ഗ്രേറ്റ് ഇന്ത്യൻ എക്സ്പ്രഡിഷൻ (GIE), 2025 സെപ്റ്റംബറിൽ തുടരാനായി, ഭാഗീരഥി എന്ന ഭാഗി2 വാഹനം തിരഞ്ഞെടുക്കുന്നത് ഒരു വലിയ കടമ്പയായിരുന്നു.
പല പല വാഹനങ്ങൾ ഓടിച്ചു നോക്കി. ടെക്നിക്കൽ സ്പെസിഫിക്കേഷൻ, മൈലേജ്, വില, സേഫ്റ്റി റേറ്റിംഗ്, സർവ്വീസ്, സ്പെയർ വില, സ്പെയർ ലഭ്യത, എൻ്റെ സാധനസാമഗ്രികൾ ഉൾക്കൊള്ളിക്കാനുള്ള സ്ഥലം, എന്നതൊക്കെ വാഹനം തിരഞ്ഞെടുക്കാനുള്ള ഘടകങ്ങൾ ആയിരുന്നു.
പഴയ വാഹനം വാങ്ങാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. ഈ യാത്രയിൽ ഇതുവരെ ഉപയോഗിച്ചത് പഴയ വണ്ടി ആണ്. ഈ യാത്ര ഇഴഞ്ഞ് വലിഞ്ഞായാലും ചെയ്ത് തീർക്കാൻ പറ്റുമെന്ന് സ്വയം ബോദ്ധ്യം വരുന്നതുവരെ പഴയ വാഹനം മതി എന്ന് തീരുമാനിച്ചിരുന്നു. ആ ബോദ്ധ്യം ഉണ്ടായപ്പോൾ പുതിയ വണ്ടി വാങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഈ യാത്രയ്ക്ക് ശേഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുമ്പോൾ, നാട്ടിലെ സഞ്ചാരങ്ങൾക്ക് വേണ്ടി ഇതേ വാഹനം പരിഗണിക്കേണ്ടതുണ്ട്. ആ ഒരു ഘടകവും ചേർത്താണ് പുതിയ വാഹനത്തെ തീരുമാനിച്ചത്. ഭാഗിയേക്കാൾ ഒതുക്കമുള്ളവൾ ആയിരിക്കണം ഭാഗി 2 എന്നാണ് ഉദ്ദേശിച്ചത്.
അവസാന റൗണ്ടിൽ പരിഗണിച്ച വാഹനങ്ങളെപ്പറ്റി മാത്രം പറയാം.
1. താർ 3 ഡോർ
എനിക്ക് വളരെ താല്പര്യമുണ്ടായിരുന്ന വാഹനമാണ് ഇത്. സ്ഥലസൗകര്യം കുറവാണെങ്കിലും സാധനങ്ങൾ അതിനകത്ത് കൊള്ളിക്കാൻ പറ്റുമെന്ന് തോന്നിയിരുന്നു. പക്ഷേ മോട്ടോർ ഹോമിലെ എൻ്റെ ജീവിതരീതി വെച്ച് നോക്കിയപ്പോൾ 5 ഡോർ ഉള്ള വാഹനം വേണമെന്ന സ്ഥിതിവിശേഷം ഉണ്ടായി. മാത്രമല്ല ഈ വാഹനത്തിൽ ഹാൻഡ് ബ്രേക്ക് വലിച്ചു വെച്ചതിനുശേഷം ഫസ്റ്റ് ഗിയറിൽ വാഹനം മുന്നോട്ട് ഓടിപ്പോകുന്നത് ഒരു വലിയ പോരായ്മയായി മാറി. അത്തരം ഒരു വാഹനം ഈ യാത്രയിൽ പരിഗണിക്കാനേ പറ്റില്ല. 16 ലക്ഷത്തിലധികം വിലയുള്ള ഒരു വാഹനത്തിൽ നേരെ ചൊവ്വേ ഹാൻഡ് ബ്രേക്ക് കൊടുക്കാൻ മഹീന്ദ്രയ്ക്ക് പറ്റാത്തത് വലിയ കഷ്ടം തന്നെയാണ്. കുറഞ്ഞ മൈലേജും ഈ വാഹനത്തെ തിരസ്കരിക്കാൻ കാരണമായി.
