ഞാൻ നാദിയ മുറാദ്


67243790_10217953015844474_3475320234062118912_n

ഭീകരസംഘടനയായ ഐസിസ്, അവരുടെ ലഘുരേഖകളിലൂടെ പ്രചരിപ്പിക്കുന്ന ചില നിയമാവലികൾ ഇങ്ങനെയാണ്.

1.കാഫിറുകളായ സ്ത്രീകളെ തടങ്കലിൽ വെക്കുന്നതിൽ യാതൊരുവിധ തെറ്റുമില്ല.

2.അടിമകളാക്കി വെച്ചിരിക്കുന്ന സ്ത്രീകളെ മർദ്ദിക്കുന്നത് അനുവദനീയമാണ്.

3.ഋതുമതികളായ പെണ്ണടിമകളുമായി ലൈംഗികബന്ധം പുലർത്തുന്നതിന് അവളുടെ ശരീരം തയ്യാറായിട്ടില്ലെങ്കിൽ‌പ്പോലും അങ്ങനെ ചെയ്യാവുന്നതാണ്.

4. പെണ്ണടിമകളേയും തടവിലാക്കപ്പെട്ട പെണ്ണുങ്ങളേയും, വിൽക്കുന്നതും വാങ്ങുന്നതും സമ്മാനമായി നൽകുന്നതുമൊക്കെ അനുവദനീയമാണ്. കാരണം അവ വെറും വസ്തുവകകളാണ്.

പി.എസ്.രാകേഷ് പഠനങ്ങൾ നടത്തിയും വസ്തുതകൾ ശേഖരിച്ചും തയ്യാറാക്കിയ ‘ഞാൻ നാദിയ മുറാദ് – അടിമപ്പെണ്ണിന്റെ ആത്മകഥ’ എന്ന ജീവചരിത്രഗ്രന്ഥത്തിൽ നിന്നുള്ള വിവരങ്ങളാണ് മുകളിൽ വായിച്ചത്. മാതൃഭൂമി ബുക്ക്സാണ്, ഐസിസ് ഭീകരർ തടവിലാക്കി മൂന്ന് മാസത്തോളം ലൈംഗികപീഡനത്തിനിരയാക്കിയ ഇറാക്ക് സ്വദേശിയും യസീദി മതവിഭാഗക്കാരിയുമായ നാദിയയുടെ ഈ ജീവചരിത്രത്തിന്റെ പ്രസാധകർ. പുസ്തകവില 100 രൂപ.

ടീവിയിൽ നാദിയ മുറാദിന്റേതായി വന്ന അഭിമുഖങ്ങളിലും മറ്റും അവർ പറഞ്ഞ കാര്യങ്ങൾ കണ്ട് മനസ്സിലാക്കി പഠനങ്ങൾ നടത്തിയാണ് ഹ്രസ്വമായ ഈ ജീവചരിത്രം രാകേഷ് തയ്യാറാക്കിയത്. പുസ്തകം ഹ്രസ്വമാണെങ്കിലും, നാദിയയ്ക്ക് ഐസിസ് ഭീകരിൽ നിന്ന് അനുഭവിക്കേണ്ടി വന്ന കൊടിയ ദുരിതങ്ങൾ ഏതൊരു മനുഷ്യന്റേയും ഉള്ളുലച്ചുകളയുന്നതാണ്. അതിന്റെ നേർ‌രേഖ വരച്ചുകാണിക്കുന്നതിൽ രാകേഷ് വിജയിക്കുക തന്നെ ചെയ്തിരിക്കുന്നു. പലരും കരുതുന്നത് പോലെ ‘നാദിയ ദ ലാസ്റ്റ് ഗേൾ’ എന്ന ആത്മകഥയുടെ പരിഭാഷയല്ല ഇത്. ആത്മകഥയോ ജീവചരിത്രമോ പറയുമ്പോൾ ഏറ്റക്കുറച്ചിലുകളും ആഖ്യാന രീതിയും മാറുമെന്നല്ലാതെ വസ്തുതകൾക്ക് മാറ്റമുണ്ടാകുന്നില്ലല്ലോ.

