പാചകം

കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടി


55
കേരളത്തിൽ അഴുകിയതും മോശമായതുമായ ഭക്ഷണം കഴിച്ച് ജനങ്ങൾ ആശുപത്രിയിലാകുകയും ഒരു നഴ്സ് മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യവകുപ്പ് വലിയ പരിശോധനകളും ഹോട്ടൽ അടപ്പിക്കൽ യജ്ഞവുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ മാത്രം നടത്തുന്ന ഈ പൊറാട്ട് നാടകങ്ങൾക്കൊന്നും ഒരുകാലത്തും മാറ്റമുണ്ടാകാൻ പോകുന്നില്ല. നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം എന്ന് പറയാൻ പോലും പറ്റാത്ത അവസ്ഥയാണ്. പഴകിയ ഭക്ഷണം കഴിച്ചാലുടൻ മനസ്സിലാക്കാൻ അതീന്ത്രിയ ശക്തികളൊന്നും ജനങ്ങൾക്കില്ലല്ലോ? ഇന്നത്തെ കാലത്ത് ഹോട്ടൽ ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കാനുമാവില്ല. പിന്നെങ്ങനെ സൂക്ഷിക്കാനാണ്?

അതിനിടയ്ക്ക്, പരിശോധനയിൽ പിടികൂടിയ ചില ഹോട്ടലുകൾക്ക് കാരണം കാണിക്കൽ (Show Cause) നോട്ടീസ് നൽകിയെന്ന് ഒരു വാർത്ത കേട്ടു. കേട്ടപ്പോൾ ചിരിയാണ് വന്നത്. മോശം ഭക്ഷണം നൽകിയതിന് എന്തോന്ന് കാരണം കാണിക്കാൻ?!

പക്ഷേ ഒരു ഹോട്ടലുകാരൻ സത്യസന്ധമായി കാരണം ബോധിപ്പിച്ചാൽ അതെങ്ങനെയിരിക്കും? ഭാവന അഴിച്ച് വിട്ടാൽ ദാ താഴെ കാണുന്നത് പോലിരിക്കും, ആ ഷോ കോസ് നോട്ടീസിനുള്ള മറുപടി.
**********************
ബഹുമാനപ്പെട്ട സാർ,

പഴകിയ ഭക്ഷണം വേണമെന്ന് വെച്ചിട്ട് വിളമ്പുന്നതല്ല. വിചാരിക്കുന്നത് പോലെ ചില ദിവസങ്ങളിൽ ഉണ്ടാക്കിയ ഭക്ഷണം മുഴുവൻ ചിലവാകില്ല. അത് ഫ്രിഡ്ജിലോ ഫ്രീസറിലോ കയറ്റുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. കളയുന്നതെങ്ങനെ? പലചരക്ക് സാധനങ്ങളുടെ തീപിടിച്ച വില സാറിനും അറിയുന്നതല്ലേ ? മീനും ഇറച്ചിക്കും വില പറയുകയും വേണ്ട. ഇതൊക്കെ മാസങ്ങളോളം ഫ്രിഡ്ജിൽത്തന്നെ വെക്കാറാണ് പതിവ്. എന്നാലും ചൂടാക്കി കൊടുത്താൽ രുചി വ്യത്യാസമൊന്നും ആർക്കും മനസ്സിലാകില്ല. അതുകൊണ്ട് കാലങ്ങളായി ഞങ്ങൾ ഈ സിസ്റ്റം തന്നെയാണ് തുടർന്ന് പോകുന്നത്.