2. മഹീന്ദ്ര – XUV 3XO
ഈ വാഹനം സജീവ പരിഗണനയിൽ ഉണ്ടായിരുന്നതാണ്. ഇതിൽ പല വേരിയന്റുകൾ ഉണ്ട്. എനിക്ക് ആവശ്യമായ വേരിയന്റ് കാണിച്ചു തരാൻ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഡീലർക്ക് കഴിഞ്ഞില്ല. അതിനിടയ്ക്ക് എന്റെ ടോയ്ലറ്റ് കൊമോഡ് ഇതിനകത്ത് ഫിറ്റാകില്ല എന്നും മനസ്സിലാക്കി. വാഹനം നൽകുന്നതിന് മുന്നേ തന്നെ ഇത്രയും നിസ്സഹരണം ഉള്ളവരുടെ, വില്പനയ്ക്ക് ശേഷമുള്ള സേവനം എത്ര മോശമായിരിക്കും എന്ന് ആലോചിച്ചതും ഈ വാഹനം വേണ്ടെന്ന് തീരുമാനിച്ചു.
3. സുസുക്കി – ജിംനി
രണ്ടിലധികം പേർ വളരെ ശക്തമായി നിർദ്ദേശിച്ച ഒരു വാഹനമാണ് ഇത്. വിദേശരാജ്യങ്ങളിൽ പലരും ഇതിനെ മോട്ടോർ ഹോമായി ഉപയോഗിക്കുന്നു എന്നതും ഒരു പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടി. 4X4 ആണെന്നതും ഒരു മേന്മയാണ്. എങ്കിലും, ഈ യാത്രയിൽ 4×4 അവശ്യ ഘടകമല്ല എന്ന് ഇതുവരെയുള്ള യാത്രയിൽ നിന്ന് എനിക്ക് ബോദ്ധ്യമുണ്ട്. ഞാൻ ഇതിന്റെ ടെസ്റ്റ് ഡ്രൈവ് എടുത്തു. രണ്ട് കിലോമീറ്റർ ഓടുന്നതിനിടയ്ക്ക് നാല് പ്രാവശ്യം എൻ്റെ വലത് കൈ വലത് ഡോറിൽ ഇടിച്ചു. അത്രയ്ക്കും ചെറിയ സ്പേസ് ആണ് ഇതിനകത്ത് ഉള്ളത്. നന്നായി കുനിഞ്ഞ് കയറിയില്ലെങ്കിൽ തലയും ഇടിക്കും. ടോയ്ലറ്റ് കൊമോഡ് അകത്ത് ഫിറ്റ് ആകില്ല. സേഫ്റ്റി റേറ്റിംഗ് 3/5. അങ്ങനെ പല കാരണങ്ങൾ കൊണ്ടും എൻ്റെ യാത്രയ്ക്ക് ഇത് അപര്യാപ്തമായ ഒരു വാഹനം ആയതുകൊണ്ട് ഒഴിവാക്കി.
4. ടൊയോട്ട – ഹൈറൈഡർ.
അല്പം ബൾക്കി വാഹനമായി തോന്നിയെങ്കിലും, വില ആകർഷകമായിരുന്നു. പക്ഷേ, ഞാൻ ഉറപ്പിച്ച വേരിയൻ്റിന് ഒരു മ്യൂസിക്ക് സിസ്റ്റം പോലും ഇല്ല. ഇക്കാലത്ത് തേർഡ് പാർട്ടി മ്യൂസിക് സിസ്റ്റം പിടിപ്പിക്കുന്ന് തീരെ സഹിക്കാൻ പറ്റാത്ത കാര്യമാണ്. ടൊയോട്ട പോലുള്ള കമ്പനികൾ ഇക്കാര്യത്തിൽ എന്തിന് പിശുക്ക് കാണിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. ആ ഒറ്റക്കാരണത്താൽ ആണ് ഈ വാഹനം ഒഴിവാക്കിയത്. മ്യൂസിക് സിസ്റ്റവും റിയർവ്യൂ ക്യാമറയും ഉള്ള അടുത്ത വേരിയൻ്റിന് 2 ലക്ഷം അധികം കൊടുക്കണം പോലും.
