460 കിലോമീറ്റർ ഉണ്ട് പനവേലിൽ നിന്ന് ഗോവയിലേക്ക്. 10 മണിക്കൂർ ഡ്രൈവ്. രാവിലെ 7 മണിക്ക് പ്രാതൽ കഴിച്ചതിന് ശേഷം പുറപ്പെട്ടു. വഴിക്ക് മഹാരാഷ്ട്ര ട്രാഫിക് പോലീസ് പിടിച്ചു. കറക്ക് കമ്പനി ആണെന്ന് മനസ്സിലായപ്പോൾ വലിയ താല്പര്യമായി. ഒരുപാട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഭാഗിയുടെ ഉൾവശം കണ്ടു. മഹാരാഷ്ട്രയിലെ കോട്ടകൾ കാണാൻ എന്നാണ് വരുന്നത് എന്ന് ചോദിച്ചു. ആ സഞ്ചാരം കുറഞ്ഞ ദിവസങ്ങളിൽ തീരില്ല. അതിനിടയ്ക്ക് നമ്മൾ എവിടെന്നെങ്കിലും കാണും എന്ന് പറഞ്ഞ് പിരിഞ്ഞു.
വൈകീട്ട് ആറര മണിക്ക് ഗോവയിൽ കണ്ടോളിം ബീച്ചിൽ കൃഷ്ണ ധാബയിൽ എത്തി. ഞാനിപ്പോൾ അവിടത്തെ ഒരു കുടുംബാംഗത്തെ പോലെയാണ്. ഹാർദ്ദമായ സ്വീകരണമാണ് ലഭിച്ചത്. ചോദിക്കാതെ തന്നെ കട്ടൻ ചായയും എത്തി.
പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്. ഇന്നല, 569 പടികളുള്ള പർനേറ മല കയറ്റം. ഇന്ന് 10 മണിക്കൂർ ഡ്രൈവ്. കാലാവസ്ഥ തണുപ്പിൽ നിന്ന് ചൂടിലേക്ക് കടക്കുന്നതുകൊണ്ട് നെഞ്ചിനകത്ത് അണുബാധ. (അത് എറണാകുളത്ത് വീട്ടിലിരുന്നാലും വർഷത്തിൽ മൂന്ന് പ്രാവശ്യം വരുന്നതാണ്. ഒരു ഡോക്ടർമാരും അതിന് ഇതുവരെ മരുന്ന് തന്നിട്ടില്ല.)
ഇതിന്റെയെല്ലാം ഭാഗമായി ചെറിയ പേശി വേദനയും പനിയും. യാത്ര തീരുന്നു എന്ന് മനസ്സിലാക്കി ശരീരം പ്രതികരിക്കുന്നതാണ്. എന്തായാലും ഡോക്ടറോട് സംസാരിച്ച്, ആൻ്റിബയോട്ടിക്കും പാരസിറ്റമോളും കഴിച്ചപ്പോൾ നല്ല ആശ്വാസമുണ്ട്. വിയർത്ത്, പനി വിടുകയും ചെയ്തു.
കോസ്റ്റൽ ക്രേവ് എന്ന എന്റെ സ്ഥിരം റസ്റ്റോറന്റിൽ നിന്ന് ഒരു സൂപ്പും സീ ഫുഡ് സ്റ്റാർട്ടറും കഴിച്ചപ്പോൾ ഡിന്നർ കഴിഞ്ഞു. വാലൻ്റൈൻസ് രാത്രിയിൽ സീ ഫുഡ് കഴിക്കാതെ എന്തോന്ന് ഗോവൻ ആഘോഷം? ശരീരം വേദന ഒറ്റയടിക്ക് തീർക്കാൻ പോകുന്ന നല്ല ഒന്നാന്തരം മരുന്നുകൾ തൽക്കാലം വിസ്മരിക്കുന്നു. ഈ യാത്രയിൽ അത് നിഷിദ്ധമാണ്.
കുംഭമേള നടക്കുന്നത് കൊണ്ട് ഗോവയിൽ പൊതുവേ തിരക്ക് കുറവാണ്. എന്നുവെച്ച് ചൂടിന് കുറവൊന്നുമില്ല. എന്തായാലും ഗോവയിലേക്ക് വന്നു കയറുമ്പോൾ സ്വന്തം തട്ടകത്തിലേക്ക് വന്ന് കയറുന്ന അനുഭൂതിയാണ്. 28 ദിവസത്തെ ഗോവയിലെ ജീവിതത്തിൻ്റെ ആകത്തുകയാണ് അത്.
നാളെ രാവിലെ ഷിമോഗയിലേക്ക്. അവിടുന്ന് അടുത്ത ദിവസം മൈസൂർക്ക്. അവിടെ വെച്ച് ഭാഗിയെ ഒരു കർണ്ണാടകക്കാരന് കൈമാറുകയാണ്. അക്കാര്യം ഇന്നലെ സംസാരിച്ച് ഉറപ്പിച്ചിരുന്നു.
ശുഭരാത്രി.