എന്നെ കണ്ടാൽ, സകല മാറാരോഗങ്ങൾക്കുമുള്ള ഒറ്റമൂലി വാഹനത്തിൽ നിറച്ച്, വഴിനീളെ അതെല്ലാം വിറ്റ് നടക്കുന്ന ഒരു മരുന്ന് കച്ചവടക്കാരനെ പോലെ തോന്നുന്നുണ്ടോ?
ഇന്നൊരാൾ എൻ്റെ മുഖത്ത് നോക്കി ചോദിച്ചു “മരുന്ന് കച്ചവടക്കാരൻ ആണോ” എന്ന്. പാതി വെളിച്ചത്തിൽ ഭാഗിയുടെ ഉൾവശം കണ്ടിട്ടാണ് അയാൾ അങ്ങനെ ചോദിച്ചത്. എനിക്കപ്പോൾ മേൽപ്പടി ഒരു മരുന്ന് കച്ചവടക്കാരനെയാണ് മനസ്സിൽ വന്നത്.
ആ സംഭവം വൈകിട്ട് ഏഴ് മണിക്ക് ആയിരുന്നു. അതിലേക്ക് പോകുന്നതിന് മുൻപ് ഇന്നലെ രാത്രി മുതലുള്ള ചില കാര്യങ്ങൾ പറയാം.
ഭാഗിയിൽ വീണ്ടും എലിശല്യം തുടങ്ങിയിരിക്കുന്നു. ഇന്നലെ രാത്രി ഒരു എലി എന്റെ മേൽ ഓടിക്കയറി. ഇപ്രാവശ്യം അല്പം വലിയ എലിയാണ്. കെണി വെച്ചെങ്കിലും അതിൽ മൂഷികൻ വീണിട്ടില്ല. ഇന്ന് വീണ്ടും കെണി വെക്കണം.
രാവിലെ വട് വടയിൽ നിന്ന് ഹിൻദോൽഗഡ് കോട്ടയിലേക്ക് തിരിച്ചു. മൂന്നര മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട്. അവസാനത്തെ നാല് കിലോമീറ്റർ കയറ്റമാണ്. കയറ്റം തുടങ്ങുന്നതിന് മുൻപ് തന്നെ, ഇടതുവശത്ത് കോട്ടയുടേതാണെന്ന് തോന്നുന്ന ചില ഭാഗങ്ങൾ കാണാം. കയറ്റം കയറിച്ചെന്ന് ഇടതുവശത്തുള്ള ഒരു ഗേറ്റ് വഴി അകത്തേക്ക് കടക്കണം. പക്ഷേ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു. മതിൽക്കെട്ടിന് വെളിയിൽനിന്ന് ഉള്ളിലേക്ക് നോക്കിയാൽ, മുകളിൽ കുന്നിന്റെ അറ്റത്ത് ഒരു കാസിൽ കാണാം. ഞാൻ വെളിയിൽ നിന്ന് ചിത്രങ്ങളും വീഡിയോയും എടുത്തു.
അല്പനേരം അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നപ്പോൾ രണ്ട് ചെറുപ്പക്കാർ ബൈക്കിൽ എത്തി. അവർ അവിടത്തെ പണിക്കാർ ആണെന്ന് തോന്നുന്നു. ഒരാൾ മതിൽ ചാടിക്കടന്ന് അപ്പുറത്ത് ഒരു കല്ലിന്റെ അടിയിൽ വെച്ചിരുന്ന താക്കോലെടുത്ത് ഗേറ്റ് തുറന്നു. അകത്ത് കയറി കാസിൽ കാണാൻ എനിക്കവർ അനുവാദം നിഷേധിച്ചു. വളരെ പെട്ടെന്ന് ഹിൻദോൽഗഡ് കോട്ട സന്ദർശനം തീർന്നു. മതിൽക്കെട്ടിന് അകത്തുപോലും കടക്കാൻ പറ്റാഞ്ഞത് കൊണ്ട് ഈ കോട്ട ഞാൻ എണ്ണത്തിൽ ചേർക്കുന്നില്ല.
അടുത്ത കോട്ട അനൽഗഡ് ആണ്. അങ്ങോട്ട് ഒന്നര മണിക്കൂർ ഡ്രൈവ് ഉണ്ട്. ഹിൻദോൽഗഡ് വരെയുള്ള റോഡ് പൊടിപടലം നിറഞ്ഞതും ഇരുവശങ്ങളിലും നരച്ച ഭൂപ്രകൃതി ഉള്ളതും ആയിരുന്നു. രാവിലെ ഞാൻ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. ഉച്ച ആയപ്പോഴേക്കും നന്നായി വിശന്നു. ഭക്ഷണത്തിന് പറ്റിയ ഒരു ധാബ പോലും ഇല്ലാത്ത വഴി. സൗരാഷ്ട്ര എനിക്ക് ദുർഘടമാകും എന്ന ഒരു പ്രതീതി ഉണ്ടായി.
ഹിൻദോൽഗഡ് കഴിഞ്ഞതും ഭൂപ്രകൃതി മാറി. ഇരുവശങ്ങളിലും കൃഷിയിടങ്ങളും പച്ചപ്പും വന്ന് തുടങ്ങി. അഞ്ച് മണിയോടെ ഞാൻ അനൽഗഡ് കോട്ടയിലെത്തി.
