Monthly Archives: September 2013

1

ശുദ്ധജലം തയ്യാറാക്കാം.


ക്കഴിഞ്ഞ (കഴിഞ്ഞിട്ടൊന്നുമില്ലെന്ന് തോന്നുന്നു) റെക്കോഡ് മഴക്കാലത്ത് പോലും കൊച്ചിയിൽ പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നു. മഴ പെയ്തപ്പോൾ റോഡ് തകരുകയും, റോഡിനടിയിലുള്ള ശുദ്ധജലവിതരണ കുഴലുകൾ പൊട്ടുകയും ചെയ്തതാണ് കാരണം. പക്ഷെ, എന്താണ് ഇങ്ങനെയൊരു ജലക്ഷാമത്തിനുള്ള അടിസ്ഥാന കാരണം ?

കൊച്ചി മാത്രമല്ല കൊച്ചീക്കാരായ നമ്മൾ ഓരോ ബിലാലുമാരും പഴയപോലൊന്നുമല്ല എന്നത് തന്നെയാണ് മൂലകാരണം. കൊച്ചി, ഒരു ഉദാഹരണമായി മാത്രം പറഞ്ഞതാണ്. നല്ല മഴ കിട്ടുന്ന കേരള സംസ്ഥാനത്തെ മുഴുവൻ ഇടങ്ങളിലേയും അവസ്ഥ ഇതൊക്കെത്തന്നെയാണ്. നമ്മളിപ്പോൾ വാട്ടർ അതോറിറ്റിയുടെ ക്ലോറിൻ കലക്കി വരുന്ന പൈപ്പ് വെള്ളമല്ലാതെ വേറൊരു വെള്ളവും ഉപയോഗിക്കാറില്ല. അതിൽ ക്ലോറിൻ മാത്രമല്ല അനുവദനീയമായ തോതിനേക്കാൾ ഒരുപാട് മടങ്ങ് കോളീഫോം (അമേദ്യം) കൂടെ കലർന്നിട്ടുണ്ടെന്നുള്ള പത്രവാർത്തകൾ നമ്മെ അസ്വസ്തരാക്കുന്നു പോലുമില്ല. എന്നിട്ട് ഈ പറഞ്ഞ വെള്ളം കിട്ടുന്നത് ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം മാത്രം.

പണ്ടുകാലത്ത്, മഴ പെയ്യുമ്പോൾ മുറ്റത്ത് നാല് കാല് നാട്ടി അതിനിടയിലൊരു വെള്ളത്തുണി വലിച്ചുകെട്ടി, അതിന്റെ മദ്ധ്യഭാഗത്തൂടെ ഊറി വരുന്ന മഴവെള്ളം പിടിക്കുന്ന രീതിയുണ്ടായിരുന്നു. അത്യാവശ്യം അടുപ്പിൽ തീ പുകയ്ക്കാനും കുടിക്കാനുമൊക്കെയുള്ള ശുദ്ധജലം അങ്ങനെ കിട്ടുമായിരുന്നു. ഇന്ന് ആ സമ്പ്രദായത്തിന്റെ ഒരു ഫോട്ടോ പോലും കിട്ടാൻ പ്രയാസമാണ്. നമ്മൾ സമ്പൂർണ്ണ നാഗരികരായിക്കഴിഞ്ഞിരിക്കുന്നു. പണം കൊടുത്താൽ ഗ്യാസ്, വെള്ളം എന്നിങ്ങ്നെ എല്ലാം കുഴലുകളിലൂടെ വീട്ടിലെത്തണം. ബാക്കിയുള്ളത് തമിഴനും തെലുങ്കനും കന്നടികരുമൊക്കെ ലോറിയിൽ എത്തിച്ച് തരണം. പ്രകൃതി കനിഞ്ഞുനൽകുന്നത് പലതും പ്രയോജനപ്പെടുത്താനുള്ള സമയവും സന്മനസ്സും നമുക്ക് കൈമോശം വന്നിരിക്കുന്നു.

ഇനി വരുന്ന കാലങ്ങൾ ജലക്ഷാമത്തിന്റേതാണ്. ശുദ്ധജലത്തിന് വേണ്ടി യുദ്ധങ്ങൾ വരെ ഉണ്ടാകുമെന്ന് അതിശയോക്തി കലർത്തി ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ, അതിലെ അതിശയോക്തി നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് കാലം.

