14 വയസ്സിൽ?!


22
“പതിനാല് വയസ്സിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു”…എന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിടുന്ന ഏറ്റവും വലിയ ചോദ്യം.

വൈഭവ് സൂര്യവംശി എന്ന കൗമാരക്കാരൻ(14), IPL ക്രിക്കറ്റ്‌ മത്സരങ്ങളിൽ കാഴ്ച്ച വെക്കുന്ന മിന്നുന്ന പ്രകടനങ്ങളാണ് ഈ ചോദ്യം ഉണ്ടാകാൻ കാരണം.

രാജസ്ഥാൻ റോയൽസിന് വേണ്ടി, ചെറുക്കൻ ഇന്നലെ ലോകോത്തര കളിക്കാരെയെല്ലാം അടിച്ച് പരത്തി ഏറ്റവും കുറഞ്ഞ പന്തുകളിൽ IPL സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായിരിക്കുന്നു. ആദ്യത്തെ കളിയിലെ ആദ്യ പന്ത് സിക്സർ അടിച്ചു കൊണ്ടാണ് ഈ യുവപ്രതിഭയുടെ തുടക്കം.

“ഇവൻ വീട്ടിൽ പറഞ്ഞിട്ടാണോ കളിക്കാൻ വന്നിരിക്കുന്നത്?”

“ചെറുക്കൻ്റെ കളി സ്ക്കൂൾ തുറക്കുന്നത് വരെയേ ഉള്ളൂ.”

എന്നൊക്കെയുള്ള രസകരമായ കമൻ്റുകളുമായാണ് കായിക ലോകം പയ്യൻസിൻ്റെ കളി ആഘോഷമാക്കുന്നത്.

പതിനാലാം വയസ്സിൽ, “ഇപ്പ വരാം” എന്ന് പറഞ്ഞ് ഒളിച്ച് പോയാണ് ചെറായി കടപ്പുറത്തും മാല്ല്യങ്കര കോളേജ് ഗ്രൗണ്ടിലും ക്രിക്കറ്റ് കളിച്ചിരുന്നത്. അതിൻ്റെ ഭാഗമായി കിട്ടിയതും ഇന്നും അസ്ക്കിതകൾ തരുന്നതുമായ രണ്ട് പരിക്കുകൾ മാത്രമാണ് ക്രിക്കറ്റിൽ നിന്നുള്ള ആകെ സമ്പാദ്യം.

പരിക്ക് 1:- ബൗണ്ടറി തടയാൻ പോയി ഇഴുകി വീണപ്പോൾ വലത് കൈയുടെ കുഴ തിരിഞ്ഞ് പോയി. വീട്ടിലറിയിതെക്കാതെ, പള്ളിപ്പുറം അങ്ങാടിയിലുള്ള ശിവദാസൻ എന്ന ഉഴിച്ചിലുകാരനെ കണ്ട് കുഴമ്പിട്ട് അത് റിപ്പയർ ചെയ്തെടുക്കാൻ മാസങ്ങളെടുത്തു. എന്തെങ്കിലും ഒന്ന് നീട്ടി എറിയുമ്പോൾ, വലത് കൈക്കുഴ ഇന്നും ആ പതിനാല് വയസ്സുകാരൻ്റെ വേദന മുഴുവൻ അയവിറക്കും.

പരിക്ക് 2:- ഫുൾ ടോസ് ബോൾ അതിർത്തി കടത്താൻ ശ്രമിച്ചെങ്കിലും സംഭവം കണക്റ്റ് ആയില്ല. ബോൾ വന്ന് ലാൻ്റ് ചെയ്തത് വായയിൽ. കുറെ നേരത്തേക്ക് മൊത്തം മരവിപ്പും ചോരയും മാത്രം. മരവിപ്പ് മാറിയപ്പോൾ മുകളിലെ പലകപ്പല്ല് ഒരെണ്ണം തൂങ്ങി ആടുന്നു. ചുണ്ട് കീറിപ്പറിഞ്ഞ് വീർത്തിരിക്കുന്നു. ഭാഗ്യം ബാക്കി പല്ലുകൾക്ക് ഒന്നും പറ്റിയിട്ടില്ല. ഒരാഴ്ച്ചയോളം പല്ല് നാക്കുകൊണ്ട് മുകളിലേക്ക് തള്ളിപ്പിടിച്ച് നടന്നു. പല്ലുതേക്കാൻ വയ്യ, എന്തെങ്കിലും ഒന്ന് കഴിക്കാനും വയ്യ. വീട്ടുകാരെ അറിയിക്കാതെ ആ കടമ്പയും ഒരു വിധം കടന്നുകൂടി. മുകൾ നിരയിലെ ആ പലകപ്പല്ലിന് ഇപ്പോഴും നിറവ്യത്യാസമുണ്ട്. 1mm താഴ്ന്നാണ് അത് ഇരിക്കുന്നത്.

പതിനാല് വയസ്സിൽ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ചാൽ ഇതൊക്കെയാണ് മറുപടി.

എന്തായാലും വൈഭവ് എന്ന മിടുക്കന് ഇനി സ്ക്കൂളിലൊന്നും പോകേണ്ടി വരില്ല. IPL ടീമുകൾ വലിയ തുകയ്ക്ക് അവനെ ലേലം വിളിക്കും. ഇന്ത്യൻ ടീമിലും പയ്യൻസ് കസറും. റെക്കോർഡുകൾ പലതും അവന് വഴിമാറും. വഴി തെറ്റി പോകാതിരുന്നാൽ, ഭാവിയിൽ ഇന്ത്യൻ ക്യാപ്റ്റൻ വരെ ആയെന്നിരിക്കും.

അഭിനന്ദനങ്ങൾ, ആശംസകൾ വൈഭവ് സൂര്യവംശി!

വാൽക്കഷണം:- 14 വയസ്സിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? അത് പറഞ്ഞിട്ട് പോയാമ്മതി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>