ഇന്ന് കോഴിക്കോട് നഗരത്തിൽ ഓട വൃത്തിയാക്കാൻ ഇറങ്ങിയ മൂന്ന് പേർ മരിച്ച സംഭവം, കേരളത്തിലെ അല്ലെങ്കിൽ നമ്മുടെ രാജ്യത്തെ തന്നെ, ഇതുപോലുള്ള ജോലികളുമായി ബന്ധപ്പെട്ട പിടിപ്പുകേടിന്റെ ഉത്തമ ഉദാഹരണമായി മാത്രമേ കാണാനാകൂ.
ഇക്കാര്യവുമായി ബന്ധപ്പെട്ട് ചിലത് സൂചിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു.
1. ഇത്തരം ഓടകളിൽ ഹൈഡ്രജൻ സൾഫൈഡ് (H2S) പോലുള്ള, വായുവിനേക്കാളും സാന്ദ്രത (Density) കൂടിയ വിഷവാതകങ്ങൾ അടിഞ്ഞുകൂടും എന്നത് ഈ ജോലികളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ളവർ നന്നായി മനസ്സിലാക്കേണ്ട കാര്യമാണ്. സാന്ദ്രത കൂടുതലായതുകൊണ്ടുതന്നെ, ഇത്തരം വിഷവാതകങ്ങൾ ഓടയ്ക്ക് വെളിയിലുള്ള അന്തരീക്ഷത്തിന്റെ മേൽത്തട്ടിലേക്ക് വന്ന് വായുവിൽ കലർന്ന് ഇല്ലാതാകുന്നില്ല. ഓട വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന സാധാരണക്കാരായ ജോലിക്കാർ ഇതൊക്കെ അറിയണമെന്ന് ഒരു നിർബന്ധവുമില്ല. അല്ലെങ്കിൽ അവരെ രക്ഷിക്കാൻ ഒന്നും നോക്കാതെ ഓടയിലേക്ക് ചാടിയിറങ്ങിയ ഓട്ടോ ഡ്രൈവർ നൌഷാദിനെപ്പോലുള്ളവർ അറിയണമെന്നില്ല. പക്ഷേ, ഇത്തരം ജോലികൾക്ക് കരാറെടുക്കുന്ന കമ്പനികളും അതിലുള്ള ഉദ്യോഗസ്ഥരും ഇക്കാര്യം പകൽപോലെ അറിഞ്ഞിരിക്കേണ്ടതാണ്. ഓടയിൽ ഇറങ്ങുന്നതിന് മുന്നേ വിഷവാതകത്തിന്റെ സാന്നിദ്ധ്യം അളക്കാനുള്ള ഉപകരണങ്ങളിലൂടെ (Gas Detectors) ഇക്കാര്യം മനസ്സിലാക്കി കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി വേണം ഉള്ളിലേക്ക് കടക്കാൻ. അപകടകാരിയായ വാതക സാന്നിദ്ധ്യം ഉണ്ടെന്ന് മനസ്സിലാക്കിയാൽ, ഓക്സിജൻ സിലിണ്ടറും മാസ്ക്കുകളും ഉപയോഗിക്കുകയും വേണം. രക്ഷാപ്രവർത്തനത്തിന് വന്ന ഫയർ ഫോർസ് ജീവനക്കാർ ഇതെല്ലാം അണിഞ്ഞ് ഓടയിലേക്ക് കടക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ഇത്തരം സജ്ജീകരണങ്ങളുമായി വേണം ഓട വൃത്തിയാക്കാൻ വരുന്നവരും രംഗത്ത് എത്തേണ്ടത്. അപകടം ഉണ്ടായിക്കഴിഞ്ഞിട്ടല്ല ഇതൊക്കെ ഹാജരാക്കേണ്ടത്.
2. ഒരാൾക്ക് അപകടം പിണഞ്ഞെന്ന് മനസ്സിലാക്കിയാൽ, അയാളെ രക്ഷപ്പെടുത്താനായി ഓട്ടോ ഡ്രൈവർ നൌഷാദ് ചെയ്തത് പോലെ എടുത്ത് ചാടാൻ പാടില്ല. സുരക്ഷാ ഉപകരണങ്ങൾ അണിഞ്ഞ് തന്നെ വേണം പിന്നീടുള്ളവർ ഉള്ളിൽ പ്രവേശിക്കാൻ. നമ്മിലൊരാൾക്ക് വൈദ്യുതാഘാതം ഏറ്റാൽ അയാളെ രക്ഷപ്പെടുത്താൻ അയാളുടെ ശരീരത്തിൽ കയറിപ്പിടിച്ച് വലിച്ച് രക്ഷപ്പെടുത്താൻ നാം ശ്രമിക്കില്ലല്ലോ ? വൈദ്യുതാഘാതം ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് സാധാരണക്കാർക്ക് പോലും അറിയാവുന്ന കാര്യമാണ്. അതുപോലെ തന്നെ ചില സാങ്കേതിക കാര്യങ്ങൾ ഇവിടേയും ശ്രദ്ധിക്കേണ്ടതുണ്ട്. അതൊക്കെ അറിയുന്നവർ വേണം ഈ ജോലിയിൽ ഏർപ്പെടാൻ. ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട നടപടികളെക്കുറിച്ച് പൊതുജനത്തിനും സാമാന്യജനത്തിനും വിവരമുണ്ടാകാനുള്ള സാദ്ധ്യത വളരെക്കുറവായതുകൊണ്ടുതന്നെ ഇത്തരം ജോലികളിൽ പ്രാഗത്ഭ്യമുള്ളവർ അല്ലാതെ പൊതുജനത്തെ ഇടപെടാൻ അനുവദിക്കുകയും അരുത്.