മഴക്കാലത്ത് കിട്ടുന്ന വെള്ളവും കുഴൽക്കിണറുകളിൽ നിന്ന് കിട്ടുന്ന വെള്ളവും ശുദ്ധീകരിച്ചെടുത്താൽ ഏതൊരു വീട്ടിലേക്കും ആവശ്യമായ ജലം അവനവന്റെ പുരയിടത്തിൽ നിന്നുതന്നെ ശേഖരിക്കാമെന്നത് പുതിയ അറിവൊന്നുമല്ല.

കാരണവന്മാർ തന്നിട്ട് പോയ ഒരു കെട്ടിടം പുതുക്കിപ്പണിയുന്ന കൂട്ടത്തിൽ അവിടേക്ക് ആവശ്യമായ വെള്ളത്തിന്റെ കാര്യത്തിൽ സ്വയം പരാപ്തത നേടുക എന്നതിന്റെ ഭാഗമായി ഒരു മഴവെള്ള സംഭരണിയാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. കെട്ടിടം നിൽക്കുന്നത് കടലിനോട് അടുത്തുള്ള പ്രദേശത്തായതുകൊണ്ടും, ആ ഭാഗങ്ങളിലെ കിണർ വെള്ളത്തിന് അൽ‌പ്പം ഉപ്പ് രസവും ഇരുമ്പിന്റെ അംശവും ഉള്ളതുകൊണ്ടും, മഴവെള്ളം ശേഖരിക്കുക എന്നത് മാത്രമാണ് ഏക പോംവഴി എന്നാണ് കരുതിയിരുന്നത്. പക്ഷെ പ്ലംബിങ്ങ് ജോലികൾ ചെയ്യാൻ വന്ന ശ്രീ.പ്രദീപ് മാല്യങ്കര, ഈ വിഷയത്തിൽ ഒരു സാക്ഷരൻ ആയിരുന്നതുകൊണ്ട് കൂടുതൽ ഫലപ്രദമായ ഒരു സംഭരണി നിർമ്മിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം തന്നു. അങ്ങനെ 5000 ലിറ്റർ വെള്ളം ശുദ്ധീകരിച്ചെടുക്കാൻ പോന്ന ഒരു സംവിധാനത്തെപ്പറ്റി ചർച്ചകൾ പുരോഗമിച്ചു. മഴവെള്ളം മാത്രമല്ല, മഴയില്ലാത്ത സമയത്ത് കുഴൽക്കിണറിലെ വെള്ളവും ശുദ്ധീകരിച്ചെടുക്കാനുള്ള സംവിധാനം പണിയാൻ തീരുമാനമാകുകയും നടപ്പിലാക്കുകയും ചെയ്തു.

ആ നിർമ്മാണ പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ ചിത്രങ്ങളും ചിലവും സഹിതം ഇവിടെ പങ്കുവെക്കുന്നു. ആർക്കെങ്കിലും പ്രയോജനമുണ്ടായാൽ അൽ‌പ്പമെങ്കിലും മഴവെള്ളം പാഴായിപ്പോകാതെ പ്രയോജനപ്പെടുത്താൻ ഈ ലേഖനം വഴിയൊരുക്കിയാൽ, നിർമ്മാണച്ചിലവ് നേർപകുതിയായി കുറഞ്ഞതായി ഈയുള്ളവൻ കണക്കാക്കും. ഇതെന്റെ സാങ്കേതിക വിദ്യയല്ല. ഗുരുകാരണവന്മാർ നടപ്പിലാക്കിക്കൊണ്ടിരുന്നതാണ്. നമ്മളത് മറന്ന് പോയിട്ടുണ്ടെങ്കിൽ ഒന്ന് ഓർമ്മിപ്പിക്കുന്നെന്ന് മാത്രം.

5000 ലിറ്റർ വെള്ളമെങ്കിലും ശുദ്ധീകരിച്ചെടുക്കാനുള്ള ഫിൽറ്റർ ആണ് പദ്ധതിയിട്ടിരുന്നത്. അതിനായി പണിത ടാങ്ക് ചിത്രം 1ൽ കാണാം. ടാങ്കിന്റെ പകുതി ഭാഗം ഭൂമിക്കടിയിലാണ്. അതിനെ 2500 ലിറ്റർ വീതം ശേഷിയുള്ള രണ്ട് അറകളായി തിരിച്ചിരിക്കുന്നു. ഭൂനിരപ്പിന് മുകളിലുള്ള ഭാഗത്താണ് ഫിൽറ്റർ സംവിധാനം ഒരുക്കുന്നത്. അതിന് 5000 ലിറ്ററിൽ അധികം സംഭരണശേഷിയുണ്ട്.

