ദിവസം 009 – കാരാപ്പുഴ ഡാം [GIE Trial]


കേരളത്തിൽ എനിക്കേറ്റവും ഇഷ്ടമുള്ള ജില്ല ഏതാണെന്ന് എത്ര വലിയ ഉറക്കത്തിൽ നിന്ന് എഴുന്നേൽ‌പ്പിച്ച് ചോദിച്ചാലും വയനാട് എന്ന ഉത്തരമേ കിട്ടൂ. കണ്ണൂരിൽ പഠിക്കാനെത്തിയ നാൾ മുതൽക്കുള്ള പ്രേമമാണ് വയനാടിനോട്. വയനാട്ടിൽ എവിടെയെങ്കിലും സ്ഥിരതാമസമാക്കണമെന്ന ആഗ്രഹത്തിന്റെ പുറത്ത്, സ്വന്തമായി സമ്പാദ്യമായപ്പോൾ അതിൽ നിന്ന് മിച്ചം പിടിച്ച് അവിടെ അൽ‌പ്പം സ്ഥലം വാങ്ങിയിട്ടിട്ടുമുണ്ട്. പക്ഷേ, ആഗ്രഹിച്ചത് പോലെ അതൊന്നും നടക്കില്ലെന്ന് പിന്നീട് മനസ്സിലാക്കാനായി.

എട്ടാം ദിവസം രാത്രി തങ്ങിയത് നിലമ്പൂരിലെ റോസ് ഇന്റർ‌നാഷണൽ ഹോട്ടലിലാണ്. നിലമ്പൂര് നിന്ന് നാടുകാണി ചുരം വഴി വയനാട്ടിലേക്കാണ് ഒൻപതാം ദിവസത്തെ യാത്ര. ഹെയർ പിൻ ബെൻഡുകൾ കാര്യമായിട്ടില്ലെങ്കിലും, മലകളെ 260 ഡിഗ്രിയെങ്കിലും ചുറ്റിത്തിരിയുന്ന റോഡുകളാണ് ഈ വഴിയിൽ പലയിടത്തുമുള്ളത്. അതീവ ശ്രദ്ധയോടെ വാഹനമോടിക്കേണ്ട ഒരു ചുരമാണിത്. മറുവശത്തുനിന്ന് വാഹനങ്ങൾ വരുന്നുണ്ടോ എന്നറിയാൻ സ്വന്തം വാഹനത്തിന്റെ മുൻ‌വശത്തുകൂടെ മാത്രമല്ല വശങ്ങളിലെ ചില്ലുകളിലൂടെയും നോക്കേണ്ടിവരും.

ഈ വഴിയിലുള്ള നാടുകാണി, ദേവാല, പന്തലൂർ, ചേരമ്പാടി എന്നീ ഇടങ്ങൾ തമിഴ്നാട് സംസ്ഥാനത്താണ്. ചേരമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ വീണ്ടും കേരളത്തിലേക്ക് കടന്ന് അമ്പലവയൽ വഴി കാരാപ്പുഴയാണ് ഞങ്ങളുടെ ലക്ഷ്യം.

