Monthly Archives: June 2014

വിദ്യാഭ്യാസ മന്ത്രിയുടെ നടപടി അപലപനീയം


വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദു റബ്ബിന് മുന്നിൽ ഗേറ്റ് അടച്ചിട്ടെന്ന (അ)ന്യായം പറഞ്ഞ് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ പ്രധാന അദ്ധ്യാപികയെ സ്ഥലം മാറ്റിയ വിഷയത്തിൽ ജനരോഷം വിദ്യാഭ്യാസ മന്ത്രിക്കെതിരെ തന്നെയാണ്. നിയമസഭയിൽ നിന്ന് മാത്രമല്ല, ഓൺലൈൻ പ്രതികരണങ്ങളിൽ നിന്നും അക്കാര്യം മന്ത്രി മനസ്സിലാക്കിയിട്ടുണ്ടെന്ന് സ്പഷ്ടം. അതുകൊണ്ടാകണമല്ലോ, മന്ത്രിയും വകുപ്പും ചെയ്തതിൽ തെറ്റൊന്നും ഇല്ലെന്ന് കാണിക്കാൻ ഫേസ്ബുക്കിലെ സ്വന്തം പേജിലൂടെ മന്ത്രി ഒരു ശ്രമം നടത്തി നോക്കിയത്. ആ ശ്രമം പക്ഷേ പാളിപ്പോയെന്നതാണ് വാസ്തവം.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ, മന്ത്രിസഭയുടെ ‘സർക്കാരിന്റെ സൽ‌പ്പേരിന് മോശമായി ബാധിക്കും ‘ എന്നൊരു വാചകം കണ്ടു.  ചിരിപ്പിച്ച് കൊല്ലരുത് എന്ന് മാത്രമേ ഈയവസരത്തിൽ അപേക്ഷിക്കാനുള്ളൂ.

കുട്ടികളല്ല അദ്ധ്യാപകരാണ് സദസ്സിൽ കൂടുതലായും ഉണ്ടായിരുന്നതെന്ന് ഫേസ്ബുക്ക് പേജിലൂടെ  സ്ഥാപിക്കാൻ മന്ത്രി അബ്ദുൾ റബ്ബ് ശ്രമിക്കുന്നു. അദ്ധ്യാപകരാണ് അവിടെ ഉണ്ടായിരുന്നതിൽ ഭൂരിഭാഗമെങ്കിൽ, ആ അദ്ധ്യാപകർ പഠിപ്പിക്കേണ്ടിയിരുന്ന ക്ലാസ്സ് മുറികളിൽ എന്ത് പഠനമാണ് ആ സമയത്ത് നടന്നിട്ടുണ്ടാവുക ? ഒരദ്ധ്യാപകൻ സമ്മേളനത്തിന് വന്നിരുന്നിട്ടുണ്ടെങ്കിൽ ശരാശരി 40 കുട്ടികളുടെ പഠനം മുടങ്ങിട്ടുണ്ടാകില്ലേ ? 25 അദ്ധ്യാപകർ വന്നിട്ടുണ്ടെങ്കിൽ 1000 കുട്ടികളുടെ പഠനം അത്രയും സമയത്തേക്കെങ്കിലും മുടങ്ങിയിട്ടുണ്ട്. ഇനിയിപ്പോൾ ഫ്രീ പിരീഡിലാണ് അദ്ധ്യാപകർ വന്നതെന്ന് ന്യായീകരിക്കാൻ ശ്രമിക്കാം. പക്ഷെ ഒരു പിരീഡൊന്നുമല്ലല്ലോ മന്ത്രിക്കായി കാത്തിരുന്നത് ? എല്ലാ പിരീഡും ഫ്രീ പിരീഡാകുമോ ഇത്രയ്ക്കധികം അദ്ധ്യാപകർക്ക് ?

