ബിരുദ പഠനകാലത്ത് നാല് കൊല്ലത്തിലേറെ കാലം കണ്ണൂര് ജീവിച്ചിട്ടും, തെയ്യം ഒന്നുപോലും കാണാൻ എനിക്കായിട്ടില്ല; പഴശ്ശിനിക്കടവ് ക്ഷേത്രത്തിൽ പോകുമ്പോൾ എപ്പോഴും കാണുന്ന മുത്തപ്പന്റെ തെയ്യം മാറ്റി നിർത്തിയാൽ.
കണ്ണൂർക്കാരനായ ഷാജി മുള്ളൂർക്കാരനും കൂട്ടരും കുറേ കൊല്ലങ്ങളായി തെയ്യത്തിന്റെ സീസണാകുമ്പോൾ കണ്ണൂർക്ക് ക്ഷണിക്കുന്നു. പക്ഷേ, പോകാനൊക്കുന്നില്ല. തെയ്യം കാണാനുള്ള യോഗം പിണങ്ങി മാറി നിൽക്കുന്നത് പോലെ.
എന്തായാലും, കഴിഞ്ഞമാസം കണ്ണൂർ സുഹൃത്തുക്കളായ രാജേഷിന്റേയും സിന്ധുട്ടീച്ചറിന്റേയും കൂടെ മാടായിപ്പറമ്പും മാടായിക്കാവും ജൂതക്കുളവുമൊക്കെ സന്ദർശിച്ച കൂട്ടത്തിൽ ഒരു തെയ്യവും കാണാൻ പറ്റുമെന്ന അവസ്ഥ സംജാതമായി.
നീലിയാർ ഭഗവതി എന്നാണ് തെയ്യത്തിന്റെ പേര്. കോട്ടത്തിയ, ഒറ്റത്തറ എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവീ തെയ്യത്തിന് മഹാകാളി സങ്കൽപ്പമാണുള്ളത്. കുട്ടികളില്ലാത്തവരും ഗർഭിണികളും തെയ്യം നേരുകയും പ്രസവത്തിന് ശേഷം തെയ്യം കെട്ടിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രത്യേക കാലപരിധിയൊന്നും ഇല്ലാതെ ഏത് സമയത്തും നീലിയാർ കോട്ടം കാണാൻ പറ്റിയെന്ന് വരുംം മംഗല്യ സൌഭാഗ്യത്തിനും തെയ്യം നേരുന്നവരുണ്ട്. വണ്ണാൻ സമുദായക്കാരാണ് നീലിയാർ തെയ്യം കെട്ടിയാടുന്നത്.
കൊട്ടിയൂരിനടുത്തുള്ള മണത്തണ എന്ന സ്ഥലത്ത് സുന്ദരിയും തർക്കശാസ്ത്രവിദഗ്ദ്ധയുമായ കീഴ്‌ജാതിക്കാരിയായ നീലി രാജാവിനാൽ അപമൃത്യുവിനിരയാക്കപ്പെടുകയും പിന്നീട് നീലിയാർ കോട്ടമായി അവതരിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.
മണത്തണ ഇല്ലത്തെ കുളത്തിൽ കുളിക്കാനെത്തുന്നവരെ സുന്ദരിയുടെ രൂപത്തിൽ സമീപിക്കുന്ന നീലി, അവർക്ക് എണ്ണയും താളിയും നൽകാനായി സമീപിക്കുകയും അവരെ കൊന്ന് ചോര കുടിക്കുകയും പതിവായിരുന്നു. ഒരിക്കൾ പണ്ഡിതശ്രേഷ്ഠനായ കാളക്കാട്ട് നമ്പൂതിരിക്ക് എണ്ണയും താളിയും നൽകിയപ്പോൾ അമ്മ നൽകിയ അമൃതാണ് ഇതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹമത് കുടിച്ചു. അമ്മ എന്ന് വിളിച്ചതുകൊണ്ട് നീലി അദ്ദേഹത്തെ കൊന്നില്ലെന്ന് മാത്രമല്ല, നമ്പൂതിരിയുടെ ഓലക്കുടയിൽ കയറി പോരുകയും പുലിയും പശുവും ഉള്ളയിടത്ത് തന്നെ കുടിയിരുത്തണമെന്ന് പറയുകയും ചെയ്തു. മാങ്ങാട്ട് പറമ്പിൽ എത്തിയപ്പോൾ അവിടെ പശുവും പുലിയും ഒരുമിച്ച് മേയുന്നത് കാണുകയും നമ്പൂതിരി ഓലക്കുട ഇറക്കി വെച്ച് അവിടെ വിശ്രമിച്ചെന്നും ഐതിഹ്യം.