നാടുകാണിയിലെ തമിഴ്‌നാട് ചെക്ക് പോസ്റ്റിൽ കാര്യമായ വാഹനപരിശോധനയും പോലീസിന്റെ ചോദ്യം ചെയ്യലുമൊക്കെ സ്ഥിരം സംഭവങ്ങളാണ്. ‘എവിടന്ന് വരുന്നു, എങ്ങോട്ട് പോകുന്നു‘ എന്നിങ്ങനെ തുടരെ തുടരെ ചോദ്യങ്ങൾ വന്നുകൊണ്ടിരിക്കും. ഈ പാതയിൽ ഉടനീളം പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെയുള്ള തമിഴ് ബോർഡുകൾ ധാരാളമായി കാണാം. ബോർഡിൽ എഴുതിയിരിക്കുന്നത് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും അത് പ്ലാസ്റ്റിക്കിന് എതിരെയുള്ളതാണെന്ന് ഊഹിക്കാനാവും. പക്ഷെ നാടുകാണി ചെക്ക് പോസ്റ്റിൽ ഒരു ചെറിയ പ്രശ്നം പതിയിരുപ്പുണ്ട്. നമ്മുടെ വാഹനത്തിൽ പ്ലാസ്റ്റിക്ക് കുപ്പികളോ പ്ലാസ്റ്റിക്ക് ബാഗുകളോ കടലാസുകളോ ഉണ്ടെങ്കിൽ അതിനെല്ലാം 25 രൂപ വീതം അവർ പിഴയീടാക്കും. ഞങ്ങളുടെ ചില ഉപകരണങ്ങൾ പ്ലാസ്റ്റിക്ക് സഞ്ചികളിലായിരുന്നു. അതിനവർ 50 രൂപ പിഴയീടാക്കി. ‘പ്ലാസ്റ്റിക്ക് ഫ്രീ നീലഗിരി’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് തമിഴ്‌നാട് നടത്തുന്നത് പിടിച്ചുപറിയാണെന്ന് പറയാതെ വയ്യ. നമ്മൾ വാഹനത്തിൽ നിന്ന് പുറത്ത് കളയാൻ ഉദ്ദേശിക്കാത്ത നമുക്കാവശ്യമുള്ള പ്ലാസ്റ്റിക്കുകൾക്ക് അവരെന്തിന് പിഴയീടാക്കണം. നമ്മൾ കാട്ടിലേക്ക് പ്ലാസ്റ്റിക്ക് കളയുന്നുണ്ടെങ്കിൽ അതല്ലേ കണ്ടുപിടിച്ച് ശിക്ഷാർഹമാക്കേണ്ടത് ? അതേ സമയം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെ കാട്ടിലേക്ക് കടക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ കേരളത്തിന് ഈ വക ബേജാറുകൾ ഒന്നുമില്ലതാനും. ആയതിനാൽ നാടുവാണി വഴി കടന്നുപോകുന്നവർ ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിൽ നിന്ന് തന്നെ പ്ലാസ്റ്റിക്ക് തുടച്ചുനീക്കിക്കൊണ്ടുള്ള നടപടിയാണ് തമിഴ്നാട് സ്വീകരിച്ചിരിക്കുന്നത്.

90 കിലോമീറ്റർ താണ്ടി കാരാപ്പുഴ ഡാമിന് മുന്നിലെത്തി. കാരാപ്പുഴ ഡാമിന്റെ കാച്ച്മെന്റ് പരിസരത്ത് രാത്രി ടെന്റടിച്ച് കൂടാനാണ് തീരുമാനിച്ചിരിക്കുന്നത്. ആ ഭാഗത്ത് താമസസൌകര്യമൊന്നും കിട്ടാത്തതുകൊണ്ടല്ല ടെന്റിൽ കിടക്കാൻ പോകുന്നത്. ജീ(Great Indian Expedition) പരീക്ഷണ യാത്രയ്ക്കിടയിൽ ടെന്റിലെ കിടപ്പ് ഇതുവരെ പരീക്ഷിച്ചിട്ടില്ല എന്നതാണ് കാരണം.

008
                                        കാരാപ്പുഴ ഡാമിന്റെ കവാടം

അതിന് മുൻപ് കാരാപ്പുഴ ഡാമും പരിസരവും കാണാനുള്ള സമയമുണ്ട്. ടൂറിസവുമായി ബന്ധപ്പെടുത്തി വലിയ പദ്ധതികൾ കാരാപ്പുഴ ഡാമിന്റെ പരിസരത്തുണ്ട്. മെഗാ ടൂറിസം എന്നാണ് എഴുതി വെച്ചിരിക്കുന്നത്. 30 രൂപ പ്രവേശന ടിക്കറ്റ് നിരക്കാണെങ്കിൽ, വീഡിയോ ക്യാമറ നിരക്ക് 200 രൂപയാണ്. കല്യാണ വീഡിയോ ഷൂട്ട് ചെയ്യാനാണെങ്കിൽ 500 രൂപയുടെ ക്യാമറാ ടിക്കറ്റെടുക്കണം. ഞങ്ങൾ 200 രൂപയുടെ വീഡിയോ ക്യാമറ ടിക്കറ്റെടുത്ത് മെഗാ ടൂറിസം പദ്ധതി കാണാൻ അകത്തേക്ക് കടന്നു.

