രാവിലെ കൃഷ്ണ ധാബയിൽ നിന്ന് പ്രാതൽ കഴിച്ച ശേഷം, കൻഡോലിം ബീച്ചിലുള്ള അഗ്വാഡ ലോവർ ഫോർട്ടിലേക്ക് പോയി. കടലിലേക്ക് തള്ളി നിൽക്കുന്ന അഥവാ കടലിൽ നിൽക്കുന്ന ഒരു കൊത്തളമാണ് ഈ കോട്ടയുടെ പ്രധാന ഭാഗവും ആകർഷണവും.
പല പ്രാവശ്യം ഗോവയിൽ പോയിട്ടും, ആദ്യത്തെ രണ്ട് പ്രാവശ്യം ഈ കൊത്തളം കണ്ടുപിടിക്കാൻ എനിക്ക് കഴിഞ്ഞില്ല. പിന്നീട് നാല് പ്രാവശ്യമെങ്കിലും ഞാൻ ഈ കൊത്തളത്തിൽ വന്നിട്ടുണ്ട്.
ഇപ്പോൾ എനിക്ക് ഗോവയിൽ ഏറെ പ്രിയപ്പെട്ട ബീച്ചും ഇടവും കോട്ടയും ഒക്കെ ഇത് തന്നെയാണ്.
ഗോവയിലെ കോട്ടകൾ എന്ന പരമ്പരയിൽ ഞാൻ ഇതേപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുള്ളതാണ്. ഗോവയിലെ കോട്ടകൾ എന്ന ആ പരമ്പര, ഇപ്പോൾ ഗാന്ധിജി യൂണിവേഴ്സിറ്റി ബി. എ. മലയാളം കുട്ടികളുടെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
സഞ്ചാരികളുടെ തിരക്ക് കൂടുന്നതിന് മുൻപ് ഒരു മണിക്കൂറോളം ഞാൻ ഇന്നും അഗ്വാഡ ലോവർ ഫോർട്ടിൽ ചിലവഴിച്ചു. അതിന് ശേഷം, ഇന്നലെ തീരുമാനിച്ചിരുന്നതിന് വിരുദ്ധമായി, ഷിമോഗ വഴി മൈസൂരിലേക്കുള്ള പദ്ധതി ഒഴിവാക്കി സൂറത്ത്കലിൽ ദീപുവിന്റെ വീട്ടിൽ ചെന്ന് ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചു. ഈ യാത്ര തുടങ്ങുമ്പോൾ സൂറത്തിൽ ദീപുവിന്റെ വീട് വഴിയാണ് കടന്നുപോയത്.
അഞ്ച് മണിയോടെ സൂറത്ത്കൽ എൻ.ഐ.ടി. ക്യാമ്പസിൽ എത്തി. ഗോവയിലേക്കും തുടർന്ന് കർണാടകയിലേക്കും കടന്നതോടെ ഇൻഡിക്കേറ്റർ ഉപയോഗിക്കുന്ന വാഹനങ്ങളെ കാണാനായി എന്നതാണ് വലിയ സന്തോഷം. രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ അങ്ങനെയൊരു ഡ്രൈവിംഗ് സംസ്കാരം തന്നെ ഇല്ലെന്ന് പറയേണ്ടിയിരിക്കുന്നു.
ഗോവ കർണാടക അതിർത്തിയിൽ മദ്യം കടത്തുന്നുണ്ടോ എന്നറിയാൻ പരിശോധിക്കാൻ വേണ്ടി ഭാഗിയെ തടഞ്ഞു. കഴിഞ്ഞ പ്രാവശ്യം ഗോവയിൽ നിന്നും മടങ്ങുമ്പോൾ ഉണ്ടായ അതേ അനുഭവം തന്നെയായിരുന്നു ഇപ്രാവശ്യവും. രാജ്യം ചുറ്റാൻ ഇറങ്ങിയിരിക്കുന്ന ഒരാളാണെന്ന് മനസ്സിലായതോടെ വാഹനം തുറന്ന് കാണാൻ നിൽക്കാതെ അവർ എന്നെ ഒഴിവാക്കി.
നാളെ ഉച്ചയ്ക്ക് മുൻപ് മൈസൂരിൽ എത്തും. അവിടെവെച്ച്, ഭാഗിയെ പുതിയ ഉടമകൾക്ക് കൈമാറി കഴിയുന്നതോടെ ഈ യാത്രക്കുറിപ്പുകൾ അവസാനിക്കുകയാണ്. 156 ദിവസം നീണ്ട ഈ യാത്രയും തൽക്കാലികമായി അവസാനിക്കുകയാണ്.
കൊച്ചിയിൽ എന്ന് തിരികെ എത്തുമെന്ന് ഇപ്പോൾ പറയാനാവില്ല. എത്തിയാൽ ഉടൻ ഈ യാത്രയുടെ ഒരു ബാലൻസ് ഷീറ്റ് പങ്കുവെക്കുന്നതാണ്. എഡിറ്റ് ചെയ്ത് തീർക്കാത്ത റീലുകളും വീഡിയോകളും, 150 പരം യൂട്യൂബ് വീഡിയോകളും പിന്നീടുള്ള ദിവസങ്ങളിൽ പങ്കുവെക്കുന്നതാണ്. ഈ യാത്ര താൽക്കാലികമായി നാളെ കഴിയുമെങ്കിലും ഇതുകൊണ്ടുള്ള ഭവിഷ്യത്തുകൾ തീർന്നിട്ടില്ല എന്ന് സാരം.
ശുഭരാത്രി.