റോഡിലൊരു പഞ്ചർ കട


11

ടപ്പള്ളിയിൽ നിന്ന് എറണാകുളത്തേക്ക് പോകുമ്പോൾ പാലാരിവട്ടത്തേക്കും കലൂർക്കും തിരിയുന്ന, നല്ല തിരക്കുള്ള പോളക്കുളത്ത് കവലയിൽ നിന്നുള്ള ഒരു ചിത്രമാണിത്.

ട്രാഫിൿ വാർഡൻ നിയന്ത്രിക്കുന്ന ഈ കവലയിൽ, കലൂർക്ക് പോകുന്നവർ വലത്തേക്ക് തിരിഞ്ഞാലുടനെ, ഒരു ഓട്ടോറിക്ഷ (KL07AQ9268) ‘നോ പാർക്കിങ്ങ് ‘ ബോർഡ് അവഗണിച്ച് കിടക്കുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണ്. വാർഡന്റെ സിഗ്നൽ കിട്ടി ഇടതുവശത്തുകൂടെ മുന്നോട്ട് നീങ്ങുന്ന വാഹനങ്ങൾ ഈ ഓട്ടോയുടെ പിന്നിൽ ചെന്ന് പെട്ട്, മുന്നോട്ട് നീങ്ങാനാവാതെ വലയുന്നതും പതിവാണ്.

പല പ്രാവശ്യം ഇത് കണ്ടപ്പോൾ ഞാനതൊന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇതിന്റെ കിടപ്പുവശം മനസ്സിലാകുകയും ചെയ്തു.

ആ കിടക്കുന്നത് വെറുമൊരു ഓട്ടോറിക്ഷയല്ല. അതൊരു പഞ്ചറൊട്ടിപ്പ് കടയാണ്. അതിന്റെ നടത്തിപ്പുകാരൻ ഇരിക്കുന്ന കസേരയും ഒന്നുരണ്ട് ട്യൂബും ടയറുമൊക്കെ അവിടെ കാണാം. ഓട്ടോയ്ക്ക് അകത്തുള്ളത് പഞ്ചറൊട്ടിപ്പ് കടയിൽ അവശ്യം വേണ്ട ഉപകരണമായ എയർ കംമ്പ്രസ്സർ ആണ്. ചില സമയങ്ങളിൽ, ഗതാഗതക്കുരുക്ക് കുറച്ചുകൂടെ കൊഴുപ്പിച്ചുകൊണ്ട് പഞ്ചറൊട്ടിക്കാനായി മറ്റൊരു ഓട്ടോറിക്ഷയോ ഇരുചക്രവാഹനമോ അവിടെ നിർത്തിയിട്ടുണ്ടാകും.

(ഏറെ നാളുകൾക്ക് ശേഷം അൽപ്പം ബുദ്ധിമുട്ടിയാണ്, എന്റെ വാഹനം അവിടെ നിർത്തി ഇങ്ങനെയൊരു ചിത്രമെടുക്കാൻ സാധിച്ചത്) ഈ വഴി പോകുന്നവർ പലരും ഇത് ശ്രദ്ധിച്ചിട്ടുണ്ടാകും. ഇല്ലെങ്കിൽ ഇനിയെങ്കിലും ശ്രദ്ധിക്കുക. ഈ നിരത്തുകളൊക്കെ എന്റേയും നിങ്ങളുടേയും കൂടെയാണ്. ഏതെങ്കിലുമൊരു പഞ്ചറൊട്ടിപ്പുകാരന് നമ്മളത് തീറെഴുതി കൊടുത്തിട്ടില്ല.

ഫുട്ട്പാത്തുകൾ കൈയടക്കിയ കച്ചവടക്കാരും കടകളും, നിരത്ത് കൂടെ പിടിച്ചെടുക്കാൻ തുടങ്ങിയിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ഇതേ മാതൃക കൈയ്യൂക്കുള്ള പത്തിരുപത് പേർ കൂടെ പിന്തുടർന്നാൽ, ഒരത്യാവശ്യത്തിന് ആമ്പുലൻസുകൾ പോലും ഭാവിയിൽ നിരത്തുകളിലൂടെ മുന്നോട്ട് നീങ്ങിയെന്ന് വരില്ല.

വലിയ വലിയ പൊലീസ് ഏമാന്മാരും മുതിർന്ന ട്രാഫിൿ ഏമാന്മാരുമൊക്കെ സ്ഥിരം കടന്നുപോകുന്ന ഒരു കവലയിലെ കാര്യമാണിത്. അവരാരും ഇതൊന്നും കാണുന്നില്ലെന്നാണോ അതോ കണ്ടിട്ടും കാര്യമാക്കുന്നില്ലെന്നാണോ? ഇന്നാട്ടിൽ പ്രത്രേകിച്ചൊരു നിയമവ്യവസ്ഥയും ഇല്ലെന്നാണോ അതോ UAPA മാത്രമേ ഉള്ളെന്നോ ? ആർക്കും എന്ത് തോന്ന്യാസവും കാണിക്കാൻ പറ്റുന്ന സ്ഥലങ്ങളെ നമ്മളൊരു ഓമനപ്പേരിൽ വിളിക്കാറില്ലേ ? വെ..വെ..വെള്ളരി… ങ്ഹാ അതുതന്നെ. വെള്ളരിക്കാപ്പട്ടണം.

വാൽക്കഷണം:- കേരള പൊലീസിനെ Kerala Police ചുമ്മാ ഒന്ന് ടാഗ് ചെയ്യുന്നുണ്ട്. തിരക്കുകൾക്കിടയിൽ കാണാതെ പോയതാണെങ്കിൽ ഒന്ന് കണ്ടോട്ട്. :)

#കേരളത്തിലെ_റോഡുകൾ

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>