രാവിലെ വെളിച്ചം വീഴുന്നതിന് മുൻപ് ഗുഡ്ഗാവ് എന്ന NCR(National Capital Region) ഭാഗത്ത് നിന്നും പുറത്ത് കടക്കണം എന്നായിരുന്നു പദ്ധതി. എങ്കിലും, ബ്രിട്ടോയുടെ Britto Zacharias ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയപ്പോൾ രാവിലെ 7:30 കഴിഞ്ഞു. ആ സമയത്ത് 8 ഡിഗ്രി ആയിരുന്നു താപമാനം.
എന്തോ വലിയ അപരാധം ചെയ്ത ഒരാളെപ്പോലെ ഒളിച്ചും പാത്തും ആ നഗരം വിടുന്നതിൽ എനിക്ക് വിഷമം തോന്നി. പക്ഷേ മറ്റ് നിവൃത്തിയില്ല. ഈ വിഷമം സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഇരുപതിനായിരത്തോളം രൂപ പിഴ ഒടുക്കണം. മാത്രമല്ല ചിലപ്പോൾ പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ടി വരും.
ഡൽഹിയിൽ ഇങ്ങനെയൊരു വാഹന രജിസ്ട്രേഷൻ പ്രശ്നമുണ്ടെന്ന് എനിക്ക് ഏകദേശ ധാരണ ഉണ്ടായിരുന്നു. പക്ഷേ അത് ഗുഡ്ഗാവിലും ബാധകമാണെന്ന് അവിടെ ചെല്ലുന്നത് വരെ അറിയില്ലായിരുന്നു.
ഈ പ്രശ്നം ഇപ്പോൾ വളരെ ഗുരുതരമായി പൊങ്ങി വരാൻ മറ്റൊരു കാരണം കൂടെ ഉണ്ട്. ഡൽഹിയിൽ കർഷക സമരം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. പ്രധാന വഴികൾ പൊലീസ് പ്രതിരോധിക്കുമ്പോൾ കർഷകർ മറ്റ് മാർഗ്ഗങ്ങളിലൂടെ ഇന്ദ്രപ്രസ്ഥത്തിൽ എത്താൻ ശ്രമിക്കുന്നുണ്ട്. ഹരിയാനയുടെ വഴികളെല്ലാം പോലീസ് പരിശോധന ശക്തമാക്കുന്നത് അതുകൊണ്ടാണ്.
“ഡൽഹി മാർച്ചിനായി ഹരിയാനയിലേക്ക് കടക്കാൻ കർഷകർ. ശംഭു അതിർത്തിയിൽ സംഘർഷം കർഷകർക്ക് പരിക്ക്.” …. എന്ന് മലയാളം പത്രങ്ങളിൽ ഇന്ന് വാർത്തയുണ്ട്.
എന്തായാലും ഒരു മണിക്കൂറിനകം ഞാൻ ഗുഡ്ഗാവ് NCR അതിർത്തി വിട്ടു. കരാർമോഡ് എന്ന സ്ഥലത്ത് ഭാഗിയെ നിർത്തി ഒരു ധാബയിൽ നിന്ന് ചായ കുടിച്ച്, നെടുവീർപ്പിട്ടു.
150 കിലോമീറ്റർ ദൂരവും 3 മണിക്കൂറോളം ഡ്രൈവുമുള്ള സഫിദോൻ കോട്ടയാണ് ലക്ഷ്യം. എത്ര മനോഹരമായ 6 വരി പാതയാണ് അതെന്നോ! ആ ദേശീയ പാതയിൽ 50 കിലോമീറ്ററിൽ അധികം ദൂരം ഭാഗിയെക്കടന്ന് ഒരു വാഹനവും പോയില്ല; ഭാഗി ഒരു വാഹനവും കടന്ന് പോയതുമില്ല. അത്രയ്ക്ക് വിജനമായ വഴി. ഇരുവശവും മനോഹരമായ പാടങ്ങളും ഒറ്റപ്പെട്ട വീടുകളും. കൃഷിയിടങ്ങളിലെ പമ്പ് പ്രവർത്തിപ്പിക്കാൻ ആകണം ചെറിയ സോളാർ പാനലുകൾ ഇടയ്ക്കിടെ കാണാം. റോഡിന്റെ നല്ല വിസ്താരമുള്ള മദ്ധ്യഭാഗത്ത് പൂച്ചെടികൾ നട്ട് പിടിപ്പിക്കുന്ന ജോലി നടക്കുന്നുണ്ട്. ആ തോട്ടം പണിക്കാർ മാത്രമാണ് വഴിയിലെ ആളനക്കം.
വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോവുകയോ അക്കാരണത്താൽ എന്തെങ്കിലും അപകടം ഉണ്ടാവുകയോ ചെയ്താൽ പോലും മണിക്കൂറുകൾ കഴിഞ്ഞേ ആരെങ്കിലും കണ്ടെന്ന് വരൂ. തിരക്കുള്ള പാതകളിൽ എന്നത് പോലെ ആളൊഴിഞ്ഞ പാതകളും, ശ്രദ്ധിച്ച് ഓടിക്കേണ്ട സ്ഥലങ്ങളാണ്.
ദേശീയ പാത 9ൽ നിന്ന്, 11 മണിയോടെ പുറത്ത് കടന്ന് ടോൾ കൊടുത്ത് ഭാഗിയും ഞാനും സഫിദോനിലേക്ക് തിരിഞ്ഞു. നല്ല ഒന്നാന്തരം ഗ്രാമമാണത്. രാത്രി തങ്ങാൻ പറ്റിയ ധാബകളോ റസ്റ്റോറൻ്റോ ഉണ്ടായില്ലെന്ന് വരാം. അതുകൊണ്ടുതന്നെ ഞാൻ വഴിയിൽ കണ്ട ചില ഗ്യാസ് സ്റ്റേഷനുകൾ നോക്കി വെച്ചു.
ചെറിയൊരു പട്ടണത്തിലേക്കാണ് റോഡ് ചെല്ലുന്നത്. കോട്ട നിൽക്കുന്നത് പട്ടണത്തിന്റെ നടുക്ക് തന്നെ. ആ വഴിയിൽ ചില റസ്റ്റോറന്റുകൾ ഉണ്ട്. അതെനിക്ക് ആശ്വാസം നൽകി. ഉച്ചയ്ക്ക് രാത്രിയും ഭക്ഷണം കിട്ടുമെന്ന് ഉറപ്പായി.
ഭാഗിയെ റോഡരികിൽ ഒതുക്കി കോട്ടയ്ക്കകത്തേക്ക് കടന്നതും അതിനകത്ത് കണ്ടത് പോലീസ് സ്റ്റേഷനാണ്. NCRന് വെളിയിൽ കടന്നതുകൊണ്ട് ഇനി പൊലീസുകാരെ ഭയക്കേണ്ടതില്ലല്ലോ.
ഞാൻ പൂമുഖത്ത് മഫ്ടിയിൽ കണ്ട രണ്ട് ഉദ്യോഗസ്ഥരിൽ ഒരാളോട് ഫോട്ടോ കാണാനും പടങ്ങളെടുക്കാനും അനുമതി തേടി. അദ്ദേഹം എന്നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. രജിസ്റ്ററിൽ പേരും മൊബൈൽ നമ്പറും എഴുതിയെടുത്തു. അപ്പോഴാണ് ഞാൻ അക്കാര്യം മനസ്സിലാക്കിയത്.