014
                                                     ഡാമിന്റെ ഒരു ദൃശ്യം
006
              പൂന്തോട്ടത്തിൽ നിന്ന് ഡാമിന്റെ സംഭരണിയുടെ ദൃശ്യം

പുതിയ പദ്ധതികൾ പരിചയപ്പെടുത്തുന്നതിന് മുൻപ് കാരാപ്പുഴ ഡാമിന്റെ ചരിത്രമെന്താണെന്ന് നോക്കാം. കബനീനദിയുടെ ഒരു ശാഖയായ കാരാപ്പുഴ നദിക്ക് കുറുകെയാണ് ഈ ഡാം നിലകൊള്ളുന്നത്. 1977ൽ നിർമ്മാണം ആരംഭിച്ച ഈ എർത്ത് ഡാം പണി തീരുന്നത് നീണ്ട 27 വർഷങ്ങൾക്ക് ശേഷം 2004ൽ ആണ്. ജലസേചനമാണ് കാരാപ്പുഴ ഡാമിന്റെ മുഖ്യലക്ഷ്യം. എർത്ത് ഡാമുകൾ കണ്ടാൽ മനസ്സിലാക്കാൻ എളുപ്പമാണ്. കല്ലും മണ്ണുമൊക്കെ ഇട്ട് ഒരു നദിക്ക് കുറുകെ കെട്ടിപ്പൊക്കുന്ന അണയുടെ എല്ലാ ഭാവങ്ങളും ഒരു എർത്ത് ഡാമിൽ കാണാനാകും. വളരെ പരന്ന അടിഭാഗത്തുനിന്ന് മെല്ലെ മെല്ലെ സ്ലോപ്പ് കുറഞ്ഞ് മുകളിലേക്ക് വരുന്ന കെട്ട് നിരീക്ഷിച്ചാൽ എർത്ത് ഡാം എളുപ്പം തിരിച്ചറിയാൻ കഴിയും.

009
                                           എർത്ത് ഡാമിന്റെ  ഉൾവശത്തെ കെട്ട്

ഡാമിൽ വെള്ളം താരത‌മ്യേന കുറവാണ്. ജലാശയത്തിന്റെ നടുക്കായി ധാരാളം തുരുത്തുകളുണ്ട്. ചിലത് വലിയ മലകൾ തന്നെയാണ്. പദ്ധതി പ്രദേശത്ത് നല്ലൊരു പൂന്തോട്ടം ഉയർന്നുവരുന്നുണ്ട്. കൂടുതൽ പൂന്തോട്ടത്തിന്റെ ജോലികൾ നടക്കുന്നുമുണ്ട്. കൂടാതെ കുട്ടികൾക്ക് കളിക്കാനുള്ള സംവിധാനങ്ങളും പൂന്തോട്ടത്തിനുള്ളിൽ പ്രവർത്തനക്ഷമമാണ്. ഭാവിയിൽ റസ്റ്റോറന്റ് അടക്കമുള്ള കാര്യങ്ങൾക്കായുള്ള കെട്ടിടങ്ങളും ഒരു ആംഫി തീയറ്ററും ഇവിടെയുണ്ട്. വൈകുന്നേരങ്ങളിൽ സ്ഥിരമായി കലാ സാംസ്ക്കാരിക പരിപാടികൾ കൂടെ സംഘടിപ്പിക്കപ്പെടാൻ തുടങ്ങിയാൽ കാരാപ്പുഴ ഡാം വയനാട്ടിലെ പ്രധാനപ്പെട്ട ഒരു ഡെസ്ന്റിനേഷനായി മാറുക തന്നെ ചെയ്യും.

IMG_20190602_100416
                                                                ആംഫി  തീയറ്റർ

പണി തീരാത്തതായി മനസ്സിലാക്കാനായത് വെള്ളം തുറന്ന് വിടാനുള്ള കനാലുകളാണ്. ഡാമിന്റെ ഇരുവശത്തും കേബിൾ സഞ്ചാരത്തിനുള്ള ടവറുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. അതടക്കം, മറ്റ് പല സാഹസിക വിനോദങ്ങൾക്കും താമസിയാതെ കാരാപ്പുഴ വേദിയാകും.

