സത്യാഗ്രഹ ആശ്രമവും അഹമ്മദാബാദ് നഗരവും (ദിവസം # 115 – രാത്രി 11:57)


2
പ്രാതലിന് ശേഷം പ്രസാദ് സാറിനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ ബൈക്കിൽ നഗരത്തിലേക്ക് ഇറങ്ങി. തദ്ദേശവാസിയായ ഒരാളെ കൂട്ടിന് കിട്ടിയാൽ ഏതൊരു നഗരവും പെട്ടെന്ന് കണ്ട് തീർക്കാൻ കഴിയും.

അദ്ദേഹം ആദ്യം എന്നെ കൊണ്ടുപോയത് കൊച്ചർബ് എന്ന സ്ഥലത്തുള്ള സത്യാഗ്രഹ ആശ്രമത്തിലേക്കാണ്.

* ഇന്ത്യയിൽ ഗാന്ധിജി ആദ്യമായി സ്ഥാപിച്ച (1915 May 25) ആശ്രമം ഇതാണ്.

* പിന്നീട് സാമൂഹിക പരിഷ്ക്കരണത്തിന്റേയും സ്വാതന്ത്ര്യ സമരത്തിന്റേയും കേന്ദ്രബിന്ദുവായി മാറിയ സത്യാഗ്രഹ ആശ്രമം, ബാരിസ്റ്റർ ജീവൻലാൽ ദേശായി എന്ന വ്യക്തിയിൽ നിന്നും വാടകയ്ക്ക് എടുത്ത ബംഗ്ലാവിലാണ് തുടങ്ങിയത്.

* “അഹമ്മദാബാദ് എനിക്ക് സ്ഥലവും കെട്ടിടവും തരണം. മറ്റ് ചിലവുകൾക്കുള്ള പണം ഞാൻ വേറെ എന്തെങ്കിലും രീതിയിൽ സമാഹരിക്കുന്നതാണ്.” എന്നാണ് ഗാന്ധിജി അന്ന് പറഞ്ഞത്.

* ആശ്രമത്തിലെ ലളിത ജീവിതം, നന്നായി കൊണ്ടുപോകാൻ, ‘ബാ’ എന്ന് വിളിക്കപ്പെട്ടിരുന്ന കസ്തൂർബാ ഗാന്ധിയുടെ സഹകരണം വളരെ സഹായിച്ചിരുന്നു എന്ന് ഗാന്ധിജി പിന്നീട് അഭിപ്രായപ്പെടുന്നുണ്ട്.

* ആശ്രമത്തിലെത്തുന്നവരെ വളരെ കാര്യമായി തന്നെ കസ്തൂർബാ പരിചരിച്ചിരുന്നു.

* രാജാജിയും പണ്ഡിറ്റ് മാളവ്യയും നെഹ്റുവും ഒക്കെ ഈ ആശ്രമത്തിൽ തങ്ങിയിട്ടുണ്ട്.

* അറ്റകുറ്റ പണികൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങൾക്ക് സമർപ്പിച്ചത് ഇക്കഴിഞ്ഞ 2014 മാർച്ച് 12നാണ്.

ഞങ്ങൾ ചെല്ലുമ്പോൾ സന്ദർശകർ ആരും എത്തിയിട്ടില്ല. ഗേറ്റ് അടഞ്ഞ് കിടക്കുന്നു. ഒരു മണിക്കൂറിൽ അധികം സമയം അവിടെ ചിലവഴിച്ച് ഞങ്ങൾ ഇറങ്ങിപ്പോരുന്നത് വരെ, ഞങ്ങളല്ലാതെ മറ്റാരും അങ്ങോട്ട് വന്നതുമില്ല. ബാപ്പുവിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്ന കെട്ടിടം, മുറികൾ, ഇരിപ്പിടങ്ങൾ, ചർക്കകൾ! എനിക്ക് അവിടം സബർമതി ആശ്രമത്തെ കൂടുതൽ മാനസ്സികമായി നിറവും സന്തോഷവും തന്നു.

നർമ്മദയ്ക്ക് കുറുകെയുള്ള ആദ്യത്തെ പാലമാണ് എല്ലിസ്. ഇരുമ്പ് പാലത്തിലൂടെ ഇപ്പോൾ വാഹന സഞ്ചാരമില്ല. അതിനുപകരം ഇരുവശങ്ങളിലും പുതിയ പാലങ്ങൾ വന്നിരിക്കുന്നു. എല്ലിസ് പാലത്തിൽ പുതിയ എന്തോ പദ്ധതിയുടെ പണി നടക്കുന്നുണ്ട്. പാലത്തിന്റെ ഒരു വശത്താണ് മാനേക് ബുർജ്. യുനസ്കോ പൈതൃക ഇടമാണത്. പക്ഷേ, തെരുവിൽ ഉറങ്ങുന്നവർ അവിടെ തമ്പടിച്ചിരിക്കുന്നു. അവരുടെ മലമൂത്രവിസർജ്ജനം ആ ബുർജിൻ്റെ മുകളിൽത്തന്നെ ആണ്. ചില പടങ്ങൾ എടുത്ത് ശേഷം ഞാനതിൽ നിന്ന് ഇറങ്ങി ഓടി.

ബറോഡ കോളേജ് ആയിരുന്നു പിന്നെ സന്ദർശിച്ചത്. 143 വർഷത്തിലധികം പഴക്കമുള്ള അതിന്റെ പ്രധാന ഹാൾ ഒരു ഗംഭീര കാഴ്ച്ചയാണ്.

ലോ ഗാർഡൻ, ഭദ്ര കോട്ട, സിദ്ദി സയ്യിദ് മോസ്ക്ക്, എന്നിങ്ങനെ നഗരത്തിലെ ഒരുപാട് കെട്ടിടങ്ങളും പുരാതന നിർമ്മിതികളും പ്രസാദ് സാർ പരിചയപ്പെടുത്തിക്കൊണ്ടേയിരുന്നു.
രണ്ട് മണിയോടെ ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ തിരികെയെത്തി. നാല് മണിവരെ വിശ്രമിച്ചതിന് ശേഷം ഭാഗിയുമായി ഞാൻ വീണ്ടും സബർമതി ആശ്രമത്തിലേക്ക് തിരിച്ചു. ഇന്നലെ ആശ്രമത്തിലെ മ്യൂസിയം കാണാൻ എനിക്ക് പറ്റിയിരുന്നില്ല. ഇന്നത് വിശദമായി കണ്ടു.

ഇരുട്ടുവോളം നർമ്മദയുടെ തീരത്തിരുന്നു. എന്നെക്കാൾ കൃത്യം 100 വയസ്സ് പ്രായം അധികമുള്ള ബാപ്പുവിന്റെ കഥകൾ മ്യൂസിയത്തിൽ വായിച്ച ശേഷം അവിടെയങ്ങനെ ഇരിക്കുമ്പോൾ വേറൊരു ലോകത്തെന്ന പോലെ ഒരു വിഭ്രാന്തി പടർന്നു. അധികം അവിടെ ഇരുന്നാൽ ശരിയാവില്ല എന്ന് തോന്നി.

ഞാൻ പ്രസാദ് സാറിന്റെ വീട്ടിലേക്ക് മടങ്ങി. അതിനിടയ്ക്ക് സുധാ മേനോൻ വിളിച്ചിരുന്നു. നാളെ ആ സുഹൃത്തിനെ ഓഫ്ലൈൻ ആക്കാൻ അവസരം കിട്ടുന്നുണ്ട്.

ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>