റെക്സിൻ ചട്ട തുന്നിയിട്ട ഭാഗിയുടെ കിടക്കയോളം, ഹോട്ടൽ മുറിയിലെ പതുപതുത്ത മെത്ത എനിക്ക് പിടിക്കാത്തത്, ഞാൻ ലക്ഷണമൊത്ത ഒരു തെണ്ടിയായി മാറിയത് കൊണ്ടാകാം. എന്തായാലും തണുപ്പ് കുറഞ്ഞ ഭൂമികയിലേക്ക് ഓടി രക്ഷപ്പെട്ടത് വലിയ ആശ്വാസമായിട്ടുണ്ട്.
രാവിലെ പ്രാതൽ കഴിച്ചില്ലെങ്കിലും എനിക്കിപ്പോൾ വലിയ ബേജാറൊന്നും ഇല്ല. രാജസ്ഥാനിലെ ഭക്ഷണക്രമങ്ങൾ ശീലമായിരിക്കുന്നു.
11 മണിയോടെ റെയിൽവേ ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങി നേരെ പോയത്, കഴിഞ്ഞ വരവിൽ കാണാൻ വിട്ടുപോയ മഹാറാണിയോം കി ഛത്രി എന്ന സ്മൃതി മണ്ഡപങ്ങളിലേക്കാണ്.
രാജകുടുംബങ്ങളിലെ സ്ത്രീകളുടെ പ്രത്യേകിച്ച് മഹാറാണിമാരുടെ സംസ്ക്കാരം നടക്കുന്നത് ഇവിടെയാണ്. ശേഷം പല റാണിമാർക്കും വേണ്ടി സ്മൃതി മണ്ഡപങ്ങളും ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്.
ഇന്നും രാജകുടുംബത്തിലെ സ്ത്രീകളുടെ സംസ്ക്കാരം ഇവിടെയാണ് നടക്കുന്നത്.
* സവായ് മാധോ സിംഗ് രണ്ടാമന്റെ മഹാറാണിയായ ജാദോനിൻ്റെ സ്മൃതിമണ്ഡപമാണ് ഇവിടത്തെ പ്രധാനപ്പെട്ട ഒന്ന്. അഞ്ച് മകുടങ്ങൾ ഉള്ള ഒരു സ്മൃതി മണ്ഡപമാണ് അത്.
* ബുവ ഭാട്ടിജി, മഹാറാണി ജോഥി, മഹാറാണി ചന്ദ്രാവത്, മഹാറാണി ഛാലി എന്നിവരുടേതാണ് മറ്റ് സ്മൃതി മണ്ഡപങ്ങൾ.
* മഹാരാജ സവായ് മാൻസിംഗ് രണ്ടാമന്‍റെ റാണിമാരായ, മരുധർ കൺവർ, കിഷോർ കൺവർ, ഗായത്രി ദേവി എന്നിവരുടെ സ്മൃതി മണ്ഡപങ്ങളും ഇവിടെ കാണാം. അതിൽ മൂന്നിലും രാജചിഹ്നം രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഒരു മണ്ഡപത്തിൽ ആൽ വൃക്ഷം വളർന്നിരിക്കുന്നു. 30 രൂപയുടെ ടിക്കറ്റ് പിരിച്ച് ആളെ കടത്തിവിടുന്ന ഒരു സ്ഥലത്ത്, കാട് വെട്ടിത്തെളിച്ചില്ലെങ്കിലും മണ്ഡപത്തിന്റെ മുകളിൽ വളരുന്ന ചെടികൾ പറിച്ചു കളയുകയെങ്കിലും വേണ്ടേ? ഞാനക്കാര്യം ടിക്കറ്റ് കീറാൻ ഇരിക്കുന്ന ഉദ്യോഗസ്ഥനോട് പറഞ്ഞു. വേണ്ട നടപടികൾ ചെയ്യാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം പല പ്രാവശ്യം ഞാൻ കടന്നുപോയ വഴിയുടെ ഒരു വശത്താണ് ഈ സ്മൃതി മണ്ഡപങ്ങൾ. രാജാക്കന്മാരുടെ സ്മൃതിമണ്ഡപങ്ങളിൽ ഞാൻ തപ്പിപ്പിടിച്ച് പോകുകയും ചെയ്തിരുന്നു.
പക്ഷേ എളുപ്പത്തിൽ പോകാൻ പറ്റുമായിരുന്നതും മാൻസിംഗ് തടാകത്തിലെ ജൽമഹലിന് അടുത്തുള്ളതുമായ റാണിമാരുടെ സ്മൃതിപണ്ഡപം എനിക്കെന്തേ അന്ന് അന്യമായിപ്പോയി? ദുർഘടം പിടിച്ച വഴികൾ പ്രിയങ്കരവും തൊട്ടടുത്തുള്ള കാഴ്ചകൾ മങ്ങുകയും ആണോ?