മാങ്ങാട്ട് പറമ്പ് ദേശീയ പാതയിൽ നിന്നും അധികം ദൂരമില്ല തെയ്യം കെട്ടിയാടുന്ന പത്തൊൻപത് ഏക്കറോളം വിസ്തൃതിയുള്ള കാവിലേക്ക്. കാവിലുള്ള വള്ളികൾ നിലത്തുകൂടെയാണ് പരന്ന് കിടന്ന് ഇഴയുന്നത്. നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാശം ഭൂമിയിൽ പതിക്കില്ല. അത്രയ്ക്ക് നിബിഢം. തലകുനിക്കാതെ ആർക്കും കാവിനകത്തേക്ക് കടന്നു ചെല്ലാനുമാവില്ല.
ഞങ്ങൾ സ്ഥലത്തെത്തുമ്പോൾ തെയ്യം 20 അടിയോളം കിളരമുള്ള മുടിയുമായി അൽപ്പം ഒഴിഞ്ഞ ഒരു പ്രദേശത്ത് അതിഗംഭീരമായി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു. ഞങ്ങളോട് വഴി മാറി നിൽക്കാൻ സഹായികൾ ആവശ്യപ്പെട്ടു. പെട്ടെന്ന് തെയ്യം തിരിഞ്ഞ് നിന്ന് കാവിനകത്തേക്ക് ഓടിക്കയറി. നാലടി പോലും ഉയരമില്ലാതെ വള്ളികൾ നിറഞ്ഞുനിൽക്കുന്ന കാവിൽ ഇരുപത് അടി ഉയരമുള്ള മുടിയിടിച്ച് തെയ്യം വീഴില്ലേയെന്ന് ഞാൻ ആശങ്കപ്പെട്ടു. പക്ഷെ, തെയ്യത്തിന്റെ ചുവന്ന ശരീരം കാവിനകത്തേക്ക് കുഴപ്പമൊന്നും ഇല്ലാതെ കടന്നുപോകുന്നത് വള്ളികൾക്കിടയിലൂടെ കാണാനാകുന്നുണ്ട്. ഞങ്ങൾ നീലിയാർ കോട്ടത്തെ പിന്തുടർന്നു. മരങ്ങളിലും വള്ളികളിലും മുടി ഇടിക്കാതെ പോകാനാകുന്ന ഒരു കാട്ടുപാതയിലൂടെയാണ് തെയ്യം ഉള്ളിലേക്ക് പോയിരിക്കുന്നത്.
തെയ്യം മുടിയും വേഷവുമൊക്കെ അഴിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാലാൾ താങ്ങിയെടുത്താണ്, തെയ്യത്തിന്റെ വാരിയെല്ലിനോട് ചേർന്ന് ഇരുമ്പ് ചട്ടയുടെ സഹായത്തോടെ ഉറപ്പിച്ചിരുന്ന മുടി അഴിച്ച് താഴെ വെച്ചത്. അത്രയും ഉയരവും ഭാരവുമുള്ള മുടി താങ്ങി നിന്നിരുന്ന അഞ്ചരയടി ഉയരം മാത്രമുള്ള മനുഷ്യന്റെ കായികക്ഷമത അപാരം തന്നെ. ഇതുവരെ നല്ലൊരു തെയ്യം കാണാതെ പോയ ഒരുത്തന് ഇതിൽപ്പരം ആനന്ദം ഇനിയെന്തുണ്ടാകാൻ !!
ഭക്തനല്ലാത്തതുകൊണ്ടും മുൻപ് ഒരു തെയ്യത്തിനോട് ഇടപഴകാത്തതുകൊണ്ടും, ഒരുപാട് സംശയങ്ങൾ ഉണ്ടെങ്കിലും എങ്ങനെ, എന്ത് ചോദിക്കണം എന്ന് ശങ്കിച്ച് നിന്നു ഞാൻ. തെയ്യത്തിന്റെ പേര് മനസ്സിൽ അപ്പോഴും ശരിക്ക് പതിയാത്തതുകൊണ്ട് ഞാനത് അറച്ചറച്ച് മെല്ലെ ചോദിച്ചു. അപ്പോഴേക്കും തെയ്യം അതിന്റെ മുടിയും വേഷവുമെല്ലാം അഴിച്ചുമാറ്റിക്കഴിഞ്ഞിരുന്നു. ദേവി സങ്കൽപ്പമെല്ലാം കഴിഞ്ഞിരിക്കുന്നു.
എന്റെ ചോദ്യത്തിന് മറുപടി കിട്ടി. “ഹരിദാസ് “
——————————————–
ചിത്രങ്ങൾ:- രാജേഷ് കെ.വി.
Nice
എന്തെല്ലാം വൈവിധ്യമാർന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും ആണ് ഈ കൊച്ചു കേരളത്തിൽ തന്നെ. മനസ്സിലെ ശങ്കയെല്ലാം ദൂരീകരിച്ച് മനോജേട്ടൻ ചോദിച്ചുവന്നപ്പോഴേയ്ക്കും നീലിയാർകോട്ടം ഹരിദാസായി മാറിക്കഴിഞ്ഞിരുന്നു അല്ലെ.