Monthly Archives: May 2012

Red-2BTape

ഇങ്ങനേയും ചിലർ


കുറച്ച് ദിവസമായി ഒരു സ്ഥാപനത്തിനുള്ള ലൈസൻസ് ഒപ്പിക്കാനായി പഞ്ചായത്താപ്പീസിന്റെ തിണ്ണ നിരങ്ങുന്നു. ഒരുദ്യോഗസ്ഥ സ്ഥാപനത്തിന്റെ ഓഫീസ് ഇൻ‌സ്‌പെൿഷന് വന്നു. ഫോർവ്വേഡിങ്ങ് നോട്ട് എഴുതേണ്ടത് മറ്റൊരു ഉദ്യോഗസ്ഥനാണ്. ജാതി സെൻസസിന്റെ ജോലികൾ നടക്കുന്നതുകൊണ്ട് ഇതിൽ പല പഞ്ചായത്ത് ഉദ്യോഗസ്ഥരും ഫീൽഡ് വർക്കിലാണ്. ദിനങ്ങൾ കാര്യമായൊന്നും സംഭവിക്കാതെ കടന്നുപൊയ്ക്കൊണ്ടിരുന്നു.

 

തിങ്കളാഴ്ച്ച കണ്ടപ്പോൾ എൽ.ഡി.ക്ലാർക്ക് പറഞ്ഞത്  ‘കടലാസെല്ലാം ഞാൻ എഴുതി വെച്ചിട്ടുണ്ട്. പക്ഷെ, ചൊവ്വാഴ്ച്ച മെയ് ദിനം, ബുധനാഴ്ച്ച ഞാൻ ലീവിലാണ്. വ്യാഴാഴ്ച്ച വന്നാൽ ഞാനും പഞ്ചായത്ത് സക്രട്ടറിയും ഉണ്ടാകും. ലൈസൻസിന്റെ ഫീസ് സക്രട്ടറി തീരുമാനിക്കും, താങ്കൾക്ക് അത് അടച്ചിട്ട് പോകാം.’

വ്യാഴാഴ്ച്ച ആയപ്പോൾ അപ്പുറത്തുള്ള മറ്റൊരു പഞ്ചായത്തിൽ ഹർത്താൽ. എൽ.ഡി.ക്ലാർക്കിന് ഓഫീസിൽ എത്താനായില്ല. ഇന്നെങ്കിലും നടക്കും എന്നാശിച്ച് ചെന്നതാണ്. എന്തുചെയ്യണമെന്നറിയാതെ പഞ്ചായത്ത് വരാന്തയിലെ ഒരു കസേരയിൽ ഇരുന്നുപോയി. അൽ‌പ്പനേരം കഴിഞ്ഞപ്പോൾ സക്രട്ടറിയുടെ മുറിയുടെ മുന്നിൽ നിന്ന് ആറടിയോളം ഉയരമുള്ള ഒരു ചെറുപ്പക്കാരൻ എന്തുപറ്റിയെന്ന് ആംഗ്യഭാഷയിൽ ആരോടോ ചോദിക്കുന്നു. പിന്നിലാരുമില്ല ; ചോദ്യം എന്നോട് തന്നെയായിരുന്നു. ‘ഇതാരാണാവോ?’ എന്ന ചോദ്യം മനസ്സിലിട്ട് അമ്മാനമാടി ഞാനദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു. സക്രട്ടറിയുടെ മുറിയുടെ മുന്നിൽ നിൽക്കുന്ന എല്ലാവരും സക്രട്ടറി ആകണമെന്നില്ലല്ലോ ? സക്രട്ടറിയെ ഒരു മാസം മുൻപ് കണ്ടതുമാണ്. ഇതേതായാലും സക്രട്ടറിയല്ല. പക്ഷെ, എന്റെ കണക്കുകൂട്ടൽ തെറ്റി. അത് പുതിയതായി ചാർജ്ജെടുത്ത പഞ്ചായത്ത് സക്രട്ടറി തന്നെയായിരുന്നു.

