ബറോഡയിൽ കാണാനുള്ള കാര്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് എന്താണെന്ന് ചോദിച്ചാൽ ലക്ഷ്മി വിലാസ് പാലസ് തന്നെ.
വലിപ്പത്തിൽ രാജസ്ഥാനിലെ പല കൊട്ടാരങ്ങളെക്കാളും ചെറുതായിരിക്കാം ഇത്. പക്ഷേ കൊട്ടാരത്തിൻ്റെ മോടിയിലും സങ്കീർണമായ കലാപരിപാടികളിലും രാജസ്ഥാൻ കൊട്ടാരങ്ങളെ വെല്ലുന്ന ഒന്നാണ് ലക്ഷ്മി വിലാസ് കൊട്ടാരം.
പ്രവേശന ഫീസ് 250 രൂപ. തൊട്ടടുത്തുള്ള മ്യൂസിയത്തിന്റെ ടിക്കറ്റ് കൂടെ എടുത്താൽ, മ്യൂസിയം 25 രൂപ കുറച്ചു കിട്ടും. എനിക്ക് പക്ഷേ മൊത്തത്തിൽ ഈ സന്ദർശനം സൗജന്യമായിരുന്നു. ശ്യാമിനെ കാണാമെന്ന് പറഞ്ഞത് കൊട്ടാരത്തിൽ വെച്ചാണ്. എന്റെ ടിക്കറ്റ് കൂടെ ശ്യാം Syam Mohan എടുത്തു. ശ്യാമും ഭാര്യയും മക്കളും അമ്മയും അച്ഛനും മറ്റ് കുടുംബാംഗങ്ങളും എല്ലാം ചേർന്ന് 17 പേരുള്ള ഒരു സംഘമാണ് ബറോഡയിൽ എത്തിയിരിക്കുന്നത്.
ചരിത്രാദ്ധ്യാപിക ആയിരുന്ന ശ്യാമിന്റെ അമ്മ കൃഷ്ണകുമാരി ടീച്ചർ എൻ്റെ ഈ യാത്ര വിടാതെ പിന്തുടരുകയും വായിക്കുകയും ചെയ്യുന്നുണ്ട്. അതിൽപ്പരം വേറെന്ത് സന്തോഷം വേണം?
കൊട്ടാരത്തിന് അകത്ത് പടങ്ങൾ എടുക്കാൻ അനുവാദമില്ല. കൃത്യമായ നിരീക്ഷണം ഉണ്ട്. ഓഡിയോ ഗൈഡ് ഉണ്ടെന്നുള്ളത് വലിയ ഒരു അനുഗ്രഹമാണ്. കൊട്ടാരത്തിന്റെ ചരിത്രവും ചുമരുകളിലുള്ള ഓരോ പടങ്ങളുടേയും പ്രത്യേകതയും ഒക്കെ കൃത്യമായി അതിലൂടെ മനസ്സിലാക്കാനാവും.
കൊട്ടാരത്തിന്റെ ചരിത്രം പറയാനാണെങ്കിൽ ഒരുപാടുണ്ട്.
* 1890ൽ മഹാരാജ് സയ്യാജിറാവു ഗെയ്ക്ക്വാദ് ആണ് ഈ കൊട്ടാരം ഉണ്ടാക്കിയത്.
* മേജർ ചാൾസ് മന്ത് ആയിരുന്നു ഇതിന്റെ പ്രധാന ആർക്കിടെക്റ്റ്.
* അക്കാലത്ത് ഇതുണ്ടാക്കാൻ 25 ലക്ഷം രൂപ ചിലവായി.
* ഇംഗ്ലണ്ടിലെ ബക്കിങ്ങ്ഹാം കൊട്ടാരത്തിന്റെ നാലിരട്ടി വലിപ്പമുള്ള ലക്ഷ്മി വിലാസ് കൊട്ടാരം 500 ഏക്കർ സ്ഥലത്താണ് നിലകൊള്ളുന്നത്.
* ലിഫ്റ്റ് അടക്കമുള്ള പല ആധുനിക സൗകര്യങ്ങളും അക്കാലത്ത് തന്നെ കൊട്ടാരത്തിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
* 95 അടി നീളമുള്ള പ്രധാന ദർബാർ ഹാൾ ഒരു പില്ലർ പോലുമില്ലാതെയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നത് അത്ഭുതമാണ്.
* രാജാ രവിവർമ്മയുടെ പടുകൂറ്റൻ എണ്ണഛായാ ചിത്രങ്ങൾ ഇതിനകത്ത് പലയിടത്തും ഉണ്ടെന്നുള്ളതാണ് മലയാളിയായ ഏതൊരാളെയും ഈ കൊട്ടാരത്തിൽ കൂടുതൽ ആകർഷിക്കുക.
