രാവിലെ 11 ഡിഗ്രി ആയിരുന്നു തണുപ്പ്. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ലഖ്പത് കോട്ടയിലേക്ക് പുറപ്പെട്ടു. 3 മണിക്കൂറോളം യാത്രയുണ്ട്. 150 കിലോമീറ്ററോളം ദൂരം.
* ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഏറ്റവും അറ്റത്തുള്ള, 600ൽപ്പരം മനുഷ്യർ വസിക്കുന്ന ഗ്രാമത്തെ ഉൾക്കൊള്ളുന്ന കോട്ട.
* കോട്ട മതിലിന്റെ ചുറ്റളവ് 7 കിലോമീറ്റർ.
* ജഡേജ രാജവംശത്തിലെ റാവു ഗോഡ്‌ജി ഒന്നാമന്റെ കാലത്താണ് ഈ കോട്ട നിർമ്മിക്കപ്പെട്ടത്. അതായത് 1718നും 1778നും ഇടയ്ക്ക്.
* കോട്ട എന്നതിനേക്കാൾ ഉപരി ഇത് പണ്ട് ഒരു വലിയ പട്ടാള ഔട്ട് പോസ്റ്റും തുറമുഖവും ആയിരുന്നു.
* കച്ചിനും സിന്ധിനും ഇടയ്ക്കുള്ള വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു ഇവിടം.
* നിരവധി ക്ഷേത്രങ്ങളും ദർഗ്ഗകളും പള്ളികളും ഖബറിടങ്ങളും അതിനകത്തുണ്ട്.
* അതിനുപുറമേ ഒരു ഗുരുദ്വാരയും ഇവിടെയുണ്ട്.
* കോട്ടയ്ക്കകത്ത് ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്. PIN – 370627. അവിടന്ന് കുറച്ച് പേർക്ക് ഒരു പോസ്റ്റ് കാർഡ് എഴുതി ഇടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പോസ്റ്റ് മാസ്റ്റർ 11 മണി വരെ അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല.
* കോട്ടയുടെ ഒരു വശത്ത് ബേ ഓഫ് ഗുജറാത്ത് ആണ്. തണുപ്പുകാലത്ത് അത് വറ്റിവരണ്ട് കിടക്കും. വേനൽക്കാലത്ത് കോട്ട വരെ വെള്ളം കയറി വരും.
* ചുറ്റും ഉപ്പുവെള്ളം ഉള്ള ഈ കോട്ടയിൽ, ശുദ്ധജലത്തിന് വേണ്ടി ഒരു പടിക്കിണർ പോലും സജ്ജമാക്കിയിട്ടുണ്ട്.
* ഭൂകമ്പം കാരണം സിന്ധു നദി വഴിമാറി ഒഴുകിയപ്പോൾ ഈ കച്ചവട കേന്ദ്രത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ഇവിടെയുണ്ടായിരുന്ന കച്ചവടക്കാർ സൂറത്തിലേക്കും മുംബൈയിലേക്കും ചുവട് മാറ്റി.
* പിന്നീട് കുറെ കാലം ഇവിടെ സർക്കാർ ഓഫീസുകൾ നടന്നു. കുറേക്കാലം കഴിഞ്ഞ് അവരും കോട്ടക്ക് പുറത്ത് ദൂരെയുള്ള കെട്ടിടങ്ങളിലേക്ക് പ്രവർത്തനം മാറ്റിയതോടെ കോട്ട തീർത്തും ആളൊഴിഞ്ഞതായി.
* പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട, ലഖ്പത് എന്ന ഗ്രാമത്തിന്റെ അഥവാ വ്യവസായ സമുച്ചയത്തിന്റെ സംരക്ഷണ മതിൽ ആയിരുന്നു.
* കോട്ടയിൽ ഇപ്പോൾ താമസിക്കുന്ന ഗ്രാമവാസികളിൽ 7 കുടുംബക്കാർ മത്സ്യ തൊഴിലാളികളാണ്. ബാക്കിയുള്ളവർ കൃഷിക്കാർ.
* കോട്ടയിൽ നിന്ന് 40 കിലോമീറ്റർ അപ്പുറം പാക്കിസ്ഥാൻ അതിർത്തിയാണ്. അതുകൊണ്ടുതന്നെ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് പട്ടാളത്തിന്റെ പ്രത്യേക പെർമിറ്റ് ആവശ്യമുണ്ട്.
സത്യത്തിൽ ഇത്രയും സന്തോഷം തന്ന മറ്റൊരു കോട്ട, ഈയടുത്ത ദിവസങ്ങളിൽ ഞാൻ കണ്ടിട്ടില്ല. ഗുജറാത്തിൽ വന്നശേഷം കാണുന്ന ഏറ്റവും മികച്ച കോട്ടയും ഇതുതന്നെ.
