പിടിച്ചു കൊണ്ടുവരാൻ രാജാവ് പറഞ്ഞാൽ, കൊന്നു കൊണ്ടുവരുന്ന പ്രജകളാണുള്ളത്.
ആരോഗ്യ പ്രവർത്തകരെ അനുമോദിക്കാൻ വേണ്ടി വീടിന് വെളിയിലും ബാൽക്കണിയിലും നിന്ന് കൈകളും പാത്രങ്ങളും കൊട്ടാൻ ആവശ്യപ്പെട്ടപ്പോൾ, സോഷ്യൽ ഡിസ്റ്റൻസിങ്ങ് കാറ്റിൽപ്പറത്തി വാദ്യമേളങ്ങളുമായി തെരുവിലിറങ്ങി ജാഥ നടത്തിയ ജനങ്ങളാണ്. ആദരിക്കേണ്ട ആരോഗ്യ പ്രവർത്തകരെ പിന്നീട് തെരുവിൽ ഓടിച്ചിട്ട് തല്ലുകയും ചെയ്തു.
ഏപ്രിൽ 5ന് (ഞായറാഴ്ച്ച) രാത്രി 9 മണിക്ക് ദിയ, ടോർച്ച്, മൊബൈൽ എന്നിവ പ്രകാശിപ്പിക്കാനാണ് പ്രധാനമന്ത്രി പുതുതായി ആവശ്യപ്പെട്ടിരിക്കുന്നത്.
ആഹ്വാനം കേട്ട് മേൽപ്പറഞ്ഞ പ്രജകൾ തെരുവിൽ പന്തംകൊളുത്തി ജാഥ നടത്താതിരുന്നാൽ നന്നായിരുന്നു. കയ്യിൽ കിട്ടാവുന്നതെല്ലാം പൊതുസ്ഥലങ്ങളിൽ വലിച്ചുവാരിയിട്ട് തീ കൊളുത്താതിരുന്നാൽ മതിയായിരുന്നു.
ഇങ്ങനെ ജ്വലിപ്പിക്കപ്പെടുന്ന വിളക്കുകളിൽ നിന്ന് വരുന്ന പ്രകാശത്തിന്റെ സൂക്ഷ്മവീചികൾ ഒരു ഹോമകുണ്ഡത്തിൽ നിന്നെന്ന പോലെ വലിയൊരു മന്ത്രമായി മാറി കോവിഡ് വൈറസിനെ തുരത്തുമെന്ന് മഹാനുഭാവന്മാരായ സെലിബ്രിറ്റികൾ മൊഴിയുക കൂടെ ചെയ്താൽ കൊറോണ മണ്ടത്തരങ്ങളിലേക്ക് മുതൽക്കൂട്ടായി.
രാജ്യം ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ നേരിടുകയാണെന്ന് തെളിയിക്കാനാണ് ഈ പരാക്രമങ്ങളെങ്കിൽ, ആദ്യം അതിർത്തി ലംഘനമില്ലാതെ, കൊറോണയില്ലാത്ത രോഗികൾക്കെങ്കിലും ഒരു സംസ്ഥാനത്തിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ചികിത്സ തേടി പോകാനുള്ള സംവിധാനമുണ്ടാക്കുകയാണ് വേണ്ടത്. കോടതിയെപ്പോലും വകവെക്കാതെ സംസ്ഥാനങ്ങൾ വേർതിരിഞ്ഞ് നിന്ന് യൂണിയൻ സംവിധാനത്തിന് കോട്ടം വരുന്ന രീതിയിൽ സ്വന്തം താൽപ്പര്യങ്ങൾ മനുഷ്യത്വരഹിതമായി നടപ്പിലാക്കുന്ന രീതി അവസാനിപ്പിക്കാതെ രാജ്യം ഒറ്റക്കെട്ടാണെന്ന് വിളിച്ച് കൂവി വിളക്ക് തെളിയിക്കുന്നത് പൊറാട്ട് നാടകം മാത്രമാണ്.
ഇടയ്ക്കിടയ്ക്ക് പ്രതീകാത്മക നടപടികൾ ചെയ്തു കൊണ്ടിരുന്നാൽ കൊറോണയെ തുരത്താനാകുമോ? ഏറ്റവും കുറഞ്ഞപക്ഷം സ്വന്തം പാർട്ടിയുടെ കേരള നേതാവ്, കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ‘അത്യാവശ്യ കാര്യങ്ങൾ’ക്കായി ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നില്ലെന്നെങ്കിലും ഉറപ്പ് വരുത്തൂ. ജനങ്ങൾ മുഴുവൻ സ്വന്തം അത്യാവശ്യങ്ങളെല്ലാം ഒഴിവാക്കിയാണ് വീട്ടിൽ അടച്ചിരിക്കുന്നത്. ഭരിക്കുന്ന പാർട്ടിയുടെ നേതാവാണോ പൂജാരിയാണോ പുംഗവനാണോ എന്നൊന്നും കോവിഡിന് വ്യത്യാസമില്ല.
ചുരുക്കത്തിൽ പറഞ്ഞാൽ, കോവിഡിന്റെ അന്ധകാരം തുരത്താൻ വകതിരിവില്ലാത്ത നേതാക്കന്മാരുടേയും അൽപ്പജ്ഞാനികളായ ജനങ്ങളുടേയും തലച്ചോറിനകത്താണ് ആദ്യം വെളിച്ചം തെളിയിക്കേണ്ടത്. എണ്ണയിട്ട് തിരി തെളിയിക്കൽ, കോവിഡ് പൂർണ്ണമായും കെട്ടുകെട്ടിയ ശേഷം ദൈവങ്ങൾ തിരികെ വരുമ്പോൾ ആകാമല്ലോ.
വാൽക്കഷണം:- ശബ്ദവും വെളിച്ചവും കഴിഞ്ഞു. ഇനിയെന്ത് മാരണമാണാവോ ആവനാഴിയിൽ ബാക്കിയുള്ളത്?