ചിത്രം 1 :- ടാങ്കിന്റെ പാർശ്വവീക്ഷണം.

ഭൂഗർഭത്തിലുള്ള രണ്ട് ടാങ്കുകളിലേക്കും ഇറങ്ങാനായി ഒരാൾക്ക് കടക്കാൻ പാകത്തിനുള്ള ദ്വാരങ്ങൾ (Man Hole) ഉണ്ടാക്കിയിട്ടുണ്ട്. ടാങ്ക് വൃത്തിയാക്കാനും ജലനിരപ്പ് പരിശോധിക്കാനും മറ്റുമൊക്കെ ഈ ദ്വാരം ഉപകരിക്കും. വലത് വശത്ത് കാണുന്ന  ടാങ്ക് (ദ്വാരം) വാട്ടർ അതോറിറ്റിയുടെ ജലം ശേഖരിക്കാനും, ഇടത് വശത്ത് കാണുന്ന ടാങ്ക് (ദ്വാരം) ഫിൽറ്റർ ചെയ്ത വെള്ളം ശേഖരിക്കാനുമുള്ളതാണ്. രണ്ടിനും 2500 ലിറ്റർ വീതം സംഭരണ ശേഷിയുണ്ടെന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ.

ചിത്രം 2 :- എതിർവശത്തുള്ള ദ്വാരങ്ങൾ (Man Holes)

ടാങ്കുകൾ തയ്യാറായിക്കഴിഞ്ഞാൽ മുകൾ ഭാഗത്തുള്ള ടാങ്കിൽ ഫിൽറ്റർ സജ്ജീകരിക്കേണ്ടതുണ്ട്. ഇതിനായി 4 ഇഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പുകളിൽ ചിത്രം 3ൽ കാണുന്നതുപോലെ ദ്വാരമുണ്ടാക്കിയെടുക്കുന്നു. ടാങ്കിന്റെ വലിപ്പത്തിനനുസരിച്ച് ഫിൽറ്റർ പൈപ്പുകൾ നിജപ്പെടുത്തേണ്ടത് ആവശ്യമാണ്. കൂടുതൽ പൈപ്പുകൾ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ വെള്ളം ഫിൽറ്റർ ചെയ്ത് കിട്ടും.

ചിത്രം 3 :- പൈപ്പിൽ ദ്വാരം ഇടുന്നതിന് മുൻപും ശേഷവും

ദ്വാരമിട്ട പൈപ്പുകളെ, ചിത്രം 4ൽ കാണുന്നത് പോലെ, നേർത്ത ഇഴകളുള്ള നെറ്റ് ഉപയോഗിച്ച് പൊതിയുന്നു. രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ പൈപ്പുകളെ നെറ്റുകൊണ്ട് ചുറ്റുന്നത് നല്ലതാണ്.

