Monthly Archives: March 2024

ഷാളുകളുടെ പിന്നാമ്പുറ കഥ


16
രാജസ്ഥാൻ യാത്രയിൽ കുറച്ചേറെ ഷാളുകൾ ഞാൻ ഉപയോഗിച്ചിരുന്നെങ്കിലും യഥാർത്ഥ ഷാളുകളും വ്യാജനും തമ്മിൽ തിരിച്ചറിയാനുള്ള സാക്ഷരത എനിക്കുണ്ടായിരുന്നില്ല.

ജയ്സല്മേഡ് കോട്ടയ്ക്കുള്ളിൽ ഷാളുകൾ വിൽക്കുന്ന കട നടത്തുന്ന സമീറുമായി ചങ്ങാത്തം കൂടി അദ്ദേഹത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ച ഷോളുകളെ സംബന്ധിച്ച കുറച്ച് വിവരങ്ങൾ ചിലത് ഇവിടെ പങ്കുവെക്കുന്നു. ഇതിൽ പല കാര്യങ്ങളും അല്ലെങ്കിൽ മുഴുവൻ കാര്യങ്ങൾ തന്നെയും അറിയുന്നവർ ഉണ്ടാകാം. അവർ ക്ഷമിക്കുക. കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ പങ്കുവെക്കുക, തെറ്റുകൾ വല്ലതും ഉണ്ടെങ്കിൽ തിരുത്തിത്തരുക.

രാജസ്ഥാൻ ആയതുകൊണ്ട് തന്നെ ഒട്ടകത്തിൻ്റെ രോമത്തിൽ നിന്നുണ്ടാക്കുന്ന ഷാളുകളെപ്പറ്റിയും കൂട്ടത്തിൽ കാശ്മീരിൽ നിന്നുള്ള പഷ്മിന ഷാളുകളെപ്പറ്റിയുമാണ് സമീർ വിവരങ്ങൾ പങ്കുവെച്ചത്.

ഒട്ടകത്തിൻ്റെ രോമങ്ങൾ

* ഒട്ടകത്തിൻ്റെ പൂഞ്ഞയിൽ നിന്നും താടിയിൽ നിന്നുമുള്ള രോമങ്ങളാണ് ഷാൾ ഉണ്ടാക്കാനായി എടുക്കുന്നത്.

* 5 – 6 മാസത്തിൽ ഒരിക്കലാണ് ഈ രോമങ്ങൾ മുറിച്ചെടുക്കുന്നത് വർഷത്തിൽ 1200 ഗ്രാം വരെ രോമങ്ങളാണ് ഒരു വലിയ ഒട്ടകത്തിൽ നിന്ന് ലഭിക്കുന്നത്.

* മഞ്ഞ് കാലത്താണ് രോമങ്ങൾ മുറിക്കുക പതിവ്. കാരണം, ആ സമയത്ത് ചൂട് കുറവായതുകൊണ്ട് പൂഞ്ഞയിലെ ജലത്തിൻ്റെ ബാഷ്പീകരണം തടയാൻ ഒട്ടകത്തിന് രോമങ്ങൾ ഇല്ലെങ്കിലും കുഴപ്പമില്ല.

* 20 മുതൽ 25 വരെ ദിവസങ്ങൾ ഈ രോമങ്ങൾ ചൂട് വെള്ളത്തിൽ ഇട്ട് വെക്കുമ്പോൾ അതിൻ്റെ തവിട്ട് നിറം മാറി വെള്ള നിറം ആകുന്നു; മൃദുലവും ആകുന്നു. (ചിത്രം1 & 2)

19

18

* അതിന് ശേഷം ചർക്കയിൽ ഇട്ട് നൂലാക്കി മാറ്റുന്നു.

* ഒട്ടക കുഞ്ഞുങ്ങളുടെ രോമങ്ങൾ എടുത്തും ഷോൾ ഉണ്ടാക്കാറുണ്ട്. കുഞ്ഞ് ഒട്ടകത്തിന് ഒരു മാസം പ്രായമുള്ളപ്പോൾ ഒരിക്കൽ മാത്രമാണ് ഈ രോമങ്ങൾ എടുക്കുക. അതിന് ശേഷം രോമത്തിന് കനം വെക്കുന്നത് കൊണ്ട് പിന്നീടതിനെ മുതിർന്ന ഒട്ടകമായി കണക്കാക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ ഒട്ടക കുഞ്ഞുങ്ങളുടെ രോമം കൊണ്ട് ഉണ്ടാക്കിയ ഷോളിന് വിലക്കൂടുതലാണ്.