ഒരു കാലത്ത് ഒട്ടകങ്ങൾ വലിച്ചിരുന്ന കാരവനുകൾ മാത്രം കടന്നുപോയിരുന്ന കോട്ടയുടെ തെക്കുഭാഗത്തുള്ള കവാടത്തിലൂടെ ഭാഗി എന്ന കാരവൻ കയറിപ്പോയി.
ചെന്ന് കയറുമ്പോൾ തന്നെ ഇടതുവശത്ത് കാണുന്നത് ഗുരുദ്വാര ആണെങ്കിലും അതിൽ കയറാതെ ഞാൻ മുന്നോട്ട് നീങ്ങി. ചെറിയ ഒരു ചത്വരത്തിൽ ആണ് ആ വഴി ചെന്ന് നിന്നത്. അവിടെ ബസ് കാത്തിരിക്കാനുള്ള ഇടമുണ്ട്, ഒരു ചെറിയ ചായക്കടയുണ്ട്, ഒരു ബാർബർ ഷോപ്പും ഉണ്ട്. പുരാതനകാലത്തെ ഏതോ സിനിമയ്ക്ക് വേണ്ടി സെറ്റ് ഇട്ടത് പോലെ!
ഞാൻ ആ ചായക്കടക്കാരനോട് സംസാരിച്ചു. അയാൾ കോട്ടയുടെ കുറച്ച് ചരിത്രം പറഞ്ഞ് തന്നു. കോട്ടയിൽ എന്തൊക്കെ കാണാനുണ്ടെന്ന് സൂചന നൽകി. കോട്ടയുടെ തുറമുഖ ഭാഗത്ത് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നു. ഞാൻ അവിടെ നിൽക്കുമ്പോൾ ഇരുചക്ര വാഹനത്തിൽ ഇക്ക എന്ന ഒരു ചെറുപ്പക്കാരൻ അതിലേ വന്നു. അയാൾ എന്നോട് ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. ഹിന്ദി അറിയുമോ എന്ന് ചോദിച്ചു. പിന്നെ ഹിന്ദിയിലായി സംസാരം. കോട്ടയെപ്പറ്റി ഒരുപാട് കാര്യങ്ങൾ അയാളും സംസാരിച്ചു. പിന്നീട് ഭാഗിയെ ഞാൻ കോട്ടയിലെ വീടുകൾക്ക് ഇടയിലുള്ള ഓരോ വഴികളിലൂടെയും കയറ്റിയിറക്കി. അങ്ങനെ കോട്ടയിൽ കറങ്ങി നടക്കുമ്പോൾ, ദീപക് എന്നൊരു കോട്ടവാസിയെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ മൂത്ത മകളെ വിവാഹം ചെയ്തിരിക്കുന്നത് ജിജീഷ് എന്ന കാസർഗോഡ്കാരൻ മലയാളിയാണ്. ഞാൻ ജിജീഷുമായി ഫോണിൽ സംസാരിച്ചു. സമയം അപ്പോൾ 2 മണി. വീട്ടിലേക്ക് വരൂ ഉച്ചഭക്ഷണം അവിടെ ആകാമെന്ന് ദീപക് നിർബന്ധിച്ചു.
എനിക്ക് ഭുജിലേക്ക് മടങ്ങാനുള്ളതാണെന്നും ഉച്ചഭക്ഷണത്തിനായി സമയം പാഴാക്കാനില്ല എന്നും ഞാൻ അദ്ദേഹത്തിനോട് സ്നേഹപൂർവ്വം പറഞ്ഞ് ഒഴിഞ്ഞു. പിന്നീട് ഒരിക്കൽ വരണമെന്ന് പറഞ്ഞ് അദ്ദേഹം എൻ്റെ ഫോൺ നമ്പർ വാങ്ങി.
അദ്ദേഹത്തിൻ്റെ ചെറുപ്പകാലത്ത്, അതായത് കോട്ടയിൽ സർക്കാർ ഓഫീസുകൾ നടന്നിരുന്ന കുറെക്കൂടെ പ്രൗഢിയുണ്ടായിരുന്ന കാലം ദീപക് അനുസ്മരിച്ചു.
ദർഗയിൽ ചെന്നപ്പോൾ അതിന്റെ സൂക്ഷിപ്പുകാരൻ ദർഗ അടച്ച് പുറത്തിറങ്ങുകയായിരുന്നു. എനിക്കുവേണ്ടി അദ്ദേഹം അത് വീണ്ടും തുറന്ന് അവിടുത്തെ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു തന്നു. അകത്ത് പടങ്ങൾ എടുക്കരുത് എന്ന് മാത്രം നിഷ്കർഷിച്ചു. എത്ര ഭംഗിയായിട്ടാണെന്നോ ആ ദർഗ്ഗ പരിപാലിക്കുന്നത്.