സഫദോൻ കോട്ട ഇപ്പോൾ ASI യുടെ അധീനതയിലാണ്. അതിനകത്ത് കാണുന്ന കെട്ടിടം ഇപ്പോൾ പൊലീസ് സ്റ്റേഷനല്ല. മുൻപ് അതിൽ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നു എന്ന് മാത്രം. ASI വന്ന് അവരെ ഒഴിപ്പിച്ചു. അതിന്റെ കേസും നൂലാമാലകളും കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഞാൻ സംസാരിച്ചത് അശ്വിൻ എന്ന ASI ഉദ്യോഗസ്ഥനോടാണ്. അദ്ദേഹം, രാത്രി ഭാഗിയെ അകത്ത് പാർക്ക് ചെയ്യാനും കോട്ടയ്ക്കകത്ത് കിടക്കാനും എനിക്ക് അനുമതി നൽകി.
* പതിനെട്ടാം നൂറ്റാണ്ടിൽ ജിന്ദ് ഭരണാധികാരികളാണ് സഫിദോൻ കോട്ട നിർമ്മിച്ചത്.
* 1763 മുതൽ ഒരു സ്വയംഭരണ പ്രതിശ്യ ആയിരുന്നു ജിന്ദ്.
* ജിന്ദ് ഭരണാധികാരികൾ നിർമ്മിച്ച ആദ്യത്തെ കോട്ടയാണ് സഫിദോൻ.
ഞാൻ കോട്ട ചുറ്റി നടന്ന് കണ്ടു; പടങ്ങളും വീഡിയോകളും എടുത്തു. ശേഷം കോട്ടയ്ക്ക് വെളിയിൽ കടന്ന് കോട്ടയുടെ പുറം ഭാഗത്തുള്ള നഗരത്തിലും ചുറ്റിയടിച്ചു.
കോട്ടയുടെ ഒരു വശത്ത് വലിയൊരു തടാകമാണ്. അതിന്റെ ഒരു ഭാഗത്ത് ഒരു ക്ഷേത്രമുണ്ട്.തടാകക്കരയിൽ രാജഹംസങ്ങൾ ഒറ്റക്കാലിൽ ഉറങ്ങുന്നു. മറുവശത്തുകൂടി സാമാന്യം വലിയ ഒരു കനാൽ ഒഴുകുന്നു. 50 അടിയെങ്കിലും വീതിയുണ്ട് ആ കനാലിന്. മലിനജലമല്ല അതിലൂടെ ഒഴുകുന്നതെന്നത് ശ്രദ്ധേയമാണ്.
ഞാനാ വഴി നടന്ന് നടന്ന് നഗരം മുഴുവൻ പ്രദക്ഷിണം വെച്ചു. ഈ നടത്തത്തിന് മറ്റൊരു ഉദ്ദേശവും കൂടെ ഉണ്ടായിരുന്നു. ഹരിയാനയിലേക്ക് കടന്നപ്പോൾ മുതൽ ഹുക്ക ഒരെണ്ണം വാങ്ങണമെന്ന് എനിക്കുണ്ട്. വലിച്ച് കുരച്ച് ചാകാനൊന്നുമല്ല. പിത്തളയിൽ തീർത്ത ചെറിയതും ഭംഗിയുള്ളതുമായ ഹുക്ക ഒരെണ്ണം എൻ്റെ ആക്രി ശേഖരത്തിലേക്ക് ചേർക്കാനാണ്. സബ്ജി മണ്ടിയുടെ (പച്ചക്കറി അങ്ങാടി) പരിസരത്ത് ഹുക്ക കിട്ടുമെന്ന് കോട്ടയ്ക്ക് വെളിയിലുള്ള ചായക്കടയിൽ ചോദിച്ച് ഞാൻ മനസ്സിലാക്കിയിരുന്നു.
