സോമനാഥ് & ഗിർ (ദിവസം # 139 – രാത്രി 08:16)


2
സോമനാഥിലേത് സാമാന്യം തണുപ്പുള്ള ഒരു പുലർകാലമായിരുന്നു. രാവിലെ ഞാൻ നോക്കുമ്പോൾ ഭാഗിയുടെ തൊട്ടടുത്ത് ഒരു ബസ്സ് പാർക്ക് ചെയ്ത് അതിലുള്ളവർ തറയിൽ പുതച്ച് കിടക്കുന്നു. ആ പാർക്കിംഗ് ഇടത്തിന് ചുറ്റും ധാരാളം ശൗചാലയങ്ങൾ ഉള്ളതുകൊണ്ട് ആൾക്കാർ റൂം എടുത്ത് കാശ് കളയാതെ കാര്യം സാധിക്കുന്നതാണ്.

ഒരു മണിക്കൂറിനകം കുളിച്ച് തയ്യാറായി ഞാൻ അമ്പലത്തിലേക്ക് നടന്നു. മൊബൈൽ ഫോണും ചെരുപ്പും ഒക്കെ ഭാഗിയിൽ വെച്ചിട്ട് തന്നെയാണ് പോയത്. അതൊന്നും അകത്ത് കടത്തില്ല എന്ന് ഇന്നലെത്തന്നെ മനസ്സിലാക്കിയിരുന്നു.

രാവിലെ ക്ഷേത്രത്തിൽ വലിയ തിരക്കില്ല. അര മണിക്കൂറിനുള്ളിൽ അകത്ത് കടന്ന് മുഖം കാണിച്ച് ഞാൻ പുറത്തെത്തി.

കടലോരത്ത് നിൽക്കുന്ന നല്ല വലിയ ക്ഷേത്രം, വലിയ ശിവലിംഗം. പ്രതിഷ്ഠയുടെ ഭാഗത്തുള്ള ചുമരുകൾ സ്വർണ്ണത്തകിടുകളാണ്. ബാക്കിയുള്ള ഭാഗങ്ങൾ കല്ലുകൾ ആണോ ഫെറോ സിമന്റ് ആണോ എന്ന് മനസ്സിലാകുന്നില്ല. അതിന് മുകളിലൂടെ കട്ടി പെയിന്റ് അടിച്ച് സ്വാഭാവികത്വം നഷ്ടപ്പെടുത്തിയിരിക്കുന്നു.

വെളിയിൽനിന്ന് തെരുവിന്റെ ഒന്ന് രണ്ട് ചിത്രങ്ങൾ എടുത്ത ശേഷം ഹോണസ്റ്റ് റസ്റ്റോറന്റലേക്ക് തിരിച്ചു. അവിടന്ന് പ്രാതൽ കഴിച്ച് നേരെ ഗിറിലേക്ക്.

ഗുജറാത്തിലെ ഗിർ വനങ്ങളിലാണ്, ഇന്ത്യയിൽ സിംഹങ്ങൾ ഉള്ളത്….. എന്ന് ചെറിയ ക്ലാസിൽ പലവട്ടം ഉരുവിട്ട് പഠിച്ചിട്ടില്ലേ? ആ ഗിർ വനത്തിൽ പോകാൻ ഇന്നാണ് അവസരം ഉണ്ടായത്.
പക്ഷേ, ഗിർ നാഷണൽ പാർക്ക് എന്ന് ഗൂഗിളിൽ അടിച്ച് വഴിതെറ്റി ഞാൻ ചെന്ന് നിന്നത് ഒരു ഫോറസ്റ്റ് ഗേറ്റിന് മുന്നിലാണ്. അവിടെയുണ്ടായിരുന്ന രണ്ട് വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴി പറഞ്ഞു തന്നു. വീണ്ടും 45 കിലോമീറ്റർ യാത്രയുണ്ട് ശാസൺ ഗിറിലേക്ക്. അവിടെയാണ് സഫാരി ഉള്ളത്. ശാസൺ ഗിർ ആണ് ഗിറിൻ്റെ സിരാകേന്ദ്രം.

