ഇന്ന് ബിക്കാനീറിലേക്ക് ആണ് യാത്ര എന്ന് സൂചിപ്പിച്ചിരുന്നല്ലോ. 335 കിലോമീറ്റർ ദൂരമുണ്ട് ജയ്പൂരിൽ നിന്ന്. അഞ്ചര മണിക്കൂർ ഡ്രൈവ്.
രാവിലെ എട്ടര മണിയോടെ ഭാഗിയെ കഴുകി വൃത്തിയാക്കി മഞ്ജു ഉണ്ടാക്കിത്തന്ന പ്രാതലും കഴിച്ച് യാത്ര പുറപ്പെട്ടു. ഇയിടെയായി രാവിലെ ഭക്ഷണം കിട്ടിയാൽ പിന്നെ വൈകീട്ട് 5:00 മണി വരെ യാതൊരു വിശപ്പുമില്ല. വൈകീട്ട് എന്ത് കഴിച്ചാലും അത് അത്താഴം ആണ് താനും.
വൈകീട്ട് 6 മണിക്ക്, അതായത് ഒൻപതര മണിക്കൂറോളം സമയമെടുത്താണ് ബിക്കാനീറിൽ എത്തിയത്. അതിന് കാരണമുണ്ട്. യാത്രാമദ്ധ്യേ കണ്ണിൽക്കണ്ട കമ്പിത്തൂണിനോടും പട്ടിയോടും പൂച്ചയോടുമെല്ലാം വിശേഷം പറഞ്ഞാണ് എത്തുക. തിരക്കിട്ട് വന്നിട്ട് എന്തു കാര്യം. ഈ യാത്ര സമയബന്ധിതമല്ലല്ലോ?
ഏകദേശം 100 കിലോമീറ്റർ യാത്ര കഴിഞ്ഞപ്പോൾ പെട്ടെന്ന് റോഡരുകിൽ പഴയ ചില മകുടങ്ങൾ ശ്രദ്ധിക്കാൻ ഇടയായി. ഇറങ്ങിച്ചെന്ന് നോക്കുമ്പോൾ അത് നാലുവശവും പടികളൊക്കെയുള്ള ഗംഭീരമായ ഒരു കുളമാണ്. അതിന്റെ നാലു മൂലയിലും മകുടങ്ങൾ ഉണ്ട്. കുളം വറ്റി, പരിപാലനം ഇല്ലാതെ മോശം അവസ്ഥയിലാണ്. എന്താണ് ഏതാണ് എന്നൊന്നും എഴുതി വെച്ചിട്ടുമില്ല. ഞാൻ കുറച്ച് ചിത്രങ്ങൾ എടുത്ത് അവിടന്ന് മുന്നോട്ടു നീങ്ങി. ഒരു കിലോമീറ്റർ മുന്നോട്ട് എത്തിയപ്പോഴേക്കും സ്ഥലപ്പേര് പിടികിട്ടി. ഫത്തേപൂർ ആണ് അത്. യു.പി.യിലെ ഫത്തേപൂർ അല്ല. ഇത് രാജസ്ഥാനിലെ ഫത്തേപൂർ.
ആ പട്ടണത്തിൽ എന്തെങ്കിലും കാണാൻ ഉണ്ടാകുമോ എന്നറിയാനായി ദേശീയപാതയിൽ നിന്നും ഉള്ളിലേക്ക് കയറി. ഗാന്ധിജിയും കൂട്ടരും നടന്ന് പോകുന്നതിന്റെ പ്രതിമകളുണ്ട് റോഡിന് നടുവിൽ. അതിനപ്പുറത്തേക്ക് നഗരത്തിൽ പൊട്ടിപ്പോളിഞ്ഞ വഴികൾ. പെട്ടെന്ന് തന്നെ അവിടന്ന് മടങ്ങി.