* റൈക്ക എന്ന ആദിവാസി വിഭാഗമാണ് ഇങ്ങനെ ഒട്ടകത്തിൻ്റെ രോമങ്ങൾ വെട്ടിയെടുക്കുന്നത്. രോമം മുറിച്ചെടുക്കലും നെയ്യലും പുരുഷന്മാർ ചെയ്യുമ്പോൾ സ്ത്രീകൾ വെള്ളത്തിലിട്ട് നിറം കളയുന്നത് അടക്കമുള്ള മറ്റ് ജോലികൾ ചെയ്യുന്നു.

* രോമത്തിൻ്റെ മണം നീക്കം ചെയ്യാനായി 6 മണിക്കൂറോളം അതിനെ യന്ത്രത്തിൽ പ്രോസസ്സ് ചെയ്യുന്നു.

* 2, 4, 6, 8 എന്നിങ്ങനെ പല ലെയറുകളുള്ള ഷോളുകൾ ഉണ്ടാക്കുന്നു. ലെയർ കൂടുന്തോറും വില കൂടുന്നു; ഷോളിൻ്റെ ചൂടും കൂടുന്നു.

* ആൺ ഒട്ടകത്തിൻ്റെ രോമങ്ങൾ ദൃഢമാണെങ്കിൽ പെൺ ഒട്ടകത്തിൻ്റെ രോമങ്ങൾ പൊതുവെ കാഠിന്യം കുറഞ്ഞതായിരിക്കും.

ആടിൻ്റെ രോമങ്ങൾ

* കാപ്റ ഹിൽക്കസ് എന്നയിനം കാശ്മീരി ആടിൻ്റേയും ചങ്കി തങ്കി എന്ന ലഡാക്ക് ആടിൻ്റേയും ചിരു അഥവാ വൈൽഡ് ആൻ്റിലോപ് എന്ന പേരിൽ തിബറ്റ്, ലഡാക്ക് ഭാഗങ്ങളിലുള്ള ആടുകളുടേയും രോമങ്ങളാണ് പഷ്മിന ഷോളുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

* ആടുകളുടെ പുറത്ത് നിന്നും വയറിൻ്റെ ഭാഗത്ത് നിന്നുമാണ് രോമങ്ങൾ എടുക്കുന്നത്.

* 300 ഗ്രാം വരെ രോമങ്ങളാണ് ഈ ആടുകളിൽ നിന്ന് ഓരോ പ്രാവശ്യവും ലഭിക്കുന്നത്.

* വൈൽഡ് ആൻ്റിലോപ്പിൻ്റെ രോമത്തിന് സെഹത്തൂസ് എന്ന് പറയുന്നു. King Wool എന്നാണ് സെഹത്തൂസ് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.

* 15,000 രൂപ മുതൽ മുകളിലേക്കും 25,000 കടന്ന് ലക്ഷങ്ങൾ വരെ വിലയുള്ള പഷ്മിന ഷോളുകളും വിപണിയിലുണ്ട്. ഒരു പൂതി തീർക്കാനെന്ന പേരിൽ ഞാൻ വാങ്ങിയ 2 ലെയറുള്ള ക്രീം നിറത്തിലെ ഒട്ടക ഷോളിന് 1800 രൂപ വിലയായി. അതിൻ്റെ ചൂടും മൃദുത്തവും കനക്കുറവും വെച്ച് നോക്കിയാൽ എൻ്റെ കൈയിലുള്ള ഷോളുകളിൽ ഏറ്റവും മികച്ചത് അത് തന്നെയാണ്. (ചിത്രം 3)

* ഒന്ന് മുതൽ ഒന്നര വർഷം വരെ സമയമെടുക്കും ഒരു പഷ്മിന ഷോൾ നെയ്തുണ്ടാക്കാൻ. അതുകൊണ്ടാണ് അതിൻ്റെ വിലയും അധികമാകുന്നത്.

ഇനി എങ്ങനെയാണ് ഷാളുകൾ തിരിച്ചറിയുന്നത് എന്ന് നോക്കാം. അഞ്ച് പരീക്ഷണങ്ങളാണ് ഇതിനായി പ്രധാനമായും ഉള്ളത്.

1. അഗ്നി പരീക്ഷണം (Fire Test) :- യഥാർത്ഥ രോമം കൊണ്ട് ഉണ്ടാക്കിയ ഷോളുകൾ ആണെങ്കിൽ തീ ആളിപ്പിടിക്കില്ല, അഥവാ തീ പിടിക്കാൻ അത്ര എളുപ്പമല്ല. തീ കത്തിച്ച് നോക്കിയാൽ ചാരത്തിൻ്റെ അല്ലെങ്കിൽ രോമം കത്തിയ മണം വരും. വ്യാജ ഷോളുകളിൽ, അതായത് പോളിസ്റ്ററോ പ്ലാസ്റ്റിക്കോ ചേർത്തുണ്ടാക്കിയ ഷോൾ കത്തുമ്പോൾ പ്ലാസ്റ്റിക്ക് കത്തിയ മണം വരും. കത്തിയ നൂലുകൾ ചാരമാകുന്നതിന് പകരം ചുരുണ്ട് കൂടും.