രസകരമായ ഒരു നടത്തമായിരുന്നു അത്. മൊബൈൽ ഫോണിന്റെ മുഷിഞ്ഞ കവചം മാറ്റിയിട്ടു; ഹുക്ക വാങ്ങി. തണുപ്പ് ആരംഭിച്ചതിനാൽ അങ്ങാടിയിൽ കമ്പിളി കുപ്പായങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. അതിനെല്ലാം ഇടയിലൂടെ നടന്ന് വന്നതും ഞാൻ പെട്ടെന്ന് സഫിദോൻ പട്ടണവുമായി ഇഴുകിച്ചേർന്നു. എവിടെ താമസിക്കുമെന്ന്, ഗുഡ്ഗാവിൽ നിന്ന് ഇറങ്ങുമ്പോൾ ഉണ്ടായിരുന്ന ആശങ്ക മാഞ്ഞില്ലാതായി എന്ന് മാത്രമല്ല, അടുത്ത നാല് ദിവസത്തേക്കുള്ള ഊർജ്ജം സംഭരിക്കുകയും ചെയ്തു. ഹരിയാനയിലെ ആദ്യരാത്രി സുഖകരമായിരുന്നില്ല എന്നത് കൊണ്ടായിരുന്നു ചെറിയൊരു ആശങ്ക.
നഗരത്തിലെ കറക്കത്തിനിടയിൽ ഭക്ഷണം കഴിക്കാൻ ഒരു ചെറിയ റെസ്റ്റോറന്റിൽ കയറി. അതിന്റെ ഉടമ പർമൽ ജാഗ്ലൻ പഴയ പട്ടാളക്കാരനാണ്. എന്നെ കണ്ടതും “മറുനാട്ടുകാരൻ ആണല്ലേ” എന്ന് ചോദിച്ച് അദ്ദേഹം ലോഹ്യം തുടങ്ങി. കേരളത്തിൽ വന്നിട്ടില്ലെങ്കിലും അദ്ദേഹം തമിഴ്നാട്ടിൽ ജോലി ചെയ്തിട്ടുണ്ട്. അൽപ്പസ്വല്പം തമിഴ് സംസാരിക്കുന്നുമുണ്ട്.
എന്റെ യാത്രാ വിശേഷങ്ങൾ കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമായി. ഭാഗിയെ കാണണമെന്ന് പറഞ്ഞു. വേണമെങ്കിൽ, റസ്റ്റോറന്റിന്റെ പുറകിലുള്ള അദ്ദേഹത്തിൻ്റെ വീടിന് മുന്നിൽ ഭാഗിയെ ഒതുക്കിടാം എന്നും അറിയിച്ചു. നോക്കൂ…. ഗുഡ്ഗാവിലെ ആദ്യരാത്രിയിൽ അതായത് ഹരിയാനയിലേക്ക് കടന്നതിന് ശേഷമുള്ള ആദ്യത്തെ രാത്രിയിൽ മാത്രമാണ്, രാത്രി തങ്ങാൻ എനിക്ക് ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടായത്. അതിന് ശേഷം നാല് ദിവസം നല്ല ആർഭാടമായി ബ്രിട്ടോയുടെ ഫ്ലാറ്റിൽ കഴിഞ്ഞു. ഇപ്പോൾ ദാ നോക്കൂ കോട്ടയുടെ ഉള്ളിൽ കിടക്കണമെങ്കിൽ അങ്ങനെയാകാം അല്ലെങ്കിൽ പർമൽ ജാഗ്ലന്റെ വീടിന് മുന്നിൽ കിടക്കാം. പ്രപഞ്ചം മുഴുവൻ ഗൂഢാലോചനയോട് ഗൂഢാലോചന!
ഞാൻ കോട്ടയ്ക്കുള്ളിൽ തന്നെ കിടക്കാൻ തീരുമാനിച്ചു. മുൻപ് ഒരു കോട്ടക്കകത്ത് അന്തിയുറങ്ങാൻ എത്ര കൊതിച്ചിട്ടുള്ളതാണ്. 5000 മനുഷ്യർ ജീവിക്കുന്ന, രാജസ്ഥാനിലെ ചിറ്റോർഗഡ് കോട്ടയിലാണ് അങ്ങനെ ഒരവസരം ആദ്യം ഉണ്ടായത്. പിന്നീട്, രാജാവും കുടുംബവും പരിവാരങ്ങളും താമസിക്കുന്ന, രാജസ്ഥാനിലെ തന്നെ ഭദ്രാജുൻ കോട്ടയിൽ മൂന്ന് ദിവസം ഉറങ്ങിയിട്ടുണ്ട്.
