ഇന്നലെ രാത്രി ആഷയുടെ പതിനാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന്, ദൂരെ പ്രകാശം കാണിച്ചു തന്നുകൊണ്ട് “നാളെ വേണമെങ്കിൽ സൂറത്ത് ഫോർട്ടിൽ പോകാം” എന്ന് ആഷ പറഞ്ഞു. അത് കൊള്ളാവുന്ന പദ്ധതിയാണല്ലോ എന്ന് ഞാനും ശരിവെച്ചു.
ഒരുപാട് നീളത്തിൽ ഫോർട്ടിന്റെ പ്രകാശം കാണാം. “അത്രയും നീളമുണ്ടോ സൂറത്ത് ഫോർട്ടിന്?” എന്നായി ഞാൻ!
വീണ്ടും വിശദമായി സംസാരിച്ചപ്പോളാണ് അമളി വെളിയിലായത്. അത് സൂറത്ത് ഫോർട്ട് അല്ല സൂറത്ത് പോർട്ട് ആണ്. വാഗ്ദാനം പാലിക്കാൻ വേണ്ടി നേരം വെളുക്കുന്നതിന് മുൻപ് ഫോർട്ട് ഉണ്ടാക്കേണ്ട ബാദ്ധ്യത ആഷയ്ക്കാണ് എന്ന് പറഞ്ഞ് ഞങ്ങൾ കുറെ ചിരിച്ചു.
ഇതൊരു അസുഖമാണോ ഡോക്ടർ? എനിക്കിനി സാധാരണ ജീവിതം സാദ്ധ്യമല്ലേ? പോർട്ട് എന്ന് പറഞ്ഞാൽ ഫോർട്ട് എന്ന് കേൾക്കുന്നു. മുൻപ് കുടുംബസമേതം ഗോവയിലേക്കുള്ള ഒരു യാത്രയിൽ, മിർജാൻ ഫോർട്ട് എത്തിയപ്പോൾ ഞാനും മുഴങ്ങോടിക്കാരിയും തമ്മിൽ, ഏതാണ്ട് ഇതേ പ്രകാരം ഒരു സംസാരം ഉണ്ടായിട്ടുണ്ട്. അവിടെ ഭാഗ്യത്തിന് ഫോർട്ടും പോർട്ടും ഉണ്ടായിരുന്നു എന്നതാണ് തമാശ.
രാവിലെ ഏഴര മണിയോടെ ആഷ-സതീഷ് ദമ്പതിമാരുടെ വീട്ടിൽ നിന്ന് ഇറങ്ങി. ഓൺലൈൻ സുഹൃത്തും ഗ്രാഫോളജി വിദഗ്ദ്ധയുമായ ദിവ്യയെ Divya Pullanikkattil ബറോഡയിലെ വീട്ടിൽ ചെന്ന് കാണാമെന്ന് ഏറ്റിരുന്നു. അതിനിടയ്ക്ക് എവിടെ നിന്നെങ്കിലും പ്രാതൽ കഴിക്കാനായിരുന്നു പദ്ധതി.
40 വർഷം മുൻപുള്ള ഇന്ത്യ കാണാൻ പാകത്തിന്, സതീഷ് ചില പുതിയ വഴികൾ പറഞ്ഞു തന്നിരുന്നു. ഭാഗിയും ഞാനും അപ്രകാരം തന്നെ നീങ്ങി.
റോഡിൻെറ ഇരുവശത്തും തണൽ മരങ്ങൾ; അതിനപ്പുറത്ത് വിശാലമായ പാടങ്ങളും കൃഷിയിടങ്ങളും. ഇന്നലത്തെ ദുരിത യാത്രയുടെ കടം തീർക്കുന്നത് പോലുള്ള, തണൽ വിരിച്ചതും പൊടിപടലങ്ങൾ ഇല്ലാത്തതുമായ നല്ല റോഡ്.
അധിക ദൂരം പോകുന്നതിനു മുൻപ് പാതവക്കത്തെ വെണ്ടകൃഷി വിളവെടുക്കുന്ന ഒരു കർഷകനെ ഞാൻ കണ്ടു. ഭാഗിയെ തണലിൽ ഒതുക്കി ഞാൻ അദ്ദേഹത്തിൻ്റെ അടുത്തേക്ക് ചെന്നു. മോഹൻ ഭായ്. അതാണ് അദ്ദേഹത്തിൻ്റെ പേര്. പക്ഷേ ഹിന്ദി അത്ര വശമില്ല. ഗുജറാത്തിയും തട്ടിമുട്ട് ഹിന്ദിയും ഒക്കെയായി ഞങ്ങൾ ഒരു വിധം ഒപ്പിച്ചു.
രണ്ടേക്കർ സ്ഥലം 10,000 രൂപ വാർഷിക വാടക നൽകി, കൃഷി ചെയ്യുകയാണ് അദ്ദേഹം. തോട്ടത്തിന്റെ ഒരു ഭാഗത്ത് നാലഞ്ച് ജോലിക്കാർ ‘പർവർ’ വിളവെടുക്കുന്നുണ്ട്. കാഴ്ചയിൽ ചെറിയ കുക്കുമ്പർ പോലെയുണ്ട്. പാചകം ചെയ്തേ കഴിക്കാൻ പറ്റൂ എന്നദ്ദേഹം പറഞ്ഞു. ഉടനെ കഴിക്കാൻ വേണ്ടി കുറച്ച് വെണ്ടക്കയും അച്ചിങ്ങയും പോലെ തോന്നുന്ന ചെറിയ പയറും (ചോടി) തന്നു. ചോടിക്ക് ചെറിയ മധുരമുണ്ട്. പച്ചക്ക് തിന്നാം. ചുരുക്കിപ്പറഞ്ഞാൽ 5 വെണ്ടക്കയും 8 ചോടിയും ആയിരുന്നു ഇന്നത്തെ പ്രാതൽ.
