hotel-2Bsussie

കാൻഡിയിലെ കല്യാണങ്ങൾ


ശ്രീലങ്കൻ യാത്രയുടെ ആദ്യഭാഗങ്ങൾ
—————————————————-

പിന്നവളയിലെ അനാഥരോട് വിടപറഞ്ഞ് ഞങ്ങൾ നേരേ പോയത് കാൻഡിയിലേക്കാണ്. 1988 മുതൽ ലോക പൈതൃക സ്ഥാനമായി (World Heritage) UNESCO പ്രഖ്യാപിച്ചിട്ടുള്ള ഇടമാണ് കാൻഡി. ശ്രീലങ്കയിലെത്തുന്ന നല്ലൊരു ഭാഗം സഞ്ചാരികളും കൊളംബോ നഗരം കഴിഞ്ഞാൽ പിന്നെ സന്ദർശിച്ചുപോരുന്ന ഇടം. തേയിലകൃഷി വ്യാപകമായി നടക്കുന്ന കുന്നിൻ മേടുകളും താഴ്‌വരകളുമൊക്കെയുള്ള കാൻഡി, സമുദ്രനിരപ്പിൽ നിന്നും 1520 അടിയോളം മേലെയാണ് നിലകൊള്ളുന്നത്. സിംഗള രാജാക്കന്മാരുടെ അവസാനത്തെ തലസ്ഥാനമായിരുന്നു ഇത്. അതിനൊക്കെ ഉപരി ശ്രീലങ്കയിലേയും ലോകത്തെമ്പാടുമുള്ള ബുദ്ധമതവിശ്വാസികളുടേയും വളരെ പ്രധാനപ്പെട്ട ഒരു തീർത്ഥാടനകേന്ദ്രം കൂടെയാണ് കാൻഡി. ശ്രീബുദ്ധന്റെ ഒരു പല്ല് സൂക്ഷിച്ചിരിക്കുന്ന ‘ദളദ മാലിഗാവ‘ അഥവാ  ടെമ്പിൾ ഓഫ് ടൂത്ത് (Temple of Tooth) എന്ന ബുദ്ധക്ഷേത്രമാണ് കാൻഡിയെ ഒരു ബുദ്ധ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നത്.  ഇക്കാരണങ്ങളൊക്കെ കൊണ്ടുതന്നെ കാൻഡിയിലെ ഒരു ദിവസം സംഭവബഹുലമായിരിക്കും എന്നെനിക്കുറപ്പായിരുന്നു.

ഹെറിറ്റേജ് ഹോട്ടൽ സൂസ്സി (Sussie)

വൈകീട്ട് 5 മണിയോടെ പിന്നവളയിൽ നിന്ന് ഞങ്ങളുടെ വാൻ കാൻഡിയിലെത്തി. എല്ലാവർക്കുമുള്ള മുറികൾ ബുക്ക് ചെയ്തിരിക്കുന്നത് 1934ൽ നിർമ്മിച്ച സൂസ്സി (Sussie) എന്ന ഹെറിറ്റേജ് ഹോട്ടലിലാണ്. ഹോട്ടലിന്റെ മുന്നിൽ കാൻഡി തടാകവും അതിനെ ചുറ്റിയുള്ള വഴിയും വളഞ്ഞ് പുളഞ്ഞ് കടന്നുപോകുന്നു. വളരെ ശുചിത്വമുള്ള തടാകമാണതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. മനുഷ്യനിർമ്മിതമായ ഈ തടാകത്തിൽ മത്സ്യബന്ധനം നിഷിദ്ധമാണ്. 1807ൽ കാൻഡി രാജവംശത്തിലെ അവസാന രാജാവായ വിക്രമ രാജസിൻഹനാണ് തടാകം നിർമ്മിച്ചത്. തടാകത്തിന്റെ നടുക്കുള്ള ചെറിയ തുരുത്ത് രാജാവ് കുളിക്കാൻ ഉപയോഗിച്ചിരുന്നെന്നും, വെള്ളത്തിനടിയിലൂടെ തടാകക്കരയിലുള്ള കൊട്ടാരത്തിലേക്ക് തുരങ്കമുണ്ടെന്നും വിശ്വാസമുണ്ട്.

കാൻഡി തടാകവും നടുവിലെ തുരുത്തും – (Courtesy – asiaexplorers.com)