015
                                           ജലസംഭരണി മറ്റൊരു ദൃശ്യം

കർണ്ണാടകയിൽ നിന്നുള്ള സഞ്ചാരികൾ ധാരാളമായി ഡാമിലേക്കെത്തുന്നുണ്ട്. സത്യത്തിൽ മൈസൂർ, ബാംഗ്ലൂർ, കുടക് ഭാഗങ്ങളിൽ നിന്നുള്ള കർണ്ണാടകക്കാർക്ക് അവരുടെ സംസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന വലിയൊരു ടൂറിസ്റ്റ് ജില്ലയാണ് വയനാട്.

010
                            പൂന്തോട്ടവും ഡാമിന്റെ താഴ്‌വരയും

പക്ഷേ പദ്ധതികളൊക്കെ തുടങ്ങുന്നതിന് മുന്നേ പരിസരമാകെ പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ട് നിറച്ചിരിക്കുന്നു വന്നുപോകുന്നവർ. ഡാമിന്റെ കെട്ടിനോട് ചേർന്നുള്ള ഭാഗത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ധാരാളമായി കാണാം. ഇക്കണക്കിനാണെങ്കിൽ പദ്ധതി ആരംഭിച്ചുകഴിഞ്ഞാൽ എന്താകും അവസ്ഥ ?! ക്യാമറക്കണ്ണുകൾ വഴി പിടികൂടി പിഴയടിക്കാനുള്ള ഏർപ്പാട് കൂടെ ചെയ്തില്ലെങ്കിൽ അധികം വൈകാതെ കാരാപ്പുഴ ഡാമും മറ്റൊരു മാലിന്യക്കൂമ്പാരമായി മാറും. ചെമ്പ്രയിലും ഗവിയിലുമൊക്കെ ചെയ്യുന്നത് പോലെ പ്ലാസ്റ്റിക്ക് കുപ്പിയടക്കമുള്ള സാധനങ്ങളുടെ കണക്കെടുത്ത്, അത്രയും സാധനങ്ങൾ തിരികെ കൊണ്ടുപോയില്ലെങ്കിൽ പിഴയീടാക്കേണ്ടതാണ്.

IMG_20190602_101916
                  പ്ലാസ്റ്റിക്ക് മാലിന്യം ഇവിടെയും ഒഴിവാകുന്നില്ല

ഇരുട്ട് വീഴുന്നതിന് മുൻപേ ടെന്റടിക്കാനുള്ള ഏർപ്പാട് നോക്കണം. അത് ഷൂട്ട് ചെയ്യാനുള്ള വെളിച്ചവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഞങ്ങൾ നോട്ടമിട്ട് വെച്ചിരിക്കുന്നത് ഡാമിന്റെ ജലസംഭരണ പ്രദേശം തന്നെയാണ്. മൂന്ന് കിലോമീറ്ററോളം അകലെ ബൈജു എന്ന സുഹൃത്തിന്റെ വീടിനോട് ചേർന്നുള്ള ഒരിടമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അവിടെ ചെന്നപ്പോൾ ആ പ്രദേശത്താകെ ചേന നട്ടിരിക്കുന്നു. കുറേക്കൂടെ ഭേദപ്പെട്ട മറ്റൊരു സ്ഥലമുണ്ടെന്ന് ബൈജു പറഞ്ഞതനുസരിച്ച് ക്യാച്ച്മെന്റിന്റെ മറ്റൊരു ഭാഗത്തേക്ക് ചെന്നു. ആ ഭാഗത്ത് ചില ആദിവാസികൾ താമസമുണ്ട്.

