ശബരിമലയിൽ എന്തിനാണ് വിമാനത്താവളം ? ഭക്തർ വ്രതമെടുത്ത് ദീർഘദൂരം സഞ്ചരിച്ച് കാനനപാതകളിലെ കല്ലും മുള്ളും ചവിട്ടി കഷ്ടപ്പെട്ട് മലകയറി മനസ്സും ശരീരവും ശുദ്ധിവരുത്തി വേണ്ടേ പാപങ്ങൾ ഒഴിവാക്കാൻ ? ശബരിമലയിൽ നിന്നും നാൽപ്പത് കിലോമീറ്റർ ദൂരെ എരുമേലിയിലാണ് നിർദ്ദിഷ്ട വിമാനത്താവളം എന്നറിഞ്ഞുകൊണ്ടുതന്നെയുള്ള ചോദ്യമാണിത്. ശബരിമലയുടെ പേരിലാണ് ഈ വിമാനത്താവളം ഉയർത്തിക്കൊണ്ടുവരുന്നത് എന്നതുതന്നെ കാരണം.
കേരളത്തിൽ നിലവിൽ മൂന്ന് വിമാനത്താവളങ്ങൾ ഉണ്ട്. നാലാമതൊന്ന് കണ്ണൂര് വരാൻ പോകുന്നു. അതിൽക്കൂടുതൽ വിമാനത്താവളങ്ങൾ ഈ കൊച്ചുസംസ്ഥാനത്തിന് ആവശ്യമില്ലെന്ന് മാത്രമല്ല താങ്ങാനുമാവില്ല. കേരളത്തിലെ പത്ത് വീടുകളെടുത്താൽ അതിലൊരാൾ വിദേശത്തുണ്ടാകും. അവർക്കെല്ലാവർക്കും വീട്ടുമുറ്റത്ത് വിമാനത്താവളം വേണമെന്ന് പറഞ്ഞാൽ, നടക്കുന്ന കാര്യമല്ല. സർക്കാരിന് പറ്റുമെങ്കിൽ ഇത്രയും ആൾക്കാർക്ക് വിമാനത്താവളത്തിലെത്താനുള്ള റോഡുകളും പാലങ്ങളും നല്ലനിലവാരത്തിൽ പണിതീർക്കാൻ ശ്രമിക്കൂ. റോഡിലെ കൈയ്യേറ്റങ്ങൾ ഒഴിവാക്കി റോഡിന് വീതി കൂട്ടാൻ ശ്രമിക്കൂ. പുതിയൊരു വിമാനത്താവളം ഉണ്ടാക്കുന്നതിന്റെ പത്തിലൊന്ന് ചിലവ് വേണ്ടി വരില്ല. അത്യാവശ്യം കൈയ്യടി കിട്ടുകയും ചെയ്യും.
പുൽമേടിൽ പോയി നിന്ന് താഴെ ശബരിമല ക്ഷേത്രസമുച്ചയം കാണാത്തവരുണ്ടെങ്കിൽ ഒന്ന് കണ്ട് നോക്കണം. ചുരുങ്ങിയ ഒരു സ്ഥലത്ത് അത്രയ്ക്ക് വലിയ കോൺക്രീറ്റ് വനം കൊച്ചി നഗരത്തിൽപ്പോലും ഉണ്ടാകില്ല. കാനനവാസനായിരുന്ന അയ്യപ്പനെ ഇപ്പോൾ കോൺക്രീറ്റ്‌വാസനാക്കി മാറ്റിയിരിക്കുകയാണ്. ഇനി ആ ദൈവത്തിലേക്ക് എത്താനെന്ന വ്യാജേന നാൽപ്പത് കിലോമീറ്റർ അപ്പുറം വേറെ കുറേ കാടുകൾ കൂടെ വെട്ടിത്തെളിച്ച്, കുന്നുകൾ ഇടിച്ചുനിരത്തി, മറ്റൊരു കോൺക്രീറ്റ് വനം ഉണ്ടാക്കുന്നത് മഹാപാപമാണ്.
ആറന്മുള വിമാനത്താവളം ഒഴിവായതുമുതൽ വിമാനത്താവളലോബി മറ്റൊരിടം തേടി നടക്കുകയായിരുന്നു. ആറന്മുളയ്ക്കെതിരായുള്ള പ്രക്ഷോഭത്തിൽ നിന്ന് പിന്മാറാൻ എത്ര കോടിയാണ് സുഗതകുമാരിട്ടീച്ചർക്ക് വാഗ്ദാനം ചെയ്തതെന്ന് ഒന്നന്വേഷിച്ചാൽ ഈ ലോബിയുടെ ശക്തി മനസ്സിലാക്കാനാവും. കോടികളാണ് അവരവിടെ മുടക്കിയത്. അത് തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള ശ്രമം കൂടെയാണിത്. ഭക്തിമാർഗ്ഗത്തിലൂടെ പോയാൽ കാര്യം എളുപ്പം നടക്കുമെന്ന് കരുതുന്നത് കൊണ്ടാകാം അയ്യപ്പനെ കേറി പിടിച്ചത്.
പിന്നാമ്പുറ കളികൾ എന്തൊക്കെ ആയാലും, ആറന്മുളയിൽ ആവശ്യമില്ലാത്ത വിമാനത്താവളം, അവിടന്ന് മുപ്പത്തിമൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള എരുമേലിയിലും ആവശ്യമില്ല. 2263 ഏക്കർ കാട് വെട്ടിത്തെളിച്ച് കടത്താനും വെറുതെ കുറേപ്പേർക്ക് കമ്മീഷനടിക്കാനും വേണ്ടി ശബരിമലയുടേം അയ്യപ്പന്റേം പേരിലുള്ള ഒരു പദ്ധതിയാണിത്ഈ പദ്ധതിയുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ, തൊട്ടടുത്തുള്ള വനങ്ങളിലെ മൃഗങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന ശല്യം, അതുമൂലം മൃഗങ്ങൾ കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ; ഇതൊക്കെ ആരെങ്കിലും കണക്കിലെടുക്കുന്നുണ്ടോ ? ഏതൊക്കെ നിലയ്ക്ക് ചിന്തിച്ചാലും കേരളത്തിൽ അഞ്ചാമതൊരു വിമാനത്താവളത്തിന്റെ ആവശ്യമേയില്ല.
ആറന്മുള വിമാനത്താവളപദ്ധതി പൊതുപ്രവർത്തകരും നാട്ടുകാരും ഇടപെട്ട് എങ്ങനെ ഇല്ലാതാക്കിയോ, അതുപോലെ തന്നെ ഇതും ഇല്ലാതാകണം. നാടിനും കാടിനുമൊക്കെ അതാകും ഗുണം ചെയ്യുക.
ഫേസ്ബുക്കിൽ ജൂലായ് 23ന് പോസ്റ്റ് ചെയ്ത ഈ വിഷയം അൽപ്പസ്വൽപ്പം മാറ്റങ്ങളോടെ ഇവിടേയ്ക്കും പകർത്തിയിടുന്നു. ഫേസ്ബുക്ക് ലിങ്ക് ഇതാ – https://www.facebook.com/niraksharan/posts/10212392064024154