ചെറിയൊരു കുന്നിൻ മുകളിലാണ് കോട്ട ഇരിക്കുന്നത്. രണ്ട് കെട്ടിടങ്ങൾ കോട്ടയുടെ ഭാഗമായി അവിടെ ഉണ്ട്. പോരാത്തതിന് 10 കൊല്ലം മുൻപ് ഉണ്ടാക്കിയ ഒരു പുതിയ കാളി ക്ഷേത്രവും. വൈകിട്ട് കാറ്റ് കൊണ്ട് ഇരിക്കാനും ക്ഷേത്രസന്ദർശനത്തിനുമായി കുറച്ച് പേരൊക്കെ വരുന്നുണ്ട്. സർക്കാർ ഉടമസ്ഥയിലാണ് ഇപ്പോൾ ഈ കോട്ട ഇരിക്കുന്നത്.
ഞാൻ ഒരുപാട് സമയം അവിടെ ചിലവഴിച്ചു. ക്ഷേത്രത്തിന്റെ നടത്തിപ്പുകാരി ആണെന്ന് തോന്നിയ ഒരു സ്ത്രീയോട് കോട്ടയുടെ ചരിത്രം ചോദിച്ചു. ഇവിടെ കോട്ടയൊന്നും ഇല്ല എന്ന മറുപടിയാണ് അവർ തന്നത്. ആറിലധികം കൊത്തളങ്ങളും കോട്ടയുടെ മതിലുകളും അതിര് തീർക്കുന്ന പ്രദേശത്താണ് അവരുടെ കാളി ക്ഷേത്രം എന്നുപോലും അവർക്കറിയില്ല.
സോളാർ രാജവംശം പത്താം നൂറ്റാണ്ടിൽ ഉണ്ടാക്കിയ കോട്ടയാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. കൂടുതൽ ചരിത്രമൊന്നും ലഭ്യമല്ല.
കോട്ട ഇരിക്കുന്ന മലയിറങ്ങിയശേഷം ഞാൻ ഗ്രാമത്തിൽ ചുറ്റിയടിച്ചു. പഞ്ഞിയും ഗോതമ്പും ധന്യയും ധാരാളമായി ഇവിടെ കൃഷി ചെയ്തുപോരുന്നു. ഗോതമ്പ് പാടങ്ങൾ ആദ്യമായാണ് ഞാൻ കാണുന്നത്. എന്ത് അച്ചടക്കത്തോടെ ആണെന്നോ ഗോതമ്പ് കതിരുകൾ മുകളിലേക്ക് നിൽക്കുന്നത്.
ഇനി ഇരുട്ട് വീഴുന്നതിന് മുമ്പ് ഭാഗിക്ക് കിടക്കാൻ ഒരു സ്ഥലം കണ്ടെത്തണം. നാളെ പോകാനുള്ളത് ജാംനഗറിലേക്കാണ്. 30 കിലോമീറ്റർ അപ്പുറമുള്ള രാജ്ക്കോട്ട് വഴിയാണ് പോകേണ്ടത്. അരമണിക്കൂർ ദൂരമുണ്ട് രാജ്ക്കോട്ടിലേക്ക്. അതിനിടയ്ക്ക് ഖോദൽ എന്നൊരു ആധുനിക ധാബ കണ്ടെത്തി; അവിടെ ഭാഗിയെ നിർത്തി, രാത്രി തങ്ങാനുള്ള അനുവാദം വാങ്ങി വന്നപ്പോളാണ് പിന്നിലെ ടയർ പഞ്ചർ ആണെന്ന് കണ്ടത്.
ആ സമയത്താണ് ഒരാൾ വന്ന് ഞാൻ മരുന്ന് കച്ചവടക്കാരൻ ആണോ എന്ന് ചോദിച്ചത്.
സാധാരണയായി ധാബകളുടെ തൊട്ടടുത്ത് തന്നെ പഞ്ചർ ഒട്ടിക്കുന്ന കടകൾ ഉണ്ടാവും. ഇവിടെയും അതുണ്ട്. ടയർ അഴിക്കാൻ നോക്കിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. എന്റെ ജാക്ക്, ഭാഗിയുടെ കീഴിൽ ഫിറ്റ് ആകുന്നില്ല. കഴിഞ്ഞപ്രാവശ്യം രാജസ്ഥാനിലെ ഭരത്പൂറിൽ വെച്ച് പഞ്ചറായപ്പോൾ റോഡിന് എതിർവശത്തുള്ള കടക്കാരൻ ആണ് ടയർ അഴിച്ചത്. അതുകൊണ്ട് ജാക്കിന്റെ ഈ പ്രശ്നം അന്ന് ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
50 മീറ്റർ അപ്പുറം ഒരു ടയർ കട ഉണ്ട്. അവിടെ ചെന്ന് അവിടത്തെ വലിയ ഹൈഡ്രോളിക് ജാക്ക് ഉരുട്ടിക്കൊണ്ട് വന്ന് ടയർ അഴിച്ചു. ട്യൂബിൽ പലയിടത്തായി തുള വീണിരിക്കുന്നു. കടക്കാരൻ പുതിയ ട്യൂബ് ഇട്ടു.
പഞ്ചറായത് മറ്റേതെങ്കിലും സ്ഥലത്തുവെച്ച് ആയിരുന്നെങ്കിൽ ജാക്ക് ഇല്ലാതെ ഞാൻ കഷ്ടപ്പെട്ട് പോകുമായിരുന്നു.
നാളെ ആദ്യം കാണുന്ന കടയിൽ നിന്ന് ചെറിയ ജാക്ക് വാങ്ങണം. കിടക്കുന്നതിന് മുൻപ് എലിക്കെണിയും വെക്കണം.
ശുഭരാത്രി.