* അക്കാലത്ത് സ്ഥാപിച്ച ഫൗണ്ടനുകൾ ഇപ്പോഴും ഭംഗിയായി ജോലി ചെയ്യുന്നു.
* കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് രാജ കുടുംബാംഗങ്ങൾ ഇപ്പോഴും താമസിക്കുന്നു. അങ്ങോട്ട് സന്ദർശകർക്ക് പ്രവേശനമില്ല.
* 300 അടിയോളം ഉയരമുള്ള ക്ലോക്ക് ടവറാണ് ഈ കൊട്ടാരത്തിന്റെ മറ്റൊരു വലിയ പ്രത്യേകത. ക്ലോക്കിന്റെ ടിക് ടിക് ശബ്ദം കൊട്ടാരത്തിൽ കഴിയുന്നവർക്ക് ശല്യമാകും എന്നതിനാൽ പിന്നീട് ക്ലോക്ക് നീക്കം ചെയ്ത് പകരം ലൈറ്റുകൾ സ്ഥാപിച്ചു. രാജാവ് കൊട്ടാരത്തിൽ ഉണ്ടോ നഗരത്തിൽ ഉണ്ടോ എന്നൊക്കെ മനസ്സിലാക്കാൻ ലൈറ്റുകൾ ഇപ്പോഴും പ്രയോജനപ്പെടുത്തുന്നു.
* കൊട്ടാരത്തിന്റെ ആദ്യത്തെ ആർക്കിടെക്ട് ആയിരുന്ന സായിപ്പ് (പേര് മറന്നു) ഇതിന്റെ ഡിസൈനിൽ പ്രശ്നമുണ്ടെന്നും പൂർത്തിയാക്കാൻ തന്നെ കൊണ്ട് കഴിഞ്ഞേക്കില്ല എന്നുമുള്ള ധാരണയിൽ ജീവൻ ഒടുക്കിയതായി പരാമർശമുണ്ട്.
* ഗ്രീക്ക്, റോമൻ വെങ്കല പ്രതിമകളും, മാർബിൾ പ്രതിമകളും ഒക്കെയാണ് ഈ കൊട്ടാരത്തിൽ എടുത്തു പറയണ്ടത്.
* ആയുധ ശേഖരത്തിൽ ഔറംഗസീബ് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ മുതൽ, നിർമ്മാണ ഘട്ടത്തിൽ തന്നെ വിഷദ്രാവകത്തിൽ മുക്കി ഉണ്ടാക്കുന്ന വാളുകൾ വരെ പ്രദർശനത്തിനുണ്ട്.
* അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന എബ്രഹാം ലിങ്കനെ വെടിവെക്കാൻ ഉപയോഗിച്ച തോക്കിന്റെ ശ്രേണിയിലുള്ള തോക്ക് ഇവിടെ പ്രദർശനത്തിനുണ്ട്.
കൊട്ടാരത്തിലെ സന്ദർശനത്തിന് ശേഷം ഞാൻ, തൊട്ടടുത്തുള്ള ഫത്തേസിങ്ങ് മ്യൂസിയത്തിലേക്ക് പോയി. ശ്യാമം കുടുംബവും ഈ സമയത്ത് ഉച്ചഭക്ഷണം കഴിക്കാൻ നീങ്ങി. ശേഷം, അവർ മ്യൂസിയത്തിൽ എത്താമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ അവരുടെ വാഹനത്തിന്റെ ഡ്രൈവർക്ക് വഴിതെറ്റി, അവർ മറ്റൊരു മ്യൂസിയത്തിൽ ചെന്ന് അവസാനിച്ചു.
എന്റെ ഉച്ചഭക്ഷണം എന്തായെന്നോ? ഏറെ ദൂരം സഞ്ചരിച്ച് 10 -11 മണിയോടെയാണ് നമ്മൾ ഒരു സ്ഥലത്ത് എത്തുക. അവിടത്തെ കാഴ്ച്ചകളിലേക്ക് കടക്കുമ്പോഴേക്കും ഭക്ഷണ ചിന്തകൾ അലട്ടാൻ പാടില്ല. 11 മുതൽ 5 മണി വരെ ഏറ്റവും കർമ്മനിരതമായി ഇരിക്കേണ്ട സമയമാണ്. ഉച്ചയ്ക്ക് മിക്കവാറും ഞാൻ ഭക്ഷണം ഒഴിവാക്കും.
