സി സമൂഹത്തിൽ നിന്നുതന്നെയുള്ള വനിതാ മന്ത്രിയുടെ അനാസ്ഥയാണ് അക്കൂട്ടത്തിൽ ഏറ്റവും വേദനയുണ്ടാക്കിയത്.

എന്തായാലും കാലം അപ്പോഴേക്കും ഒരുപാട് കടന്നുപോയി. മണി ഇപ്പോൾ രണ്ട് കുട്ടികളുടെ അച്ഛനാണ്. പ്രാരാബ്ദ്ധത്തിന് ചില്ലകൾ മുളച്ചെന്ന് ചുരുക്കം. അതൊരു ചക്രമാണ്. എല്ലാവരേയും പോലെ ആദിവാസികൾക്കും (അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ) പുതിയ തലമുറകൾ ഉണ്ടായിക്കൊണ്ടിരിക്കും. നമ്മൾ അതിൽ ചിലരെ മാത്രം ഇടയ്ക്ക് വല്ലയിടത്തും വച്ച് വല്ലപ്പോഴുമൊക്കെ, എച്ചിൽ പെറുക്കിത്തിന്നുന്നതോ പട്ടിണിക്കോലമായിട്ടോ കാണും. അപ്പോൾ മാത്രം അൽ‌പ്പം വേദനിക്കും. ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയിടും. എന്നിട്ട്, നമ്മുടെ ആർഭാടജീവിതം തുടരും.

നമ്മൾക്കാർക്കും കുഞ്ഞഹമ്മദിക്ക ആകാൻ സാധിക്കില്ല. ഓരോ ആദിവാസിക്കും കൂട്ടായി ഓരോ കുഞ്ഞഹമ്മദിക്ക ഉണ്ടായാലും ആദിവാസികളെ രക്ഷപ്പെടാൻ, അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും ഭരണകർത്താക്കളും
സമ്മതിക്കില്ല. കാരണം അതൊരു പൊൻ‌മുട്ടയിടുന്ന താറാവാണ്. അതിനെ കൊല്ലാതെ പോറ്റിക്കൊണ്ട് പോകേണ്ടത് എങ്ങനെയാണെന്ന് അവർക്ക് നന്നായിട്ടറിയാം.

അത് അങ്ങനങ്ങ് പോകട്ടെ. നമുക്ക് ബ്ലോഗ് പോസ്റ്റുകൾ എഴുതാൻ വിഷയ ദാരിദ്യം ഉണ്ടാകാൻ പാടില്ലല്ലോ?!
——————————————
തുടക്കത്തിൽ സൂചിപ്പിച്ച എന്റെ ബ്ലോഗ് പോസ്റ്റ്മണി ഇപ്പോഴും പട്ടിണിയിലാണ്.

കുഞ്ഞഹമ്മദിക്ക ആരാണെന്നറിയാൻഒറ്റയാൾപ്പട്ടാളം കുഞ്ഞഹമ്മദിക്ക

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>