
നല്ല കാറ്റും ഇടയ്ക്കിടെ തുള്ളിക്കൊരു കുടം മഴയും ഉണ്ടായിരുന്നു എങ്കിലും, ഇന്നലെ രാത്രി എൻ്റെ ടെൻ്റിലെ ഉറക്കത്തിന് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല. വീശിയടിച്ച കാറ്റത്ത് അൽപ്പം മഴ ടെൻ്റിൻ്റെ മുകളിലും വീണെന്ന് തോന്നുന്നു. എല്ലാം കൊണ്ടും അതൊരു നല്ല അനുഭവമായിരുന്നു.
രാവിലെ 6 മണിക്ക് തന്നെ കുളിച്ച് തയ്യാറായി വാഗമൺ പട്ടണത്തിൽ പോയി പ്രാതൽ കഴിച്ച് തിരിച്ച് വന്ന് നല്ലൊരു ഇൻഡോർ ഓർക്കിഡ് ചെടി വാങ്ങി ഭാഗിയിൽ തൂക്കിയിട്ടു. 10 മണിയോടെ കട്ടപ്പന, ശാന്തൻപാറ വഴി ആനയിറങ്കലിലേക്ക്. അവിടെയുള്ള KFDC യുടെ കോട്ടേജിൽ എത്താൻ 3 മണിക്കൂർ മതി. ദൂരം 90 കിലോമീറ്റർ.
വഴിയിൽ ഉടനീളം മഴ തന്നെ. മഴക്കാലത്ത് പശ്ചിമഘട്ടത്തിൽ മഴ തോരുന്നതേയില്ല എന്നാണ് തോന്നുന്നത്. അത് പിന്നെ മല ആയതുകൊണ്ടല്ലേ എന്ന് ചിന്തിക്കാൻ പോയാൽ, “അറബിക്കടലിൽ മഴ പെയ്യുന്നത് അവിടെ മരം ഉണ്ടായിട്ടാണോ?” എന്നുള്ള സീതിഹാജിയുടെ പ്രശസ്തമായ ചോദ്യം ഓർമ്മ വരും.
കട്ടപ്പന കഴിഞ്ഞാൽ തീർത്തും അപരിചിതമായ വഴികളായിരുന്നു. അവസാനത്തെ 15 കിലോമീറ്റർ പോകാൻ 30 മിനിറ്റ് മാപ്പിൽ കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും ആ വഴിയിലേക്ക് കടന്നതും സംശയത്തിന് ഉത്തരം കിട്ടി. വഴി ഇടുങ്ങുന്നു. റബ്ബറൈസ്ഡ് പാതയല്ല. അവിടവിടെ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. പോരാത്തതിന് നല്ല വളവും തിരിവും. വശങ്ങളിലുള്ള കുറ്റിച്ചെടികൾ കാഴ്ച്ച മറക്കുന്നുമുണ്ട്. വേഗത്തിൽ ഓടിക്കാനേ പറ്റില്ല.
ഉച്ച തിരിഞ്ഞ് മൂന്നരയോടെ ആനയിറങ്കലിലെ ഒരു വേലിക്കെട്ടിന് മുന്നിൽ ഭാഗി കിതച്ച് നിന്നു. പല പ്രാവശ്യം ഹോൺ അടിച്ചിട്ടും ആരും ഗേറ്റ് തുറന്നില്ല. ചെയർപേർസൺ ശ്രീമതി ലതികാ സുഭാഷിനേയോ Lathika Subhash മാനേജർ ശ്രീ. മിഥുലിനേയോ വിളിക്കാൻ നോക്കിയപ്പോളാണ് സിഗ്നൽ ഇല്ല എന്ന് മനസ്സിലായത്.