ചിത്രം 4 :- ദ്വാരമിട്ട പൈപ്പിൽ നെറ്റ് ചുറ്റുന്നു.
നെറ്റ് പൈപ്പിൽ ചുറ്റിയ ശേഷം, ചിത്രം 5ൽ കാണുന്നത് പോലെ, പ്ലാസ്റ്റിക്ക് കയറുപയോഗിച്ച് നെറ്റിനെ പൈപ്പുമായി നല്ലവണ്ണം ബന്ധിപ്പിച്ച് നിറുത്തുന്നു.
ചിത്രം 5:‌-  പ്ലാസ്റ്റിക്ക് കയറുകൊണ്ട് കെട്ടിയ പൈപ്പ്.
എന്റെ ഫിൽറ്ററിൽ സമാന്തരമായുള്ള മൂന്ന് പൈപ്പുകളും അതിനെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വിലങ്ങനെ നാലാമതൊരു പൈപ്പുമാണ് ഉള്ളത്. എല്ലാ പൈപ്പുകളിലൂടെയും അരിച്ചെത്തുന്ന വെള്ളം ഭൂഗർഭത്തിലുള്ള 2500 ലിറ്റർ ടാങ്കിലേക്ക് ഒഴുക്കാനായി, വിലങ്ങനെയുള്ള പൈപ്പിന്റെ ഒരറ്റം ചിതം 6ൽ കാണുന്നത് പോലെ വളഞ്ഞ പൈപ്പ് ഘടിപ്പിച്ച് സജ്ജമാക്കിയിരിക്കുന്നു.
ചിത്രം 6:- ഫിൽറ്റർ പൈപ്പുകൾ പരസ്പരം ഘടിപ്പിച്ച നിലയിൽ.
അടുത്തതായി പരസ്പരം ബന്ധിപ്പിച്ച ഈ പൈപ്പുകളെയെല്ലാം ചിത്രം 7ൽ കാണുന്നത് പോലെ ഫിൽറ്റർ ടാങ്കിന്റെ അടിത്തട്ടിൽ വെറുതെ കിടത്തിയിടുന്നു. ടാങ്കിന്റെ ഒരു മൂലയിൽ നേരത്തെ തന്നെ തയ്യാറാക്കിയ 4 ഇഞ്ച് വ്യാസമുള്ള ദ്വാരത്തിലൂടെ പൈപ്പിന്റെ വളഞ്ഞ ഭാഗം താഴേക്ക് ഇറക്കിവെച്ചശേഷം ആ ഭാഗം സിമന്റിട്ട് പഴുതുകളില്ലാതെ ഉറപ്പിക്കുന്നു. ഭാവിയിൽ അൽ‌പ്പസ്വൽ‌പ്പം ലീക്ക് ഉണ്ടായാലും കുഴപ്പമില്ല. കാരണം ഫിൽറ്റർ ചെയ്ത വെള്ളം തന്നെയാണ് താഴേക്ക് ലീക്ക് ചെയ്യുന്നത്.
ചിത്രം 7:- ടാങ്കിൽ ഫിൽറ്റർ പൈപ്പുകൾ കിടത്തിയിരിക്കുന്നു.
അടുത്തതായി മരക്കരി കൊണ്ട് ഈ പൈപ്പുകളെ മൂടുന്നു. 5000 ലിറ്റർ സംഭരണശേഷിയുള്ള ഫിൽറ്റർ ഉണ്ടാക്കാൻ ഏകദേശം 10 ചാക്ക് മരക്കരി ആവശ്യമാണ്. ചാക്ക് ഒന്നിന് 800 രൂപയാണ് മരക്കരിയുടെ വില. (വിലയിലെ ഏറ്റക്കുറച്ചിലുകൾ ബാധകം.) 
ചിത്രം 8:- ഒരു ചാക്ക് മരക്കരി
ചിത്രം 9:- ഫിൽറ്റർ പൈപ്പുകളെ മരക്കരി കൊണ്ട് മൂടുന്നു.
തമിഴ്‌നാട്ടിൽ നിന്ന് വരുന്നതാണ് ഈ മരക്കരി. അവിടെയുള്ള നേർത്ത ശാഖകളുള്ള പ്രത്യേകതരം മരത്തിന്റെ ചില്ലകൾ തീയിട്ടശേഷം പൂർണ്ണമായി കത്തി ചാരമാകുന്നതിന് മുന്നേ അണച്ചെടുത്താണ് ഇത്തരം മരക്കരി ഉണ്ടാക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മരക്കരിക്ക് പകരം ചിരട്ടക്കരിയെപ്പറ്റിയും ആലോചിക്കാവുന്നതാണ്. പക്ഷെ കമ്പോളത്തിൽ ഇത്രയധികം ചിരട്ടക്കരി കിട്ടാനുണ്ടോ എന്നെനിക്ക് നിശ്ചയമില്ല. സ്വന്തമായി ചിരട്ടക്കരി ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടും പരിഗണിക്കേണ്ടതാണ്. 
രുചി, മണം, നിറം, ജൈവ ഘടകങ്ങൾ എന്നിവ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യാനാണ് കരി (കാർബൺ) ഉപയോഗിക്കുന്നത്.
ചിത്രം 10:- മരക്കരിയിട്ട് മൂടിയ പൈപ്പുകൾ
