ഹർത്താലിന് പകരം കറുപ്പ് വീശൽ !?


yy
രു ഭരണാധികാരിയെ കറുത്ത തുണിവീശിക്കാണിക്കുന്നത് ഏത് സർക്കാർ ഭരിക്കുന്ന കാലത്തും വലിയ പ്രശ്നമായിട്ട് തന്നെ നിരീക്ഷിച്ചിട്ടുണ്ട്. കോലം കത്തിക്കുന്നത് പോലും അത്ര വലിയ അവഹേളനമായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

പ്രതിപക്ഷത്തിരുന്നപ്പോൾ കറുപ്പ് വീശുന്നത് പ്രശ്നമല്ലാത്തവർക്ക്, ഭരണപക്ഷത്തിരിക്കുമ്പോൾ അതേ കറുപ്പ് സഹിക്കാൻ പറ്റാത്തത് തരംതാണ കക്ഷിരാഷ്ട്രീയമെന്ന നിലയ്ക്ക് തന്നെ മനസ്സിലാക്കിയിട്ടുമുണ്ട്. അതേപ്പറ്റിയൊന്നും ഒരു സംശയം പോലും അവശേഷിക്കുന്നില്ല.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുതന്നെ ഒരു ചോദ്യമുന്നയിക്കുകയാണ്.

പ്രതിഷേധ മാർഗ്ഗങ്ങൾക്ക് ദാരിദ്ര്യം നേരിടുന്നതുകൊണ്ട് സകലമാന കക്ഷിരാഷ്ട്രീയക്കാരും ഒരേപോലെ നെഞ്ചേറ്റുന്ന സമരമുറയാണല്ലോ ഹർത്താൽ? കറുപ്പ് വീശുന്നത് ഇത്രയ്ക്കേറെ പ്രശ്നമുണ്ടാക്കുന്ന ഒരു സംഗതിയാണെങ്കിൽ, പ്രതിഷേധിക്കാൻ, പ്രതികരിക്കാൻ, വിയോജിപ്പ് പ്രകടിപ്പിക്കാൻ, എന്തുകൊണ്ട് ഹർത്താലിനെ ഒഴിവാക്കി കറുപ്പിനെ കൂട്ടുപിടിച്ചുകൂട ? കറുത്ത തൂവാലകൾ, വീട്ടിലും ഓഫീസിലും വാഹനത്തിലും പോക്കറ്റിലും മറ്റും, ഏത് അത്യാവശ്യ സമയത്തും പുറത്തെടുക്കാൻ പാകത്തിൽ സൂക്ഷിക്കണമെന്ന് മാത്രം. സത്യത്തിൽ, ചുറ്റുവട്ടത്തുള്ള രണ്ടാമതൊരാൾക്ക് ശാരീരികമായോ ജോലിസംബന്ധമായോ സഞ്ചാരസ്വാതന്ത്ര്യപരമായോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത പ്രതിഷേധ സമരമുറയാണ് കറുത്ത തുണിവീശൽ. അതേസമയം, മാനസ്സികമായി ഒരാൾക്ക്, കറുത്ത തുണി വീശൽ ക്ലേശമുണ്ടാക്കുക തന്നെ വേണം. അതാണല്ലോ ആ പ്രതിഷേധത്തിൻ്റെ ധർമ്മവും ലക്ഷ്യവും.

പറഞ്ഞ് വന്നപ്പോളാണ് ഓർത്തത്. പണ്ട് കാലത്ത്, പ്രതിഷേധത്തിൻ്റെ ഭാഗമായി കറുത്ത ശീല നെഞ്ചത്ത് കുത്തി ക്ലാസ്സിലും ഓഫീസിലുമൊക്കെ മനുഷ്യർ പോയിരുന്നു. ഹർത്താലുകൾ തന്നെ ആകണമെന്ന് തോന്നുന്നു, ആ പരിപാടിക്ക് അന്ത്യം കുറിച്ചത്. ഹർത്താലാകുമ്പോൾ ശീതീകരിച്ച മുറിയിലിരുന്ന് തീരുമാനിച്ച് വാർത്താക്കുറിപ്പായി അറിയിച്ചാൽ മതിയല്ലോ? വിയർപ്പ് പൊടിയേണ്ടതേയില്ല. പണിയെടുക്കാതെ ശബളം കിട്ടുകയോ, പണിക്ക് വരാൻ പറ്റില്ലെന്ന അവസ്ഥയുള്ളതുകൊണ്ടോ, ശമ്പളത്തോടുകൂടെയുള്ള ഒരു അവധി തരമാകുകയോ ചെയ്യും. കറുപ്പിൻ്റെ പ്രതിഷേധത്തെ ഹർത്താലുകളും ബന്ദുകളും കടത്തി വെട്ടിയത് മറ്റൊരു കാരണം കൊണ്ടാകാൻ ഒരു വഴിയുമില്ല.