തൊട്ടടുത്തുള്ള ഒരു റിസോർട്ടിൻ്റെ പേര് അരിക്കൊമ്പൻ എന്നാണ്. അവിടത്തെ മാനേജറുമായി സംസാരിച്ചപ്പോൾ എനിക്ക് വഴി തെറ്റിയെന്ന് പിടികിട്ടി. ഞാൻ ചെന്ന് നിന്ന വേലിക്കെട്ട് KFDCയുടേത് തന്നെ. പക്ഷേ, അവിടന്ന് അൽപ്പം കൂടെ മുന്നോട്ട് മാറി ഇടത് വശത്ത് മലമുകളിൽ ആണ് ആനയിറങ്കൽ കോട്ടേജുകൾ ഉള്ളത്. അത് റോഡിൽ നിന്ന് കാണാൻ പാകത്തിന് മലയുടെ ചരുവിൽ അള്ളിപ്പിടിച്ച് ഇരിക്കുന്നത് പോലെയാണ് നിൽക്കുന്നത്.
കെയർ ടേക്കർ ജസ്മോൻ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. രണ്ട് കോട്ടേജുകളും രണ്ട് വലിയ സ്ഥിരം ടെൻ്റുകളും രണ്ട് ക്യാൻവാസ് കോട്ടേജുകളും ക്യാമ്പ് ഫയർ സൗകര്യവും അടുക്കളയും അടക്കമുള്ള എല്ലാ കെട്ടിടങ്ങളും മലയുടെ ചരുവിൽ ഒറ്റ നിരയിലാണ് നിൽക്കുന്നത്. ആ കെട്ടിടങ്ങൾക്ക് മുന്നിലൂടെ വാഹനം ഓടിച്ച് അവസാനത്തെ കോട്ടേജ് വരെ പോയാൽ ചെന്ന് നിൽക്കുന്നത് മലയുടെ മുനമ്പിലാണ്. അവിടന്നങ്ങോട്ട് കുത്തനെയുള്ള താഴ്വര നിറയെ ഗോൾഡൻ സൈപ്രസും യൂക്കാലിയും അക്വേഷ്യയും വളരുന്നു.
ദൂരേക്ക് നോക്കിയാൽ മലനിരകളും അതിലിടിച്ച് പെയ്യുന്ന മേഘങ്ങളും താഴെ ജലാശയങ്ങളും കാണാം. അരിക്കൊമ്പനും ചക്കക്കൊമ്പനും മുറിവാലനും ഒക്കെ അവിടെയാണ് വിഹരിച്ചിരുന്നത്. അങ്ങനെയാണ് ഈ പ്രദേശം ആനയിറങ്കൽ ആയത്. അതിൽ മുറിവാലൻ കുറച്ചുനാൾ മുൻപ് ചരിഞ്ഞു. വെടിയേൽക്കുകയും ആ ഭാഗത്ത് തന്നെ ചക്കക്കൊമ്പൻ്റെ കുത്ത് ഏൽക്കുകയും ചെയ്തതാണത്രേ മരണ കാരണം.
ഭാഗിയിൽ നിന്ന് ഇറങ്ങിയതും തൂക്കിയെടുത്ത് കൊണ്ടുപോകാൻ പാകത്തിനുള്ള കാറ്റാണ് എതിരേറ്റത്. ഇടത് വശത്തുള്ള മലയുടെ ചരുവിൽ പെയ്യുന്ന മഴയെ നിലം തൊടീക്കാതെ പാറ്റി എറിയുന്നു കാറ്റ്. അതൊരു മനോഹര ദൃശ്യം തന്നെ ആയിരുന്നു.
ഇത്രയും ഗംഭീരമായ സ്ഥലത്ത് KFDC സ്വന്തം നിലയ്ക്ക് കോട്ടേജുകൾ പണിതുയർത്തിയതല്ല. ഒരു സ്വകാര്യ വ്യക്തിയുടെ കൈയേറ്റം റവന്യൂ ബോർഡ് പിടിച്ചെടുത്ത് ഫോറസ്റ്റ് ഡിപ്പാർട്മെന്റിന് കൈമാറിയതാണ്. വിദേശികൾക്ക് മാത്രം വന്ന് ആസ്വദിക്കാൻ പാകത്തിന് കൈയേറ്റക്കാരൻ നടത്തിയിരുന്ന കോട്ടേജുകൾ അങ്ങനെ മലയാളികൾക്കും ഇന്ത്യാക്കാർക്കും വന്ന് താമസിക്കാൻ അവസരമൊരുങ്ങി.