4. സ്ക്കോഡ – കുശാക്ക്
എല്ലാ അർത്ഥത്തിലും എനിക്ക് ഇഷ്ടമായ വണ്ടിയാണ് ഇത്. സേഫ്റ്റി റേറ്റിംഗ് 5ൽ5. ടോയ്ലറ്റ് കൊമോഡ് അകത്ത് ഫിറ്റാകും. സർവീസിൽ സ്ക്കോഡ അല്പം പിന്നോക്കം ആണെന്ന് അനുഭവമുണ്ട്. എങ്കിലും ഞാനിത് പരിഗണിക്കുമായിരുന്നു. പക്ഷേ ഇതിന്റെ അതേ സൗകര്യങ്ങൾ ഉള്ള ഫോക്സ്‌വാഗൺ ഹൈലൈനർ വാഹനത്തേക്കാൾ ഒരു ലക്ഷത്തിലധികം രൂപ അധികം കൊടുക്കണം. ഏപ്രിൽ കൂട്ടാനിരുന്ന വില, മാർച്ചിൽ തന്നെ സ്ക്കോഡ കൂട്ടിക്കഴിഞ്ഞു. അക്കാരണത്താൽ ഈ വാഹനവും ഒഴിവാക്കി.
അങ്ങനെ അവസാനം തിരഞ്ഞെടുത്ത വണ്ടിയാണ് ഫോക്സ്‌വാഗൺ ടൈഗുൺ ഹൈലൈന്‍.
* പെട്രോൾ മാനുവൽ.1 ലിറ്റർ എഞ്ചിൻ. രണ്ട് കൈകൾക്കും രണ്ട് കാലിനും അനക്കം ഉണ്ടാകേണ്ടത് ഇത്രയും വലിയ ഒരു യാത്രയിൽ ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ്. അതുകൊണ്ടാണ് മാനുവൽ വാഹനം തിരഞ്ഞെടുത്തത്.
* സേഫ്റ്റി റേറ്റിംഗ് 5 ൽ 5.
* കമ്പനി 19 മൈലേജ് പറയുന്നു. 15 കിട്ടിയാൽ പോലും പഴയ ഭാഗിയെക്കാൾ നല്ല മൈലേജ് ആണ്. ഹൈവേകളിൽ 19ൽ കൂടുതൽ കിട്ടാനേ തരമുള്ളൂ. (13 വർഷം സ്ക്കോഡ ഓടിക്കുന്നത് കൊണ്ടാണ് ഇത് പറയുന്നത്. ഒരമ്മ പെറ്റ മക്കളാണ് സ്ക്കോഡയും ഫോക്സ്വാഗണും എന്ന് അറിയാമല്ലോ?)
* ബെഡ് സെറ്റ് ചെയ്യാൻ ആവശ്യമായ സ്ഥലമുണ്ട്.
* ടോയ്ലറ്റ് കൊമോഡ് ഫിറ്റ് ആകും.
* സർവീസ് സെന്ററുകൾ, സുസുക്കി, ടാറ്റ, ടൊയോട്ട, മഹീന്ദ്ര എന്നീ കമ്പനികളുടെ അത്രയും എണ്ണം ഇന്ത്യയിൽ ഇല്ല. പക്ഷേ സേവനം മഹീന്ദ്ര, ടാറ്റ എന്നീ കമ്പനികളേക്കാൾ വളരെ മെച്ചപ്പെട്ടതാണ്.
* സ്പെയറുകൾക്ക് മേൽപ്പറഞ്ഞ കമ്പനികളേക്കാൾ അധികം വിലയുണ്ട്.
* ടൊയോട്ട ഹൈലാൻഡറിനേക്കാൾ ഒതുക്കം ഉണ്ട്.
* മാർച്ച് മാസം പ്രമാണിച്ച് പല വകുപ്പുകളിലായി ഒന്നേകാൽ ലക്ഷത്തിൽ അധികം രൂപ കുറച്ചു കിട്ടി. ഏപ്രിലിൽ വാഹനങ്ങൾക്ക് വില കൂടുകയാണ്. കൊടുക്കേണ്ടിവന്നത് 15 ലക്ഷം.
* പഴയ ഭാഗിയുടെ (ബൊലേറോ-XL) പൊരുത്തം ഇതിലേക്ക് (ടൈഗുൺ) കുടിയേറുകയാണ്. അതുകൊണ്ടാണ് വെളുത്ത നിറം തിരഞ്ഞെടുത്തത്.
* സൺ റൂഫ് ഇല്ലാത്ത വാഹനം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ യാത്രയിൽ അത് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. കേരളത്തിലെ കാലാവസ്ഥയിലും അത് അനുയോജ്യമാണെന്ന് ഞാൻ കരുതുന്നില്ല.