ഫത്തേസിംഗ് മ്യൂസിയത്തിൽ പ്രധാനമായും വിഖ്യാതമായ രാജാ രവിവർമ്മ ചിത്രങ്ങളുടെ പ്രദർശനമാണ്. ഇതിനകത്ത് പടം എടുക്കാൻ അനുവദിക്കില്ല എന്ന് മാത്രമല്ല അകത്തേക്ക് കയറുന്നതിന് മുൻപ് ഫോണുകൾ വാങ്ങി വെക്കുകയും ചെയ്യും. കണ്ണുവെട്ടിച്ച് പോലും ഒരു പടം എടുക്കാൻ പറ്റില്ല.
വെണ്ണക്കല്ലിൽ തീർത്ത അത്ഭുത ശില്പങ്ങളും രാജകുടുംബാംഗങ്ങളുടെ എണ്ണഛായാ ചിത്രങ്ങളും വെങ്കലത്തിൽ തീർത്ത റോമൻ, ഫ്രഞ്ച്, ശില്പങ്ങളുമെല്ലാം കൊണ്ട് സമ്പന്നമാണ് ഈ മ്യൂസിയം. ശന്ദനുവും ഗംഗയും, നളനും ദമയന്തിയും, രാധാമാധവം, അർജുനനും സുഭദ്രയും, ശന്തനുവും മത്സ്യഗന്ധിയും, ഭരതൻ, എന്നീ പ്രശസ്തമായ രവിവർമ്മ ചിത്രങ്ങൾ ഈ മ്യൂസിയത്തെ മികവുറ്റതാക്കുന്നു. ഇന്നും, കേരളത്തിന് വെളിയിൽ ഏറ്റവും കൂടുതൽ രവിവർമ്മ ചിത്രങ്ങൾ കൈവശം വെച്ചിരിക്കുന്നത് ഗയിക്ക്വാദ് രാജകുടുംബമാണ്.
ഒറ്റയടിക്ക് ഇത്രയധികം കാര്യങ്ങൾ ഉൾക്കൊള്ളാൻ എന്റെ കണ്ടം ചെയ്ത തലച്ചോറിന് ആവില്ല. പടങ്ങളെടുത്ത് പോന്നാൽ പിന്നീടും ആതെല്ലാം കാണാം, അയവിറക്കാം. അത് പക്ഷേ ഇവിടെ സാദ്ധ്യമല്ല. വലിയ കഷ്ടമാണത്.
ഗുജറാത്ത് കണ്ട് തീർത്ത് മടങ്ങുന്നതിന് മുൻപ്, ഒരിക്കൽക്കൂടെ ബറോഡയിലെ മ്യൂസിയത്തിൽ വന്ന് വീണ്ടും ഇതൊക്കെ കാണണം എപ്പോഴെല്ലാം ബറോഡ വഴി പോകുന്നു, അപ്പോഴെല്ലാം ഈ മ്യൂസിയത്തിൽ കയറി ഇതൊക്കെ വീണ്ടും കാണണം. അതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല.
10 ഫത്തേസിംഗ് മ്യൂസിയം ക്യാമ്പസിലെ മറ്റൊരു പ്രധാന ആകർഷണം രാജാ രവിവർമ്മയുടെ സ്റ്റുഡിയോ ആണ്. മൂന്ന് വർഷത്തോളം ഇവിടെ തങ്ങി, രാജാ രവിവർമ്മ, ഗെയ്ക്ക്വാദ് രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളും മറ്റ് ചിത്രങ്ങളും വരച്ചിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് വേണ്ടി ഒരുക്കിയിരുന്ന സൗകര്യങ്ങളാണ് രവിവർമ്മ സ്റ്റുഡിയോ എന്ന പേരിൽ ഇപ്പോൾ ഉള്ളത്.
ആ കെട്ടിടം പക്ഷേ എന്നെ വല്ലാതെ നിരാശപ്പെടുത്തി. പഴയ കെട്ടിടം പൂർണമായും തകർത്തു നീക്കി അത്യാധുനിക കെട്ടിടമാണ് അവിടെയുള്ളത്. അതാകട്ടെ 500 സ്ക്വയർ ഫീറ്റിൽ അധികം വരില്ല. ഇപ്പോൾ അത് ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് എന്ന സ്ഥാപനമായി പ്രവർത്തിക്കുന്നു.