പുസ്തകത്തിന്റെ ആദ്യത്തെ നാല് അദ്ധ്യായങ്ങൾ വായിച്ച് കഴിഞ്ഞതോടെ ഞാൻ വല്ലാത്തൊരവസ്ഥയിലായി. നാലാമത്തെ അദ്ധ്യായം ശരിക്കും ഉലച്ചുകളഞ്ഞു. നമുക്കൊന്നും സങ്കൽ‌പ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിലൂടെയാണ് നാദിയ കടന്നുപോയിരിക്കുന്നത്; നാദിയയെപ്പോലുള്ള ആയിരക്കണക്കിന് യസീദി പെൺകുട്ടികളും സ്ത്രീകളും കടന്നു പോയിരിക്കുന്നത്.

നാസികൾക്ക് ജൂതന്മാർ എന്ന പോലെ യസീദികളെ കൊന്നൊടുക്കൽ ഐസിസ് ഭീകരരുടെ ഒരു ലക്ഷ്യമാണ്. മറ്റ് മതസ്ഥരോട് എല്ലാവരോടും ഐസിസിന്റെ മനോഭാവം ഇതുതന്നെയാണ്. ആയതുകൊണ്ടുതന്നെ ഐസിസ് ഒരു മതമല്ല. ഐസിസ് എന്നാൽ ഇസ്ലാമുമല്ല. അതൊരു കൊടുംഭീകര സംഘടന മാത്രം.

ഐസിസ് ഭീകരർ പിടിമുറുക്കുന്നുണ്ടെന്ന് ഇറാക്കിലെ സിഞ്ജർ ജില്ലയിലെ കോച്ചോ ഗ്രാമവാസികൾ അറിയാമായിരുന്നു. ആ ഗ്രാമത്തിലാണ് നാദിയ ജനിച്ച് വളർന്നത്. തന്നെ അമ്മ ഷമിയുടെ പതിനൊന്ന് മക്കളിൽ ഇളയവൾ. മിക്കവാറും യസീദികൾ കൃഷിക്കാരാണ്. കൃഷിയിടങ്ങളിൽ പണിക്ക് ആളെ കിട്ടുമല്ലോ എന്നതുകൊണ്ടുതന്നെ യസീദി സ്ത്രീകൾക്ക് പലർക്കും ധാരാളം മക്കളുണ്ടായിരുന്നു. കുർദിഷ് ഭാഷയല്ലാതെ അറബി പോലും അവരിൽ പലർക്കും ശരിക്കറിയില്ല. സ്വന്തം മതഗ്രന്ഥങ്ങൾ പോലും വായിച്ച് മനസ്സിലാക്കാൻ വേണ്ടുന്ന അക്ഷരജ്ഞാനമില്ലാത്ത, കുടുംബത്തിന് വേണ്ടി എല്ലുമുറിയെ പണി ചെയ്ത് ജീവിച്ച് മരിച്ചിരുന്ന സാധാരണക്കാരിൽ സാധാരണക്കാരായ നാട്ടിൻ‌പുറത്തുകാർ. ചെല്ലുന്നിടത്തെല്ലാം സ്വന്തം മതസ്വത്വം പ്രശ്നമാകുന്നതുകൊണ്ട് അതൊളിപ്പിച്ച് കഴിയാൻ വിധിക്കപ്പെട്ട ഹതഭാഗ്യരാണവർ. 7 ലക്ഷം യസീദികളേ ലോകത്താകമാനം ഉണ്ടായിരുന്നുള്ളൂ.അതിൽ 85 ശതമാനവും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പ്രാണരക്ഷാർത്ഥം പലായനം ചെയ്യപ്പെട്ടിട്ടുള്ളവരാണ്. പണ്ട് ജൂതന്മാർ അനുഭവിച്ച്പോന്ന ദുരിതം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പേറിക്കൊണ്ടിരിക്കുന്നവർ.

