ഇക്കൊല്ലം സംസ്ഥാന ഹർത്താൽ ആകെ ഒരെണ്ണം മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. പക്ഷേ പ്രാദേശിക ഹർത്താലുകൾ പൊടിപൊടിക്കുകയാണ്. ഇതുവരെ 57 പ്രാദേശിക ഹർത്താലുകൾ നടന്നുകഴിഞ്ഞു.
ഇന്നലെ (8 ജൂൺ 2017) മാത്രം 4 പ്രാദേശിക ഹർത്താലുകൾ കേരളത്തിൽ നടന്നു. എന്റെ അറിവിൽ ഇന്ന് കോഴിക്കോടും വടുതലയിലും ഹർത്താലാണ്.
ഇന്നലെ നടന്ന 4 ഹർത്താലുകളിൽ മൂന്നെണ്ണം ബി.ജി.പി. വകയും ഒരെണ്ണം സി.പി.എം. വകയുമാണ്. ഇവർ പരസ്പരം ബോംബെറിഞ്ഞു, ഓഫീസ് തകർത്തു എന്നൊക്കെയുള്ള കാരണങ്ങളുടെ പേരിലാണ് ഈ നാല് ഹർത്താലുകളും.
എല്ലാ പാർട്ടിക്കാരോടും ഒന്നേ പറയാനുള്ളൂ. നിങ്ങൾ ജനസേവനമാണ് നടത്തുന്നതെന്നാണല്ലോ വെപ്പ്. അതിന്റെ പേരിൽ തല്ലാനും കൊല്ലാനും ബോംബെറിയാനും ഒരു ജനവും പറഞ്ഞിട്ടില്ല; ആഗ്രഹിക്കുന്നുമില്ല. ഇനി അതെല്ലാം ചെയ്തേ പാർട്ടി വളർത്താൻ നിങ്ങൾക്കാകൂ എന്നാണെങ്കിൽ ആയിക്കോളൂ. പക്ഷെ, അതിനെ ജനസേവനം എന്ന് വിളിക്കരുത്. തല്ലലും കൊല്ലലും ബോംബെറിയലും ചെയ്തിട്ട് അതിന്റെ പേരിൽ ഹർത്താൽ കൂടെ നടത്തുമ്പോൾ, സേവനം ചൊരിയുന്നതിന് പകരം ജനത്തെ കഷ്ടപ്പെടുത്തുകയും ദ്രോഹിക്കുകയുമാണ് നിങ്ങൾ ചെയ്യുന്നത്.
ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ ജനസേവനം എന്ന മേനി പറച്ചിൽ ശുദ്ധ പൊള്ളത്തരമാണ്. എന്നിട്ട്, ഹർത്താൽ ഗാന്ധിജി അനുഷ്ഠിച്ചിരുന്ന, അദ്ദേഹം കൊണ്ടുവന്ന ഒരു പ്രതിഷേധ / സമരമാർഗ്ഗമാണെന്ന് ന്യായീകരണവും. ഗാന്ധിജി സമാധാനപ്രിയനായിരുന്നു പാർട്ടിക്കാരേ. അഹിംസയിലൂന്നിയ പ്രവർത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. തല്ലും കൊല്ലും കൊള്ളിവെപ്പും നടത്തിയശേഷം അതിന്റെ പേരിൽ നിങ്ങൾക്കാഘോഷിക്കാനുള്ളതല്ല, മറ്റാരെയും നിർബന്ധിക്കാതെയും ഉപദ്രവിക്കാതെയും ഗാന്ധിജി നടത്തിയിരുന്ന ഹർത്താൽ എന്ന പ്രതിഷേധമാർഗ്ഗം. പാർട്ടി വളർത്താനും നിലനിർത്താനും വേറെന്തെങ്കിലും സൂത്രപ്പണികൾ കണ്ടുപിടിക്കണം ഹേ.
