Monthly Archives: September 2014

പൊതുമരാമത്തിന് ഇരിക്കപ്പിണ്ഡം


കർന്ന് തരിപ്പണമാകുകയും, കുണ്ടും കുഴിയുമൊക്കെ നിറഞ്ഞ് പൊതുജനങ്ങളുടെ നട്ടെല്ലൊടിക്കുകയും, ആയിരക്കണക്കിന് പേരെ പരലോകം പൂകാൻ സഹായിക്കുകയും ചെയ്തുകൊണ്ട് കേരളത്തിലെ തോടുകൾ അഥവാ റോഡുകൾ ജനങ്ങളുടെ ജീവന് ഭീഷണിയായി ശോച്യാവസ്ഥ തുടരുന്നു. കോടതി പലവട്ടം ഇടപെട്ടിട്ടും നാണം കെട്ട സർക്കാർ എന്തെങ്കിലും ചെയ്തതായി പൊതുജനത്തിനറിയില്ല.

കുറേനാൾ പറഞ്ഞു ക്വാറി സമരം ആയതുകൊണ്ട് മെറ്റൽ കിട്ടാനില്ല എന്ന്. മഴ മാറിയാൽ ഉടനെ മലമറിച്ചുകളയും എന്നും പറയുന്നുണ്ടായിരുന്നു. എന്തെങ്കിലും നടപടികൾ ഉണ്ടായതായി മാത്രം കണ്ടില്ല. ജനം അപകടത്തിന്റെ നൂൽ‌പ്പാലത്തിലൂടെ യാത്ര തുടരുന്നു.

ഈ ഗതികേടിനെതിരെ ആരെങ്കിലുമൊക്കെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. റോഡ് നന്നാക്കണമെന്ന് പറഞ്ഞ് ഇടപ്പിള്ളി ഭാഗത്ത് മെട്രോ റെയിലിന്റെ പണികൾ തടസ്സപ്പെടുത്തിയതല്ലാതെ, പാർട്ടിക്കാർ ആരെങ്കിലും സജീവമായും കാര്യക്ഷമമായും ഈ പ്രശ്നത്തിൽ ഇടപെട്ടതായി കേട്ടിട്ടില്ല. മെട്രോ റെയിലുകാരാകട്ടെ അവർ കാരണം ഉണ്ടായ റോഡ് പ്രശ്നങ്ങളെല്ലാം തീർത്തതിന് ശേഷം മാത്രമാണ് അടുത്ത ലൊക്കേഷനിലേക്ക് പോകുന്നതെന്ന് നഗരത്തിലെ അവരുടെ ജോലികൾ നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാനാവുന്നതാണ്. (എന്റെ നിരീക്ഷണം തെറ്റാണെങ്കിൽ തിരുത്തുക.)

ഇന്ന് ഇടപ്പള്ളിയിലെ ലുലുമാളിന്റെ പരിസരത്തു വെച്ച്, റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ എറണാകുളത്തെ നാടക-സിനിമാ കലാകാരന്മാർ സംഘടിച്ച് പ്രതികരിക്കുന്നുണ്ടെന്നും പങ്കെടുക്കണമെന്നും ഫേസ്ബുക്ക് അറിയിപ്പ് കിട്ടിയതനുസരിച്ചാണ് രാവിലെ 11 മണിക്ക് ഇടപ്പള്ളിയിലെത്തിയത്. (ഫേസ്ബുക്കിലൂടെ അല്ലെങ്കിൽ ഓൺലൈനിലൂടെ നടത്തുന്ന ആളെക്കൂട്ടൽ എങ്ങനെയാണ് പര്യവസാനിക്കുന്നതെന്ന് കുറേയേറെ നാളുകളായി നിരീക്ഷിക്കുന്നതുകൊണ്ടും പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു.)