സങ്കടം ബോധിപ്പിച്ചു. സക്രട്ടറി തന്നെ നേരിട്ട് എൽ.ഡി. ക്ലർക്കിന്റെ മേശയ്ക്ക് അകവും പുറവുമൊക്കെ തപ്പി എന്റെ ഫയൽ കണ്ടെടുത്തു. ചില പുസ്തകങ്ങൾ റഫർ ചെയ്തു, ചില ചോദ്യങ്ങൾ എറിഞ്ഞു, ലൈസൻസിനുള്ള ഫീസ് നിശ്ചയിച്ചു, അപേക്ഷയിൽ ചേർക്കേണ്ട ചില പ്രധാന കാര്യങ്ങൾ എഴുതിച്ചേർക്കാൻ നിർദ്ദേശിച്ചു. ക്യാഷ് കൌണ്ടറിൽ ആളില്ലെന്ന് കണ്ടപ്പോൾ താൽക്കാലികമായി ഒരാളെ അവിടെ കൊണ്ടിരുത്തി. പണമടച്ച് അഞ്ച് മിനിറ്റിനകം ഞാൻ വെളിയിലിറങ്ങി. പുതിയ സക്രട്ടറിയെപ്പറ്റി ഒരു ജീവനക്കാരന്റെ കമന്റ് അതിനിടയ്ക്ക് കേൾക്കുകയും ചെയ്തു. ‘സക്രട്ടറിയുടെ ടേബിളിൽ പത്ത് മിനിറ്റിൽ കൂടുതൽ ഒരു കടലാസും ഇരിക്കാറില്ല.’

വില്ലേജ് ആപ്പീസിൽ ചെന്ന് ഒരു ചുവപ്പ് നാട കൂടെ അഴിക്കാനുണ്ട്. വൈദ്യുതി, വെള്ളം എന്നതൊക്കെ കിട്ടാനായി വില്ലേജ് അപ്പീസർ ഒപ്പിട്ട കൈവശാവകാശ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കണം. അതിനിടയ്ക്ക് ഒരു സുഹൃത്തിനെക്കാണാൻ പഞ്ചായത്ത് ആപ്പീസിന്റെ തൊട്ടടുത്തുള്ള ഒരു സ്വകാര്യസ്ഥാപനത്തിലേക്ക് കയറിയപ്പോൾ വില്ലേജ് ഓഫീസർ അതാ അവിടിരിക്കുന്നു! മുൻപ് കണ്ടുപരിചയം ഉള്ള സ്ത്രീ ആയതുകൊണ്ട് ഒരു നമസ്ക്കാരം പറഞ്ഞ് മാറിയിരുന്നു. തിരക്കൊഴിഞ്ഞപ്പോൾ അൽ‌പ്പം കുശലം പറയാനുള്ള ധൈര്യവും കാണിച്ചു.

‘മാഡം ഇന്ന് ഓഫീസിൽ ഉണ്ടാകില്ലേ ?‘
‘ഇല്ല. ഇന്ന് ഹർത്താൽ കാരണം ബസ്സില്ലല്ലോ.’
‘ഞാൻ വേണമെങ്കിൽ കൊണ്ടാക്കിത്തരാം. എനിക്കൊരു കടലാസ് മാഡത്തിന്റടുത്തുനിന്ന് ഒപ്പിട്ട് കിട്ടാനുമുണ്ട് ‘
‘പോയാൽ മാത്രം പോരല്ലോ. തിരിച്ച് വരണ്ടേ ?. എന്ത് സർട്ടിഫിക്കറ്റ് ആണ് വേണ്ടത് ?’
‘കൈവശാവകാശ സർട്ടിഫിക്കറ്റ് ‘

പിന്നീട് കേട്ടത് വിശ്വസിക്കാൻ ഞാനൽ‌പ്പം സമയമെടുത്തു.

‘താഴെ ഏതെങ്കിലും കടയിൽ ചോദിച്ചാൽ കൈവശാവകാശ സർട്ടിഫിക്കറ്റിന്റെ അപേക്ഷാ ഫോം കിട്ടും. ആധാരവും കരമടച്ച രസീറ്റും കാണിക്കാമെങ്കിൽ സർട്ടിഫിക്കറ്റ് ഞാൻ ഇവിടിരുന്ന് എഴുതിത്തരാം. ഓഫീസിൽ ചെന്നാൽ അതിൽ സീല് വെച്ച് തരും. ഹർത്താലാണെങ്കിലും രണ്ടുപേർ ഓഫീസിൽ എത്തിയിട്ടുണ്ട്.’

