
ബ്ലോഗുകളുടെ വസന്തകാലം മുതൽ കേൾക്കുന്ന ഒരു കഥയാണ് “സസ്നേഹം ശങ്കുണ്ണിയേട്ടൻ”.
ഒരു പ്രമുഖ വ്യക്തിയുടെ വീട്ടിൽ ചെന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ബൃഹത്തായ പുസ്തക ശേഖരം കണ്ട് അമ്പരക്കുന്നു. മലയാള സാഹിത്യത്തിലെ മിക്കവാറും എല്ലാ അതികായന്മാരുടേയും പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ, എഴുത്തുകാരുടെയെല്ലാം കയ്യൊപ്പോട് കൂടിത്തന്നെ ഉണ്ട്.
തകഴിയുടെ പുസ്തകങ്ങളിൽ സസ്നേഹം പിള്ളച്ചേട്ടൻ എന്നാണ് തകഴി ഒപ്പിട്ടിരിക്കുന്നത്. എം.ടി.യുടെ പുസ്തകങ്ങളിൽ അത് സസ്നേഹം വാസുവേട്ടൻ എന്നാണ്. സസ്നേഹം മുകുന്ദേട്ടൻ, സസ്നേഹം വിജയേട്ടൻ, സസ്നേഹം രാമകൃഷ്ണേട്ടൻ, എന്നിങ്ങനെ നീളുന്നു ഒപ്പുകൾക്കൊപ്പമുള്ള സ്നേഹാക്ഷരങ്ങൾ. പ്രമുഖനും സാഹിത്യകാരന്മാരും തമ്മിലുള്ള അടുപ്പം അതിൽ നിന്ന് തന്നെ വ്യക്തം.
ഇടയ്ക്ക് എപ്പോഴോ സുഹൃത്തുക്കൾ ഐതിഹമാല തുറന്ന് നോക്കി. അതിൽ ഇങ്ങനെ എഴുതി ഒപ്പിട്ടിരിക്കുന്നു. “സസ്നേഹം ശങ്കുണ്ണിയേട്ടൻ.”
ചിത്രം:- കോട്ടയത്തെ പള്ളിപ്പുറത്ത് കാവിലുള്ള ശങ്കുണ്ണിയേട്ടന്റെ പ്രതിമയ്ക്ക് മുന്നിൽ നിന്ന്, സസ്നേഹം നിരക്ഷരൻ.