1

കോമാളി വേഷം കെട്ടിയ കലാകാരന്മാർ ശവപ്പെട്ടിയും റീത്തുകളുമൊക്കെയായി തെരുവുനാടകം കളിച്ച് പൊതുമരാമത്ത് വകുപ്പിനേയും ദേശീയ പാത അതോറിറ്റിയേയും കൊച്ചിൻ കോർപ്പറേഷനേയും ഡി.എം.ആർ.സി.യേയും പരിഹസിച്ചുകൊണ്ടാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. PWD മരിച്ചുപോയെന്ന് പറഞ്ഞ് ശവപ്പെട്ടിക്ക് മുകളിൽ വീണ് ആർത്തലച്ച് കരയുന്ന കുടുംബാംഗങ്ങളോട് മരണകാരണം തിരക്കപ്പെടുന്നു. വൈറ്റിലയിലും കുണ്ടന്നൂരും ഇടപ്പള്ളിയിലുമൊക്കെയുള്ള കുഴികളിൽ വീണ് നട്ടെല്ലൊടിഞ്ഞ് എല്ല് നുറുങ്ങി ആശുപത്രിയിൽ എത്തിക്കാൻ ആളില്ലാതെ റോഡിൽ കിടന്നാണ് PWD മരിച്ചിരിക്കുന്നതത്രേ ! നട്ടെല്ലില്ലാത്ത PWD യുടെ നട്ടെല്ല് എങ്ങനെ ഒടിയാനാണെന്ന കൂരമ്പുകളും ചെന്ന് തറക്കുന്നുണ്ട് ഭരണകൂടത്തിന്റെ നെഞ്ചിൽ.

2

റീത്ത് വെച്ച് ആദരാഞ്ജലികൾ അർപ്പിച്ച്, കുടത്തിലെ ജലം ധാരയായി ഒഴുക്കി ശവശരീരത്തെ വലം വെച്ച്, ആർത്തലച്ച് കരഞ്ഞ്, കള്ളപ്പണി നടത്തി റോഡുകൾ പൊളിയാൻ വേണ്ടി മാത്രം നിർമ്മിക്കുന്ന അധികാരി വർഗ്ഗത്തെയെല്ലാം കണക്കിന് കൊട്ടി കലാകാരന്മാർ. പൊതുജനമടക്കം എല്ലാവരും പുഷ്പ്പാർച്ചന നടത്തുകയും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തള്ളവിരലിൽ മഷി പതിപ്പിച്ച് രേഖപ്പെടുത്തുകയും ചെയ്തു. മാദ്ധ്യമപ്പട മൊത്തം അണിനിരന്നതോടെ രംഗം കൊഴുത്തു.

3

സിനിമാരംഗത്തുനിന്ന് ശ്രീ. ബിജിബാൽ, ശ്രീ.ആഷിക്ക് അബു എന്നിവർ പ്രതിഷേധവുമായി സന്നിഹിതരായിരുന്നു. ബ്യൂറോക്രാറ്റുകൾ റോഡ് തകർക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ക്രൂരന്മാരായ ഇക്കൂട്ടരെ നാടുകടത്താതെ രക്ഷയില്ലെന്നുമായിരുന്നു ആഷിക്ക് അബുവിന്റെ പ്രതികരണം. രാഷ്ട്രീയക്കാർക്കും ഈ വിഷയത്തിൽ പങ്കുണ്ടെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം സൂചിപ്പിച്ചു. വരും കാലങ്ങളിൽ ഈ പ്രതികരണം ആളിപ്പടരുമെന്നും ആഷിക്ക് അബു പറഞ്ഞു.

451

റോഡ് പൊളിയുന്നത് നിലവാരമില്ലാത്ത രീതിയിൽ നിർമ്മിക്കുന്നതുകൊണ്ട് മാത്രമാണ്. മഴ പെയ്താൽ റോഡ് പൊളിയുമെന്നത്, ശാസ്ത്രപുരോഗതിയിലൂടെ  ചൊവ്വയുടെ ഭ്രമണപഥം വരെ എത്തി നിൽക്കുന്ന ഭാരതീയന് പറയാൻ കൊള്ളുന്ന കാര്യമല്ല. സ്വന്തം പണം മുടക്കി മറൈൻ‌ഡ്രൈവിലെ കുഴികളിൽ കല്ലും കട്ടയുമൊക്കെ അടിച്ച് റോഡ് പണി നടത്തിയതിന്റെ പേരിൽ നടൻ ജയസൂര്യയ്ക്കെതിരെ നടപടി എടുക്കുകയും, ശാസ്ത്രീയമായി റോഡ് പണിയാൻ ജയസൂര്യയ്ക്ക് അറിയില്ലെന്നും പ്രതികരിച്ച കൊച്ചിൻ കോർപ്പറേഷൻ എത്രയിടത്ത് ശാസ്ത്രീയമായി റോഡുണ്ടാക്കിയിട്ടുണ്ട് ? നിങ്ങളുടെ റോഡുണ്ടാക്കൽ ശാസ്ത്രീയത ഒന്ന് പങ്കുവെക്കാൻ തയ്യാറുണ്ടോ ?