എന്താണ് യസീദി മതമെന്ന് ആദ്യ അദ്ധ്യായത്തിൽ രാകേഷ് പരിചയപ്പെടുത്തുന്നുണ്ട്. ഇറാക്കിലെ കുർദ്ദ് വിഭാഗത്തിൽ നിന്ന് വിട്ടുമാറിയവരാണ് യസീദികൾ. അവർ മുസ്ലീങ്ങളെപ്പോലെ അഞ്ച് നേരം പ്രാർത്ഥിക്കുന്നവരാണ്. ഖുറാനും ബൈബിളും അവർക്ക് മതഗ്രന്ഥങ്ങളാണ്. എല്ലാ മതങ്ങളിലേയും നല്ല കാര്യങ്ങൾ അവർ സ്വായത്തമാക്കിയിട്ടുണ്ട്. കുട്ടികളെ ക്രൈസ്തവർ ചെയ്യുന്നത് പോലെ മാമോദീസ മുക്കുകളും ആൺകുട്ടികൾക്ക് ചേലാകർമ്മം നടത്തുകയും ചെയ്യുന്നുണ്ട് അവർ. വിവാഹദിവസം വധു ക്രിസ്ത്യൻ പള്ളിയിൽ പോയി പ്രാർത്ഥിക്കും. ഹൈന്ദവരെപ്പോലെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന പതിവും അവർക്കുണ്ട്. അവർ ഒരുപാട് ഭക്ഷണസാധനങ്ങൾ കഴിക്കില്ല. നീല നിറം അവർക്ക് വിലക്കാണ്. സാത്താൻ എന്ന പദമോ അതിനോട് സമാനമായ പദങ്ങളോ പറയുന്നത് അവർക്ക് നിഷിദ്ധമാണ്. ആദിമനുഷ്യൻ ആദമിന്റെ സന്തതിപരമ്പരകളാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഹവ്വയെ യസീദികൾ അംഗീകരിക്കുന്നില്ല. മറ്റ് മതസ്ഥർക്ക് യസീദിയായി മതം മാറാൻ സാധിക്കില്ല. മറ്റ് മതസ്ഥരുമായുള്ള വിവാഹവും യസീദികൾ അനുവദിക്കുന്നില്ല. അങ്ങനെ ഒരുപാടൊരുപാട് പ്രത്യേകതകൾ ഉള്ള ഈ മതം, ഇസ്ലാം, ജൂദായിസം, ക്രിസ്തുമതം എന്നിവയ്ക്ക് പുറമെ ഇറാനിലെ മതചിന്തകളും ചേർന്ന് ആവിർഭവിച്ചതായി കണക്കാക്കപ്പെടുന്നു.