ഒന്നര മണിയോടെ ലക്ഷ്യസ്ഥാനത്ത് എത്തി. സിംഹങ്ങളെ കാണാൻ കാട്ടിലൂടെയുള്ള സഫാരി ആണല്ലോ ലക്ഷ്യം. സവാരിക്ക് പോകുന്ന മുകൾ ഭാഗം ഇല്ലാത്ത മാരുതി ജിപ്സി ജീപ്പുകൾ കണ്ടതും ഭാഗിയെ ഒതുക്കി അതിൽ ഒരു ഡ്രൈവറുമായി സംസാരിച്ചു. ജുനേജ എന്നാണ് കക്ഷിയുടെ പേര്. അദ്ദേഹം വളരെ വിശദമായി എല്ലാം പറഞ്ഞു തന്നു.

വനംവകുപ്പിന്റെ ജീപ്പിലും ബസ്സിലും ഒക്കെ കാട്ടിലേക്ക് പോകാം. ഗ്രില്ല് ഇട്ട ജീപ്പിൽ പോയാൽ സിംഹങ്ങളെ അടുത്ത് കാണാം. അതിന് 4000 രൂപ കൊടുക്കണം. ഒറ്റയ്ക്കായാലും 6 പേർ ഉണ്ടെങ്കിലും അത് തന്നെ നിരക്ക്. അതേ റൂട്ടിൽ ബസ്സിന് പോകണമെങ്കിൽ 190 രൂപ മതി. പക്ഷേ ഇന്ന് ഇത് രണ്ടും നടക്കില്ല. ബുധനാഴ്ച്ച, ഗുജറാത്തിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും അവധിയാണ്.

ഇന്ന് പിന്നെ ചെയ്യാവുന്നത് വനത്തിന് പുറത്തുള്ള പാതകളിലും ഗ്രാമങ്ങളിലും ഒക്കെ 2 മണിക്കൂർ ജീപ്പിൽ കറങ്ങാം. അതിന് 1500 രൂപയാണ് നിരക്ക്. ജുനേജ് ഏർപ്പാട് ചെയ്ത് തന്ന സമീർ എന്ന ഡ്രൈവറിന്റെ ജീപ്പിൽ അങ്ങനെയൊരു കറക്കം ആകാമെന്ന് ഞാൻ തീരുമാനിച്ചു.

മഴക്കാലം കഴിഞ്ഞാൽ ഗിർ വനത്തിലെ മരങ്ങളെല്ലാം ഇലകൊഴിച്ച് ഉണങ്ങി നിൽക്കും. റോഡിനോട് ചേർന്നുള്ള ഭാഗങ്ങളിൽ വനം വകുപ്പ് ഫയർ ലൈൻ ഇട്ടിട്ടുണ്ട്. കാട്ടിലേക്ക് തീ പടരാതിരിക്കാൻ വേണ്ടി, കാടും റോഡും ചേരുന്ന ഭാഗത്ത് വീണുകിടക്കുന്ന കമ്പും ചുള്ളിയും ഇലകളും കത്തിച്ചുകളയുന്നതിനെയാണ് ഫയർ ലൈൻ എന്ന് പറയുന്നത്.

സാമ്പാ ഡിയർ, കാട്ടുപന്നികൾ, മാനുകൾ, എന്നിവയൊക്കെ കണ്ടു. ഗ്രാമത്തിലേക്ക് കടന്ന് ഹിരൺ നദിയുടെ കരയിലേക്കാണ് സമീർ പിന്നീട് എന്നെ കൊണ്ടുപോയത്. ചീങ്കണ്ണികളുടെ വിഹാര കേന്ദ്രമാണ് ആ നദി. നദിക്കരയിൽ വിശ്രമിക്കുന്ന 13 ചീങ്കണ്ണികളെ ഞാൻ എണ്ണി. ഒന്ന് രണ്ടെണ്ണം വെള്ളത്തിലും ഉണ്ട്.

ഈ ചീങ്കണ്ണികൾ ഞങ്ങൾ നിൽക്കുന്ന കുറ്റിക്കാട്ടിലോ മറ്റോ കയറിയിരുന്ന് ആക്രമിക്കില്ലേ എന്നായിരുന്നു എൻെറ ന്യായമായ സംശയം.