സൂസ്സി ഹോട്ടലിൽ ബ്രിട്ടീഷ് രാഞ്ജി വന്ന് പോകുന്നതിന്റെ പടങ്ങളൊക്കെ തൂക്കിയിട്ടുണ്ട്. മുറികൾക്കെല്ലാം പഴമയുടെ ആഢ്യത്വം തീർച്ചയായുമുണ്ട്. ചെന്നപാടെ കൂടെയുണ്ടായിരുന്ന റോട്ടറി ക്ലബ്ബുകാർ തിരക്കുപിടിച്ച് അവരുടെ മീറ്റിങ്ങിന് ഇറങ്ങിപ്പുറപ്പെട്ടു. നേഹയും കൂട്ടുകാരും സ്വിമ്മിങ്ങ് പൂളിൽ അൽ‌പ്പസമയം ചിലവഴിച്ചിട്ടല്ലാതെ ഇനി ഒരു പരിപാടിക്കും ഇല്ല എന്ന നിലപാടിലാണ്. കുട്ടികൾക്കും സ്ത്രീകൾക്കുമൊപ്പം രാത്രി ഭക്ഷണം കഴിക്കാൻ കാൻഡിയിലെ ഏതെങ്കിലും നല്ല റസ്റ്റോറന്റിലേക്ക് പോകണം എന്നതാണ് പദ്ധതി. അതിനുമുന്നേ എല്ലാവരും തടാകത്തിന്റെ അരികുപിടിച്ച് അൽ‌പ്പദൂരം നടന്നു. ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു. തടാകക്കരയിലെ വഴി എങ്ങോട്ടാണ് ചെന്ന് അവസാനിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. നടക്കുന്തോറും അതങ്ങനെ അവസാനമില്ലാതെ നീളുന്നു. നടത്തം മതിയാക്കി ഒരു ഓട്ടോ പിടിച്ച് നഗരമദ്ധ്യത്തിലേക്ക് നീങ്ങി.

രാജ്ഞിയുടെ സന്ദർശനം.

ശ്രീലങ്കയിൽ ഓട്ടോ റിക്ഷയെ ത്രീ വീലർ അല്ലെങ്കിൽ ടക്ക് ടക്ക് എന്നാണ് പറയുന്നത്. പച്ച, ചുവപ്പ്, നീല എന്നിങ്ങനെ പല നിറത്തിലും ഓട്ടോകൾ കാണാം. കൃത്യമായ ഒരു നിറം വേണമെന്ന് നിർബന്ധം ഇവിടെയില്ല. ഉടമസ്ഥന് ഇഷ്ടമുള്ള നിറം പൂശാം. എന്തായാലും പൂർണ്ണമായും ഒരേ നിറത്തിലുള്ള ത്രീ വീലറുകളാണ് കാണാനായത്. പക്ഷെ ഈ ത്രീ വീലറുകളിൽ ഒക്കെയും നന്നായി വിലപേശി മാത്രമേ കയറാവൂ എന്നാണ് ശ്രീലങ്കൻ യാത്ര തന്ന പാഠം. ഏറ്റവും കൂടുതൽ പണം ഞങ്ങൾക്ക് പറ്റിക്കപ്പെട്ടതും ഇതേ ത്രീ വീലറിൽത്തന്നെ.

ശ്രീലങ്കൻ ഓട്ടോ അഥവാ ടക്ക് ടക്ക് അഥവാ ത്രീ വീലർ

ടക് ടക്കിൽ കയറി എല്ലാവരേയും കൂട്ടി റെയിൽ വേ സ്റ്റേഷനിൽ ചെന്നിറങ്ങി. സ്റ്റേഷനിലേക്കുള്ള വഴി മനസ്സിലാക്കുക, നഗരവുമായി ഒന്ന് പൊരുത്തപ്പെടുക, നഗരത്തിലെ രാത്രിക്കാഴ്ച്ചകൾ കണ്ടു അല്പ്പനേരം നടക്കുക, അത്താഴം കഴിച്ച് മുറിയിലേക്ക് മടങ്ങുക ഇത്രയുമായിരുന്നു മനസ്സിലുണ്ടായിരുന്നത്. സ്റ്റേഷനിലേക്ക് പോകാൻ ഓട്ടോക്കാരൻ 200 രൂപ ചോദിചു. 100 കൊടുക്കാം എന്ന് ഞാൻ. അവസാനം ലേലം 150ൽ ഉറപ്പിച്ചു. കേരളത്തിലെ കണക്ക് വെച്ച് നോക്കിയാൽ  2 കിലോമീറ്റർ പോലും ദൂരമില്ലാത്ത ആ സവാരിക്ക് 150 രൂപ അധികം തന്നെ ആയിരുന്നു.

നഗരത്തിൽ അധികം തിരക്കില്ലായിരുന്നു. തീവണ്ടിയാപ്പീസിൽ ചെന്ന് കൊളംബോയിലേക്ക് പോകുന്ന വണ്ടികളുടെ സമയമൊക്കെ നോക്കി. മടക്ക യാത്ര തീവണ്ടിയിൽ ആക്കിയാൽ റോഡ് മാർഗ്ഗം എന്നതുപോലെ തീവണ്ടി മാർഗ്ഗമുള്ള കാഴ്ച്ചകളും ആസ്വദിക്കാനാകുമല്ലോ. നഗരത്തിലൂടെ കുറച്ച് നടന്നു. ഭക്ഷണം വൈറ്റ് ഹൌസ് എന്ന റസ്റ്റോറന്റിൽ നിന്ന് കഴിച്ചു. കാൻഡി നഗരത്തിൽ അത്തരം ഒരുപാട് ഹെറിറ്റേജ് നിർമ്മിതികൾ കാണാനാകും. പറങ്കിയുടേയും ഇംഗ്ഗ്ലീഷുകാരന്റേയും കാലത്തുണ്ടുണ്ടാക്കിയ കെട്ടിടങ്ങൾ പലതും ഇപ്പോൾ പ്രമുഖ ഹോട്ടലുകളായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അത്തരത്തിൽ ഒരു കെട്ടിടത്തിലാണ് വൈറ്റ് ഹൌസ് റസ്റ്റോറന്റ്.