ഇന്ന് ഞാൻ മാത്രമാണ് ഇവിടെയുള്ളത്. ജസ്മോൻ എനിക്ക് ഇവിടത്തെ കാര്യങ്ങളെല്ലാം പറഞ്ഞു തന്നു. ബോഡിമെട്ട്, മതികെട്ടാൻ ചോല, ആനയിറങ്കൽ ഡാം, പരിയ കാനൽ, പൂപ്പാറ എന്നിങ്ങനെ ദൂരെയുള്ള മലനിരകളും സ്ഥലങ്ങൾ ഓരോന്നും പരിചയപ്പെടുത്തി തന്നു. ക്യാമ്പ് ഫയർ ഇട്ടു. രാത്രി ചപ്പാത്തിയും മുട്ടക്കറിയും വിളമ്പി.
കാറ്റ് ഭയാനകമായ രീതിയിലാണ് വീശിയടിക്കുന്നത്. ഭാഗി താഴ്വരയിലേക്ക് പറന്ന് പോകുമോ എന്ന് ഞാൻ വെറുതെ ആശങ്കപ്പെടുന്നു.15 ഡിഗ്രിയാണ് തണുപ്പ്. നാളെ രാവിലെ പോകുന്നത് മീശപ്പുലി മലയിലേക്കാണ്. അവിടെ കുറേക്കൂടെ തണുപ്പ് ഉണ്ടാകുമെന്നാണ് ജെസ്മോൻ പറയുന്നത്.
കഴിഞ്ഞ നാല് ദിവസങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായ അനുഭവങ്ങളാണ് പശ്ചിമഘട്ടവും KFDCയും തന്നത്. നാളെയും ആ വ്യത്യസ്തത തുടരുമെന്ന് എനിക്കുറപ്പാണ്. പലവട്ടം കൊളുക്കുമലയിൽ പോയിട്ടുണ്ടെങ്കിലും മീശപ്പുലി മലയിൽ മഞ്ഞ് പെയ്യുന്നത് ഞാനിതുവരെ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല.
അപ്പുറത്ത് മലമുകളിലെ പട്ടണങ്ങളിലെ വൈദ്യുതി വിളക്കുകൾ അണഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇവിടെ സിഗ്നൽ ഇല്ലെന്ന് മാത്രമല്ല വൈദ്യുതി ഇടയ്ക്കിടെ വന്ന് പോകുന്നുമുണ്ട്. ജെസ്മോൻ്റെ ഫോണിലെ ഹോട്ട്സ്പോട്ട് വഴിയാണ് ഇത് പോസ്റ്റ് ചെയ്യുന്നത്.
മീശപ്പുലി മലയിലേക്ക് പറത്തിക്കൊണ്ട് പോകും എന്ന മട്ടിലാണ് പുറത്ത് കാറ്റ് വീശുന്നത്. അതിൻ്റെ മൂളൽ കേട്ടുകൊണ്ട് പുതച്ച്മൂടി കിടക്കയിലേക്ക് മറിയട്ടെ. ശുഭരാത്രി.
(തുടരും)
————-
അറിയിപ്പ്:- ആനയിറങ്കൽ കോട്ടേജ് ബുക്കിങ്ങ് KFDC സൈറ്റ് https://kfdcecotourism.com വഴി ചെയ്യാം. 8289821406, 8289821408, 8289821010 എന്നീ നമ്പറുകളിൽ വിളിച്ചും ബുക്ക് ചെയ്യാം.