പക്ഷേ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാനായ ആളനക്കം ഇല്ലാത്ത, വൈദ്യുത വെളിച്ചത്തിന്റെ കണിക പോലും ഇല്ലാത്ത ഒരു കോട്ടയിൽ തങ്ങുന്നതിന്റെ സുഖം, മുൻപട്ടാളക്കാരനായ പർമൽ ജാഗ്ലന്റെ വീടിന് മുന്നിൽ കിടന്നാൽ കിട്ടില്ലല്ലോ?
ആറു മണി കഴിഞ്ഞ് തെരുവിൽ തിരക്കൊഴിഞ്ഞതും ഞാൻ വാഹനം കോട്ടയ്ക്കകത്ത് കയറ്റി. തൊട്ടപ്പുറത്തെ വീട്ടിലെ നായ കുറേനേരം കുരച്ച് ബഹളമുണ്ടാക്കി. ചായക്കടയിൽ നിന്നും രണ്ടുപേർ ഇറങ്ങിവന്ന് “അനുമതി വാങ്ങിയിട്ടാണോ കോട്ടയിൽ വാഹനം കയറ്റിയത് ” എന്ന് ചോദിച്ചു. ഞാൻ ASI ഉദ്യോഗസ്ഥൻ അശ്വിനെ ഫോണിൽ വിളിച്ച് അവരോട് സംസാരിക്കാൻ പറഞ്ഞു. ആ പ്രശ്നം അവിടെ തീർന്നു.
നിലവിൽ കോട്ടയിൽ നല്ല ഇരുട്ടാണ്. അല്പനേരം കൂടെ കഴിഞ്ഞാൽ ആകാശത്തുള്ള ചെറിയ വെളിച്ചവും തീരും. അതോടെ ഇരുട്ട് കനക്കും. രാജസ്ഥാനിലെ ഭാൻഗഡ് കോട്ടയിൽ എനിക്ക് കാണാൻ പറ്റാതെ പോയ പ്രേതങ്ങളോ യക്ഷികളോ ഇതിനകത്തുണ്ടെങ്കിൽ സംഗതി കുശാലായി. പഴയ പോലീസ് സ്റ്റേഷൻ്റെ ലോക്കപ്പിലോ ഇടിമുറിയിലോ അവസാനിച്ച ഏതെങ്കിലും ആത്മാവിനെ കൂട്ടുകെട്ടിയാലും, മിണ്ടിയും പറഞ്ഞും ഇരിക്കാം. ഇരുട്ട് വീഴുന്നതിന് മുൻപ്, കോട്ടയ്ക്കകത്ത് പാല മരങ്ങൾ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കാതിരുന്നത് എൻ്റെ പിഴ.
അല്പനേരം കഴിഞ്ഞ് ഒന്നുകൂടെ തെരുവിലേക്ക് ഇറങ്ങണം. രൺവീറിന്റെ റസ്റ്റോറന്റിൽ നിന്ന് വൈകീട്ട് കഴിച്ച ചൗമീൻ ഇപ്പോഴും വയറ് നിറഞ്ഞ് നിൽക്കുകയാണെങ്കിലും, അവിടെ ചെന്ന് ഒരു ലസ്സി വാങ്ങി കുടിക്കണം. അതിനുശേഷം കോട്ടയിലേക്ക് മടങ്ങിവന്ന് നിദ്ര പൂകണം.
നാല് ദിവസത്തിന് ശേഷമാണ് ഭാഗിയിൽ ഉറങ്ങുന്നത്. അതാകട്ടെ ആളനക്കവും വെളിച്ചവും ഇല്ലാത്ത പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ഒരു കോട്ടയിൽ. ഈ രാത്രി പൊളിക്കും.
ശുഭരാത്രി.