വൈറ്റ് ഹൌസ് റസ്റ്റോറന്റിന്റെ ഉൾഭാഗം.

കൊളോണിയൽ കാലഘട്ടത്തിന്റെ മുഖഛായ ഇപ്പോഴും മാഞ്ഞുപോകാത്ത ഒരു പട്ടണമാണ് കാൻഡി. നാലു വഴികൾ കൂടുന്ന തെരുവിന്റെ നടുവിലൊക്കെ ക്ലോക്ക് ടവറുകൾ ഉണ്ട്. ദൂരെ കുന്നിൻ മുകളിലായി ബുദ്ധന്റെ വലിയൊരു പ്രതിമ കാൻഡിയിൽ എവിടന്ന് നോക്കിയാലും കാണുന്ന വിധത്തിൽ ഉയർന്ന് കാണാം. അതാണ് ദൈരവ് കുണ്ഡ്. രാവേറെ ആകുന്നു. ഇന്നേതായാലും കൂടുതൽ കറക്കങ്ങൾക്കൊന്നും സമയമില്ല. ഹോട്ടലിൽ ചെന്നിട്ട് പടങ്ങൾ കമ്പ്യൂട്ടറിലേക്ക് ഡൌൺ ലോഡ് ചെയ്യണം. ബാഗ്ലൂരും പൂനെയും തമ്മിലുള്ള ഐ.പി.എൽ. മത്സരം കുറച്ചെങ്കിലും കാണണം.

ഹോട്ടലിലേക്കുള്ള മടക്ക യാത്രയ്ക്കും ടക്ക് ടക്കിൽ 150 രൂപ കൊടുത്തു. പരിചയം ഇല്ലാത്ത രാജ്യമാണെങ്കിലും ഓട്ടോക്കാരുടെ പെരുമാറ്റമെല്ലാം ഹൃദ്യമാണ്. അൽ‌പ്പം പണം കൂടുതലായി ഈടാക്കുമെന്ന് മാത്രം. അവർക്ക് അവരുടെ കഞ്ഞിയിൽ പാറ്റ ഇടാതെ നോക്കാൻ അറിയാമെന്ന് സാരം.


30 ഏപ്രിൽ 2011.

ഇത് ശ്രീലങ്കയിലെ രണ്ടാമത്തെ ദിവസമാണ്. ടെമ്പിൾ ഓഫ് ടൂത്ത് കാണുക എന്നതാണ് ഈ ദിവസത്തെ പ്രധാന ലക്ഷ്യം. രാവിലെ തന്നെ ഹോട്ടലിലെ റസ്റ്റോറന്റിലെത്തി. ബുഫേ ആണ് ഒരുക്കിയിരിക്കുന്നത്. വിഭവങ്ങൾക്കിടയിൽ മലയാളികൾക്ക് സുപരിചിതമായ പുട്ട് സ്ഥാനം പിടിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ പേരിനൽപ്പം വ്യത്യാസം ഉണ്ടെന്ന് മാത്രം. അവർ ‘പിട്ട് ‘ എന്നാണ് പറയുക. റോട്ടേറിയൻ അനൂജ് പറയുന്നത് പുട്ടിന്റെ ഉറവിടം ശ്രീലങ്കയാണെന്നാണ്. പിന്നീടത് കേരളത്തിലേക്ക് എത്തുകയായിരുന്നത്രേ! പിട്ടിന്റെ കൂടെ ശ്രീലങ്കക്കാർ കഴിക്കുന്ന സാധനങ്ങൾക്കും വ്യത്യാസമുണ്ട്. നമ്മൾ പഴം, പപ്പടം, പഞ്ചസാര എന്നതൊക്കെ ചേർത്ത് പുട്ട് കഴിക്കുമ്പോൾ അവർ തേങ്ങാപ്പാൽ ഒഴിച്ചാണ് പിട്ട് കഴിക്കുക. മീൻ കറി, ചിക്കൻ കറി എന്നതൊക്കെ രാവിലെ തന്നെ റഡിയാണ്. രാവിലെ മുട്ട കഴിക്കാം എന്നതൊഴിച്ചാൽ മറ്റ് നോൺ വെജ് വിഭവങ്ങളൊന്നും എനിക്കിറങ്ങില്ല. വടക്കേ മലബാർ ഭാഗത്തൊക്കെ രാവിലെ തന്നെ മീൻ കറിയും പൊറോട്ടയും കഴിക്കുന്നത് അത്ഭുതത്തോടെയാണ് നോക്കിനിന്നിട്ടുള്ളത്.