അഥവാ ഒരു ഭക്ഷ്യ വിഷബാധ ഉണ്ടായാലും അവരെല്ലാവരും തൊട്ടടുത്തുള്ളവർ ആകണമെന്നില്ലല്ലോ? അതുകൊണ്ട് തിരികെ വന്ന് ഹോട്ടൽ തല്ലിപ്പൊളിക്കാൻ ആരും നിൽക്കില്ല. ഇനി അഥവാ ഇതുപോലെ വല്ലപ്പോഴും പിടിക്കപ്പെട്ടാലും ഊരിപ്പോരാൻ എത്രയോ വഴികളുണ്ട്. ഒന്നാമത് ഈ പരിശോധനയൊക്കെ വല്ലപ്പോഴുമല്ലേ? കുറച്ച് നാളത്തേക്ക് അടപ്പിക്കുമെന്നല്ലാതെ സ്ഥിരമായി ലൈസൻസ് റദ്ദാക്കുന്ന പരിപാടിയൊന്നും നമ്മുടെ നാട്ടിൽ ഇല്ലല്ലോ? റദ്ദാക്കിയാലും വേറൊരു പേരിൽ അൽപ്പദിവസത്തിനകം അതേ സ്ഥലത്ത് ഹോട്ടൽ വീണ്ടും പ്രവർത്തിപ്പിക്കാനാവും. കുറച്ച് കാശ് ചിലവാക്കേണ്ടി വരുമെന്ന് മാത്രം. പിടിക്കപ്പെടുന്ന ഹോട്ടലുകളുടെ പേരുവിവരങ്ങൾ കൃത്യമായൊന്നും മാദ്ധ്യമങ്ങളിൽ വരാറില്ല എന്നതും പഴകിയ ഭക്ഷണം പിടിച്ച ഹോട്ടലാണെന്ന് ബോർഡൊന്നും ഹോട്ടലുകൾക്ക് മുന്നിൽ തൂക്കാത്തതും ഞങ്ങൾക്ക് വലിയ അനുഗ്രഹമാണ്.

മോശം ഭക്ഷണം നമ്മുടെ പരിചയക്കാർക്കൊന്നും കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഞങ്ങൾ മറ്റൊരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞങ്ങൾക്ക് നല്ല ബോദ്ധ്യവുമുണ്ട്.

സ്ഥിരമായി ഓസിന് ഭക്ഷണം കൊണ്ടുപോകുന്ന വകുപ്പ് മേധാവികളും അധികാരികളുമുണ്ട്. അവർക്ക് പോലും നമ്മൾ ഇത്തരം ഭക്ഷണം കൊടുത്തിട്ടുണ്ട്. ഓസിനാകുമ്പോൾ അൽപ്പം മോശം ഭക്ഷണം കൊടുത്താലും പ്രശ്നമൊന്നുമില്ല സാറേ. സാറിന് തന്നെ എത്ര പ്രാവശ്യം തന്നിരിക്കുന്നു. എന്തായാലും ഇതുവരെ സാറിനടക്കം ആർക്കും ഭക്ഷവിഷബാധ ഉണ്ടായിട്ടില്ലല്ലോ. ഉണ്ടായാലും നിങ്ങളാരും വലിയ പ്രശ്നമൊന്നും ഉണ്ടാക്കാൻ നിൽക്കുകയുമില്ലെന്നറിയാം. ഓസിനാണ് കൊണ്ടുപോയതെന്ന് വെളിയിൽ അറിഞ്ഞാൽ മാനക്കേടല്ലേ?

നമ്മുടെ നാട്ടിൽ നിയമങ്ങളൊന്നും കർശനമല്ലാത്തതുകൊണ്ട് ഇതൊക്കെ ഒരു ചടങ്ങ് എന്നതിനപ്പുറം അത്ര വലിയ കുറ്റമൊന്നും അല്ലല്ലോ ? ഇതിൻ്റെ പേരിൽ ഏതെങ്കിലും ഹോട്ടലുടമ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടോ ? ഏതെങ്കിലും ഹോട്ടലുടമയെ തൂക്കിക്കൊന്നിട്ടുണ്ടോ ? വലിയ വലിയ മദ്യദുരന്തങ്ങൾക്ക് കാരണക്കാരായവർ വരെ തൂക്കുമരമൊന്നും കണ്ടിട്ടില്ല. പിന്നല്ലേ ഒരു ഭക്ഷവിഷബാധ.

ഇടയ്ക്കിടെ വിമാനാപകടങ്ങൾ ഉണ്ടായി കുറേപ്പേർ മരിക്കുന്നില്ലേ? എന്നുവെച്ച് ആരെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാതിരിക്കുന്നുണ്ടോ? അതുപോലെതന്നെയാണ് ഇതും. വല്ലപ്പോഴും ഒരു വിഷബാധയും കഷ്ടകാലത്തിന് ഒരു മരണവും ഉണ്ടായെന്ന് വെച്ച് എല്ലാ ദിവസവും ഫ്രഷ് ഭക്ഷണം വിളമ്പാനൊന്നും ഞങ്ങളെപ്പോലുള്ള ഹോട്ടലുകാർ മെനക്കെടാൻ പോകുന്നില്ല സാറേ. അപകടം ഉണ്ടായെന്ന് വെച്ച് ആരും ഹോട്ടൽ ഭക്ഷണം കഴിക്കാതിരിക്കാനും പോകുന്നില്ല.