ബിക്കാനീർ എത്താൻ ഏകദേശം 150 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ, രത്തൻഗഡ് എന്ന ഒരു ബോർഡ് കണ്ടു. ഗഡ് എന്നാൽ കോട്ടയാണല്ലോ. ഭാഗിയെ അങ്ങോട്ട് തിരിച്ചു. പട്ടികയിൽ ഇല്ലാത്ത ഒരു കോട്ട കാണാൻ പറ്റുമെങ്കിൽ അതൊരു വലിയ സന്തോഷമാണല്ലോ! രണ്ടര കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ച് ചെറിയ ഒരു പട്ടണത്തിൽ എത്തി. കോട്ട എവിടെയാണെന്ന് ചോദിച്ചപ്പോൾ പലർക്കും പിടിയില്ല. രത്തൻഗഡ് ഇത് തന്നെയല്ലേ എന്ന് ചോദിച്ചപ്പോൾ അതെ എന്ന് ഉത്തരം. ഇൻ്റർനെറ്റിൽ പരതുമ്പോൾ കോട്ടയുടെ കവാടചിത്രം കാണാൻ പറ്റുന്നുണ്ട്. ആ കവാടം കണ്ടുപിടിക്കാൻ എളുപ്പം കഴിഞ്ഞു. പക്ഷേ അതിനകത്തുള്ളത് സർക്കാർ ഓഫീസുകളും പോലീസ് സ്റ്റേഷനും ജയിലും ഒക്കെയാണ്. പണ്ട് അത് ഒരു കോട്ട ആയിരുന്നിരിക്കണം. അധികം അവിടെ നിന്നിട്ട് കാര്യമില്ല എന്നതുകൊണ്ട് പെട്ടെന്ന് മടങ്ങി. ലിസ്റ്റിൽ ഇല്ലാത്ത കോട്ടകൾക്ക് പിന്നാലെ പോകാതിരിക്കുന്നതാകും ബുദ്ധി. ലിസ്റ്റിലുള്ളത് തന്നെ എത്രയോ ബാക്കി കിടക്കുന്നു.
ഒരു കിലോമീറ്റർ അപ്പുറം സുജൻഗഡ് എന്ന് മറ്റൊരു കോട്ടയുടെ പേരും കാണുന്നുണ്ട്. പക്ഷേ നെറ്റിൽ പരിതിയപ്പോൾ അങ്ങനെ ഒരു കോട്ടയില്ല. എന്തായാലും അതിന് വേണ്ടി കൂടുതൽ സമയം ചിലവഴിക്കാതെ ബിക്കാനീറിലേക്ക് തന്നെ വെച്ചുപിടിച്ചു. വഴിയിൽ പലയിടത്തും ചാക്ക് നിറയെ സവാളയും ഉരുളക്കിഴങ്ങും അട്ടിയിട്ട് വെച്ചിരിക്കുന്നുണ്ട്. കമ്പോളത്തിലേക്കുള്ള വാഹനവും കാത്തുള്ള ഇരിപ്പാണത്. ദീപാവലിയുടെ ഭാഗമാണെന്ന് തോന്നുന്നു, ഭക്തജനങ്ങൾ സ്പീക്കറുകൾ ഘടിപ്പിച്ച വാഹനത്തിൽ പാട്ട് വെച്ച് അതിനൊപ്പം നടന്ന് പോകുന്നതാണ് ഈ വഴിയിലെ മറ്റൊരു കാഴ്ച്ച.
കുറച്ചു ദൂരം കൂടെ മുന്നോട്ട് പോയപ്പോൾ ബൈക്കിൽ ദീർഘ സവാരി നടത്തുന്ന രണ്ടുപേർ ഭാഗിയെ കടന്നുപോയി. സുരക്ഷാ ജാക്കറ്റുകൾ ഒക്കെ ഇട്ടുള്ള യാത്രയിൽ നിന്നാണ് ദീർഘദൂര സഞ്ചാരികൾ ആണെന്ന് ഊഹിച്ചത്. അധികം മുന്നോട്ടു എത്തുന്നതിനു മുൻപ് അവര് രണ്ടുപേരും റോഡിൻ്റെ വശത്തേക്ക് ഒതുക്കി നിൽക്കുന്നത് കണ്ടു. ബൈക്കിന് എന്തോ കുഴപ്പം സംഭവിച്ചത് ആയിരിക്കാം എന്ന് ഊഹിച്ച് ഞാൻ അവർക്ക് അടുത്തേക്ക് ചെന്നു.
കർണാടകത്തിൽ നിന്നുള്ള അജയും സംഗീതയും വിമാനത്തിന് ജയ്പൂര് വന്ന് അവിടന്ന് ബൈക്ക് വാടകയ്ക്ക് എടുത്ത് 9 ദിവസം രാജസ്ഥാനിൽ കറങ്ങുകയാണ്. ബൈക്കിന് കുഴപ്പമൊന്നും പറ്റിയിട്ടില്ല. വിശ്രമം എടുക്കാൻ വേണ്ടി അല്പനേരം നിർത്തിയതാണ്.
യാത്ര തുടങ്ങി ഇത്രയും ദിവസമായിട്ടും സൈക്കിളിൽ ഇന്ത്യ ചുറ്റുന്നവരെ ഒന്നും കണ്ടില്ലല്ലോ എന്നുള്ള പരിഭവത്തിൽ ആയിരുന്നു ഞാൻ. ആ ചിന്ത വരുമ്പോൾ ഉടനെ അന്തരംഗം കളിയാക്കാൻ തുടങ്ങും. “ഡേ ബഡുക്കൂസ് നിരക്ഷരൻ.. ഇത്രയും ചൂട്ടത്ത് സൈക്കിളിസ്റ്റുകൾ ആരെങ്കിലും ഇന്ത്യ കാണാൻ ഇറങ്ങുമെന്ന് നീ കരുതുന്നുണ്ടോ? കഴിഞ്ഞ പ്രാവശ്യം സൈക്കിളിസ്റ്റുകളെ കണ്ടത് തണുപ്പുകാലത്താണ്. അത് മറന്നോ?”