ഏകദേശം 6 ഇഞ്ച് കനത്തിൽ ഇങ്ങനെ മരക്കരി പൈപ്പിന് മുകളിലൂടെ ഇട്ട് അതിനെ പൂർണ്ണമായും മൂടുന്നു. അടുത്തതായി മരക്കരിക്ക് മുകളിൽ 6 ഇഞ്ച് കനത്തിൽ മുഴുത്ത ചരലോ മണലോ വിരിക്കുന്നു. നന്നായി അരിച്ചെടുത്ത മണലാണ് അഭികാമ്യം. ലഭ്യതയനുസരിച്ച് ഇതിൽ ഏതായാലും ഉപയോഗിക്കാവുന്നതാണ്.
ചിത്രം 11:- മരക്കരിക്ക് മുകളിൽ മണൽ വിരിക്കുന്നു.
ഇങ്ങനെ മണലും കരിയും മാറിമാറി 8 തട്ടുകളായി ടാങ്കിൽ വിരിക്കുന്നു. ഏറ്റവും മുകളിൽ മണലായിരിക്കും ഉണ്ടാകുക. ഏറ്റവും മുകൾ ഭാഗത്ത് വരുന്ന മണലിന് മുകളിൽ ഒരടിയോളം ഭാഗം ഒന്നും നിറയ്ക്കാതെ വിടുക. ഈ ഭാഗം വെള്ളം വന്ന് നിറയാനുള്ള സ്ഥലമായി കണക്കാക്കണം. 
ചിത്രം 12:- മണലിന് മുകളിൽ വീണ്ടും മരക്കരി
ആദ്യകാലങ്ങളിൽ വെള്ളം ഫിൽറ്ററിലേക്ക് ഒഴിക്കുന്ന മാത്രയിൽത്തന്നെ താഴേക്ക് പോകുകയും ഭൂഗർഭ ടാങ്കിൽ എത്തുകയും ചെയ്യും. കാലക്രമേണ വെള്ളത്തിലുള്ള അഴുക്കുകളും കുഴൽക്കിണറിലെ ജലത്തിലെ ഇരുമ്പിന്റെ അംശവുമെല്ലാം മുകൾത്തട്ടിലെ മണ്ണിൽ കെട്ടി നിൽക്കുകയും താഴേക്കുള്ള ജലത്തിന്റെ ഒഴുക്ക് മന്ദീഭവിക്കുകയും ചെയ്യും. ആ സമയത്ത് മുകൾ ഭാഗത്ത് ഒഴിവാക്കി ഇട്ടിരിക്കുന്ന സ്ഥലത്ത് വെള്ളം കെട്ടിനിന്ന് സമയമെടുത്ത് അരിച്ച് പോകാനുള്ള സൌകര്യം ഉണ്ടാകേണ്ടതാണ്.
ചിത്രം 13:- അവസാനത്തെ തട്ട് മണൽ
മണലും മരക്കരിയും ഇടവിട്ട് വിരിച്ചുകഴിഞ്ഞാൽ ഫിൽറ്റർ തയ്യാറായിക്കഴിഞ്ഞു. ഇനി ചെയ്യേണ്ടത് മഴവെള്ളം ശേഖരിക്കാനുള്ള പാത്തികൾ കെട്ടിടത്തിൽ പിടിപ്പിക്കുകയാണ്. പാത്തികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഫിൽറ്റർ ടാങ്കിലേക്ക് വീഴുന്ന പൈപ്പ് ചിത്രം 14ൽ കാണാം.
ചിത്രം 14:- മഴവെള്ളം ബൈപ്പാസ് സംവിധാനത്തിലൂടെ ടാങ്കിലേക്ക്.
മഴവെള്ളം ടാങ്കിലേക്കെത്തിക്കുന്ന 4 ഇഞ്ച് വ്യാസമുള്ള പൈപ്പിൽ ഭൂനിരപ്പിൽ നിന്ന് ഒരടി ഉയരത്തിൽ ചിത്രം 14ൽ കാണുന്നത് പോലെ ശുചീകരണത്തിനായി ഒരു ബൈപ്പാസ് സംവിധാനം ഉണ്ടായിരിക്കണം. ആദ്യമഴയിലെ അഴുക്കുവെള്ളം ഫിൽറ്ററിലേക്ക് എടുക്കാതെ ഒഴുക്കിക്കളയാൻ വേണ്ടിയാണ് ഈ ബൈപ്പാസ് സംവിധാനം. പൈപ്പിന്റെ അറ്റത്തുള്ള മൂടി തുറക്കാൻ പറ്റുന്ന തരത്തിൽ പശവെച്ച് ഒട്ടിക്കാതെ നിലനിർത്തണം.
ഫിൽറ്റർ സജ്ജീകരിക്കുന്ന രീതിയാണ് ഇതുവരെ വിവരിച്ചത്. ഈ ഫിൽറ്ററിലൂടെ മഴവെള്ളമോ കുഴൽക്കിണറിലെ വെള്ളമോ അരിച്ചെടുക്കാം. മഴവെള്ളത്തിന് കാര്യമായ അരിക്കൽ ഒന്നും ആവശ്യമായി വരുന്നില്ല എങ്കിലും കെട്ടിടത്തിന് മുകളിൽ നിന്ന് വീഴാൻ സാദ്ധ്യതയുള്ള കരടുകളും ഇലകളുമൊക്കെ അരിച്ചെടുക്കാൻ കെട്ടിടത്തിലെ പാത്തികളിൽ നിന്നും ഫിൽറ്ററിലേക്ക് കടക്കുന്ന വലിയ പൈപ്പുകളിൽ ഒരു ചെറിയ നെറ്റ് പിടിപ്പിക്കാവുന്നതാണ്. ചിത്രം 15ഉം ചിത്രം 16ഉം ശ്രദ്ധിക്കുക. 
ചിത്രം 15:- അരിപ്പ പിടിപ്പിക്കാനുള്ള ഭാഗം.
ചിത്രം 16:- അരിപ്പ പിടിപ്പിച്ചതിന് ശേഷം
