മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങളും കോടികളും ചിലവഴിക്കപ്പെടുന്നത് ഒരു പുതിയ വാർത്തയൊന്നുമല്ല. ഓരോ പ്രാവശ്യവും കേരളജനത ഇടതും വലതും മാറിമാറി ചവിട്ടുമ്പോൾ ഈയിനത്തിലേക്ക് ലക്ഷങ്ങൾ പൊതുഖജനാവിൽ നിന്ന് ചിലവഴിക്കപ്പെട്ടിട്ടുണ്ട്. അതൊക്കെ ഒന്നോ രണ്ടോ ദിവസത്തെ പത്രവാർത്തയ്ക്കപ്പുറം ഒരു ചർച്ചയായിട്ടില്ലെന്നതും ഇതിനൊരു പ്രതിവിധി ഇക്കാലത്തിനിടയ്ക്ക് ഉണ്ടായിട്ടില്ല എന്നതും മാത്രമാണ് ശ്രദ്ധേയമായ വിഷയം. സോഷ്യൽ മീഡിയയിലൊന്നും കാര്യമായ ഒരു ചർച്ചയും നടക്കാതെ ഈ വിഷയം ഒരു ദിവസം കൊണ്ടുതന്നെ വാർത്തകളുടെ പടിയിറങ്ങിക്കഴിഞ്ഞു. കാരണം, ഇതുപോലൊരു കണക്ക് ആര് ഭരിച്ചാലും കേൾക്കുന്നതാണെന്നതു തന്നെ.
ജനങ്ങൾ ശരിക്കും ചർച്ചയാക്കേണ്ടത് ലക്ഷങ്ങൾ ചിലവഴിച്ചതിനെപ്പറ്റിയല്ല. ലക്ഷങ്ങൾ ചിലവഴിക്കാനുള്ള സാഹചര്യത്തെപ്പറ്റിയാണ്. സ്ഥാനാവരോഹണം (ആരോഹണമല്ല അവരോഹണം) ചെയ്യുന്ന മന്ത്രി, താൻ അത്രയും നാൾ ജീവിച്ചിരുന്ന മന്ദിരം അത്രയ്ക്കേറെ വൃത്തിഹീനമാക്കിയോ ഉപയോഗശൂന്യമാക്കിയോ ആണോ പടികടക്കുന്നത് ? പുതിയ മന്ത്രി ആ മന്ദിരത്തിലേക്ക് വരുമ്പോൾ സിമന്റിളകിയ ഭാഗങ്ങൾ ഉണ്ടെങ്കിൽ അതൊന്ന് തേച്ച് പിടിപ്പിക്കുകയും, ഒന്ന് പെയിന്റടിക്കുകയും മര ഉരുപ്പടികൾക്ക് വാർണിഷ് പൂശുകയും, വേണമെങ്കിൽ മുഷിഞ്ഞ സോഫ വിരിപ്പുകൾ മാറ്റുകയും ചെയ്യുന്നതിന് ഇത്രയും ലക്ഷങ്ങൾ എന്തായാലും ആവശ്യം വരില്ല. മുൻസർക്കാരിന്റെ കാലത്ത് 2.43 കോടി രൂപയ്ക്ക് അറ്റകുറ്റപ്പണികൾ നടത്തിയ അതേ കെട്ടിടങ്ങൾക്കെങ്ങനെ വീണ്ടും 82.28 ലക്ഷം രൂപ ഈ സർക്കാരിന് ചിലവാക്കി പുതുക്കേണ്ടി വന്നു എന്നതാണ് പ്രധാനമായും ഉന്നയിക്കേണ്ട ചോദ്യം.
മനസ്സിലാക്കാൻ കഴിയുന്നത് പുതിയ മന്ത്രിപുംഗവന്മാർ വന്നാലുടനെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എയർകണ്ടീഷനറുകൾ അടക്കം മന്ദിരത്തിലെ ഉപകരങ്ങൾ പലതും നടതള്ളി പുതിയത് സ്ഥാപിക്കുന്നു, ധാരാളം പൊളിച്ചുപണികൾ നടത്തുന്നു, മരപ്പണികൾ നടത്തുന്നു. അങ്ങനെയങ്ങനെ തങ്ങളുടെ സ്ഥാനലബ്ദ്ധി അവരൊരു ആഘോഷമാക്കി മാറ്റുന്നു എന്നതാണ്. അരഡസണിൽ മേലെ എണ്ണമുള്ള മന്ത്രി സക്രട്ടറിമാരും ഈ ധൂർത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി എന്ന നിലപാടാണ് ഇവരെല്ലാം കൂടെ നടപ്പിലാക്കുന്നത്.