ഓരോ റോഡുകളിലൂടെയും കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരം കൂടെ കണക്കിലെടുത്ത് വേണം റോഡിന് അടിത്തറയിടാനും നിർമ്മിക്കാനും. മെറ്റലിൽ ടാറ് സ്പ്രേ ചെയ്ത് കുഴികളിൽ തൂവുന്നതിനെ റോഡ് പണിയെന്ന് വിളിക്കാനാവില്ല. വിദേശ കമ്പനികൾക്ക് ടെൻഡർ കൊടുത്തപ്പോൾ വളരെ മനോഹരമായി അവർ നിർമ്മിച്ച റോഡുകൾ പൊട്ടിപ്പൊളിയാതെ വർഷങ്ങളായി ഇന്നും കേരളത്തിലുണ്ട്. അത്തരം കമ്പനികൾക്ക് ചെയ്ത ജോലിക്കുള്ള പണം നൽകാതെ അതിലെ മേലുദ്യോഗസ്ഥൻ ഒരാളെക്കൊണ്ട് ആത്മഹത്യ ചെയ്യിപ്പിച്ച് നന്ദികേട് കാട്ടിയതിന്റെ കഥകൾ കേരളക്കരയ്ക്ക് തന്നെ അപമാനമാണ്.

പണിത് പോകുന്നതിന്റെ പിറ്റേന്ന് റോഡ് പൊളിഞ്ഞ് കൊല്ലത്തിൽ രണ്ട് വട്ടം  പുതുക്കിപ്പണിതാലേ ഉദ്യോഗസ്ഥന്മാരുടേയും പാർട്ടിക്കാരുടേയും കീശ വീർക്കുകയുള്ളൂ എന്നതുകൊണ്ടാണ് റോഡുകളുടെ ഈ അവസ്ഥ തുടർന്ന് പോകുന്നതെന്ന് അറിയാത്ത കുഞ്ഞുകുട്ടികൾ പോലുമില്ല ഈ നാട്ടിൽ. ഏതൊക്കെ സർക്കാരുകൾ മാറിമാറി വന്നാലും  ഇക്കാര്യത്തിൽ തടയിടാൻ പറ്റുന്നില്ല എന്നത് ഇതുവരെ ഭരിച്ച മുന്നണികൾക്കൊന്നും ഭൂഷണവുമല്ല. ഈ നില തുടർന്ന് പോയാൽ പശ്ചിമഘട്ടം മുഴുവൻ പൊട്ടിച്ചുകൊണ്ടുവന്ന് റോഡുകളിൽ നിരത്തിയാലും ഈ റോഡുകൾ നന്നാകാൻ പോകുന്നില്ല.

അധികം വലിച്ച് നീട്ടുന്നില്ല. ഇരിക്കപ്പിണ്ഡമാണ് ഇന്ന് കലാകാരന്മാർ ഇടപ്പള്ളിയിൽ വെച്ചിട്ട് പോയത്. കോലം കത്തിക്കുന്നതും പ്രതീകാത്മമായി സംസ്ക്കരിക്കുന്നതുമൊക്കെ നാണം കെടുത്തുന്നതിന്റെ അങ്ങേയറ്റമാണെന്ന് മനസ്സിലാക്കുക. നാണമില്ലാത്തവന് എന്തോന്ന് നാണം കെടുത്തൽ എന്നതാണ് നിലപാടെങ്കിൽ എന്തുപറഞ്ഞിട്ടും കാര്യമില്ലല്ലോ ?

വാൽക്കഷണം:- ഓൺലൈനിലൂടെ ആളെച്ചേർക്കാൻ ശ്രമിക്കുമ്പോൾ വരുമെന്ന് ഉറപ്പ് പറയുന്നവരുടെ പകുതിപോലും വരില്ലെന്നുള്ള എന്റെ നിരീക്ഷണവും അനുഭവവും ഇപ്രാവശ്യവും തെറ്റിയിട്ടില്ല. ഇത്തരം ചില കാര്യങ്ങളിലെങ്കിലും ഇതൊരു വെർച്ച്വൽ ലോകമാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.

6