കഴിഞ്ഞ നാല് ദിവസമായി ഭാവിയും ഞാനും തങ്ങുന്ന വീർ തേജാജി ധാബ നിലകൊള്ളുന്നത്, ആരവല്ലി മലമടക്കുകളുടെ ഇടയിലാണ്. അതുകൊണ്ടുതന്നെ മറ്റ് പ്രദേശങ്ങളിൽ ഉള്ളതിനേക്കാൾ തണുപ്പ് ഇവിടെ ഉണ്ട്. ഇന്ന് രാവിലെ തണുപ്പിന്റെ കാഠിന്യം ഞാനറിഞ്ഞു.
ഇനിയുള്ള ദിവസങ്ങളിൽ ഒരു കൈ അകലത്ത് സ്ലീപ്പിങ് ബാഗ് ഉണ്ടാകണമെന്ന കാര്യത്തിൽ തർക്കമില്ല. ദീപാവലി കഴിഞ്ഞാൽ തണുപ്പ് തുടങ്ങിയിരിക്കുമെന്ന് രാജസ്ഥാനികൾ പറഞ്ഞത് എത്ര കൃത്യമാണ്. സ്വിച്ചിട്ടത് പോലെ തണുപ്പ് കൂടിയിരിക്കുന്നു.
അജ്മീറിൽ നിന്ന് ഒന്നേകാൽ മണിക്കൂർ ഡ്രൈവ് ചെയ്ത് 63 കിലോമീറ്റർ താണ്ടിയാൽ മൽകോട്ട് കോട്ടയിൽ എത്താം. ഗ്രാമമദ്ധ്യത്തിൽ സമതലത്തിലാണ് മൽകോട്ട് കോട്ട നിലകൊള്ളുന്നത്.
ഗൂഗിൾ എന്നും കാണിച്ചു തരുന്നത് ഗളികളിലെ ഇടുങ്ങിയ വഴികളാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ഇപ്രാവശ്യം ഭാഗ്യത്തിന് കുഴപ്പമൊന്നുമില്ലാതെ ഭാഗിയേയും കൊണ്ട് ഞാൻ കോട്ടയുടെ മുന്നിലെത്തി. കോട്ടയ്ക്ക് ചുറ്റും വേണമെങ്കിൽ വാഹനം ഓടിച്ച് നടക്കാനുള്ള വഴി ഉണ്ട്. ആ പ്രദേശം മുഴുവൻ ചതുപ്പാണ്. അതുകൊണ്ടുതന്നെ കോട്ടയ്ക്ക് ചുറ്റും കിടങ്ങ് ഉണ്ടാക്കിയിട്ടുണ്ട്. രാജസ്ഥാനിൽ ഇതുവരെ കണ്ട കോട്ടകളിൽ കിടങ്ങും അതിനകത്ത് വെള്ളവും ഉള്ള ഒരു കോട്ട ആദ്യമായാണ് കാണുന്നത്.
പക്ഷേ, ഒരു കോട്ട എങ്ങനെ പുനരുദ്ധരിക്കണം അല്ലെങ്കിൽ സംരക്ഷിക്കണമെന്ന് ധാരണയില്ലാത്ത വിഡ്ഢിയാന്മാർ ചിലഭാഗത്ത് കിടങ്ങുകൾ മൂടിക്കൊണ്ടിരിക്കുകയാണ്.
കോട്ടയുടെ മുൻവശത്ത് ചെന്നപ്പോൾ നിരാശയോടെ ആ സത്യം ഞാൻ മനസ്സിലാക്കി. കോട്ട അടച്ചിട്ടിരിക്കുകയാണ്. അതിനകത്തേക്ക് പ്രവേശനമില്ല എന്ന് ഹിന്ദിയിൽ ബോർഡും വച്ചിട്ടുണ്ട്. ആരോ ഒരാൾ അകത്ത് താമസിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണാം. സുരക്ഷാ ജീവനക്കാരൻ ആയിരിക്കാം. എന്തായാലും അങ്ങനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഗ്രാമവാസികൾക്കും അങ്ങനെ ഒരാളെപ്പറ്റി വലിയ പിടിപാടില്ല. കോട്ടയ്ക്കകത്ത് പ്രവേശനമില്ല എന്ന് എല്ലാവരും ഒരേ സ്ഥലത്തിൽ പറയുന്നു.
ഞാൻ ഉണക്കമീൻ കൊണ്ട് അടി കിട്ടിയ പൂച്ചയെപ്പോലെ ഭാഗിയേയും കൊണ്ട് കോട്ടയ്ക്ക് ചുറ്റും കറങ്ങി നടന്നു, പലവട്ടം.
പതിനേഴാം നൂറ്റാണ്ടിൽ റാവു മാൽദേവ് ആണ് മാൽകോട്ട് കോട്ട നിർമ്മിച്ചത്. ഇൻ്റർനെറ്റിൽ പരതിയാൽ കുന്നിന്റെ മുകളിലാണ് കോട്ട ഇരിക്കുന്നത് എന്ന തെറ്റായ വിവരമാണ് കിട്ടുന്നത്. എല്ലാ പഞ്ചായത്തിലും കുറഞ്ഞത് ഒരു കോട്ടയെങ്കിലും ഉള്ള സംസ്ഥാനത്ത്, ഓരോ കോട്ടയെപ്പറ്റിയും വിശദമായ വിവരങ്ങൾ ആരും സൂക്ഷിക്കുന്നുമില്ല.
കവാടത്തിലൂടെ അകത്ത് കടക്കാൻ പറ്റാതിരുന്നത് കൊണ്ട് മൽക്കോട്ട് കോട്ട 86-)മത്തെ കോട്ടയായി ഞാൻ കണക്കാക്കുന്നില്ല.
ഉച്ചയോടെ തിരിച്ച് അജ്മീറിൽ എത്തി. നാളെ അജ്മീറിനോട് വിടപറഞ്ഞ് ദേവ്മാലി ഗ്രാമത്തിലേക്ക് പോകുകയാണ്. നാളെ രാത്രി ആ ഗ്രാമത്തിൽ തങ്ങാൻ കഴിയുമെന്ന് കരുതുന്നു. മറ്റന്നാൾ മുതൽ പാലി ഹബ്ബിലാണ് സഞ്ചാരം.
ഇനിയുള്ള 65 ദിവസത്തിനുള്ളിൽ 45 കോട്ടകളും മറ്റ് പ്രധാനപ്പെട്ട ഇടങ്ങളും കാണണമെന്നാണ് പട്ടിക സൂചിപ്പിക്കുന്നത്. കഴിഞ്ഞാൽ കഴിഞ്ഞു. സമയബന്ധിതമായി ചെയ്ത് തീർക്കാൻ ഞാനില്ല. അങ്ങനൊന്ന് ഈ യാത്രയുടെ അജണ്ടയുമല്ല.
നാളെ, ഈ യാത്രയേയും എന്നേയും സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒരു ദിവസം കൂടെയാണ്. അത് നാളെ വിശദമാക്കാം.
റോഡിന് എതിർവശത്തുള്ള ആരവല്ലി മലമുകളിൽ തീപിടിച്ചിട്ടുണ്ട്. എനിക്കത് ഇവിടെയിരുന്ന് കാണാം. ഫയർഫോഴ്സ് മലമുകളിൽ കയറി തീ അണക്കുന്ന ഏർപ്പാടൊന്നും ഇവിടെ ഇല്ല പോലും! കത്തി മതിയാകുമ്പോൾ താനെ കെട്ടോളും എന്ന നിലപാടാണ്.
ശുഭരാത്രി.