സ്വന്തം വീട്ടിലാണെങ്കിൽ അഞ്ച് വർഷം കൂടുമ്പോൾ ഇത്രയും പണം ചിലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്ന പതിവ് ഈ ജനപ്രതിനിധികൾക്കുണ്ടോ ? കോടീശ്വരൻ കൂടെയായ ഒരു കായൽനികത്ത് മന്ത്രി നമുക്കുണ്ടായിരുന്നല്ലോ ? അദ്ദേഹത്തിന്റെ വീട്ടിലോ റിസോർട്ടിലോ ഇത്രയും വലിയ മരാമത്ത് പണികൾ, മൂന്നോ അഞ്ചോ വർഷത്തിനിടയ്ക്ക് നടത്തിയിട്ടുണ്ടോ എന്നന്വേഷിച്ചാൽ മതി കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കാൻ.
അല്ലെങ്കിൽപ്പിന്നെ ഇപ്രാവശ്യം വന്നിരിക്കുന്ന മോടിപിടിപ്പിക്കൽ കണക്കുപ്രകാരം എന്തൊക്കെ മരാമത്തുപണികളാണ് നടത്തിയതെന്നും അതിനെത്ര പണമാണ് ചിലവായതെന്നും തരം തിരിച്ചുള്ള കണക്കുകൾ പുറത്ത് വിടൂ. (മാദ്ധ്യമങ്ങളോട് തന്നെയാണ് അഭ്യർത്ഥിക്കുന്നത്.) എന്നാലല്ലേ ഈ ധൂർത്തിന്റെ യഥാർത്ഥ ചിത്രം പുറത്ത് വരൂ. ഈ മന്ദിരങ്ങളിൽ താമസിച്ചിരുന്ന മുൻമന്ത്രിമാർ എന്തെങ്കിലും നശീകരണം നടത്തിപ്പോയിട്ടുണ്ടെങ്കിൽ അതിന്റെ കഥയും വെളിവാക്കൂ.
ഏത് കക്ഷി വന്നാലും ഏത് മന്ത്രി വന്നാലും അയാൾ ജനങ്ങളുടെ സേവകനായ പ്രതിനിധിയാണെന്നും, ചിലവഴിക്കുന്നത് ജനങ്ങളുടെ നികുതിപ്പണമാണെന്നും അധികാരത്തിലേറുന്ന ആ നിമിഷം മറക്കുന്നു. പിന്നങ്ങോട്ട്, വാങ്ങുന്ന കാറ് മുതൽ, വീട് മോടി പിടിപ്പിക്കുന്നത് വരേയും, കണ്ണട വാങ്ങുന്നത് വരേയുമുള്ള ചിലവുകൾ ധാരാളിത്തത്തിന്റെ പര്യായങ്ങളാകുന്നു. ഇങ്ങനെയൊക്കെ ചെയ്താലും, വിവരമില്ലാത്തവരും, കഥയറിയാതെ ആട്ടം കാണുന്നവരും, അഭ്യസ്തവിദ്യരുമടക്കം നല്ലൊരു പങ്ക് അണികളും ന്യായീകരണത്തൊഴിലാളികളും എല്ലാപ്പാർട്ടിയിലുമുള്ളിടത്തോളം കാലം, മാറിച്ചിന്തിക്കേണ്ട ആവശ്യം ജനപ്രതിനിധികൾക്കുമില്ല. ചെയ്യുന്ന കള്ളത്തരങ്ങൾ ഒരിക്കലും പിടിക്കപ്പെടത്തവിധം അവർ സുരക്ഷിതരാണ്.
സ്വന്തം നേതാവായാലും, അയാളുടെ തെറ്റ് തെറ്റാണെന്ന് പറയാൻ അണികൾക്കാവണം. എന്നാലേ നേതാവിന് ഭയമുണ്ടാകൂ. ജനാധിപത്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട് വരുന്നവനാണ് മന്ത്രിയെങ്കിൽ രാജാവിന്റെ സ്ഥാനം ജനങ്ങൾക്കാണ്. മന്ത്രിയെ നിലയ്ക്ക് നിർത്താൻ ജനമെന്ന രാജാവിന് കഴിയുന്നില്ലെങ്കിൽ അത് രാജാവിന്റെ കഴിവുകേടാണ്, പിടിപ്പുകേടാണ്. ഈ വിചാരമൊന്നും പക്ഷേ ജനങ്ങൾക്കില്ല. അങ്ങനൊരു വിചാരം അവരുടെ തലയിൽക്കേറാൻ തിരഞ്ഞെടുക്കപ്പെടുന്നവൻ സമ്മതിക്കുകയുമില്ല. ചുരുക്കിപ്പറഞ്ഞാൽ ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്ന തോന്ന്യാസങ്ങളാണിതൊക്കെ.