ഒരുപാട് അംഗങ്ങളുള്ള കുടുംബമായതുകൊണ്ടുതന്നെ സെക്കൻ‌ഡറി സ്ക്കൂൾ വിദ്യാഭ്യാസത്തിനപ്പുറം നാദിയയ്ക്ക് ലഭിച്ചിട്ടില്ല. അത് തന്നെ മഹാഭാഗ്യമാണെന്ന് അവൾ കരുതുന്നു. 2003ൽ അവളുടെ പിതാവ് മരിച്ചു. ഇറാക്ക് അമേരിക്കയ്ക്കും സഖ്യശക്തികൾക്കും കീഴ്പ്പെട്ടതോടെ സദ്ദാമിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് രക്ഷപ്പെടുമല്ലോ എന്ന് കുർദ്ദുകളും യസീദികളും സന്തോഷിച്ചു. പക്ഷേ പിന്നീട് ഇറാക്കിനെന്ത് സംഭവിച്ചു എന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ ? അമേരിക്കയ്ക്ക് എതിരെ പോരാടിയിരുന്ന വഹാബി മുസ്ലീങ്ങളുടെ സായുധ ഗ്രൂപ്പാണ് 2014 ജൂൺ 29ന് ദൌലത്തുൾ ഇസ്ലാമിയ (ഇസ്ലാമിക രാഷ്ട്രം) എന്ന ഐസിസ് ആയി മാറുന്നത്. ഇറാക്കി സൈന്യം ഉപേക്ഷിച്ച ടാങ്കുകളും ആയുധങ്ങളും കവചിത വാഹനങ്ങളുമൊക്കെ ഐസിസ് കൈക്കലാക്കി. സിറിയയിലെ റഖ മുതൽ മൊസ്യൂൾ വരെയുള്ള പ്രദേശവും വടക്കുകിഴക്കൻ ഇറാക്കിലെ തിക്രിത്ത് വരെയുള്ള പ്രദേശങ്ങളും ഇവർ കൈയ്യടക്കി. യസീദികളും ക്രൈസ്തവരും അടക്കമുള്ള ഇതര മതവിഭാഗങ്ങളെ ഇവർ കൊന്നൊടുക്കി.

കോച്ചോ ഗ്രാമത്തിന്റെ സംരക്ഷണം ഭാഗികമായെങ്കിലും ഏറ്റിരുന്നത് പെഷ്മർഗകൾ എന്നറിയപ്പെട്ടിരുന്ന കുർദ്ദിഷ് പോരാളികളായിരുന്നു. കൂടുതൽ പെഷ്മർഗകളെ നൽകി കോച്ചോയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കുർദ്ദിസ്ഥാൻ പ്രാദേശിക ഭരണകൂടം വാക്ക് നൽകിയിരുന്നെങ്കിലും അങ്ങനൊരു സംരക്ഷണമൊന്നും ഉണ്ടായില്ല. 2014 ഓഗസ്റ്റ് 3 ന് കോച്ചോ ഗ്രാമം ഐസിസിന്റെ പിടിയിലായി. അനുവാദമില്ലാതെ പുറത്തിറങ്ങരുത്. രക്ഷപ്പെടാൻ ശ്രമിച്ചാൽ വെടിവെച്ച് കൊന്നുകളയും എന്ന് അറിയിപ്പുണ്ടായി.

മൂന്നാം നാൾ എല്ലാവരോടും തൊട്ടടുത്തുള്ള പ്രൈമറി സ്ക്കൂളിലെത്ത് ആവശ്യപ്പെട്ടു. ആഭരണങ്ങളും ഫോണുകളും അടക്കം വിലപിടിപ്പുള്ളതെല്ലാം തട്ടിയെടുത്തു. ആണുങ്ങളെ മാത്രം അവർ ഒരു വാഹനത്തിൽ കയറ്റി സ്ക്കൂളിന് പിറകിലുള്ള മൈതാനത്തേക്ക് കൊണ്ടുപോയി വെടിവെച്ച് കൊന്നു. വിവാഹിതരേയും പ്രായമായ സ്ത്രീകളേയും പെൺകുട്ടികളേയും വേറെ വേറെ വാഹനങ്ങളിലായി കൊണ്ടുപോയി. അവിടെ വെച്ചാണ് അവസാനമായി നാദിറ സ്വന്തം അമ്മയെ കാണുന്നത്.