ee

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രം 1

eee

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രം 2

കല്ലുവെച്ച നുണകൾ പറയുന്നതിന് മുൻപ്, ഇത് ഡിജിറ്റൽ യുഗമാണെന്നത് വിസ്മരിക്കരുത്. എല്ലാവരുടേയും പോക്കറ്റിൽ ഒരു ക്യാമറയുള്ള കാലമാണ്. സംഭവസ്ഥലത്തുനിന്നുള്ള ഫോട്ടോകളും വീഡിയോയും കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇക്കാലത്ത് ജനങ്ങൾക്കില്ല. സ്വന്തം ഫേസ്ബുക്കിൽ സദസ്സിന്റെ പിൻ‌വശത്തിരിക്കുന്ന കുട്ടികളെ കാണാൻ കഴിയാത്ത തരത്തിലുള്ള ചിത്രം പ്രദർശിപ്പിച്ച് തടിയൂരാൻ നോക്കുന്ന മന്ത്രി, സ്റ്റേജിലേക്ക് കടന്നുപോയത് നൂറ് കണക്കിന് കുട്ടികൾക്കിടയിലൂടെയാണ്. സദസ്സിന്റെ പിൻ‌ഭാഗത്ത് ഇരിക്കുന്നത് മുഴുവനും വിദ്യാർത്ഥിനികളാണ്. സംഭവസ്ഥലത്തുനിന്നുള്ള ചില ഫോട്ടോകൾ നോക്കൂ.

669

സംഭവസ്ഥലത്തുനിന്നുള്ള ചിത്രങ്ങൾ

ഊർമ്മിളട്ടീച്ചർ പ്രസംഗിച്ചതെന്താണെന്ന് എല്ലാവരും ചാനലുകളിലൂടെ കേട്ടതാണ്. സ്ഥലം മാറ്റി പ്രതികാരം കൈക്കൊള്ളാനും വേണ്ടിയുള്ള ഒന്നും അതിലില്ല. ഗേറ്റ് അടച്ചിട്ടു എന്നതും മുടന്തൻ ന്യായം മാത്രമാണ്. അങ്ങനെയൊരു നീരസം ഉണ്ടായിരുന്നെങ്കിൽ അത് പ്രസംഗത്തിൽ സൂചിപ്പിക്കാനുള്ള അവസരം മന്ത്രിക്കുണ്ടായിരുന്നു. കോട്ടൺ ഹിൽ സ്ക്കൂളിൽ ഇതൊരു സ്ഥിരം പരിപാടിയായതുകൊണ്ട്, പഠിത്തം മുടക്കി കസേരകളിലും തറയിലുമൊക്കെ കുത്തിയിരിക്കുന്ന കുട്ടികളുടെ ഭാവിയെക്കരുതി ഒരു അദ്ധ്യാപിക ‘ബഹുമാനപ്പെട്ട മന്ത്രി‘ക്ക് ഒരു സൂചന നൽകുമ്പോൾ അത് നല്ല മനസ്സോടെ ഉൾക്കൊള്ളുകയാണ് വേണ്ടത്. അല്ലാതുള്ളവർ മന്ത്രിയായാലും  രാജാവായാലും നാടിന് അപമാനമാണ്, ഭാരവുമാണ്.

അദ്ധ്യാപികയുടെ സ്ഥലം മാറ്റക്കേസ് ഇനിയൊരു ചർച്ചയ്ക്ക് എടുക്കില്ല എന്ന് പറയുമ്പോൾ സ്വന്തം മന്ത്രിസഭയുടെ ഇതുവരെയുള്ള ‘സൽ‌പ്പേര് ‘ വീണ്ടും വീണ്ടും ഉന്നതങ്ങളിലെത്തിക്കുകയാണ് ബഹമാനപ്പെട്ട മുഖ്യമന്ത്രി. തെറ്റ് ആർക്കും പറ്റാം. അത് തിരുത്തി മുന്നോട്ട് പോകുന്നവനാണ് മഹാൻ എന്നാണ് ഗാന്ധിജി പറഞ്ഞിരിക്കുന്നത്. കൂടെയുള്ളവർക്ക് തെറ്റ് പറ്റിയാൽ അത് തിരുത്താൻ നിൽക്കാതെ മുഖ്യമന്ത്രി അവരെയൊക്കെ ഇങ്ങനെ ന്യായീകരിച്ച് കൊണ്ടുപോകുന്നത് അപലപനീയമാണ്. കൂട്ടുകക്ഷി മന്ത്രിസഭയാണ്, കാര്യമായ ഭൂരിപക്ഷമില്ല എന്നൊക്കെ വെച്ച് തുമ്മിയാൽ തെറിക്കുന്ന മൂക്കുമായി എത്രനാൾ ഇങ്ങനെ തുടർന്നുപോകും ? ഇത്രയ്ക്ക് ഹരം പിടിപ്പിക്കുന്ന ഒന്നാണോ ഈ അധികാരവും ഭരണവുമൊക്കെ ?