മറ്റ് രാഷ്ട്രങ്ങളിലെ ‘രാഷ്ട്രീയ‘ക്കാരുടേയും നേതാക്കളുടെ അവസ്ഥയുമായി ഇന്നാട്ടിലെ നേതാക്കന്മാരുടെ അവസ്ഥ എന്നെങ്കിലും ആരെങ്കിലും താരതമ്യം ചെയ്തിട്ടുണ്ടോ ? ലോക്കൽ തീവണ്ടിയിൽ വന്നിറങ്ങി പാർലിമെന്റിലേക്ക് പോകുന്ന പാർലിമെന്റേറിയൻസിനെ ധാരാളമായി കാണാനാകും വികസിത വിദേശരാജ്യങ്ങളിൽ. തിരഞ്ഞെടുക്കപ്പെട്ട് കിട്ടുന്ന മന്ത്രിസ്ഥാനത്തിന്റെ അധികാരവാഴ്ച്ചക്കാലം കഴിയുമ്പോൾ ടാക്സിയോടിച്ച് തുടർന്നുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന പഴയ ജനപ്രതിനിധികളെ ഇന്നാട്ടിൽ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ? ഉണ്ടാകില്ല. പക്ഷെ, വിദേശത്ത് കാണാനാകും.
ഇന്നാട്ടിലെ നല്ലൊരുപങ്ക് ‘രാഷ്ട്രീയ‘ക്കാർക്കും സ്ക്കൂൾ കോളേജ് കാലഘട്ടത്തിൽ അവർ നടത്തുന്ന വിത്തുവിതയ്ക്കലിന്റെ വിളവെടുപ്പ് കാലമാണ് ഈ മന്ത്രിസ്ഥാനവും കോർപ്പറേഷൻ ചെയർമാൻ പദവികളുമൊക്കെ. അതല്ലാതെ മറ്റെന്തെങ്കിലും തൊഴില് ചെയ്ത് ജീവിക്കാൻ അവർക്കറിയില്ലെന്ന് മാത്രമല്ല, അറിയാമെങ്കിലും അവർ ചെയ്യില്ല. അവർക്കറിയുന്നത് ‘ജനസേവനം’ എന്ന പുകമറസൃഷ്ടിച്ചുകൊണ്ട് ജനാധിപത്യത്തെ വ്യഭിചരിക്കുന്ന ഈ ഏർപ്പാട് മാത്രമാണ്.
കോൺഗ്രസ്സിൽ എം.എൽ.എ. പദവിവരെ എത്തിയ ശോഭനാ ജോർജ്ജ് എന്ന വനിത അവർക്ക് പാർട്ടി സീറ്റ് കിട്ടാതായപ്പോൾ കോൺഗ്രസ്സ് വിടുകയും പിന്നീടിപ്പോൾ യാതൊരു ലജ്ജയുമില്ലാതെ ഇടതുപക്ഷത്തിന്റെ വേദിയിൽ പ്രത്യക്ഷപ്പെട്ട് ലാൽസലാം വിളിക്കുകയുമൊക്കെ ചെയ്യുന്നത് മറ്റൊരു തൊഴിലും ചെയ്ത് ജീവിക്കാൻ അവർക്ക് സാദ്ധ്യമല്ലാത്തതുകൊണ്ട് മാത്രമാണ്. ഇത് ഏറ്റവും ഒടുവിലുണ്ടായ ഏറ്റവും ലളിതമായ ഒരുദാഹരണം മാത്രം. ഇത്തരം നൂറുകണക്കിന് ഉദാഹരണങ്ങൾ കേരളരാഷ്ട്രീയത്തിലുണ്ട്. ജനസേവനമാണ് ലക്ഷ്യമെങ്കിൽ ഒരുപാർട്ടിയുടേയും ആവശ്യം ഒരു സാമൂഹ്യപ്രവർത്തകനുമില്ല, നേതാവിനുമില്ല. ഏത് വിഴുപ്പിനേയും മാലിന്യത്തേയും കൂട്ടുപിടിച്ചിട്ടായാലും വേണ്ടില്ല, അധികാരത്തിൽ അള്ളിപ്പിടിച്ച് തൂങ്ങിക്കിടക്കണമെന്നതിനപ്പുറം ജനങ്ങളോടുള്ള പ്രതിബദ്ധതയോ പ്രത്യയശാസ്ത്രത്തിന്റെ ഉൾക്കനമോ ഒന്നും ഇന്നാട്ടിൽ ഒരു പാർട്ടിക്കാരനും ഇന്നില്ല. അധികാരത്തിന്റെ രുചി ഒരിക്കൽ നുണഞ്ഞുപോയാൽപ്പിന്നെ മരണം വരെ അവരത് സ്വന്തമാക്കി കൊടുനടക്കാൻ ആഗ്രഹിക്കും. വേറെ തൊഴിലൊന്നും ചെയ്ത് ജീവിക്കില്ല. അവർക്കിതാണ് ജീവിതമാർഗ്ഗം. ജനസേവനമൊക്കെ അത് കഴിഞ്ഞേ വരൂ.