2. വെള്ളം പരീക്ഷണം (Water Test) :- യഥാർത്ഥ രോമം കൊണ്ട് ഉണ്ടാക്കിയ ഷോളുകളിൽ വെള്ളമൊഴിച്ചാൽ, ചേമ്പിലയിൽ വെള്ളമൊഴിച്ചത് പോലെ തെന്നിമാറി നിൽക്കും. നനച്ചെടുക്കുക അത്ര എളുപ്പമല്ലെന്ന് സാരം.

3. നൂല് പറിക്കൽ പരീക്ഷണം (Peeling Test) :- യഥാർത്ഥ പഷ്മിന ഷോളുകളുടെ അറ്റത്ത് നിന്ന് ചെറുതായി നൂല് പ റിച്ചെടുക്കാൻ ശ്രമിച്ചാൽ ഒന്നോ രണ്ടോ ഇഞ്ച് നീളത്തിൽ കൂടുതൽ നൂല് കിട്ടില്ല. വ്യാജനാണെങ്കിൽ മുഴുവൻ നീളത്തിൽ നൂല് പുറത്ത് വരും. ഈ ടെസ്റ്റ് പഷ്മിനയ്ക്ക് മാത്രം ബാധകം. ഒട്ടകത്തിൻ്റെ രോമം തറിയിലിട്ട് നൂലാക്കി മാറ്റുന്നതുകൊണ്ട് അത് മുഴുവൻ നീളത്തിൽത്തന്നെ നൂലായി പുറത്ത് വരും.

4. പശ പരീക്ഷണം (Glue Test) :- യഥാർത്ഥ രോമം കൊണ്ട് ഉണ്ടാക്കിയ ഷോളുകളിൽ പശ പിടിക്കില്ല. ഒരു സ്റ്റിക്കർ ഒട്ടിച്ച് നോക്കി ഇത് മനസ്സിലാക്കാൻ എളുപ്പമാണ്. യഥാർത്ഥ ഷോളുകളിൽ സ്റ്റിക്കർ ഒട്ടാൻ വിമുഖത കാണിക്കും.

5. മോതിര പരീക്ഷണം (Ring Test) :- യഥാർത്ഥ രോമങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഒരു ഷോൾ നീളത്തിലോ വട്ടത്തിലോ കോണോട് കോണോ മടക്കിയാലും നമ്മുടെ വിരലിൽ കിടക്കുന്ന ഒരു മോതിരത്തിലൂടെ ലാഘവത്തോടെ അതിനെ വലിച്ച് പുറത്തെടുക്കാൻ പറ്റും. ഷോളുകളിൽ രോമത്തിൻ്റെ അളവ് കുറയുകയും നൈലോൺ സിന്തറ്റിക്ക് പ്ലാസ്റ്റിക്ക് വിസ്ക്കോസ് എന്നിവയുടെ അളവ് കൂടുകയും ചെയ്യുന്നതിന് അനുസരിച്ച് റിങ്ങ് ടെസ്റ്റിൻ്റെ ലാഘവത്ത്വത്തിന് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കും. സിൽക്കിൻ്റെ കാര്യത്തിലും റിങ്ങ് ടെസ്റ്റ് ചെയ്യുന്നതായി അറിവുണ്ട്.

20

* വിസ്ക്കോസ് നൂലുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അഗ്നി പരീക്ഷണം നടത്തുമ്പോൾ കടലാസ് കത്തിയ മണം വരും. മുളനാരിൽ നിന്നാണ് വിസ്ക്കോസ് ഉണ്ടാക്കുന്നത് എന്നതാണ് അതിന് കാരണം.

* പൂർണ്ണമായും പ്ലാസ്റ്റിക്ക് കൊണ്ടോ പോളിസ്റ്റർ കൊണ്ടോ ഉണ്ടാക്കിയ ഷോളുകളും വിപണിയിൽ ലഭ്യമാണ്. മെഷീനിൽ നെയ്യുന്നതും 150 രൂപയ്ക്ക് കിട്ടുന്നതാണ് അത്തരം ഷോളുകൾ. പക്ഷേ ഉപഭോക്താവിനെ പറ്റിക്കാൻ സാധിക്കും എന്ന് മനസ്സിലാക്കിയാൽ കച്ചവടക്കാൻ അത്തരം ഷോളുകൾ പോലും വലിയ വിലയ്ക്ക് വിറ്റ് കാശാക്കും.