ഇപ്രാവശ്യം, ഒരു മാസത്തെ ഇടവേളയ്ക്കുള്ളിൽ ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം, മാൻസിംഗ് തടാകക്കരയിലുള്ള ചൗപ്പാത്തിയിലെ കച്ചവടങ്ങൾ പൂർണ്ണമായും പോലീസ് ഒഴിപ്പിച്ചിരിക്കുന്നു. അങ്ങനെ ഒരു നീക്കം നടക്കുന്നുണ്ടെന്ന് അന്ന് ഞാൻ മനസ്സിലാക്കിയിരുന്നത് ഇവിടെ സൂചിപ്പിച്ചിരുന്നു. നൂറുകണക്കിന് കച്ചവടക്കാർ എങ്ങോട്ട് പോയോ എന്തോ? സത്യത്തിൽ അതോടെ ചൗപ്പാത്തിയിലെ തിരക്കും കുറഞ്ഞിരിക്കുന്നു.
ജയ്പൂരിലെ പ്രശസ്തമായ ബ്ലൂ പോട്ടറി ചിലത് വാങ്ങാൻ ആയിരുന്നു ബാക്കിയുള്ള സമയം ചിലവഴിച്ചത്. ഈ പോട്ടറി നിർമ്മാണത്തിന് കളിമണ്ണ് അല്ല ഉപയോഗിക്കുന്നത്. മൈദ, ക്വാട്ട്സ് കല്ലിന്റെ പൊടി, ചില്ല് പൊടി, പശ, വെള്ളം എന്നിവയാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കൈ കൊണ്ടാണ് ഇതിലെ പെയിൻ്റും കലാരൂപങ്ങളും ചെയ്യുന്നത്.
കുറച്ചധികം നീല പാത്രങ്ങൾ ഞാൻ വാങ്ങി. നാളെയും ചില ഷോപ്പിംഗ് പദ്ധതികൾ ഉണ്ട്. കൃഷിക്കാർ തരുന്ന പച്ചക്കറികൾ വേവിച്ചു തിന്ന് ഗ്രാമങ്ങളിൽ സഞ്ചരിച്ചിരുന്നപ്പോൾ തുച്ഛമായ ചിലവായിരുന്നു. അത് സന്തുലനം ചെയ്യാനെന്ന വണ്ണം പട്ടണത്തിലേക്ക് വരുമ്പോൾ ചിലവ് മികച്ചതാകുന്നുണ്ട്.
പരിചയമുള്ള നഗരമായതുകൊണ്ട്, ഇരുട്ട് വീണിട്ടും ഞാൻ ചുറ്റിക്കറങ്ങി നടന്നു. വൈദ്യുത വെളിച്ചം വീണ് ശോഭിച്ചു നിൽക്കുന്ന ഹവാ മഹലിൻ്റെ ഭംഗി ആസ്വദിച്ച് കുറെ നേരം അവിടേയും നിന്നു. രാത്രിയായാൽ, ഭോജനശാലകൾ സജീവമാകുന്ന ജയ്പൂരിൻ്റെ തെരുവുകൾ ഇപ്പോൾ എനിക്ക് നല്ല നിശ്ചയമാണ്. അത്തരത്തിലൊരു തെരുവിലെ ഭോജനശാലയിൽ നിന്ന് അത്താഴം കഴിഞ്ഞശേഷം റെയിൽവേ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയപ്പോൾ 9 മണി. അതുകൊണ്ടാണ് ഈ കുറിപ്പ് വൈകിയത്.
നാളത്തെ ദിവസത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. നാളെ ഈ യാത്ര 100 ദിവസം തികയ്ക്കുകയാണ്. ജീവിതത്തിൽ ഇന്നേവരെ ഞാൻ ചെയ്തിട്ടുള്ള ഏറ്റവും ദൈർഘമേറിയ യാത്രയും ഇതുതന്നെ. അതൊന്ന് ആഘോഷിക്കണമെന്ന് മഞ്ജുവിനോട് ഞാൻ ചട്ടം കെട്ടിയിട്ടുണ്ട്. ഈ നഗരത്തിൽ എനിക്ക് ആകെ പരിചയമുള്ളത് മഞ്ജുവിനേയും നിതേഷിനേയും മാത്രമാണല്ലോ.
ശുഭരാത്രി.