“ആ നദിക്കരയിൽ സ്ഥിരമായി സഞ്ചാരികൾ വരുന്നതുകൊണ്ട് ചീങ്കണ്ണികൾ അങ്ങോട്ട് അടുക്കാറില്ല. എങ്ങനെ വന്നാലും മറ്റെല്ലാ മൃഗങ്ങൾക്കും ജീവികൾക്കും മനുഷ്യനെ പേടിയാണ് സർ” എന്നായിരുന്നു സമീറിന്റെ മറുപടി.

സമീർ എനിക്ക് മൊബൈൽ ഫോണിൽ ചില ദൃശ്യങ്ങൾ കാണിച്ചു തന്നു. സിംഹത്തിന്റെ പിന്നാലെ സമീർ ജീപ്പ് ഓടിച്ച് പോകുന്നതാണ് ഒരു ദൃശ്യം. സിംഹം കിടക്കുന്ന വഴിയുടെ ഒരു വശത്തുകൂടി ബൈക്ക് ഓടിച്ച് പോകുന്ന ഗ്രാമവാസികളാണ് മറ്റൊരു ദൃശ്യം. നാട്ടിലിറങ്ങി ചിലപ്പോൾ ഒരു പശുക്കിടാവിനെയോ ആടിനെയോ ഒക്കെ സിംഹം പിടിച്ചുകൊണ്ട് പോകാറുണ്ട്. പക്ഷേ മനുഷ്യർക്ക് കാര്യമായ അപകടം ഒന്നും ഉണ്ടാക്കിയിട്ടില്ല. ഇവിടെയുള്ള മനുഷ്യർക്ക് സിംഹത്തെ എന്നല്ല ഒരു മൃഗത്തെയും പേടിയുമില്ല എന്ന് ഷമീർ ആവർത്തിക്കുന്നു.

വൈകീട്ട് തണലിൽ ഭാഗിയെ ഒതുക്കി ഞാൻ ബാക്കപ്പ് എടുക്കുകയായിരുന്നു. ആ സമയത്ത് നാലഞ്ച് ഒൻപതാം ക്ലാസ് ആൺകുട്ടികൾ ഞങ്ങളെ വളഞ്ഞു. അവർ എന്നോട് കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. ഞങ്ങൾ ഒപ്പം നിന്ന് പടമെടുത്തു.

“നിങ്ങൾ സിംഹങ്ങളെ കണ്ടിട്ടുണ്ടോ” എന്ന് ഞാൻ അവരോട് ചോദിച്ചു.

“ദാ. ഇത്ര അടുത്ത് നിന്ന് കണ്ടിട്ടുണ്ട്.” അതിൽ ഒരു പയ്യൻ 10 അടി ദൂരത്തുള്ള ഒരു മരത്തിലേക്ക് കൈചൂണ്ടി. മറ്റുള്ളവരും അത് ശരി വെച്ചു.

“സിംഹത്തെ കാണുമ്പോൾ നമ്മൾ ഒരു പ്രകടനവും നടത്താതിരുന്നാൽ മതി. അതിന് ഭക്ഷണം കൊടുക്കാൻ ശ്രമിക്കരുത്. അതിനെ ശ്രദ്ധിക്കുന്നതായി ഭാവിക്കരുത്.” കൂട്ടത്തിൽ മുതിർന്ന പയ്യൻ വാചാലനായി.

അവർ ജീവിക്കുന്ന സാഹചര്യവുമായി എത്ര ഭംഗിയായി ചെറുപ്പത്തിലേ തന്നെ അവർ ഇഴുകി ചേർന്നിരിക്കുന്നു. അപകടകാരിയായ ഒരു മൃഗത്തിന്റെ ഒപ്പം ആ ഗ്രാമവാസികൾ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ജീവിച്ചു പോരുന്നു. കുട്ടികളേയും അവരാ അതിജീവനം അഥവാ സഹജീവനം കൃത്യമായി പഠിപ്പിച്ചിരിക്കുന്നു.