ഞാൻ പറഞ്ഞു വന്നത്…. ഇന്ന് ആ കോട്ടയിൽ കണ്ട എല്ലാ മനുഷ്യരും എന്നോട് ഇടപഴകിയ രീതിയെപ്പറ്റിയാണ്. അവരെല്ലാവരും ജനങ്ങളെ ആ കോട്ടയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്. നമ്മൾ പോകുന്നില്ല എന്നേയുള്ളൂ. കച്ചിലും ഭുജിലും പോകുന്നവർ പോലും ലാഖ്പതിലേക്ക് എത്തിനോക്കുന്നില്ല. 3 മണിക്കൂർ യാത്രയുണ്ടെന്നത് ഒരു കാരണമായിരിക്കാം. പക്ഷേ ആ സമയത്തെ അർത്ഥപൂർണ്ണമാക്കുന്നതാണ് കോട്ട സന്ദർശനം.
എന്തായാലും ദീപക്കിന്റെ ക്ഷണം സ്വീകരിച്ച് പിന്നീട് ഒരിക്കൽക്കൂടി ഞാൻ അവിടെ പോയിരിക്കും.
ഇനി ക്ലൈമാക്സിലേക്ക് കടക്കാം. ആദ്യം കാണാതെ മുന്നോട്ടു നീങ്ങിയ ഗുരുദ്വാരയിലേക്കാണ് അവസാനമായി ചെന്ന് കയറിയത്. ഏതെങ്കിലും ഒരു ഗുരുദ്വാരയിൽ ആദ്യമായിട്ടാണ് ഞാൻ പ്രവേശിക്കുന്നത്. ഗുരു നാനാക്ക് 1519ൽ ഇവിടെയുള്ള ഒരു കെട്ടിടത്തിൽ താമസിച്ചിരുന്നത്രേ! അന്ന് കോട്ട നിർമ്മിക്കപ്പെട്ടിട്ടില്ല എങ്കിലും അവിടെ ചില വീടുകൾ ഉണ്ടായിരുന്നു എന്നാണ് അവർ പറയുന്നത്. അതിലൊന്നിലാണ് ഗുരു താമസിച്ചിരുന്നത്.
ഞാൻ ഗുരുദ്വാര ചുറ്റി നടന്ന് കണ്ടു, പടങ്ങൾ എടുത്തു. അതിന്റെ പ്രാർത്ഥനാ മണ്ഡപം ഡിസംബർ മാസത്തിലെ ഉത്സവകാലത്ത് മാത്രമാണ് പൊതുജനത്തിനായി തുറക്കുക.
സമയം 3:00 മണി. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലാത്ത് കൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. കോട്ടയിൽ നിന്ന് പുറത്ത് കടന്നാലും, ഭക്ഷണം കിട്ടുന്ന ഏതെങ്കിലും ഒരു സ്ഥലം വഴിയിൽ എങ്ങും ഞാൻ കണ്ടിരുന്നില്ല.
പെട്ടെന്ന്, ഗുരുദ്വാരയിൽ ഭക്ഷണം വിളമ്പുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ അങ്ങോട്ട് നടന്നു. ചപ്പാത്തിയും ചോറും രണ്ടുകൂട്ടം കറികളും പായസവും എല്ലാം ചേർത്ത് അവിടന്ന് കിട്ടിയ ആ ഉച്ചഭക്ഷണം എനിക്ക് അമൃതേത്ത് തന്നെ ആയിരുന്നു. വിശന്നു വലഞ്ഞ് വരുന്നവന് ഒരുനേരത്തെ ഭക്ഷണം കൊടുക്കുമ്പോഴാണ് ഒരു ദേവാലയമോ ഗുരുസ്ഥാനമോ അർത്ഥവത്താകുന്നത്.
സമ്മിശ്ര വികാരങ്ങളിലൂടെ ഞാൻ കടന്നുപോയി. എന്റെ കണ്ണ് നിറഞ്ഞൊഴുകി. വലിയ വലിയ ഗൂഢാലോചനകൾ എവിടെയൊക്കെയോ ഇനിയും നടക്കുന്നുണ്ട് എന്നൊരു തോന്നൽ വന്ന് കയറി. ഞാൻ കാത്തിരിക്കുന്നു.
ലാഖ്പതിൽ നിന്ന് 50 കിലോമീറ്റർ മാറിയാണ് നാരായൺ സരോവർ. അവിടെയുള്ള കോട്ടേശ്വർ ക്ഷേത്രം വളരെ പഴക്കമുള്ളതാണെന്ന് മാത്രമല്ല, അത് ഇരിക്കുന്നത് കോട്ട സമാനമായ മതിലുകൾക്ക് അകത്താണ്. ഒന്നരമണിക്കൂർ കൊണ്ട് സന്ദർശിച്ച് പോരാവുന്ന ഇടം. നേരെ അങ്ങോട്ട് തിരിച്ചു. ക്ഷേത്രത്തിന് ഒരു വശത്ത് വലിയ തടാകമാണ്.
തിരികെ എത്തിയപ്പോൾ ഇരുട്ട് വീണ് തുടങ്ങിയിരുന്നു. സഫ്റോൺ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ആശീർവാദ് ഹോട്ടലിന് കീഴെയുള്ള നിരത്തിൽ ഭാഗി ഇടം പിടിച്ചു.
ശുഭരാത്രി.