കുഴൽക്കിണറിലെ വെള്ളം ഫിൽറ്ററിലൂടെ കടത്തിവിടുമ്പോൾ കുറേക്കൂടെ സജ്ജീകരണങ്ങൾ ആവശ്യമാണ്. കുഴൽക്കിണറിലെ വെള്ളത്തിൽ ഉപ്പിന്റെ അംശം, ചെളി മണം, ഇരുമ്പിന്റെ അയിര് തുടങ്ങിയതെല്ലാം ഉണ്ടാകാം. ഇതെല്ലാം വേർതിരിച്ചെടുക്കേണ്ടത് ആവശ്യമാണ്. ചെളി മണവും ഉപ്പിന്റെ അംശവുമെല്ലാം ഫിൽറ്ററിലൂടെ കടക്കുന്നതോടെ ഇല്ലാതാകും. ഇരുമ്പ് അയിരിന്റെ നല്ലൊരു ഭാഗവും ഫിൽറ്റർ തടഞ്ഞുനിർത്തുന്നു. എന്നിരുന്നാലും വെള്ളത്തിലുള്ള ഇരുമ്പ് അയിർ വേർ‌തിരിച്ചെടുക്കാനായി വെള്ളത്തിനെ വായുവുമായി കൂടുതൽ സമ്പർക്കത്തിലാക്കി വേണം ഫിൽറ്ററിലേക്ക് പതിപ്പിക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ ഇരുമ്പിന്റെ നല്ലൊരംശം വായുവിൽ വെച്ചുതന്നെ വിഘടിക്കപ്പെടുന്നു. ബാക്കിയുള്ളതിനെ ഫിൽറ്റർ അരിച്ചെടുക്കുന്നു.
ചിത്രം 17:- വായുസഞ്ചാരത്തിനായുള്ള സജ്ജീകരണം.
ഇത് സംഭവിക്കണമെങ്കിൽ ഫിൽറ്റർ ടാങ്കിന്റെ മുകളിൽ വായു സഞ്ചാരം ഉണ്ടാകാൻ പാകത്തിനുള്ള വിടവ് ഇട്ടിട്ട് മാത്രമേ ടാങ്കിന്റെ മൂടി സജ്ജമാക്കാനും ഉറപ്പിക്കാനും പാടുള്ളൂ. ചിത്രം 17ൽ കാണുന്ന ലോഹ വല കൊണ്ടുള്ള സജ്ജീകരണം ശ്രദ്ധിക്കുക. 
ചിത്രം 18:- ടാങ്കിന്റെ മൂടി
അതിന് മേലെയാണ് ടാങ്കിന്റെ മൂടി വരുന്നത്. ഫിൽറ്റർ ടാങ്കിൽ എല്ലായ്പ്പോഴും വായു സഞ്ചാരം ഉണ്ടാകാൻ ഇത് സഹായിക്കുന്നു. വെള്ളത്തിന് കൂടുതൽ വായുസമ്പർക്കം കിട്ടാൻ വേണ്ടി ചിത്രം 19ൽ കാണുന്നത് പോലെ ഷവറുകളിലൂടെ വേണം ഫിൽറ്ററിലേക്ക് വെള്ളം വീഴ്ത്താൻ.
ചിത്രം 19:- ഷവറിലൂടെ കുഴൽക്കിണർ വെള്ളം ഫിൽറ്ററിലേക്ക്
കുഴൽക്കിണർ വെള്ളത്തിൽ നിന്ന് ഫിൽറ്ററിൽ എത്തി അവിടെ അരിച്ചെടുക്കപ്പെടുന്ന ഇരുമ്പിന്റെ അയിരെല്ലാം കാലക്രമേണ മുകളിലെ തട്ടിലുള്ള മണലിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും. മണലിന്റെ നിറം ഇരുമ്പയിരിന്റെ തോതനുസരിച്ച് ഓറഞ്ച് നിറത്തിലേക്കോ ചുവപ്പും നിറത്തിലേക്കോ മാറുന്നു.
മൂന്നോ നാലോ മാസം കൂടുമ്പോൾ മണലിന്റെ മുകൾ ഭാഗത്തുനിന്ന് നിറവ്യത്യാസം വന്ന ഭാഗം മാത്രം വടിച്ചെടുത്ത് നീക്കം ചെയ്ത് പുതിയ മണൽ നിറച്ചാൽ ഫിൽറ്ററിന് വേണ്ടുന്ന അത്യാവശ്യം അറ്റകുറ്റപ്പണികളായി. ആദ്യത്തെ തട്ടിൽ നിന്ന് കാര്യമായ അഴുക്കുകളൊന്നും താഴെത്തെ തട്ടിലേക്ക് കടക്കില്ല എന്ന് ഇത് സജ്ജീകരിക്കുന്നതിൽ വിദഗ്ദ്ധനായ ശ്രീ.പ്രദീപ് മാല്യങ്കര സാക്ഷ്യപ്പെടുത്തുന്നു. 
ഇരുമ്പ് അയിരിന്റേയും മറ്റ് അഴുക്കുകളുടേയും തോത് അനുസരിച്ച് കൊല്ലത്തിൽ ഒരിക്കലോ രണ്ട് കൊല്ലം കൂടുമ്പോളോ മുഴുവൻ മണലും മരക്കരിയും പുറത്തെടുത്ത് ശുദ്ധജലത്തിൽ കഴുകി വീണ്ടും ഫിൽറ്ററിൽ സ്ഥാപിച്ചാൽ ദീർഘകാലത്തേക്കുള്ള അറ്റകുറ്റപ്പണിയും ആയി. ഈ ജോലിയെല്ലാം പുറത്തുനിന്ന് ഒരാളുടെ സഹായം ഇല്ലെങ്കിലും വീട്ടിലുള്ളവർക്ക് സ്വയം ചെയ്യാൻ സാധിക്കുന്നതാണ്. 
ചിത്രം 20:- ഫിൽറ്ററും ടാങ്കും പണിപൂർത്തിയായപ്പോൾ.