പരിചയമുള്ള മറ്റൊരു വിഭവം കണ്ടത് അപ്പം ആണ്. ശ്രീലങ്കൻ പേര് ‘അപ്പ് ‘. അർദ്ധവൃത്താകൃതിയിൽ കുഴിഞ്ഞ പാത്രത്തിലാണ് ഉണ്ടാക്കുന്നത് എന്നതൊഴിച്ചാൽ, സ്വാദിന് കേരള അപ്പത്തിൽ നിന്ന് വ്യത്യാസം ഒന്നുമില്ല. പാലൊഴിച്ച് അപ്പവും, പഴം കുഴച്ച് പുട്ടും സുഭിക്ഷമായി കഴിച്ചു.

മാധവും കുടുംബവും റെഡിയായി വരാൻ ഇനിയും സമയമെടുക്കുമെന്ന് തോന്നി. ആ നേരം കൊണ്ട് ചുറ്റിക്കറങ്ങുന്ന ആവശ്യത്തിലേക്കായി 8000 ശ്രീലങ്കൻ രൂപ കൊടുത്ത് ഹോട്ടലിന്റെ ട്രാവൽ ഡെസ്‌ക്കിൽ നിന്നുതന്നെ ഒരു വാൻ ഏർപ്പാടാക്കി. ആ തുകയും അൽപ്പം അധികം തന്നെ. പക്ഷെ, ഹോട്ടലിൽ നിന്ന്  മറ്റൊരു വാഹനവും കിട്ടാനില്ല.  തട്ടിമുട്ടിയുള്ള ഇംഗ്ലീഷിലാണെങ്കിലും, ഡ്രൈവർ റോഷാൻ കാര്യങ്ങളൊക്കെ പറഞ്ഞ് തന്ന് നല്ലരീതിയിൽ സഹകരിച്ചു. പൊതുവെ ശ്രീലങ്കക്കാർക്ക് ഇന്ത്യക്കാരോട് നല്ല സ്നേഹമാണെന്നാണ് മനസ്സിലാക്കാനായത്. ശ്രീബുദ്ധൻ ശ്രീലങ്കയിൽ എത്തിയത് ഇന്ത്യയിൽ നിന്നാണെന്നുള്ള ഒരു മമത പ്രത്യേകമുള്ളതായി കാണാനാകും. ഈയിടെയായി ഇന്ത്യാക്കാരോട്, പ്രത്യേകിച്ച് മലയാളികളോടുള്ള താൽ‌പ്പര്യം അൽപ്പം കൂടിയിട്ടുണ്ടെന്ന് വേണം കരുതാൻ. അതിനു കാരണം ഐ.പി..എൽ. ക്രിക്കറ്റ് മത്സരങ്ങൾ തന്നെ. അവരുടെ താരങ്ങളാണല്ലോ കൊച്ചിയുടെ നായകനും കൂട്ടാളികളിൽ പ്രമുഖരും. ഐ.പി.എൽ. മത്സരങ്ങൾ കാണാൻ തുടങ്ങിയപ്പോൾ മുതൽ ജയവർദ്ധനയും മുരളീധരനും അടക്കമുള്ളവർ സ്വന്തം നാട്ടുകാർ ആണെന്നൊരു തോന്നൽ എനിക്കുമുണ്ട്. ക്രിക്കറ്റിന്റെ കാര്യം സംസാരിക്കാൻ തുടങ്ങിയപ്പോൾ റോഷാൻ വാചാലനാകാൻ തുടങ്ങി. അദ്ദേഹം ഒരു ക്രിക്കറ്റ് പ്രേമി ആണെന്നതിൽ തർക്കമില്ല.

ഹോട്ടലിന്റെ ലോബിയിലും ഗാർഡനിലുമൊക്കെയായി വിവാഹവസ്ത്രം ധരിച്ച യുവമിഥുനങ്ങളുടെ ഫോട്ടോ ഷൂട്ട് നടക്കുന്നു. ഞാനതൊക്കെ നോക്കി കുറെ നേരം നിന്നു. അതിലൊരു ചെറുക്കന്റെ(ഉപേന്ദ്ര) സഹോദരിയുമായി സംസാരിച്ച് ശ്രീലങ്കൻ കല്യാണവിശേഷങ്ങൾ കുറെയൊക്കെ മനസ്സിലാക്കുകയും ചെയ്തു.

പഴയ കാലത്ത്, വിവാഹ ദിവസം വരനും വധുവും വധുവിന്റെ വീട്ടിൽ തങ്ങുമായിരുന്നു. ‘ബിന്ന ഭൈൻ‌വ’ എന്നായിരുന്നു ആ ചടങ്ങിന്റെ പേര്. ഇക്കാലത്ത് ആ പരിപാടി ഇല്ല. വിവാഹം ദിവസം തന്നെ പെൺകുട്ടി വരനുമൊത്ത് വീട്ടിൽ നിന്നിറങ്ങുന്നു, ഏതെങ്കിലും ഹോട്ടലിൽ തങ്ങുന്നു. അതിനടുത്ത ദിവസമാണ് ‘ദവനി ഗമന‘ (Home Coming) എന്ന ചടങ്ങ്. അന്നാണ് വരൻ നവവധുവുമായി സ്വന്തം വീട്ടിൽ ചെന്ന് കയറുന്നത്. ചിലർ അതേ ഹോട്ടലിൽ വെച്ച് തന്നെ സൽക്കാരമൊക്കെ നടത്തിയിട്ടാണ് ചെറുക്കന്റെ വീട്ടിലേക്ക് പോകുന്നത്. ഫോട്ടോ ഷൂട്ടുകൾ ഒന്നടങ്ങിയപ്പോൾ ദമ്പതികളുടെ അനുവാദത്തോടെ അവർക്കൊപ്പം നിന്നും, അവരുടേത് മാത്രമായും പടങ്ങളെടുത്തു.

