കാരൂർ സോമൻ തൻ്റെ കോപ്പിയടിയെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. നിലവിലെ അവസ്ഥ കോപ്പിയടിക്കപ്പെട്ട ഞാൻ തട്ടിപ്പുകാരൻ ആയിരിക്കുന്നു എന്നതാണ്. കോപ്പിയടിക്കപ്പെട്ട നാലര പേജിന് 1 കോടി രൂപ ഞാൻ നഷ്ടപരിഹാരം ചോദിച്ചു, ആയതിനാൽ ഞാൻ തട്ടിപ്പുകാരൻ ആണെന്നാണ് കാരൂർ സോമൻ എന്ന സാഹിത്യചോരൻ്റെ വാദം.
എൻ്റെ നാലരപ്പേജല്ല 55 പേജുകളാണ് അയാൾ ഒരു പുസ്തകത്തിൽ മാത്രം കോപ്പിയടിച്ചത്. അതിൽ 13 ഇടത്ത് എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച് വെച്ചിട്ടുണ്ട്. ഞാൻ വിൽപ്പനയ്ക്ക് വെച്ചിരുന്ന സൃഷ്ടിയല്ല അത്. ആയതിനാൽ 1 കോടിയോ 2 കോടിയോ അതിലധികമോ ചോദിക്കാനുള്ള അവകാശം എനിക്കുണ്ട്.
ഇങ്ങനെ പലതരത്തിലുള്ള മുടന്തൻ ന്യായങ്ങളും നുണകളൂമാണ് സോമൻ പറഞ്ഞ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സാഹിത്യമെന്താണ് കോപ്പി റൈറ്റ് നിയമങ്ങൾ എന്തൊക്കെയാണ് എന്നറിയാത്ത കുറേ മനുഷ്യന്മാർ സോമൻ പറയുന്നത് മാത്രം കേട്ടും വിശ്വസിച്ചും അയാളുടെ താളത്തിനൊത്ത് തുള്ളുകയും ചെയ്യുന്നു. ഓൺലൈനിൽ എഴുതിയിടുന്ന ലേഖനങ്ങൾക്ക് കോപ്പി റൈറ്റ് ഇല്ലെന്നാണ് ഈ വിഡ്ഡികൂശ്മാണ്ടങ്ങൾ എല്ലാവരും ധരിച്ച് വശായിരിക്കുന്നത്. കള്ളൻ സോമൻ ആൾക്കാരെ പറഞ്ഞ് പറ്റിക്കുന്നതും ഇത്തരത്തിലാണ്.
ഗോസ്റ്റ് റൈറ്റിങ്ങ്, മോഷ്ടിച്ച് ഇൻഫോർമേറ്റീവ് പുസ്തകമെഴുതൽ തുടങ്ങി ഒട്ടനവധി കാര്യങ്ങളെ സോമൻ ന്യായീകരിക്കുന്നത് അയാളുടെ ശബ്ദത്തിൽത്തന്നെ കേൾക്കണമെങ്കിൽ ഈ യൂ ട്യൂബ് ലിങ്ക് വഴി പോകുക.
13 കേസുകളാണ് പല പല കോടതികളിലായി ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആ കേസുകളിൽ എനിക്കൊപ്പം നിൽക്കുന്ന സുരേഷ് നെല്ലിക്കോട് വിനീത് എടത്തിൽ എന്നിവർക്ക് പറയാനുള്ളതും ഈ വീഡിയോയിൽ കേൾക്കാം. അതിന് ശേഷം സോമൻ്റെ ന്യായീകരണങ്ങളുടെ ശബ്ദരേഖയും കേൾക്കാം.
ഞങ്ങളുടെയെല്ലാം ബ്ലോഗ്/ഓൺലൈൻ സുഹൃത്തും ഈ വിഷയത്തിൽ പൂർണ്ണപിന്തുണ ഞങ്ങൾക്ക് നൽകുന്ന വ്യക്തിയുമായ സേനു ഇപ്പനുമായി കാരൂർ സോമൻ വാട്ട്സ് ആപ്പ് വഴി സംവദിച്ചപ്പോളാണ് മോഷ്ടാവിൻ്റെ തനിനിറം പു റത്തായത്. ആ ശബ്ദരേഖയാണ് ഈ ലിങ്കിൽ ഉള്ളത്.
വാൽക്കഷണം:- എൻ്റെ വീട്ടിൽ അടുക്കള വഴി ഒരു കള്ളൻ കയറി അവിടെയുള്ളതെല്ലാം എടുത്ത് തിന്നശേഷം “ തൻ്റെ ഭക്ഷണത്തിന് രുചി പോര. ഈ ഭക്ഷണം വല്ല ഹോട്ടലിലും വിൽപ്പനയ്ക്ക് വെച്ചാൽ അവിടത്തെ മെനു പ്രകാരമുള്ള വിലയും കിട്ടില്ല. താനൊരു തട്ടിപ്പുകാരനാണ്.“ എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും ? കള്ളൻ കാരൂർ സോമൻ്റെ ന്യായീകരങ്ങളും അങ്ങനെത്തന്നെ.