ടാങ്ക് തയ്യാറായിക്കഴിഞ്ഞപ്പോൾ കുഴൽക്കിണറിലെ വെള്ളം ഫിൽറ്റർ വഴി കടത്തിവിട്ട് അരിച്ചെടുത്ത് രുചിച്ചുനോക്കി. ഫിൽറ്ററിൽ കടക്കുന്നതിന് മുൻപ് അൽ‌പ്പം കടുപ്പവും ചെളിമണവുമൊക്കെ ഉണ്ടായിരുന്ന വെള്ളത്തിന്റെ മണവും രുചിയും എല്ലം മാറിയിരിക്കുന്നു. നിമിഷങ്ങൾക്കകമാണ് ഇത് സാദ്ധ്യമായിരിക്കുന്നത്. കുഴൽക്കിണർ വെള്ളം ഫിൽറ്ററിലേക്ക് പമ്പ് ചെയ്യുന്നത് 1 ഇഞ്ച് പൈപ്പിലൂടെയും അത് അരിച്ച് താഴേക്ക് വരുന്നത് 4 ഇഞ്ച് പൈപ്പുകളിലൂടെയുമാണെന്ന് ശ്രദ്ധിക്കുമല്ലോ ? അതുകൊണ്ടുതന്നെ മുകളിൽ വെള്ളം വീഴുന്ന മാത്രയിൽത്തന്നെ താഴെ വെള്ളം കിട്ടാൻ തുടങ്ങുന്നു. 5 സെക്കന്റിന്റെ കാലതാമസം പോലും ഉണ്ടാകുന്നില്ല.