സാറ് ഈ കാരണം കാണിക്കൽ നോട്ടീസ് തന്നത്, ഇപ്പോളത്തെ ഈ ബഹളങ്ങൾ കാരണമല്ലേ? ഇതൊന്ന് കെട്ടടങ്ങിക്കഴിഞ്ഞാൽ ഈ ഫയലുകളൊക്കെ എവിടാണെന്ന് സാറിന് പോലും നിശ്ചയമുണ്ടാകില്ല. ഒന്നുമില്ലെങ്കിലും ഞങ്ങള് ലൈസൻസോട് കൂടെയല്ലേ ഹോട്ടൽ നടത്തുന്നത്. ലൈസൻസ് പോലും ഇല്ലാത്ത എത്ര ഹോട്ടലുകളെയാണ് ഈ ബഹളത്തിനിടയ്ക്ക് പിടിച്ചത്. ഈ രാജ്യത്ത് അത്രേയുള്ളൂ സാറേ കാര്യങ്ങൾ. ആർക്കും എന്തുമാകാം. എന്തെങ്കിലും ഏടാകൂടത്തിൽ ചെന്ന് പെട്ടാലും ഏതെങ്കിലും പാർട്ടിക്കാരെയോ നേതാക്കന്മാരെയോ ഇടപെടുത്തി ഊരിപ്പോകാനൊന്നും ഒരു ബുദ്ധിമുട്ടുമില്ല.

വിദേശരാജ്യങ്ങളിൽ അങ്ങനെയാണ് ഇങ്ങനെയാണ് അതുപോലൊക്കെ ആയിക്കൂടേന്ന് വെളിനാട്ടിൽ പോയി വന്ന ചില പരിഷ്ക്കാരികൾ ഉപദേശിക്കുന്നത് കേൾക്കാറുണ്ട്. അതൊക്കെ വിദേശത്ത്. നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെയേ നടക്കൂ സാറേ. അതുകൊണ്ടല്ലേ മേരാ ഭാരത് മഹാൻ എന്ന് പറയുന്നത്.

സാറിന് കാരണങ്ങൾ ബോധിച്ചെന്ന് കരുതുന്നു. ഹോട്ടൽ നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാകണം. ഇനീം വൈകിയാൽ, ഈ പരിശോധനയുടെ തലേന്ന് വീട്ടിലെ ഫ്രിഡ്ജിലേക്ക് മാറ്റിയ കുറേ ഇറച്ചിയും മീനും തീർത്തും മോശമായിപ്പോയെന്ന് വരും. ഫോർമലിനിൽ ഇട്ട ഇറച്ചീം മീനും ഫ്രിഡ്ജിൽ വെക്കുന്നതിന് ഒരു പരിധിയുണ്ടെന്ന് സാറിനറിയാമല്ലോ? ഇറച്ചിക്കടേന്നും ഫീഷ് മാർക്കറ്റീന്നും എത്ര ദിവസം പഴകീട്ടാണ് ഞങ്ങൾക്ക് തന്നതെന്ന് അവന്മാർക്ക് പോലും ഇപ്പോൾ ഓർമ്മ കാണില്ല. അതുകൊണ്ട് ഇനീം വൈകിപ്പിച്ചാൽ അതെല്ലാം എടുത്ത് കായലിൽ കളയേണ്ടി വരും. അതും സമ്മതിക്കില്ല കുറേ തലതെറിച്ച പരിസ്ഥിതി വാദികൾ. സാറിൻ്റെ ‘പൂർണ്ണ സഹകരണം‘ പ്രതീക്ഷിച്ചുകൊണ്ട്….

ഹരിശ്ചന്ദ്രൻ
പ്രൊപ്രൈറ്റർ
ഫ്രഷ് ഫുഡ് ഓൺലി റസ്റ്റോറൻ്റ്
കിനാശ്ശേരി പി. ഓ.
ഖേരളം