ഈ ഒരു തോതിലാണ് ഹർത്താലുകൾ തുടരാൻ പോകുന്നതെങ്കിൽ അത് ഹർത്താലുകളുടെ അന്ത്യത്തിലേക്കുള്ള പോക്ക് തന്നെയാണ്. ഇന്ധനവില കൂടുമ്പോൾ ഹർത്താലുകൾ നടന്നിരുന്ന സംസ്ഥാനമല്ലേ കേരളം?! മാസത്തിൽ 2 പ്രാവശ്യം ഇന്ധനവിലയിൽ മാറ്റങ്ങൾ വരാൻ തുടങ്ങിയപ്പോൾ ഹർത്താലുകളൊന്നും കണ്ടില്ലല്ലോ. ഇനിയിതാ ദിവസവും ഇന്ധനവിലയിൽ വ്യതിയാനം ഉണ്ടാകാൻ പോകുകയാണ്. ഒരു പ്രതിഷേധവും ആർക്കുമില്ലല്ലോ ? അതുതന്നെയാണ് ഹർത്താലിന്റെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത്. ദിവസവും നടക്കുന്ന ഒരു അനാവശ്യ പരിപാടി ജനങ്ങളിൽ മരവിപ്പും മടുപ്പും ഉളവാക്കും. അവർ ഹർത്താലുകളെ കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിച്ച് സ്വൈര്യജീവിതത്തിലേക്ക് മടങ്ങിവരും. ആ കാലം തൊട്ടടുത്തുതന്നെയാണ്.
“കോഴിക്കോട് പെട്ടുപോയി. എന്തെങ്കിലും വാഹനം കിട്ടുമോ“ എന്ന് ഒരു സുഹൃത്തിന്റെ സന്ദേശം വന്നുകിടക്കുന്നു. ഇന്ന്, കോഴിക്കോട് വാഹനം ഓടിക്കാൻ ഹർത്താലുകാർ പോലും തടസ്സം നിൽക്കുന്നില്ല. പുലർച്ചെ ഹർത്താൽ ആഹ്വാനം ചെയ്തതോടെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കാനായി വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയത്രേ ! പുലർച്ചെ മാത്രമല്ല, എപ്പോൾ ഹർത്താൽ ആഹ്വാനം ചെയ്താലും നടത്തിയാലും ജനങ്ങൾക്ക് ബുദ്ധിമുട്ട് തന്നെയാണ്. പുലർച്ചയുടെ കാര്യമെങ്കിലും മനസ്സിലാക്കിയല്ലോ. അത്രയും നന്ന്.
പക്ഷേ, ഹർത്താൽ എന്ന് കേൾക്കുമ്പോഴേക്കും വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും അവധിയാക്കുന്ന മലയാളികളെ രക്ഷിക്കാൻ ആർക്കുമാവില്ല സുഹൃത്തേ. പ്രാദേശിക ഹർത്താലുകളെ നേരിടാനും ആ ഭാഗത്തുനിന്ന് പുറത്തുകടക്കാനും വളരെ എളുപ്പമാണ്. അത് നിങ്ങൾ സ്വയം ചെയ്യണം. ഹർത്താൽ നടത്തുന്നവരെപ്പോലെ കേരളം മുഴുക്കെ സംഘടനാ സ്വാധീനമുള്ളവരല്ല ഞങ്ങൾ Say No To Harthal പ്രവർത്തകർ. അത്യാവശ്യം രോഗികളേയും വയസ്സായവരേയുമൊക്കെ സഹായിക്കാനേ ഞങ്ങൾക്ക് കഴിഞ്ഞെന്ന് വരൂ. എന്നെങ്കിലും ഒരു ഹർത്താലിന് വാഹനമെടുത്ത് വെളിയിൽ ഇറങ്ങാൻ നിങ്ങൾ സന്മനസ്സോ ധൈര്യമോ കാണിച്ചിട്ടുണ്ടോ? ഹർത്താലുകൾക്കെതിരെ ആളെക്കൂട്ടാനും ഞങ്ങൾക്കൊപ്പം സഹകരിച്ച് വാഹനമോടിക്കാനും നിങ്ങളെന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇനിയെങ്കിലും ഒന്ന് ശ്രമിച്ചുനോക്കൂ. ഒരാളും ഒരപകടവും നിങ്ങൾക്കുണ്ടാക്കില്ല.
വാൽക്കഷണം:- മീൻ പിടിക്കുന്നത് പഠിപ്പിച്ച് തരാനേ ഞങ്ങൾക്ക് കഴിയൂ. ദിവസവും മീൻ പിടിച്ച് അത് നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് കറിവെച്ച് തരാൻ പറ്റില്ല.