കാൻഡി നവദമ്പതികൾക്കൊപ്പം.

മൂന്ന് നവദമ്പതികളുടെ ‘ദവനി ഗമന’ അന്നേ ദിവസം ഹോട്ടൽ സൂസിയിൽ വെച്ചുണ്ടായിരുന്നു. ഒരു വധു കുറച്ച് മോഡേൺ സാരിയിലാണ്. മറ്റ് രണ്ടുപേരും പരമ്പരാഗത ശ്രീലങ്കൻ രീതിയിലുള്ള സാരിയിലാണ്. വരന്മാർ രണ്ടുപേർ ആധുനിക വേഷത്തിലാണെങ്കിലും മൂന്നാമത്തെ വരൻ ഉപേന്ദ്ര മറന്തവേള പരമ്പരാഗത കാൻഡി വേഷത്തിലാണ്. കാൻഡി രാജകീയ വേഷം കൂടെയാണത്. വിവാഹസമയത്ത് അത് രാജകുടുംബാംഗം അല്ലാത്തവർക്കും അണിയാം.  വധുവിനും അതുപോലുള്ള രാജകീയ വേഷം ഉണ്ടെങ്കിലും ഉപേന്ദ്രയുടെ വധു പരമ്പരാഗത കാൻഡി സാരിയാണ് അണിഞ്ഞിരിക്കുന്നത്.

മറ്റൊരു കാൻഡി നവദമ്പതികൾ.

“Please upload it in Facebook” ഞാൻ പടങ്ങൾ എടുക്കുന്ന സമയത്ത് ചിരിച്ചുകൊണ്ട് ഉപേന്ദ്രയുടെ മൊഴി.

വൈകുന്നേരം സൽക്കാര സമയത്ത് കാണാമെന്ന് പറഞ്ഞ് പിരിയുന്നതിന് മുന്നേ കക്ഷിയുടെ ഫേസ്ബുക്ക് വിവരങ്ങൾ വാങ്ങാൻ ഞാൻ മറന്നില്ല. ഉപേന്ദ്രയുടെ കല്യാണസൽക്കാരം സാമാന്യം ഭേദപ്പെട്ട ചിലവുള്ള ഒന്ന് തന്നെ ആയിരുന്നെന്ന് വൈകീട്ട് ബോദ്ധ്യപ്പെടുകയുണ്ടായി.

ഉപേന്ദ്ര ദമ്പതികൾക്കൊപ്പം

പരമ്പരാഗത കാൻഡി നൃത്തസംഘത്തിന്റെ പ്രകടനത്തോടെയുള്ള ഒരു സൽക്കാരമായിരുന്നു അത്. പത്തോളം വരുന്ന കലാകാരന്മാർ വാദ്യോപകരണങ്ങളും ആടയാഭരണങ്ങളും ഒക്കെയായി അരമണിക്കൂറോളം സമയം ഹോട്ടലിന്റെ ഹാളിനെ പ്രകമ്പനം കൊള്ളിച്ചു. ചടങ്ങൊക്കെ കഴിഞ്ഞപ്പോൾ അതിൽ ചിലർ കൈകൾകൂപ്പി ആയുബോവൻ(നമസ്ക്കാരം) പറഞ്ഞുകൊണ്ട് എന്റെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത് സഹകരിക്കുകയുമുണ്ടായി.

കാൻഡിയൻ നർത്തകൻ
കാൻഡിയൻ നൃത്തസംഘം വാദ്യോപകരണങ്ങളുമായി
വാദ്യസംഘവും കുന്തപ്പടയും

ഉപേന്ദ്ര മാത്രമേ സൽക്കാരം ഹോട്ടലിൽ വെച്ച് നടത്തുന്നുള്ളൂ. മറ്റ് രണ്ട് ദമ്പതികൾക്കും ‘ദവനി ഗമന‘യ്ക്കുള്ള വാഹനം വന്നു. അവരതിൽ കയറി പോകുകയും ചെയ്തു. പരമ്പരാഗത ശ്രീലങ്കൻ കല്യാണച്ചടങ്ങുകൾ, എല്ലാം അതേ പടി ഇപ്പോൾ പാലിക്കപ്പെടുന്നൊന്നുമില്ല. അതിപ്പോൾ നമ്മുടെ നാട്ടിലായാലും ചടങ്ങുകൾക്കൊക്കെ എന്തെല്ലാം മാറ്റങ്ങൾ വന്ന് കഴിഞ്ഞിരിക്കുന്നു. എങ്കിലും, ആചരിച്ചുപോന്നിരുന്നതും പട്ടണങ്ങളിൽ നിന്ന് മാറി ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നാൽ ഇന്നും ചെറുതായ തോതിലെങ്കിലും ആചരിക്കപ്പെടുന്നതുമായ, കൌതുകകരമായ കുറച്ചെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാനായി.