പിന്നീടങ്ങോട്ട് പീഡന പരമ്പര അരങ്ങേറുകയായി. നാദിറയടക്കമുള്ള പെൺകുട്ടികളെ കൊണ്ടുപോയ വാഹനത്തിൽ കയറി വരുന്ന ഐസിസ് ഭീകരന്റെ കൈകൾ പെൺകുട്ടികളുടെ വസ്ത്രങ്ങൾക്കടിയിലൂടെ ശരീരത്തിൽ അരിച്ചിറങ്ങുന്നു. പെൺകുട്ടികൾ ബഹളമുണ്ടാക്കുമ്പോൾ ഐസിസിന്റെ മറ്റൊരു ഉയർന്ന ഭീകരൻ കടന്ന് വന്ന് പറയുന്നത്, നിങ്ങളെല്ലാം ഐസിസിന്റെ സബിയ്യമാരാണ്(ലൈംഗിക അടിമ). ഇനിയങ്ങോട്ട് നിങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെത്തന്നെയാണ് എന്ന നിലയ്ക്കാണ്. തുടർന്ന് ഈ പെൺകുട്ടികളെ ഒരു കെട്ടിടത്തിലെത്തിക്കുന്നു. അത് അടിമച്ചന്തയാണ്. അവിടെ അവർ വിൽക്കപ്പെടുന്നു. കന്യകാ പരിശോധന വരെ നടത്തുന്നുണ്ട് വാങ്ങാൻ വരുന്ന ക്രൂരന്മാർ. മുസ്ലീമാക്കി മതപരിവർത്തനവും നടത്തി, വാങ്ങുന്നയാൾക്ക് സർട്ടിഫിക്കറ്റും നൽകിയാണ് സ്ത്രീകളെ വിൽക്കുന്നത്. നാദിയയെ കൊണ്ടുപോകുന്നത് ഹാജി സൽമാൻ എന്ന ഉന്നത ഐസിസ് ഭീകരനാണ്. ആർത്തവമായിരുന്നതുകൊണ്ട് അൽ‌പ്പദിവസത്തേക്ക് അവളുടെ കന്യകാത്വം നീട്ടിക്കിട്ടുന്നുണ്ടെങ്കിലും പിന്നീട് നേരവും കാലവുമൊന്നും പരിഗണിക്കാതെയുള്ള ലൈംഗിക പീഡനങ്ങൾക്ക് പുറമെ അയാളുടെ വീട്ടിലെ ജോലികൾ മുഴുവൻ ചെയ്യേണ്ട അവസ്ഥയിലേക്കെത്തുന്നു. ആ ജോലികളിൽ കാലതാമസം വന്നാൽ അതിനുള്ള ശിക്ഷകൾ വേറെ.

ഐസിസിന്റെ മറ്റൊരു പൊള്ളത്തരം ഇവിടെ പൊളിഞ്ഞുവീഴുന്നുണ്ട്. മുസ്ലീമാക്കപ്പെട്ടത്തിന് ശേഷം നികാബും(മുഖം മറയ്ക്കുന്ന തട്ടം) അബായയും (നീളമുള്ള വസ്ത്രം) ധരിപ്പിക്കുന്നുണ്ടെങ്കിലും ഭീകരുടെ വീട്ടിൽ അതിഥികൾ വരുമ്പോൾ ഈ പെൺകുട്ടികൾ ഇറക്കം കുഴഞ്ഞതും ശരീരം മുഴുവൻ പ്രദർശിപ്പിക്കുന്ന തരത്തിലുമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് അവർക്ക് മുന്നിൽ വിരുന്ന് വിളമ്പണം. ആതിഥേയൻ അതിഥികൾക്ക് മുൻപിൽ തന്നെ വമ്പ് കാണിക്കുന്നത് ഇങ്ങനെയൊക്കെയാണ്. പിന്നീട് അതിഥികളുടെ പീഡനങ്ങൾക്കും ഈ സ്ത്രീകൾ വിധേയരാകണം. അടിമകളെ മുസ്ലീമാക്കിയെങ്കിൽ പിന്നെയെന്തുകൊണ്ട് ഇത്തരം വേഷം കെട്ടലുകൾ ?! ഒരു മുസ്ലീം സ്ത്രീയ്ക്ക് കൊടുക്കുന്ന മിനിമം പരിഗണനകളെങ്കിലും എന്തുകൊണ്ട് ഈ ‘അടിമ’പ്പെൺകുട്ടികൾക്കും നൽകുന്നില്ല. ഇതൊക്കെ കൊണ്ടാണ് ഐസിസ് എന്നാൽ ഇസ്ലാമല്ലെന്നും കൊടും ഭീകരരുടെ ഒരു കൂട്ടം മാത്രമാണെന്നും മനസ്സിലാക്കേണ്ടത്.