ഇതിൽ നിന്നൊക്കെ ഒരു മോചനം വേണമെങ്കിൽ, ജനങ്ങൾ സ്വതന്ത്രമായി ചിന്തിക്കുകയും തക്കതായ നടപടി തക്കസമയത്ത് എടുക്കുകയും ചെയ്യാതെ വേറെ മാർഗ്ഗമൊന്നുമില്ല. നല്ലത് ഏത് ഏതിർ പാർട്ടിക്കാരൻ ചെയ്താലും അതിനെ നല്ലതെന്ന് പറയൂ. തെറ്റ് ചെയ്യുന്നത് സ്വന്തം ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന പാർട്ടിക്കാരനായാലും അയാളെ തള്ളിപ്പറയൂ. എന്നാലേ പാർട്ടിക്കാർക്ക് ജനങ്ങളെ ഭയമുണ്ടാകൂ. അതില്ലാത്തിടത്തോളം കാലം, അഥവാ പ്രജ്ഞ ഏതെങ്കിലും പാർട്ടിക്കാരന് അടിയറവ് വെച്ചിട്ടുള്ളിടത്തോളം കാലം പൊതുഖജനാവിലെ പണം ഇതുപോലെ ഇടംവലം മാറിമാറി ധൂർത്തടിക്കപ്പെട്ടുകൊണ്ടിരിക്കും. ഒരു തർക്കവും അക്കാര്യത്തിൽ ആവശ്യമില്ല.
പറഞ്ഞുവന്നത് മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കുന്ന കാര്യമാണെങ്കിലും, പൊതുഖജനാവ് ധൂർത്തടിക്കപ്പെടുന്ന ഓരോരോ വിഷയങ്ങളിലും, നേതാക്കന്മാരുടെ കുത്തഴിഞ്ഞ ധാർമ്മികതയുടെ കാര്യം വരുമ്പോളും ഇപ്പറഞ്ഞതൊക്കെത്തന്നെയാണ് സത്യം.
‘ഒരു ജനത അർഹിക്കുന്ന ഭരണകൂടത്തെ മാത്രമേ അവർക്ക് ലഭിക്കൂ‘ എന്ന, പറഞ്ഞുപറഞ്ഞ് തേഞ്ഞുപോയ ഒരു പ്രയോഗമുണ്ടല്ലോ ? അതൊന്ന് മാറ്റിപ്പറയാൻ അവസരം ഉണ്ടാക്കാത്തിടത്തോളം കാലം, എത്ര തേഞ്ഞാലും അതുതന്നെ പറഞ്ഞല്ലേ പറ്റൂ.
വാൽക്കഷണം:- മുകളിൽ എഴുതിയതുപോലൊക്കെ പറയുന്നവർക്ക് പാർട്ടിക്കാരെല്ലാവരും കൂടെ ചാർത്തിക്കൊടുക്കുന്ന ഒരു പട്ടമുണ്ട്. അരാജകവാദി എന്നാണതിന്റെ പേര്. അവരുടെ തോന്ന്യാസങ്ങൾ തുറന്നുപറയുമ്പോൾ, അവരുടെ ആർഭാടങ്ങൾക്ക് അന്തമുണ്ടാകാൻ പോകുന്ന കാര്യങ്ങൾ പറയുമ്പോൾ അതവരുടെ സ്വാഭാവിക പ്രതികരണം മാത്രമാണ്. അരാജകത്വം വേണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, മനസ്സാ വാചാ കർമ്മണ ആഗ്രഹിക്കുന്നുമില്ല. തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് പറയണമെന്ന് ആവർത്തിച്ചാവർത്തിച്ച് പറയുന്നത്, ജനങ്ങൾ എന്ന രാജാക്കന്മാരുടെ ആധിപത്യമാകുന്ന ജനാധിപത്യം ശക്തിപ്പെടുത്താൻ വേണ്ടി മാത്രമാണ്, അത് വ്യഭിചരിക്കപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ്.