സകലമാന രേഖകളും കടലാസുകളും തോൾസഞ്ചിയിലിട്ടാണ് ഈയിടെയായി പുറത്തിറങ്ങുന്നത് തന്നെ. അപേക്ഷാ ഫോം വാങ്ങി വരുന്നത് വരെ വില്ലേജ് ഓഫീസർ എനിക്കായി കാത്തിരുന്നു. നിമിഷനേരം കൊണ്ട് കൈവശാവകാശ സർട്ടിഫിക്കറ്റ് റെഡി. ഇനി ഓഫീസിൽ ചെന്ന് സീല് വെപ്പിച്ചാൽ മാത്രം മതി.

‘വീട്ടിൽ കൊണ്ടുപോയി വിടണോ മാഡം ?’
‘ഹേയ് വേണ്ട.’

ഒരു ചിരിയും സമ്മാനിച്ച് ഓഫീസർ നടന്നകന്നു.

വില്ലേജ് ഓഫീസിൽ ചെന്നിട്ടാണെങ്കിൽ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും ക്യൂ നിന്നാലല്ലാതെ ഓഫീസറുടെ ടേബിളിൽ എത്തില്ല. അങ്ങനൊരു കാര്യമാണ് അധികം അലച്ചിലില്ലാതെ നടന്നിരിക്കുന്നത് ; അതും ദേശീയോത്സവമായ ഹർത്താലിന്റെ അസ്‌ക്കിതയുള്ള ഒരു ദിവസം. ഓഫീസിന് വെളിയിൽ വെച്ചാണെങ്കിലും രേഖകൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് തയ്യാറാക്കിത്തരാൻ ഒരു സർക്കാർ ഉദ്യോഗസ്ഥ കാണിച്ച താൽ‌പ്പര്യത്തിനു മുന്നിൽ നമിക്കാതെ വയ്യ. ശ്രീമതി ജയശ്രീയെപ്പോലുള്ള സർക്കാർ ഉദ്യോഗസ്ഥരെക്കൊണ്ട് ഈ നാട് നിറയട്ടെ എന്നാശിച്ചു പോകുന്നു.

പത്ത് മിനിറ്റിൽ കൂടുതൽ സമയം ഒരു ഫയലും സ്വന്തം മേശപ്പുറത്ത് ഇരിക്കാൻ അനുവദിക്കാത്ത ബിനോയ് പി.മൈക്കിൾ എന്ന പുതിയ പഞ്ചായത്ത് സക്രട്ടറിയെ പുകഴ്‌ത്താനുള്ള അക്ഷരങ്ങൾക്കായി നിരക്ഷരനായ ഞാനിനി എവിടെപ്പോകും ?

അത്രയ്ക്ക് അധികം സർക്കാർ ഓഫീസുകളിലൊന്നും കയറി ഇറങ്ങേണ്ടി വന്നിട്ടില്ല ഇക്കാലത്തിനിടയ്ക്ക്. സർക്കാർ ഓഫീസുകളിലെ ഇഴച്ചിൽ ഉള്ളത് തന്നെയാണ്. പക്ഷെ, വേണമെന്ന് വിചാരിച്ചാൽ എല്ലാം സമയാസമയം നടക്കും. ചുവപ്പ് നാടകളും കൈമടക്കുമൊന്നും ഇല്ലാതെയും കാര്യങ്ങൾ സുഗമമായി നീങ്ങും. കുഴുപ്പിള്ളി വില്ലേജ് ഓഫീസർ ശ്രീമതി ജയശ്രീയെപ്പോലെയും പള്ളിപ്പുറം പഞ്ചായത്ത് സക്രട്ടറി ശ്രീ.ബിനോയ് പി.മൈക്കിളിനെപ്പോലെയുമുള്ള കുരുക്കഴിക്കാൻ മനസ്സുള്ളവരും കെൽ‌പ്പുള്ളവരും ധാരാളമായി നിസ്വാർത്ഥ സേവകരായി സർവ്വീസിൽ ഉണ്ടാകണമെന്ന് മാത്രം.

ഒരുപാട് സന്തോഷമുണ്ടായ ഒരു ദിവസമാണിന്ന്. ഇതുവരെ സർക്കാർ ആപ്പീസുകളിൽ നിരങ്ങിയതിന്റെ പരാതിയെല്ലാം മറക്കാൻ എനിക്കീ ഒറ്റ ദിവസം മാത്രം മതി.