ഓട വൃത്തിയാക്കുക എന്നത് ഏറ്റവും വൃത്തികെട്ട ജോലിയായി നമ്മൾ (ഭരണാധികാരികളും) കാണുന്നതുകൊണ്ടാകാം, ഇക്കാര്യത്തിലൊന്നും യാതൊരു ശ്രദ്ധയുമില്ലാതെ ആർക്കും എപ്പോൾ എങ്ങനെ വേണമെങ്കിലും ചെയ്യാം എന്ന സ്ഥിതിയുള്ളത്. പാവപ്പെട്ട രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഒരു ഓട്ടോ ഡ്രൈവറും മരിച്ചാൽ ആർക്കെന്ത് നഷ്ടം അല്ലേ ? കോടിക്കണക്കിന് വരുന്ന കീടങ്ങളിൽ നിന്ന് 3 കീടങ്ങൾ ഇല്ലാതായാൽ ബാക്കിയുള്ളവർക്കെന്ത്, സർക്കാരിനെന്ത് ? ഒന്നോ രണ്ടോ ലക്ഷം രൂപ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുന്നതോടെ എല്ലാം തീരുന്നു. നഷ്ടമെല്ലാം മരിച്ചവരുടെ ആശ്രിതർക്ക് മാത്രം. പട്ടിണിയിലാകുന്നത് അവരുടെ കുടുംബങ്ങൾ മാത്രം.
3. ഓട വൃത്തിയാക്കാൻ വന്നവർക്കൊപ്പം ഉണ്ടായിരുന്ന കമ്പനി ജീവനക്കാരൻ അൽപ്പം ഒന്ന് മാറിയ സമയത്താണ് അപകടം ഉണ്ടായതെന്ന് ന്യൂസിൽ കണ്ടു. ഓട വൃത്തിയാക്കാനല്ല, അതിന്റെ ആഴമളക്കാനാണ് വന്നതെന്ന് അയാളെ ചോദ്യം ചെയ്തപ്പോൾ മൊഴി നൽകിയതായും വാർത്തയിലുണ്ടായിരുന്നു. ഇപ്പറയുന്നതെല്ലാം ഉത്തരവാദിത്വമില്ലായ്മയുടെ വലിയ സൂചനകളാണ്. ഒന്നാമത്, അത്തരം ഒരു ജോലി നടക്കുമ്പോൾ അതിന്റെ ഗൌരവം മനസ്സിലാക്കി സൂപ്പർവൈസർ ആകാൻ സാദ്ധ്യതയുള്ള അയാൾ ആ സീനിൽ നിന്ന് മാറാൻ പാടില്ല. മാറുന്നുണ്ടെങ്കിൽത്തന്നെ കൃത്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിരിക്കണം. ഈ ഓട, ഇന്നലെ പെയ്ത മഴയ്ക്ക് കിളിർത്ത് വന്നതൊന്നും അല്ലല്ലോ ? അതിന്റെ ആഴം വ്യാസം എന്നിങ്ങനെയുള്ള കണക്കുകൾ നിർമ്മാണം കഴിയുമ്പോൾത്തന്നെ കൃത്യമായി അതിനുള്ളിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അതാണ് ഏറ്റവും വലിയ കൃത്യവിലോപം.
4. ഓട വൃത്തിയാക്കാൻ കരാറെടുക്കുന്ന കമ്പനിക്കാർ, കരാറുകൾ കൈമാറിക്കൈമാറി, ചെയ്യുന്ന ജോലിയെപ്പറ്റി യാതൊരു ധാരണയുമില്ലാത്ത സബ്-കോൺട്രാൿടർമാരിൽ ജോലിയെത്തുന്നു എന്നതും ആരോപണമായി ഉയർന്നുവന്നിട്ടുണ്ട്. കരാർ മറിച്ചുകൊടുത്താലും ഇല്ലെങ്കിലും, സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെ ജോലി ചെയ്താൽ കനത്ത പിഴ നൽകാൻ നടപടിയുണ്ടായേ പറ്റൂ.
ഒരു അപകടം ഉണ്ടായിക്കഴിഞ്ഞ് മാത്രമേ പിന്നീട് അതുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കൂ എന്നുള്ളത് ഈ നാടിന്റെ ഒരു ശാപമാണ്. ബസ്സുകളിൽ അത്യാഹിത വാതിലുകൾ വന്നതും, ബോട്ടുകളിൽ ലൈഫ് ജാക്കറ്റുകൾ വന്നതും ഒക്കെ ഓരോരോ അപകടങ്ങൾക്ക് ശേഷം മാത്രമാണ്.
ചുറ്റിലും കാണുന്ന ജോലിക്കാരിൽ ഏറ്റവും ബഹുമാനം കൊടുക്കേണ്ടത് ഓട വൃത്തിയാക്കുന്നവർക്കും മാലിന്യം ശേഖരിക്കാൻ വരുന്നവർക്കുമാണ്. അവരത് ചെയ്യുന്നില്ലെങ്കിൽ എന്താകും നാടിന്റെ അവസ്ഥയെന്ന് ആലോചിക്കാനാവുന്നുണ്ടോ ? അതുകൊണ്ടുതന്നെ അവരുടെ ജീവന്റെ വില മറ്റുള്ളവരുടേതിന് ഒപ്പമോ അതിനേക്കാൾ വലുതോ തന്നെയാണ്. അതിങ്ങനെ ഓടകളിൽ പൊലിഞ്ഞ് പോകാതിരിക്കാനുള്ള കർശന നടപടികൾ ഉണ്ടായേ പറ്റൂ.