കല്യാണ ദിവസം വധു വെളുത്ത സാരി തന്നെ ഉടുക്കണമെന്നതാണ് ആചാരം. ‘ദവനി ഗമന’ ദിവസം ചുവന്ന സാരി ഉടുക്കുകയും വേണം. അതിന് കാരണമുണ്ട്. കല്യാണത്തിന് മുന്നേ വധു ഒരു അനാഘ്രാത കുസുമമാണ് എന്നാണ് സങ്കൽ‌പ്പം. അടുത്ത ദിവസം ചുവന്ന സാരി ഉടുക്കുന്നത് ആഘ്രാത കുസുമം ആയതിന്റെ പ്രതീകമായിട്ടാണ്. അതിന് പുറമേ, ആദ്യരാത്രിയിൽ കിടക്കയിൽ പ്രത്യേകമായി വിരിക്കുന്ന വെളുത്ത തുണി, ചുവന്നതായി എന്ന് തെളിവടക്കം ഹാജരാക്കുകയും വേണം. വധുവും വരനും വധുവിന്റെ വീട്ടുകാരുമൊക്കെ ‘ദവനി ഗമനി‘ നടത്തി വരന്റെ വീട്ടിലെത്തുമ്പോൾ വധുവിന്റെ മാതാവിന്റെ കൈയ്യിൽ നിന്ന് വരന്റെ മാതാവ് ഈ തെളിവ് കണ്ട് ബോദ്ധ്യപ്പെട്ടാലേ ‘ദവനി ഗമനി’ ചടങ്ങ് പൂർണ്ണമാകൂ. അല്ലെങ്കിൽ ചടങ്ങുകളൊക്കെ അവിടെ വെച്ച് അവസാനിക്കുന്നു. എല്ലാവർക്കും മടങ്ങിപ്പോകാം എന്ന് മാത്രമല്ല, തയ്യാറാക്കി വെച്ചിരിക്കുന്ന ഭക്ഷണം പോലും ആർക്കും കൊടുക്കില്ല. പരസ്യമായി ആചരിക്കുകയും കല്യാണം ഇടയ്ക്ക് വെച്ച് അലങ്കോലപ്പെടുത്തുകയും മറ്റും ചെയ്തില്ലെങ്കിലും, കേരളത്തിലും ചിലയിടത്തൊക്കെ ഇത്തരം സമ്പ്രദായങ്ങൾ അരമനകളിൽ മാത്രമായിട്ടെങ്കിലും നടന്നിരുന്നതായി കേൾക്കാനിടയായിട്ടുണ്ട്.

ശ്രീലങ്കയിൽ ഇത് ബുദ്ധമതക്കാർക്ക് ഇടയിലുള്ള ചടങ്ങ് മാത്രമായി ഒതുങ്ങുന്നില്ല. ക്രൈസ്തവർക്കിടയിലും കുറഞ്ഞ തോതിലെങ്കിലും ഇങ്ങനൊക്കെ ആചരിക്കപ്പെടാറുണ്ടായിരുന്നത്രേ! ഒരിടത്ത്, ഒരു സമൂഹത്തിൽ നടക്കുന്ന ചടങ്ങുകൾ ജാതിമത ഭേദമെന്യേ മറ്റുള്ളവരും പിൻ‌തുടരുന്നതായി മാത്രം കണ്ടാൽ മതിയാകും അതൊക്കെ. ഉദാഹരണത്തിന് നമ്മുടെ നാട്ടിൽ ക്ഷേത്രങ്ങൾക്ക് മുന്നിൽ മാത്രം കണ്ടിരുന്ന സ്വർണ്ണനിറമുള്ള വലിയ കൊടിമരം. അതിപ്പോൾ ക്രിസ്ത്രീയ ദേവാലയങ്ങൾക്ക് മുന്നിലുമുണ്ട്. കൊടിമരത്തിന്റെ മുകളിൽ കുരിശായിരിക്കും എന്ന വ്യത്യാസം മാത്രമേയുള്ളൂ. പെരുന്നാളിനും ഉത്സവത്തിനുമൊക്കെ ചെണ്ടകൊട്ടും മേളവുമൊക്കെ നടത്തുന്നത്, മതത്തിന്റെ വരമ്പുകൾ തകർത്ത് എല്ലാക്കാര്യങ്ങളും എല്ലാവരും ഒരുപോലെ ആചരിക്കുന്ന, സമൂഹത്തിന്റെ നല്ല ഇടപെടലുകളായിട്ട് തന്നെ കാണണം. പക്ഷേ, മുകളിൽ പറഞ്ഞ വിവാഹാചാരങ്ങൾ ദുരാചാരങ്ങളായിത്തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു.