ഹർത്താലുമായി കറുപ്പിൻ്റെ പ്രതിഷേധത്തെ താരതമ്യം ചെയ്യാൻ കാരണം, പരിസ്ഥിതിലോല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഈ മാസം മാത്രം (ഇന്നടക്കം) 3 പ്രാദേശിക ഹർത്താലുകൾ നടന്ന് കഴിഞ്ഞു. ജൂൺ 16ന് ഒരെണ്ണം കൂടെ വരുന്നുണ്ട്. അപ്പോൾ നാലെണ്ണമാകും. ഭരണകക്ഷിയും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ നടത്തിയതും നടത്തുന്നതുമായ ഹർത്താലുകളാണിതെല്ലാം. എങ്കിൽപ്പിന്നെ ഒരുമിച്ചൊരു ഹർത്താലായോ അല്ലെങ്കിൽ രണ്ട് കൂട്ടർക്കും വേറെ വേറെ രണ്ട് ഹർത്താലുകളായോ പ്രതിഷേധിക്കാൻ പറ്റുമായിരുന്നില്ലേ ? അത്രയും ബുദ്ധിമുട്ട് ജനങ്ങൾക്ക് കുറയുമായിരുന്നില്ലേ ? എന്തിനാണ് നാല് ഹർത്താലുകൾ ? നാലെണ്ണം കൊണ്ട് പരിസ്ഥിതി ലോല പ്രശ്നം തീരുമോ ആവോ ?

വീണ്ടും കറുപ്പിൻ്റെ പ്രതിഷേധത്തിലേക്ക് വരാം. ഇങ്ങനെ ഒന്നും രണ്ടും നാലും പ്രാവശ്യമൊക്കെ പ്രതിഷേധിച്ചാലും മതിയാകാത്ത അവസരങ്ങളിലാണ് കറുപ്പിൻ്റെ പ്രതിഷേധത്തിന് പ്രസക്തി. കൈയിലുള്ള കറുത്ത ശീല, പ്രതിഷേധിക്കണമെന്ന് തോന്നുന്ന സമയത്തൊക്കെ, തോന്നുന്ന ദിവസങ്ങളിലൊക്കെ, തോന്നുന്നവർക്ക് മുന്നിൽ, സമയവും കാലവും നോക്കാതെ വീശാം. പ്രതിഷേധം കൊഴുപ്പിക്കാം. ഉദാഹരണത്തിന് പരിസ്ഥിതിലോല പ്രശ്നം തന്നെ എടുക്കാം. ആ പ്രശ്നം തീരുന്നതുവരെ മലയോര മേഖലയിൽ ഉള്ളവർ ഏതുനിമിഷവും അവരുടെ സൗകര്യാർത്ഥം കറുപ്പ് ശീല വീശിക്കാണിക്കുന്നു. ഏത് ഭരണാധികാരിക്ക് മുന്നിലും എപ്പോൾ വേണമെങ്കിലും. നാല് ദിവസം ഹർത്താൽ നടത്തുന്നതിനേക്കാൾ കേമമാകില്ലേ അത് ?

കറുത്ത വസ്ത്രം, മാസ്ക്ക് എന്നിങ്ങനെയുള്ള മറ്റ് ഏച്ചുകെട്ടുകൾ അണിഞ്ഞ് വന്നിട്ട് കാര്യമില്ല. ഊരിയെടുത്തായാലും വലിച്ചെടുത്തായാലും, കറുപ്പ് വീശുമ്പോൾ മാത്രമേ പ്രതിഷേധമായി പരിഗണിക്കൂ. ഉടുതുണി ഇക്കൂട്ടത്തിൽ പെടുത്തിയാൽ പ്രതിഷേധത്തിൻ്റെ തീവ്രത കുറഞ്ഞതായി കണക്കാക്കപ്പെടും. മാത്രമല്ല, പൊതുസ്ഥലത്ത് ഉടുതുണി ഉരിഞ്ഞതിന് വേറെ കേസ് നേരിടേണ്ടി വരും.

കറുത്ത മാസ്ക്ക്, വസ്ത്രം എന്നിവയ്ക്ക് ഒരു വിലക്കുമില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് പൂർണ്ണമായും മുഖവിലയ്ക്കെടുത്തിട്ടുണ്ട്. ആയതിനാൽ അതേപ്പിടിച്ചിട്ടുള്ള ചർച്ച, ന്യായീകരണം, ക്യാപ്സൂൾ എന്നിവ ഈ പോസ്റ്റിന് കീഴെ ആവശ്യമില്ല. പോസ്റ്റിലെ മുദ്ര ശ്രദ്ധിക്കുക.

കേരളത്തിൽ, ഏത് ദിവസവും എവിടെയെങ്കിലും ഒരാൾ കറുത്ത ശീല വീശുന്ന കിനാശ്ശേരിയാണെൻ്റെ സ്വപ്നം. 120 ഹർത്താലുകൾ നടന്നിരുന്ന പടവലങ്ങാ സംസ്ഥാനത്ത് 10ൽ താഴെയായി അത് ചുരുങ്ങി വന്നതായിരുന്നു. 6 മാസം കൊണ്ട് വീണ്ടും 10 ഹർത്താലുകൾ എന്ന തോതിലേക്ക് അത് പൊങ്ങിവരുന്നതിലും ഭേദമായിരിക്കും ഏത് നിമിഷവും എവിടെയും ഒരു കറുത്ത തൂവാല വീശപ്പെടുന്നത്.

വാൽക്കഷണം:-  നിറങ്ങളൊന്നും ഒരു പാർട്ടിക്കും ഒരു സമുദായത്തിനും നമ്മൾ തീറെഴുതിക്കൊടുത്തിട്ടില്ല. ഏതെങ്കിലും നിറത്തിന് ഏതെങ്കിലും സ്വഭാവം ആരെങ്കിലും സങ്കൽപ്പിച്ച് നൽകിയിട്ടുണ്ടെങ്കിൽ അത്തരം ഭോഷ്ക്കിനോട് ഒരു തരത്തിലും യോജിപ്പില്ല. കറുപ്പ് വെറുപ്പിൻ്റെ നിറമാണെങ്കിൽ ശബരിമല തീർത്ഥാടകരെ ഏത് ഗണത്തിൽ പെടുത്തണം ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>