* ഉപയോഗപ്രദമായ റൂഫ് റെയിൽ മറ്റൊരു വാഹനത്തിനും ഞാൻ കണ്ടില്ല. 50 കിലോഗ്രാം വരെ താങ്ങുന്ന സ്റ്റീൽ റെയിൽ ആണ് ഇതിനുള്ളത്. മറ്റു വാഹനങ്ങളുടെ റൂഫ് റെയിൽ, വെറും ഷോ മാത്രം. അതിലൊന്നിന്റേയും അടിയിലൂടെ ഒരു കയർ വലിച്ചെടുത്ത് അഴ പോലും കെട്ടാൻ പറ്റില്ല. എനിക്ക് ആകട്ടെ അത് വളരെ അത്യാവശ്യമുള്ളതുമാണ്.
* ഇത് ഭാഗി2 ആണെങ്കിലും വേർതിരിച്ച് പറയേണ്ട അവസരങ്ങളിൽ മാത്രമേ അങ്ങനെ പറയൂ. സാധാരണ നിലയ്ക്ക് ഇവളേയും ഭാഗി എന്ന് തന്നെ ആയിരിക്കും വിശേഷിപ്പിക്കുക.
ഈ വാഹനത്തിൽ സ്ഥിരമായ ഒരു മാറ്റവും വരുത്തില്ല. മേക്ക് ഷിഫ്റ്റ് സൗകര്യങ്ങൾ ചെയ്ത് ആയിരിക്കും ഇതിനെ മോട്ടോർ ഹോം ആക്കി മാറ്റിയെടുക്കുക. അതുകൊണ്ട് തന്നെ, RTOയ്ക്ക് തലവേദന ഉണ്ടാക്കില്ല. കമ്പനി ഗ്യാരണ്ടിയേയും ബാധിക്കില്ല.
ഭാഗിയുടെ രജിസ്ട്രേഷൻ നമ്പർ, ഫാൻസി നമ്പർ വിഭാഗത്തിൽ പണം കൊടുത്ത് വാങ്ങാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. ആർക്കും ആവശ്യമില്ലാത്ത ഒരു സാധാരണ നമ്പർ ആണത്. പക്ഷേ ഭാഗിയുമായി ആ നമ്പറിന് ഒരു ഇഴയടുപ്പം ഉണ്ട്. അതെന്താണെന്ന് ഒരാഴ്ച്ചയ്ക്കകം നമ്പർ കിട്ടിയ ശേഷം വിശദമാക്കാം. അതുവരെ താൽക്കാലിക നമ്പർ വെച്ച് ഓടിക്കുന്നതാണ്.
27 മാർച്ച് 2025, എമ്പുരാന്റെ മാത്രം ദിവസമല്ല. പാൻ ഇന്ത്യൻ താരമായ ഭാഗിയുടേയും കൂടെ ദിവസമാണ്.
ഭാഗി2 തിരഞ്ഞെടുക്കാൻ ഒരുപാട് നിർദ്ദേശങ്ങൾ തന്ന് ഒപ്പം നിന്ന എല്ലാവർക്കും നന്ദി.
വാൽക്കഷണം:- ഒരു വാഹനം വാങ്ങുമ്പോൾ ഫാസ്റ്റ് ടാഗ് എടുക്കേണ്ടതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഞാൻ മുൻപ് എഴുതിയിരുന്നു. അതിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ പറ്റാത്ത തരത്തിലുള്ള ചിട്ടവട്ടങ്ങളാണ് സർക്കാരും വാഹന ഡീലർമാരും ചേർന്ന് ചെയ്ത് വെച്ചിരിക്കുന്നത്. എന്നിരുന്നാലും, അതിനെയെല്ലാം മറികടന്ന് നമുക്കാവശ്യമായ ഫാസ്റ്റ് ടാഗ് എടുക്കാനുള്ള സംവിധാനം ഞാൻ പിന്നീട് മനസ്സിലാക്കിയെടുത്തു. അത് ഒരു വീഡിയോ രൂപത്തിൽ അധികം വൈകാതെ പങ്കുവെക്കുന്നതാണ്. പുതിയ വാഹനം വാങ്ങുന്ന ഓരോരുത്തർക്കും ദീർഘകാല അടിസ്ഥാനത്തിൽ അത് പ്രയോജനപ്പെടും.
#gie_by_niraksharan
#greatindianexpedition
#greatindianexpeditionbyniraksharan See less