55മന്ത്രിയുടെ ഫേസ്ബുക്ക് പേജ് ബാനർ.

ഒന്ന് രണ്ട് കാര്യങ്ങൾ മന്ത്രിപുംഗവന്മാർ എല്ലാവരും മനസ്സിലാക്കുക. മന്ത്രിസഭ മാറിക്കഴിഞ്ഞാൽ, അല്ലെങ്കിൽ ഭരണം അവസാനിച്ചുകഴിഞ്ഞാൽ മന്ത്രിമാരെല്ലാം പിന്നെ വെറും പാർട്ടിക്കാർ മാത്രമാണ്. ആരെങ്കിലും ഗേറ്റ് അടച്ചിട്ടാൽ ദിവസം മുഴുവൻ വെളിയിൽ നിൽക്കേണ്ടിവരും, അല്ലെങ്കിൽ മടങ്ങിപ്പോകേണ്ടി വരും. പക്ഷേ, ജോലിയിൽ നിന്ന് വിരമിച്ച് കഴിഞ്ഞാലും ഒരു അദ്ധ്യാപനോ അദ്ധ്യാപികയ്ക്കോ സമൂഹത്തിലും അവർ പഠിപ്പിച്ച വിദ്യാർത്ഥികൾക്കും ഇടയിലുണ്ടാകുന്ന മതിപ്പും സ്നേഹവുമൊന്നും ഒരു പാർട്ടിക്കാരനോടും ജനത്തിനുണ്ടാകില്ല. വിദ്യാഭ്യാ‍സ വകുപ്പിന്റെ തലപ്പത്തിരിക്കുന്ന മന്ത്രിയ്ക്കെങ്കിലും ബോധവും പൊക്കണവും ഇല്ലെങ്കിൽ‌പ്പിന്നെ സമ്പൂർണ്ണ സാക്ഷരരാണെന്ന പ്രയോഗം തന്നെ കേരളക്കരയ്ക്ക് ഏച്ചുകെട്ടാണ്.  അദ്ധ്യാപികയ്ക്കെതിരായ നടപടി പിൻ‌വലിച്ച് തെറ്റ് തിരുത്തിയാൽ മന്ത്രിക്ക് ചീത്തപ്പേരൊന്നും ഉണ്ടാകില്ലെന്ന് മാത്രമല്ല, അൽ‌പ്പമെങ്കിലും മതിപ്പ് ഉണ്ടാക്കാനേ അതുപകരിക്കൂ. വൈകിയ വേളയിലെങ്കിലും വീണ്ടുവിചാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കുട്ടികൾക്ക് വേണ്ടി നിലകൊള്ളുകയും, ഉന്നതർക്ക് മുന്നിൽ അത് ആർജ്ജവത്തോടെ വിളിച്ചുപറയുകയും ചെയ്ത ഊർമ്മിളട്ടീച്ചർ എന്തുകൊണ്ടും അഭിനന്ദനമർഹിക്കുന്നു. ന്യായം സ്വന്തം ഭാഗത്തായിരുന്നിട്ടും ജാതിക്കാർഡ് ഇറക്കിക്കളിച്ചു എന്നതിൽ മാത്രമാണ് ടീച്ചർക്ക് A+ നഷ്ടമാകുന്നത്.

വാൽക്കഷണം :‌- മന്ത്രിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ Hon‘ble Education Minister എന്നു കണ്ടു. മന്ത്രിക്ക് വേണ്ടി മറ്റാരെങ്കിലുമാകാം ആ പേജ് നടത്തിക്കൊണ്ടുപോകുന്നത്. പക്ഷെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അത് മന്ത്രിയുടെ പേജാണ്. അവിടെ മന്ത്രി സ്വന്തമായി Hon‘ble എന്ന് ബഹുമാനം എഴുതിച്ചേർത്തിരിക്കുന്നത് ആർക്കെങ്കിലും അരോചകമായിത്തോന്നിയാൽ തെറ്റ് പറയാനാവില്ല. മന്ത്രിയുടെ ലെറ്റർ ഹെഡ്ഡിൽ Hon’ble Minister എന്ന് അച്ചടിച്ചിട്ടില്ലല്ലോ ? അതുപോലെ തന്നെ ഒന്നായിട്ടോ അതിനേക്കാൾ അധികാരസ്വഭാവം ഒരുപാട് കുറവുള്ളതായിട്ടോ വേണം ഫേസ്ബുക്ക് പേജിനെ കണക്കാക്കാൻ.