011
                                         ടെന്റടിക്കാനുള്ള ഇടം തയ്യാർ

അങ്ങോട്ടുള്ള ഇടവഴി അൽ‌പ്പം വീതികുറഞ്ഞതാണ്. മഴ പെയ്ത് ചെളിയായിക്കിടക്കുന്നതുകൊണ്ട് രണ്ടിടത്ത് വാഹനം ചെറുതായൊന്ന് പാളി. ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ സിനിമയിലും മറ്റും കാണുന്നതുപോലുള്ള ലൊക്കേഷൻ. റോഡിന്റെ ഒരു വശത്തെ ചെരുവിൽ വേനലിലും പച്ചപിടിച്ച് കിടക്കുന്ന പുല്ല്. ചെരിവ് അവസാനിക്കുന്നിടത്ത് ക്യാറ്റ്മെന്റിന്റെ തടാകം. അതിൽ നിറയെ ആമ്പലും താമരയും വാട്ടർ ലില്ലിയും . തടാകത്തിനപ്പുറം തുരുത്തുകളും മലനിരകളും. ഞാനാ തുരുത്തിൽ ഒന്നിലേക്ക് ചങ്ങാടത്തിൽക്കയറി പോയിട്ടുണ്ട് മുൻപൊരിക്കൽ. നാട്ടുകാർ ഈ തുരുത്തുകളിൽ പശുക്കളെ മേയാൻ കൊണ്ടുപോയി വിടുന്നതും പതിവാണ്. ഞങ്ങൾ ടെന്റടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് രണ്ട് മാവും ഒരു പ്ലാവും ഒരു കശൂമ്മാവും ഒരു വീട്ടിയും തണൽ വിരിച്ചിരിക്കുന്നു. മാവിലൊരെണ്ണം കായ്ച്ചാണ് കിടക്കുന്നത്. ഇത് സർക്കാർ പുറമ്പോക്ക് ഇടമായതുകൊണ്ട് മാങ്ങ പറിച്ചുതിന്നണമെങ്കിൽ അങ്ങനെയുമാകാം.

005
                                               ടെന്റിൽ നിന്നുള്ള ഒരു ദൃശ്യം

ബൈജുവിന്റെ സുഹൃത്തും സമീപത്ത് താമസിക്കുന്ന ആദിവാസിയുമായ അപ്പുക്കുട്ടൻ ഞങ്ങൾക്ക് വേണ്ട സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്തു. റോഡിന്റെ മറുവശത്താണ് അപ്പുക്കുട്ടന്റെ കുടിൽ. തൊട്ടടുത്ത് തന്നെ അപ്പുക്കുട്ടന്റെ സഹോദരിയുടെ വീടുമുണ്ട്. പ്രകാശം പോകുന്നതിന് മുൻപ് ടെന്റടിക്കാനുള്ള തിരക്കിലായി ഞങ്ങൾ. കഷ്ടി ഇരുപത് മിനിറ്റുകൊണ്ട് ടെന്റ് ഉയർന്നു. മടക്കാൻ പറ്റുന്ന രണ്ട് കസേരകളും ഒരു മേശയും നിരത്തിയതോടെ ക്യാമ്പിങ്ങ് സൌകര്യങ്ങൾ പൂർത്തിയായി. പലയിടങ്ങളിലായി ക്യാമറകൾ സ്ഥാപിച്ച് ജോഹർ ആ രംഗങ്ങളെല്ലാം ഒപ്പിയെടുത്തു.

IMG_20190601_180841
              അടുപ്പ് തയ്യാറാക്കുന്ന അപ്പുക്കുട്ടൻ. സമീപം ബൈജു.

ആ സമയത്താണ് സഹോദരന്റെ ഒന്നരവയസ്സുള്ള മകനുമായി സിസ്റ്റർ ഷാലി മാത്യു ആ വഴി വന്നത്. സിസ്റ്ററിന്റെ വീട് തൊട്ടപ്പുറത്താ‍ണ്. ഉത്തരാഖണ്ഡിലെ സെന്റ് മേരീസ് സെക്കന്ററി സ്ക്കൂളിലെ പ്രിൻസിപ്പളാണ് സിസ്റ്റർ. ഒരാഴ്ച്ച അവധിക്കായി വീട്ടിൽ വന്നിരിക്കുകയാണ്. അൽ‌പ്പനേരം സിസ്റ്ററുമായി സംസാരിച്ച് നിന്നു. ഈ ഭാഗത്തെ കുറേയേറെ സ്ഥലം സിസ്റ്ററിന്റെ കുടുംബത്തിന്റേതായിരുന്നു. ഡാമിന് വേണ്ടി അതിൽ കുറേ സ്ഥലം സർക്കാർ ഏറ്റെടുത്തു. ഡാമിലെ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗമൊക്കെ വയലുകളായിരുന്നത്രേ! അന്ന് കുട്ടികൾ അവിടെ കളിക്കുകയും അപ്പുറത്തെ കുന്നുകളിലേക്ക് നടന്ന് പോകുകയും പതിവായിരുന്നു. മലകൾക്കപ്പുറത്തെ ദൃശ്യം  ഇപ്പുറത്തേക്കാൾ മനോഹരമാണെന്നാണ് സിസ്റ്റർ പറയുന്നത്. ജീ (GIE) ഉത്തരാഖണ്ഡിലെത്തുമ്പോൾ തീർച്ചയായും കാണണമെന്നും ഇന്ന് ഇപ്പോൾ എന്ത് സഹായം വേണമെങ്കിലും ചോദിക്കാൻ മടിക്കേണ്ടെന്നും പറഞ്ഞ് സിസ്റ്റർ മടങ്ങി.