ഉപേന്ദ്രയുടെ റിസപ്ഷൻ – പിങ്ക് സാരിയിൽ സഹോദരി.

എന്തൊക്കെ ആയാലും നമ്മുടെ നാട്ടിൽ മിശ്രവിവാഹങ്ങൾക്ക് ഉള്ള അത്രയും പ്രതിബന്ധങ്ങൾ ശ്രീലങ്കയിൽ ഇല്ലെന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കിയത്. ബുദ്ധമതക്കാരും ക്രൈസ്തവരും വിവാഹം ചെയ്ത് ഒരുവിധം നല്ലരീതിയിൽത്തന്നെ മതപരമായ ആചാരങ്ങൾ പരസ്പരം ആചരിച്ച് ജീവിതം നയിക്കുന്നു. എന്നിരുന്നാലും എല്ലാ മതവിഭാഗങ്ങൾക്കിടയിലും ഇതുപോലെ മിശ്രവിവാഹം അത്ര അല്ലലില്ലാതെ നടക്കുന്നുമില്ല.

വെറുതെ നഷ്ടപ്പെടുമായിരുന്ന രാവിലത്തെ കുറേയധികം സമയം  കാൻഡിയിലെ നവദമ്പതികൾ അർത്ഥവത്താക്കി. ഇനി തീർത്ഥാടനത്തിന്റെ സമയമാണ്. ടെമ്പിൾ ഓഫ് ടൂത്തിലേക്ക് പോകാനുള്ളവർ എല്ലാവരും എത്തിക്കഴിഞ്ഞു. യാത്രക്കാരേയും വഹിച്ചുകൊണ്ട് റോഷാന്റെ വാഹനം കാൻഡി തടാകത്തെ ചുറ്റി ക്ഷേത്രത്തെ ലക്ഷ്യമാക്കി നീങ്ങി.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

28 thoughts on “ കാൻഡിയിലെ കല്യാണങ്ങൾ

  1. ഇതൊരു വ്യത്യസ്ത അനുഭവമാണ് പകർന്നത്.
    മനുഷ്യൻ ശൃഷ്ടിച്ച ആയിരങ്ങളായുള്ള സംസ്കാരങ്ങൾ ലോകത്തിന്റെ ഗതിവിഗതികളെ തരംതിരിക്കുന്നു.

  2. ശ്രീലങ്കന്‍ വിവാഹങ്ങളെ പറ്റിയുള്ള അറിവ് തന്നതിന് നിരക്ഷരന് നന്ദി. യാത്രാ വിവരണം വളരെ നന്നായിരിക്കുന്നു.

  3. എന്തൊക്കെ തരത്തിലുള്ള ആചാരങ്ങള്‍,അല്ലെ….വളരെ കൌതുകത്തോടെ ആണ് വായിച്ചു തീര്‍ത്തത്…നന്ദി..

  4. മനോജ്,ഏതൊരു സംസ്കാരത്തോടും ചേർന്നു നിന്നുകൊണ്ട് അവരുടെ ആചാരാനുഷ്ടാനങ്ങൾ ആസ്വദിക്കുക എന്നത് വളരെ വ്യത്യസ്തമായ ഒരനുഭവം തന്നെ….ഉത്തരേന്ത്യയിലെ വിവിധ ആഘോഷവേളകളിലും ഈ നാനാത്വം നമുക്കു അനുഭവിക്കുവാൻ സാധിക്കും…വളരെ വ്യത്യസ്തത പുലർത്തുന്ന ശ്രീലങ്കൻ വിവാഹ വിശേഷങ്ങൾ പങ്കുവച്ചതിനു പ്രത്യേകം നന്ദി…ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

  5. വളരെ നന്നായി വിവരണം..വേറെ ഒരു രാജ്യത്തെ കല്യാണത്തിൽ പങ്കെടുക്കുക രസമുള്ള അനുഭവമാണ്‌. ഇതൊരിക്കലും കിഴക്കനേഷ്യയിലോ പാശ്ചാത്യരാജ്യങ്ങളിലോ നടക്കില്ല.

  6. വ്യത്യസ്ഥമായ കുറേ അനുഭവക്കാഴ്ചകള്‍. ഇതില്‍ കുറച്ചൊക്കെ ബസ്സില്‍ കണ്ടിരുന്നു. ഫോട്ടോസ് ചിലതൊക്കെ. യാത്ര തുടരട്ടെ. കൂടെ തന്നെയുണ്ട്.