* ഇത്തരം ടെസ്റ്റുകളൊക്കെ ഉണ്ടെന്ന് അറിയാമെങ്കിലും ഒരു കടക്കാരനും പതിനായിരങ്ങൾ വിലയുള്ള തങ്ങളുടെ ഷോളുകൾ കത്തിച്ചുകൊണ്ടുള്ള പരീക്ഷണങ്ങൾക്ക് തയ്യാറാകണമെന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു ഷോൾ കച്ചവടക്കാരൻ ഷോൾ വാങ്ങാൻ പോകുന്നുണ്ടെങ്കിൽ മാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്ന് പൂർണ്ണമായും രക്ഷപ്പെടാനാവൂ. അല്ലെങ്കിൽപ്പിന്നെ അത്രയ്ക്ക് പരിചയ സമ്പന്നനായ ഉപഭോക്താവ് ആയിരിക്കണം.

17

സമീർ ഒരു ഷോൾ കച്ചവടക്കാരൻ മാത്രമല്ല, ഒരു സംഗീത അദ്ധ്യാപകൻ കൂടെയാണ്. മൂന്ന് ദിവസം അയാളുടെ കടയിൽ കയറി ഇറങ്ങുകയും അയാൾക്ക് ഇഷ്ടമുള്ള പാട്ടുകൾ വെച്ച് കൊടുത്തും അയാൾക്കൊപ്പം പാട്ടുകൾ മൂളിയുമൊക്കെയാണ് ഞാനയാളുമായി ചങ്ങാത്തത്തിൽ ആയത്. ഒരു ദിവസം തദ്ദേശവാസിയും ഗൈഡുമായ സഞ്ജയ് ജയ്സാല്മീരുമായി കടയിൽ ചെന്ന ദിവസം സമീർ സംസാരിക്കാൻ കൂട്ടാക്കിയില്ല. തദ്ദേശവാസികൾ ഉള്ളപ്പോൾ ഇത്തരം കാര്യങ്ങൾ സംസാരിക്കാനാവില്ല എന്നാണ് സമീർ പറഞ്ഞത്. ലോഹ്യം കനത്തപ്പോൾ, തൊട്ടടുത്ത കടക്കാരനെ തൻ്റെ കട നോക്കാൻ ഏൽപ്പിച്ച്, ഒരു ഗൈഡിനെപ്പോലെ സമീർ എന്നോടൊപ്പം വന്ന് സാധാരണ ഗൈഡുകൾ കൊണ്ടുപോകാത്ത കോട്ടയിലെ പല സ്ഥലങ്ങളും വഴികളും കാണിച്ച് തന്നു. പല റസ്റ്റോറൻ്റുകളും പരിചയപ്പെടുത്തി. വെറും കച്ചവടക്കാരൻ എന്നതിലുപരി സൗഹ്യദങ്ങൾ ഉണ്ടാക്കിയ രണ്ടുപേരാണ് സമീറും കോട്ടയിലെ മറ്റൊരു കച്ചവടക്കാരനായ മഹേഷും. ഇവരെയൊക്കെ ഞാൻ വീണ്ടും കാണുമെന്ന് ഉറപ്പാണ്. എൻ്റെ കുട മറന്ന് വെച്ചിരിക്കുന്ന വീട്ടിലെ, കാമുകിയുടെ ആങ്ങളമാരാണ് ഇവരൊക്കെ എന്നത് തന്നെ അതിൻ്റ ഉറപ്പ്.

പിന്നറിയിപ്പ്:- ഇതിൽക്കൂടുതലായി ഒന്നും ഞാൻ മനസ്സിലാക്കിയിട്ടില്ല. എന്തെങ്കിലും ഒരു വസ്ത്രം ധരിക്കണം, സമയമാകുമ്പോൾ എന്തെങ്കിലും സ്വൽപ്പം ആഹാരം കഴിക്കണമെന്നതിനപ്പുറം ഭക്ഷണത്തിൻ്റേയോ വസ്ത്രത്തിൻ്റേയോ കാര്യങ്ങൾ കാര്യമായ വിവരമൊന്നും എനിക്കില്ല. സമീർ പറഞ്ഞ് തന്ന കാര്യങ്ങളിൽ വസ്തുതാപരമായ എന്തെങ്കിലും പിശക് ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞാൽ അതേപ്പറ്റി കൂടുതൽ പഠിച്ചശേഷം, ആവശ്യമായ തിരുത്തലുകൾ ഈ ലേഖനത്തിൽ വരുത്തുന്നതാണ്.

(സെപ്റ്റംബറിൽ തുടരും…)