001
                                                  യാത്രികർ ക്യാമ്പിന് മുന്നിൽ

ഇനി പരീക്ഷിക്കാനുള്ളത് ഭക്ഷണം ഉണ്ടാക്കിക്കഴിക്കാൻ ഞങ്ങൾക്കാകുമോ എന്ന് മാത്രമാണ്. കല്ലടുപ്പ് കൂട്ടാതെ ഭൂമിയിൽ കുഴിയെടുത്ത് ചെറിയൊരു സംവിധാനം നിമിഷനേരം കൊണ്ട് അപ്പുക്കുട്ടൻ ചെയ്തുതന്നു. തീ കത്തിക്കാനുള്ള വിറകും അപ്പുക്കുട്ടൻ കൊണ്ടുത്തന്നു. ഇത്തരം സഹായങ്ങൾ ചെല്ലുന്നയിടത്തെല്ലാം കിട്ടുമെന്ന് പ്രതീക്ഷിക്കാൻ പാടില്ലെന്നറിയാം.

012
                                                      കുഴിയെടുത്ത് ഒരു അടുപ്പ്

കൂടുതൽ സഹായങ്ങൾ ചെയ്യാൻ പാടില്ലെന്നും വിറക് കത്തിച്ച് ഭക്ഷണം ഉണ്ടാക്കേണ്ടത് ഞങ്ങളുടെ ജോലിയാണെന്നും പറഞ്ഞതനുസരിച്ച് അപ്പുക്കുട്ടനും ബൈജുവും അവരവരുടെ വീടുകളിലേക്ക് മടങ്ങി. ബ്രഡ്ഡ് കൈയിലുണ്ട്. ഒരു പരിപ്പ് കറിയും കട്ടൻ ചായയും ഉണ്ടാക്കാനാണ് പദ്ധതി. ഞാൻ പാത്രം അടുപ്പിൽ വെച്ച് തീ കത്തിക്കാൻ തുടങ്ങി.

ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കില്ലെന്ന് അതോടെ മനസ്സിലാകുകയായിരുന്നു. കാറ്റ് കാരണം തീ കത്തിക്കാനേ പറ്റുന്നില്ല. മറപിടിച്ച് പല പ്രാവശ്യം ശ്രമിച്ചു നോക്കി. പക്ഷേ, കാറ്റ് വിടുന്നില്ല. അൽ‌പ്പനേരം കഴിഞ്ഞ് ശ്രമിക്കാമെന്നുറച്ച് ഞങ്ങൾ മാറിനിന്നു. മരങ്ങൾക്ക് താഴെ കാറ്റ് കുറവാണ്. പക്ഷേ അടുപ്പ് കൂട്ടിയിരിക്കുന്ന സ്ഥലത്ത് മരങ്ങളില്ലാത്തതുകൊണ്ട് അവിടെ കാറ്റ് ഒഴിവാകുന്നില്ല. ഇരുട്ട് നന്നായി വീണുകഴിഞ്ഞിരിക്കുന്നു. അടുപ്പ് കത്തിച്ച് ഭക്ഷണമുണ്ടാക്കൽ നടക്കില്ലെന്ന് ഏതാണ് ഉറപ്പായി. ഗ്യാസ് സ്റ്റൌ പോലൊന്ന് ഉണ്ടായാലും ആ കാറ്റത്ത് കെടാതെ നിൽക്കില്ലെന്ന് ഉറപ്പാണ്.