ശാസ്ത്രീയമായ വിലയിരുത്തലിനായി കുഴൽക്കിണറിലെ വെള്ളം, അത് ഫിൽറ്റർ ചെയ്തതിന് ശേഷമുള്ള വെള്ളം, വാട്ടർ അതോറിറ്റിയുടെ വെള്ളം എന്നത് മൂന്നും ലാബിൽ കൊടുത്ത് ടെസ്റ്റ് ചെയ്ത് റിസൽട്ട് എടുക്കാൻ ബാക്കിയുണ്ട്. ലാബ് ഫലം കിട്ടിയാൽ ഉടനെ പോസ്റ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. നിറവ്യത്യാസം മനസ്സിലാക്കാൻ ഈ രണ്ട് വെള്ളവും കുപ്പികളിൽ ശേഖരിച്ച് വെച്ച് ഊറിയശേഷവും ഊറുന്നതിന് മുൻപുമൊക്കെയുള്ള പടങ്ങളും അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഇനി 5000 ലിറ്റർ ശേഷിയുള്ള ഈ ടാങ്ക് സജ്ജീകരിക്കാൻ വേണ്ടി വന്ന ഏകദേശ ചിലവ്.
1. പത്ത് ചാക്ക് മരക്കരി = 8000 രൂപ
2. മണൽ – 3000 രൂപ
3. * ഫിൽറ്റർ ടാങ്ക് നിർമ്മിക്കാനുള്ള ചിലവ് = 15000 രൂപ
4. ടാങ്കിന്റെ മൂടിയും മറ്റും = 12000 രൂപ
5. പൈപ്പ്, ഷവർ, വാൽ‌വ് മുതലായവ = 3000 രൂപ
6. പണിക്കൂലി = 5000 രൂപ
മൊത്തം ചിലവ് – 46,000 രൂപ. 
( * ഫിൽറ്റർ ടാങ്കിന്റെ മാത്രം ചിലവാണ് സൂചിപ്പിച്ചിരിക്കുന്നത്. ഭൂഗർഭ ടാങ്ക് എല്ലാ പുതിയ കെട്ടിടങ്ങളിലും ഇപ്പോൾ ചെയ്യുന്നുണ്ട്. ആ ചിലവ് ഇതുമായി ചേർക്കുന്നില്ല.)
മോട്ടർ, മഴവെള്ളത്തിന്റെ പാത്തി, ടാങ്ക് നിർമ്മാണ ചിലവ് എന്നതൊക്കെ പുതുതായി വീടുണ്ടാക്കുന്നതിന്റെ ചിലവിന്റെ കൂട്ടത്തിലാണ് ചേർക്കേണ്ടത്. മഴവെള്ളസംഭരണി ഇല്ലെങ്കിലും മോട്ടറും ടാങ്കുമൊക്കെ എന്തായാലും ഒരു വീട്ടിലേക്ക് ആവശ്യമുള്ളത് തന്നെയാണ്. മുകളിൽ കാണുന്നത് ഒരു അധികച്ചിലവായി പലർക്കും തോന്നിയേക്കാം. പക്ഷെ, 2500 ലിറ്ററിന്റെ ഫിൽറ്റർ സംവിധാനം ഉണ്ടാക്കിയാലും ഇതേ കാര്യങ്ങൾ നടപ്പിലാക്കാനാവും. നിർമ്മാണച്ചിലവ് 23000 രൂപയാക്കി കുറക്കണമെങ്കിൽ പകുതി സംഭരണശേഷിയുള്ള ടാങ്ക് ഉണ്ടാക്കിയാൽ മതി. 15 ലക്ഷം രൂപയെങ്കിലും മുടക്കി വീട് പണിയുന്ന ഒരാൾ, 23,000 രൂപ കുടിവെള്ളപ്രശ്നം പരിഹരിക്കാനായി നീക്കിവെക്കുന്നത് ഒരിക്കലും അധികച്ചിലവല്ല. പ്രകൃതിയിൽ നിന്ന് കൂടുതൽ അകലം പ്രാപിക്കാനായി മുറ്റത്ത് ടൈൽ വിരിക്കാൻ ലക്ഷക്കണക്കിന് രൂപ ചിലവഴിക്കുമ്പോൾ ശുദ്ധജലത്തിനായി 1000 രൂപ പോലും പലരും ചിലവഴിക്കുന്നില്ല.
മഴവെള്ള സംഭരണി കൂടെ ഉണ്ടെങ്കിൽ മാത്രമേ പുതിയ വീടുകളുടെ പ്ലാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പാസ്സാക്കൂ എന്ന് കുറേ നാൾ മുൻപ് കേട്ടിരുന്നു. പക്ഷെ അങ്ങനൊന്ന് പുതിയ വീടുകളിൽ നടപ്പാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. സർക്കാർ അങ്ങനൊരു നിയമം കർശനമായി നടപ്പിലാക്കുകയാണ് വേണ്ടത്.  
ഒരിക്കൽക്കൂടെ ഓർമ്മിപ്പിക്കട്ടെ, വരാൻ പോകുന്നത് ജലക്ഷാമത്തിന്റെ നാളുകളാണ്. സൂക്ഷിച്ചാൽ, ചില മുൻ‌കരുതലുകളും നടപടികളും എടുത്താൽ, ദുഃഖിക്കേണ്ടി വരില്ല.