എന്തായാലും രണ്ട് ബൈക്ക് റൈഡേഴ്സിനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഞാൻ അവർക്ക് ഒപ്പം പടമെടുത്ത് അല്പം കുശലത്തിന് ശേഷം ബിക്കാനീറിൽ വെച്ച് വീണ്ടും കാണാം എന്ന് പറഞ്ഞ് പിരിഞ്ഞു. സഞ്ചാരികൾ വളരെ പെട്ടെന്നാണ് സൗഹൃദം ഉണ്ടാക്കുന്നതെന്ന് പലവട്ടം ഞാൻ പറഞ്ഞതല്ലേ?.
ഇരുട്ടുന്നതിന് മുന്നേ ബിക്കാനീർ നഗരത്തിൽ എത്തിയതുകൊണ്ട് കോട്ടയുടെ പരിസരം ഒന്ന് വീക്ഷിച്ചു വരാൻ തീരുമാനിച്ചു. കോട്ടയെ ചുറ്റിയാണ് നഗരത്തിലെ ഒരു റോഡ് പോകുന്നത്. അതിലൂടെ ഒന്ന് കറങ്ങി. കൂട്ടത്തിൽ ഒരു നഗരപ്രദക്ഷിണവും ആയി. ഇനി വേണ്ടത് കിടക്കാനുള്ള സ്ഥലവും കഴിക്കാനുള്ള ഭക്ഷണവും ആണ്. നഗരത്തിലെ കൊള്ളാവുന്ന ഒരു റസ്റ്റോറൻറ് എന്ന് തോന്നിയ ഒന്നിലേക്ക് കയറി. ദ്വാരിക റസ്റ്റോറന്റ്. സത്യത്തിൽ ജയ്പൂരിൽ പോലും അത്രയും ഡീസന്റ് ഒരു റസ്റ്റോറന്റ് ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.
ഞാനൊരു സത്യം പറഞ്ഞാൽ, നിങ്ങൾ മുൻപ് രാജസ്ഥാനിൽ വന്നിട്ടുള്ളവർ കളിയാക്കരുത്. ദാൽ ബാട്ടി ചുറുമ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. അതുതന്നെ ആകട്ടെ ഇന്നത്തെ അത്താഴം എന്ന് തീരുമാനിച്ചു. അതാകട്ടെ അല്പം ഭാരിച്ച ഭക്ഷണവും ആയിരുന്നു.
ഇനി വേണ്ടത് സുരക്ഷിതമായി കിടക്കാനുള്ള ഒരു ഇടമാണ്. ഭാഗിയേയും കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറച്ചു ദൂരം ചുറ്റി. കൊള്ളാവുന്ന ഒരു സ്ഥലം കണ്ടുപിടിക്കാൻ ആവുന്നില്ല. ധാബകൾ പലതും നഗരത്തിന് പുറത്താണ്. ഒരു ഗ്യാസ് സ്റ്റേഷൻ കണ്ടുപിടിച്ചു. ഹൈവേയുടെ അരികിൽ തന്നെ ആയതുകൊണ്ട് വാഹനങ്ങളുടെ ബഹളം കൂടുതലാണ്. എന്നിരുന്നാലും താരതമ്യേന ഭേദപ്പെട്ട സ്ഥലമാണെന്ന് തോന്നിയതുകൊണ്ട്,
നേരെ കയറിച്ചെന്ന് അതിന്റെ ഉടമയെ കണ്ട് കാര്യം പറഞ്ഞു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അയാൾക്ക് അത്ഭുതം. ഭാഗിക്കുള്ള പാർക്കിങ്ങ് സന്തോഷത്തോടെ സമ്മതിച്ചു.
രാവിലെ എഴുന്നേറ്റ് ആദ്യത്തെ ടിക്കറ്റെടുത്ത് ബിക്കാനീർ കോട്ടയ്ക്കുള്ളിൽ കയറണം. കോട്ട കണ്ടുകഴിഞ്ഞാൽ നഗരത്തിൽ കാണാൻ മറ്റെന്തൊക്കെ ഉണ്ടെന്ന് ഒരു കണക്കെടുപ്പ് നടത്തണം. അതിന് അനുസരിച്ചാണ് കൂടുതൽ പദ്ധതികൾ.
ശുഭരാത്രി.