രാജാ രവിവർമ്മ അത്രയും ഇടുങ്ങിയ ഒരു കെട്ടിടത്തിലിരുന്ന് വരച്ചെന്ന് വിശ്വസിക്കാൻ ആവുന്നില്ല. എന്നാൽ ആ കെട്ടിടത്തിനോട് ചേർന്ന് പഴയതും പൊളിഞ്ഞ് വീണതുമായ മറ്റ് ധാരാളം കെട്ടിടങ്ങൾ കാണാം. അതെല്ലാം ചേർന്നുള്ള ഒരു വലിയ കെട്ടിടം തന്നെ രവിവർമ്മയ്ക്ക് വേണ്ടി ഇവിടെ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. അദ്ദേഹം വെറും ഒരു ചിത്രകാരൻ മാത്രമല്ല രാജകുടുംബം കൂടെയാണ്. ആ ബഹുമാനവും ആദരവും ഗയ്ക്ക്വാദ് രാജകുടുംബം അദ്ദേഹത്തിന് നൽകാതിരിക്കാൻ ഒരു സാദ്ധ്യതയുമില്ല.
നിലവിൽ ആ കെട്ടിടത്തിൽ വിശാൽ എന്ന പേരുള്ള ഉത്തരാഖണ്ഡിൽ നിന്നുള്ള ചെറുപ്പക്കാരൻ ചിത്രങ്ങൾ വരക്കുന്നു. വർഷത്തിൽ രണ്ട് പ്രാവശ്യം രണ്ട് മാസം ഇങ്ങനെ ചിത്രകാരന്മാർക്ക് വേണ്ടി ഈ ഹാൾ വിട്ടുകൊടുക്കാറുണ്ട്. ഈ വർഷം, ഒരു മാസം വിശാലിന് ആ സൗകര്യം ഒത്തു കിട്ടി.
ഞാൻ കേരളത്തിൽ നിന്നാണ് എന്നറിഞ്ഞപ്പോൾ സ്വാഭാവികമായും വിശാലിൻ്റെ സംസാരം രവിവർമ്മയിലേക്ക് നീണ്ടു. വിശാലിന് ധാരാളം മലയാളി സുഹൃത്തുക്കളും ഉണ്ട്. ഞാൻ ഒരു ചിത്രകല പ്രേമിയാണ് എന്ന് ധരിച്ചിട്ടാകാം ബംഗാളിലും ബറോഡയിലും ഒക്കെയുള്ള ചിത്രകലാ സ്കൂളുകളെ പറ്റി അദ്ദേഹം സംസാരിക്കാൻ തുടങ്ങി.
ചെറിയ ലോകമാണ് ഇനിയും കാണാം എന്ന് പറഞ്ഞ് സെൽഫി എടുത്ത്, രവിവർമ്മയുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ ആ ഭൂവിൽ നിന്ന് ഞങ്ങൾ പിരിഞ്ഞു.
09:50 ൻ്റെ തീവണ്ടിയിൽ ശ്യാമും കുടുംബവും മുംബൈക്ക് മടങ്ങുകയാണ്. അവരെ സ്റ്റേഷനിൽ ചെന്ന് കണ്ട് യാത്രയാക്കി.
തണുപ്പ് തീരെയില്ല ഈ രാത്രിക്ക്. സ്റ്റേഷൻ പരിസരത്ത് അല്പം നടന്നതും ഞാൻ വിയർത്തു.
അതിനിടെ എം.ടി.യുടെ വേർപാടിന്റെ ദുഖവാർത്ത വന്നു. അദ്ദേഹത്തിനല്ലേ പോകാൻ കഴിയൂ. അദ്ദേഹം അവശേഷിപ്പിച്ച് പോകുന്ന എണ്ണമറ്റ പുസ്തകങ്ങളും സിനിമകളും എക്കാലവും ഉണ്ടാകുമല്ലോ, നമുക്ക് ചേർത്ത് പിടിക്കാൻ. എം.ടി.യോടൊപ്പം 5 വർഷത്തിൽ അധികകാലം ചേർന്ന് സഞ്ചരിച്ച് അദ്ദേഹം ഇന്നുവരെ എഴുതിയതെല്ലാം ഡിജിറ്റൽ ആക്കാൻ പരിശ്രമിച്ച് വിജയിച്ച അനൂപ് Anoop Ramakrishnan എന്ന എൻ്റെ സഹപാഠിയെ കൂടി ഈ അവസരത്തിൽ സ്മരിക്കാതിരിക്കാൻ ആവില്ല. ബഹുമുഖ പ്രതിഭയായിരുന്ന അനൂപ് പക്ഷേ എംടിക്ക് മുന്നേ കടന്നുപോയി.
ഞാൻ ദിവ്യയുടെ കോളനിയിലേക്ക് മടങ്ങുന്നു. ബറോഡ വിടുന്നത് വരെ ദിവ്യയുടെ വീടും പരിസരവും തന്നെയാണ് ക്യാമ്പ്.
ശുഭരാത്രി.