രണ്ട് തരത്തിൽ ഈ പ്രതിസന്ധി തരണം ചെയ്യാം. ഒന്നുകിൽ അൽ‌പ്പം മാറി ഏതെങ്കിലും കവല വരെ പോയി ഭക്ഷണം കഴിഞ്ഞ് വരാം. അല്ലെങ്കിൽ കൈയിലുള്ള ബ്രഡ്ഡ് മാത്രം തിന്ന് കിടന്നുറങ്ങാം. വടക്കേ ഇന്ത്യയിലേക്കും മറ്റും ചെന്നാൽ ഭക്ഷണവും താമസവും ഇല്ലാത്ത ഇടങ്ങളിൽ എങ്ങനെ പിടിച്ചുനിൽക്കും എന്നാണല്ലോ പരീക്ഷിക്കുന്നത്. രണ്ടാമത്തെ മാർഗ്ഗമാണ് അതിനോട് ചേർന്ന് നിൽക്കുന്നത്. ഒരു രാത്രി ഒന്നും കഴിച്ചില്ലെന്ന് വെച്ച് എന്ത് സംഭവിക്കാനാണ് ? ഞങ്ങൾ അത്താഴം ബ്രെഡ്ഡും പച്ചവെള്ളവുമായി ഒതുക്കി.

013
                                                            ക്യാമ്പ് – മറ്റൊരു ദൃശ്യം

വൈദ്യുതി ഇല്ലാത്തതുകൊണ്ട് യാത്രാവിവരണം എഴുതാനും എഡിറ്റ് ചെയ്യാനും മെനക്കെടേണ്ടതില്ല. ഈയൊരു വൈകുന്നേരം സ്വസ്ഥമായി സുഖമായി പ്രകൃതിയോട് ചേർന്നിരിക്കാൻ കിട്ടുന്ന അവസരം കൂടെയാണ്. പത്തര മണിവരെ ഞങ്ങളാ ഇരുട്ടത്ത് കൂടി. ഇരുൾ വീഴും മുന്നേ, ചുറ്റുമുള്ള മരങ്ങളിൽ ചേക്കേറിയ പക്ഷികളിൽ ചിലത് ഉച്ചത്തിൽ ഞങ്ങൾക്കപരിചിതമായ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്. താഴെ കൂടിയിരിക്കുന്ന അപകടകാരികളാകാൻ സാദ്ധ്യതയുള്ള അജ്ഞാതരായ ഞങ്ങളെപ്പറ്റി മറ്റ് പക്ഷികൾക്കുള്ള മുന്നറിയിപ്പാകാം ആ ശബ്ദങ്ങൾ.

002
                                                      ടെന്റിനകത്ത് ലേഖകൻ

ജലജീവികൾ കരയ്ക്ക് കയറി വന്നെന്നിരിക്കാം. അതല്ലാതെയും ഇഴജന്തുക്കൾ ഉണ്ടാകാം എന്നീ കാരണങ്ങളാൽ ടെന്റിൽ ഉറങ്ങാൻ ജോഹറിനത്ര താൽ‌പ്പര്യമില്ല. ജോഹർ കാറിൽത്തന്നെ ഉറങ്ങാൻ തീരുമാനിച്ചു. സിപ്പ് ഇട്ടുകഴിഞ്ഞാൽ ഒരീച്ചയ്ക്ക് പോലും ടെന്റിൽ കയറാനാവില്ല. പുറത്തെ കാലാവസ്ഥയാണെങ്കിൽ അതീവ സുന്ദരം. ഞാൻ ടെന്റിനകത്ത് കയറി സിപ്പിട്ടു. ഇതുപോലുള്ള അനുഭവവും ഉറക്കവും എന്നും കിട്ടണമെന്നില്ല. ഉറക്കം പിടിക്കാൻ അൽ‌പ്പം  സമയമെടുത്തു. പുറത്ത് കാടിന്റെ ചില അപരിചിത ശബ്ദങ്ങൾ ഇപ്പോഴും പതിഞ്ഞ സ്വരത്തിൽ കേൾക്കാം. ഞാനതിന്റെ ശ്രുതിയിൽ അലിഞ്ഞ് മെല്ലെ ഉറക്കത്തിലേക്ക്…
——————————————————————————–
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ യാത്രയുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ യാത്രയുടെ ശബ്ദരേഖ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>