  7. യാത്ര തുടരുക.. കൂടെ ഞാനും ഉണ്ട്…. നല്ല വിവരണം.. അടുത്തതിനായി കാത്തിരിക്കുന്നു…

  8. വ്യത്യസ്തമായ ഒരു വായനാനുഭവം നല്‍കിയതിനു വളരെ നന്ദി, തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  9. ശ്രീലങ്കൻ വിവാഹവിശേഷങ്ങൾ കൗതുകകരം തന്നെ. ഇതെല്ലാം ഈ കാലഘട്ടത്തിലും നടക്കുന്നു എന്നതിൽ ആശ്ചര്യം ഉണ്ട്. ആചാരത്തിന്റെ പേരിലായാലും രണ്ട് വ്യക്തികളെ ഇങ്ങനെ നിർബന്ധിക്കുന്നത് ശരിയല്ല എന്നത് എന്റെ അഭിപ്രായം. വൈറ്റ് ഹൗസിൽ നിന്നും ഊണുകഴിച്ചു എന്ന് പറയാം ഇനി :) ശ്രീലങ്കയിലായാലും പ്രചാരം നമ്മുടെ ബജാജ് ആർ ഇ ആട്ടോയ്ക്ക് തന്നെ അല്ലെ. ശ്രീലങ്കൻ വിവാഹവിശേഷങ്ങൾ പങ്കുവെച്ചതിന് നന്ദി. ടെമ്പിൾ ഓഫ് ട്രൂത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
    മുഖഛായ മാത്രം മാറ്റിയാൽ മതി ഇത്തവണ :)

  10. “ഒരിടത്ത്, ഒരു സമൂഹത്തിൽ നടക്കുന്ന ചടങ്ങുകൾ ജാതിമത ഭേദമെന്യേ മറ്റുള്ളവരും പിൻ‌തുടരുന്നതായി മാത്രം കണ്ടാൽ മതിയാകും അതൊക്കെ. ഉദാഹരണത്തിന് നമ്മുടെ നാട്ടിൽ ക്ഷേത്രങ്ങൾക്ക് മുന്നിൽ മാത്രം കണ്ടിരുന്ന സ്വർണ്ണനിറമുള്ള വലിയ കൊടിമരം. അതിപ്പോൾ ക്രിസ്ത്രീയ ദേവാലയങ്ങൾക്ക് മുന്നിലുമുണ്ട്. കൊടിമരത്തിന്റെ മുകളിൽ കുരിശായിരിക്കും എന്ന വ്യത്യാസം മാത്രമേയുള്ളൂ”

    മിഷ്ണ്ണറിമാരുടെ ഭാഷയില് ഇതിനെ ‘Inculturation’ എന്ന് വിളിക്കും.

    “മതത്തിന്റെ വരമ്പുകൾ തകർത്ത് എല്ലാക്കാര്യങ്ങളും എല്ലാവരും ഒരുപോലെ ആചരിക്കുന്ന, സമൂഹത്തിന്റെ നല്ല ഇടപെടലുകളായിട്ട് തന്നെ കാണണം”

    ഇത് നടത്തിയ സ്ഥലങ്ങളില് ,സമൂഹങ്ങളില് എല്ലാം നാശം മാത്രമെ സ്രഷ്ടിച്ചിട്ടുള്ളു.

    രാജീവ് മല്‍ഹോത്ര – അരവിന്ദന്‍ നീലകണ്ടന്‍ എഴുതിയ ‘ബ്രേക്കിങ്ങ് ഇന്ഡ്യ’ എന്ന പുസ്തകത്തില് ഇത് വ്യക്തമായി പ്രതിപാടിച്ചിട്ടുന്ട്.

  11. @നിരക്ഷരൻ

    നിരക്ഷരന് സുഹ്രത്തേ,
    ഞാന്‍ എവിടെ നിന്നും വരുന്നു എന്നതില് ഉപരി, ഞാന്‍ പറഞതില് നേര് ഉന്ടോ എന്നത് അല്ലെ കാര്യം.

  12. @Anonymous – താങ്കൾ പറഞ്ഞതിനെ ഞാൻ എതിർത്തിട്ടില്ല. അത് ശരിയാകാമെന്നിരിക്കെത്തന്നെ മുഖം മറച്ച് വരുന്നവരോടുള്ള എതിർപ്പാണ് ഞാൻ പ്രകടമാക്കിയത്. ഒരു കാലത്ത് അനോണികൾക്ക് മറുപടി പോലും കൊടുക്കാറില്ലായിരുന്നു. പിന്നെ ഒരു പഠനത്തിന്റെ ഭാഗമായി മറുപടി കൊടുക്കാൻ തുടങ്ങി. പഠനം കഴിഞ്ഞു. ഇനി വീണ്ടും പഴയ പടി.

    സ്വന്തം അഭിപ്രായം എന്തായാലും അത് പറയാൻ മുഖാവരണം ഇട്ട് വരുന്നവരോട് എനിക്ക് തീരെ താൽ‌പ്പര്യം പണ്ടുമില്ല. എന്നാപ്പിന്നെ അനോണി ഓപ്പ്ഷൻ എന്തിനാ തുറന്നിട്ടിരിക്കുന്നത് എന്ന് ചോദിച്ചാൽ….പേരും നാളും വെച്ച് അഭിപ്രായം പറയുന്ന പ്രൊഫൈൽ ഇല്ലാത്തവർക്ക് വേണ്ടിയാണത്. അങ്ങനെ വന്ന് അഭിപ്രായം പറയുന്നവരും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>