ഇന്നത്തെ പ്രാതൽ, കണ്ടോലിമിലെ ഒരു ധാബയിൽ നിന്ന് ആലൂ പൊറോട്ട ആയിരുന്നു. വാഹനം കണ്ടപ്പോൾ അവർക്ക് കൗതുകം. ‘ഇന്ത്യൻ ടൂർ ആണല്ലേ’ എന്നായി. ഒന്ന് തലകുലുക്കി ഊരാൻ ശ്രമിച്ചെങ്കിലും അവർ വിടാൻ ഒരുക്കമല്ലായിരുന്നു. വള്ളിപുള്ളി വിടാതെ ചോദിച്ചറിഞ്ഞു. മോട്ടോർ ഹോം മുഴുവൻ തുറന്ന് കണ്ട് സന്തോഷിച്ചു.
ഞാൻ കോട്ടകൾക്ക് പിന്നാലെ ആണെന്ന് അറിഞ്ഞപ്പോൾ കോട്ടകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന (135 എണ്ണം) സംസ്ഥാനമായ രാജസ്ഥാനിൽ നിന്ന് ഗോവയിൽ വന്ന് ധാബ നടത്തുന്ന ചെറുക്കന്മാർക്ക് ആവേശം ഇരട്ടി, സ്നേഹം വാനോളം. ഭക്ഷണത്തിന്റെ പൈസ വാങ്ങിയില്ല.
പക്ഷേ ഒരേയൊരു പ്രശ്നം. ആ നടുക്ക് ഇരിക്കുന്ന സത്യവീർസിങ്ങ് എന്ന ചെറുക്കൻ ചില്ലറക്കാരനല്ല. രാജസ്ഥാനിൽ 568 കോട്ടയുണ്ടെന്ന് പറഞ്ഞ് ഒരേ നിൽപ്പാണവൻ. ഒറ്റയടിക്ക് 50 എണ്ണത്തിന്റെ പേരും പറഞ്ഞു. അവൻ പലരേയും കൂട്ടി പോയിട്ടുണ്ടത്രേ! ഒന്നാം സ്ഥാനം രാജസ്ഥാന് ആണെന്ന് ഒറ്റപ്പിടുത്തമാണ് അവൻ. അത് കഴിഞ്ഞേ മഹാരാഷ്ട്രയിലെ 255 കോട്ടകൾ വരൂ എന്നാണ് അവൻ്റെ കടുംപിടുത്തം.
ഞാൻ രാജസ്ഥാനിൽ എത്തുമ്പോൾ ഒന്നൊഴിയാതെ എല്ലാ കോട്ടകളും കാണിച്ച് തരാമെന്ന് വാഗ്ദാനവുമുണ്ട്. അവൻ മിക്കവാറും രാജസ്ഥാനിൽ തന്നെയാണ്. അവിടെയും ധാബകളുണ്ട് ഇവർക്ക്.
ഗൂഗിളിൽ രാജസ്ഥാനിലെ കോട്ടകളുടെ കൃത്യമായ എണ്ണവും പേരുകളും കാണിക്കാത്തതിൻ്റെ കാരണവും അവൻ പറയുന്നുണ്ട്. ഉദാഹരണത്തിന് അവൻ പറഞ്ഞ ചില കോട്ടകളുടെ പേര് ഞാൻ സെർച്ച് ചെയ്തു നോക്കി. ഇല്ല, അങ്ങനെ ഒരു പേരും റിസൽറ്റായി കിട്ടുന്നില്ല.
സത്യവീർ പറയുന്നത് സത്യമാണെങ്കിൽ…. ‘ജാങ്കോ… ഞാൻ പെട്ട് ‘. ഏതെങ്കിലും കോട്ടയ്ക്കുള്ളിൽ കിടന്ന് തന്നെ ഊർദ്ധം വലിക്കാനുള്ള ടൈമേ ഇനി ബാക്കിയുള്ളൂ. (എങ്കിൽപ്പിന്നെ അവിടെത്തന്നെ വെട്ടി മൂടിയേക്കണം. മരണപത്രത്തിൽ ‘പരേതൻ’ മാറ്റങ്ങൾ വരുത്തുന്നതാണ്.)
സത്യവീറിനെ വിശ്വസിക്കാതെ വയ്യ. അവൻ പ്രിയങ്കാ ചോപ്രയുടെ കല്ല്യാണത്തിൻ്റെ മുറിവാടക അടക്കമുള്ള ചിലവുകൾ കൃത്യമായി പറയുന്നുണ്ട്. ലിവൻ ‘രാജസ്ഥാൻ നാന’ സ്ഥിരമായി വായിക്കുന്ന ആളാകാനും മതി.
ഞാൻ ഒഴിവാക്കിയാലും ഈ മൂന്നെണ്ണത്തിൽ ഒരുവനെങ്കിലും എന്നെ രാജസ്ഥാനിൽ നിന്ന് പിടികൂടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു, പിരിയുമ്പോഴേക്കും.
കോട്ടയുടെ എണ്ണത്തിൽ അൽപ്പം കുറവ് വന്നാലും രാജസ്ഥാനിൽ വഴികാട്ടാൻ അന്നാട്ടുകാരിൽ ചിലരെ കിട്ടി എന്നാണ് അവരുടെ പറച്ചിലും ആത്മാർത്ഥതയും കണ്ടപ്പോൾ തോന്നിയത്. കിട്ടിയാൽ കുറേ ചക്ക…. സോറി കോട്ട. അവരുടെ നമ്പറുകൾ ഞാൻ സേവ് ചെയ്തു. രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം.
#greatindianexpedition
#gie_by_niraksharan
#boleroxl_motor_home
#fortsofindia