എന്റെ ഈയൊരു പ്രായമായാൽപ്പിന്നെ അത്രയൊക്കെ മതി ഭക്ഷണം. വിശപ്പ് മാറണം; ജീവൻ കിടക്കണം.
ആദ്യത്തെ കുറച്ച് ദൂരം അതേ റോഡിലൂടെ സഞ്ചരിച്ച ശേഷം സൂറത്ത്-അഹമ്മദാബാദ് എക്സ്പ്രസ് ഹൈവേയിൽ ചെന്നു കയറി. എട്ടുവരി പാത; 250 രൂപ ടോൾ. കാര്യമായി വാഹനങ്ങൾ ഒന്നുമില്ല. മുഴുവൻ ദൂരവും ഭാഗി അഞ്ചാമത്തെ ഗിയറിൽ തന്നെ സഞ്ചരിച്ചു.
12:30 മണിയോടെ ദിവ്യയുടെ വീട്ടിലെത്തി. മക്കൾ ഖുശി, ആനന്ദ് അവരുടെ കസിൻസ് റിധിയും സഹദേവും. എല്ലാവർക്കും ഭാഗിയെ ഇഷ്ടമായി. ഭാഗിയേയും എന്നേയും കാണാൻ, 8 കിലോമീറ്റർ ദൂരെ നിന്ന് ദിവ്യയുടെ സുഹൃത്ത് ഹരിയും എത്തി. ദിവ്യയുടെ ഭർത്താവ് ദിനേശിനെ മാത്രം കാണാൻ കഴിഞ്ഞില്ല.
വിഭവസമൃദ്ധമായ വലിയ സൽക്കാരം തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു ദിവ്യ. അത്രയും ഭക്ഷണം കഴിച്ചാൽ എനിക്കുറക്കം വരും. ഞാൻ സ്വീകരണ മുറിയിലെ കസേരയിൽ ഇരുന്ന് കുറച്ച് നേരം ഉറങ്ങി.
എല്ലാവരും ചേർന്ന് ഓഫ്ലൈൻ (ഓൺലൈനിൽ പരിചയപ്പെടുന്ന സുഹൃത്തുക്കളെ നേരിട്ട് കാണുന്ന ചടങ്ങ്) ചിത്രങ്ങളെല്ലാം എടുത്ത് പിരിഞ്ഞപ്പോൾ വൈകുന്നേരം 3 മണി.
രാത്രി പലൻപൂർ എന്ന സ്ഥലത്ത് തങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷേ ഇരുട്ട് വീഴാൻ തുടങ്ങിയപ്പോഴേക്കും അഹമ്മദാബാദിൽ നിന്നും 20 കിലോമീറ്ററേ നീങ്ങിയിട്ടുള്ളൂ. പലൻപൂരിലേക്ക് വീണ്ടും 100 കിലോമീറ്റർ ദൂരമുണ്ട്. രണ്ടു മണിക്കൂർ യാത്ര കാണിക്കുന്നു. ഇന്നത്തെ സഞ്ചാരം അവസാനിപ്പിക്കാൻ സമയമായി.
ഞാൻ പതിവ് പോലെ ധാബകൾക്ക് വേണ്ടി പരതിത്തുടങ്ങി. നന്ദാസനം എന്ന സ്ഥലത്ത് ഒരെണ്ണം കണ്ടെത്തുകയും ചെയ്തു.
ഹോട്ടൽ ശ്രീജി ഒരു ആധുനിക ധാബയാണ്. ഭക്ഷണം നൽകുന്ന സ്ഥലത്ത് ഫുഡ് കോർട്ട് എന്ന് ബോർഡ് വെച്ചിട്ടുണ്ട്. നല്ല വാഷ് റൂമും റെഡി. നടത്തിപ്പുകാരൻ രാജസ്ഥാനിയാണ്. അവന് ഭാഗിയെ വലിയ ഇഷ്ടമായി. അല്ലെങ്കിലും ഈയിടെയായി ആൾക്കാർക്ക് എന്നേക്കാൾ ഇഷ്ടം അവളെയാണ്.
ഭാഗിക്കും എനിക്കും കിടക്കാനുള്ള സ്ഥലം റെഡി. ഇന്ന് നേരത്തെ ഉറങ്ങാം. നാളെ ഒരു മണിക്കൂർ അധികം യാത്രയുണ്ട്. നാളെ വൈകുന്നേരം ഞങ്ങൾ ജയ്സാൽമീറിൽ എത്തും. അവിടെ സഞ്ജയ് ജയ്സാൽമീർ എന്ന ഗൈഡ് ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. മലയാളികൾക്ക് വേണ്ടി സൗജന്യ സേവനം തരുന്ന സഞ്ജയ് ജയ്സാൽമീറിനെ കഴിഞ്ഞപ്രാവശ്യം ഞാൻ പരിചയപ്പെടുത്തിയിരുന്നു.
ഇന്നത്തെ യാത്രാ വിശേഷങ്ങൾ തീരുന്നു.
ശുഭരാത്രി സുഹൃത്തുക്കളേ.