നാളെ രാവിലെ എട്ട് മണിക്ക് കാട്ടിലേക്കുള്ള ബസ്സിൽ സീറ്റ് പിടിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ബസ്സും ഗ്രിൽ ഇട്ട ജീപ്പുകളും പോകുന്ന റൂട്ടിൽ ഈ മൃഗങ്ങളെ പരിപാലിക്കുകയും വളർത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ആ യാത്രയിൽ സിംഹങ്ങളെ കാണുമെന്നുള്ളത് 80 ശതമാനവും ഉറപ്പാണെന്നാണ് സമീർ പറയുന്നത്. ആ ഉറപ്പ് മാത്രമാണ് നാളത്തെ എൻ്റെ പ്രതീക്ഷ.

ഗിറിലേക്ക് കടന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യം, വഴിയരികിൽ വിൽക്കാൻ വെച്ചിരിക്കുന്ന മാമ്പഴ ചാറുകൾ ആണ്. ജൂസിനേക്കാളും കൊഴുത്ത പൾപ്പുകൾ! ഒരു ലിറ്ററിന് 150 രൂപ. ഒരു ഗ്ലാസ് കുടിച്ചാൽ ഒന്നോ രണ്ടോ മാമ്പഴം തിന്നത് പോലെ. 6 മാസം വരെ ആ കുപ്പി പൾപ്പുകൾ കേടാകാതെ ഇരിക്കും. പൊട്ടിച്ചാൽ 8 ദിവസം വരെ കുഴപ്പമില്ലാതെ പോകും.
ഈ ഭാഗത്ത് നിറയെ മാവിൻ തോട്ടങ്ങളാണ്. അവയെല്ലാം കുലകുലയായി പൂത്ത് അടുത്ത വേനലിനായി തയാറായിക്കൊണ്ടിരിക്കുന്നു. കേസർ എന്ന ഇനമാണ് കൂടുതലും. പിന്നെയുള്ളത് ഗോതമ്പ്, തക്കാളി എന്നീ കൃഷികളും.

തീവണ്ടിപ്പാത ഒരെണ്ണം ക്രോസ് ചെയ്യാനായി ഞങ്ങൾ അഞ്ച് മിനിറ്റ് കാത്തു കിടന്നു. ജുനഗഡിൽ നിന്ന് സോമനാഥിലേക്കുള്ള ലോക്കൽ ട്രെയിൻ ആണത്. നവാബിൻ്റെ കാലത്ത് തുടങ്ങിവെച്ചത്. ദിവസവും ആറ് ട്രെയിനുകൾ കടന്നുപോകും. ഇവിടത്തുകാർക്ക് അത് ധാരാളം മതി.

ഗിർ വനങ്ങളുടെ പരിസരങ്ങളിൽ ചെറുതും വലുതുമായി 1200ൽപ്പരം ഹോട്ടലുകൾ ഉണ്ടെന്നാണ് സമീർ പറയുന്നത്. ₹1000 – മുതൽ ₹100,000 വരെ മുറി വാടക ഉള്ളത്. മുംബൈയിൽ നിന്നും സൂറത്തിൽ നിന്നും ഒക്കെ സഞ്ചാരികൾക്ക് വന്ന് പോകാൻ ഹെലിപാഡ് സൗകര്യവും ഉണ്ട്. സിംഹങ്ങൾ ഉള്ളതുകൊണ്ട് മാത്രം വികസിച്ച് നിൽക്കുന്ന ഒരു കാടും പരിസരവും. അവരിത് വല്ലതും അറിയുന്നുണ്ടോ ആവോ?

ഭാഗിക്കും എനിക്കും കിടക്കാൻ പറ്റിയ ഒരുപാട് സ്ഥലങ്ങൾ സമീർ കാണിച്ചു തന്നു. അക്കാര്യത്തിൽ എനിക്കിപ്പോൾ ഒരു ബേജാറും ഇല്ല. നല്ല വീതിയുള്ള റോഡുകൾ ധാരാളമുണ്ട് ഇവിടെ. അതിലേതെങ്കിലും ഒന്നിൽ ഒരു മരത്തിന്റെ കീഴെ ഞങ്ങളിന്ന് ചുരുണ്ട് കൂടും. സിംഹം പിടിച്ചില്ലെങ്കിൽ നാളെ വീണ്ടും കാണാം.

ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>