നാല് ചുറ്റിനും കാവൽക്കാരുള്ള ആ വീട്ടിൽ നിന്ന് രക്ഷപ്പെടുന്നത് അത്ര എളുപ്പമല്ലെന്ന് മാത്രമല്ല, അങ്ങനെ എന്തെങ്കിലും ശ്രമങ്ങൾ നടത്തിയാൽ ശിക്ഷ കഠിനമായിരിക്കുമെന്ന് ഹാജി സൽമാൻ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. എന്നിട്ടും ഒരു സുരക്ഷാ വീഴ്ച്ച ഉണ്ടായ തക്കത്തിന് നാദിയ അവിടുന്ന് ചാടാൻ ശ്രമിക്കുകയും അതിൽ പരാജയപ്പെട്ട് പിടിക്കപ്പെടുകയും ചെയ്യുന്നു. തുടർന്ന് അവൾക്കുള്ള ശിക്ഷകൾക്ക് തുടക്കമാകുന്നു. ആ വീട്ടിൽ ഉണ്ടായിരുന്ന സൽമാന്റെ കൂട്ടാളികൾ എല്ലാവരും മാറി മാറി ബലാത്സംഗം ചെയ്തുകൊണ്ടാണ് ശിക്ഷാനടപടികൾ ആരംഭിക്കുന്നത്. അടുത്ത ദിവസം വേറൊരിടത്ത്. അവിടെയും പീഡനം. പിന്നെ മറ്റൊരിടത്തേക്ക്, അവിടന്ന് ഒരു ഐസിസി ചെക്ക് പോസ്റ്റിലേക്ക്. അവിടെ എത്തുന്നതോടെ ആർക്കും കാമപൂർത്തി വരുത്താൻ വേണ്ടിയുള്ള സ്ത്രീശരീരമായി അവൾ മാറുന്നു. എല്ലാവരുടെയും പൊതുഅടിമ എന്ന അവസ്ഥ. ഓടിപ്പോകാൻ ശ്രമിക്കുന്നവർക്കുള്ള ശിക്ഷ ഇതാണെന്ന് ഒരു നടുക്കത്തോടെ നാദിയ മനസ്സിലാക്കുന്നു.

നാദിയയുടെ രക്ഷപ്പെടൽ അത്ഭുതകരമാണ്. അവൾക്കതിന് കഴിയുമോ എന്ന പിരിമുറുക്കം ഓരോ വരികളിലും വായനക്കാരനെ സമ്മർദ്ദത്തിലാക്കുന്നു. വ്യാജ ഐഡന്റിറ്റിയിൽ, ഒരുപാട് ഐസിസ് ചെക്ക് പോസ്റ്റുകൾ കടന്ന് രക്ഷപ്പെട്ട് സഹോദരന്റെ അടുത്തേക്ക് അവൾ എത്തിപ്പെടുന്നു. പിന്നീട്, ഐസിസ് പിടിയിലായിരുന്നിരുന്ന സഹോദരന്റെ ഭാര്യയേയും രക്ഷപ്പെടുത്തിയെടുക്കുന്നു. നാദിയയെ രക്ഷപ്പെടാൻ സഹായിച്ച കുടുംബം ഐസിസിന്റെ പിടിയിലായെന്ന് പിന്നീടവൾ മനസ്സിലാക്കുന്നുമുണ്ട്.

നാദിയയ്ക്ക് സംഭവിച്ചത് മുഴുവൻ ഇന്ന് ലോകത്തിന്റെ മുന്നിലുണ്ട്. പക്ഷേ നമ്മളെല്ലാം അത് വായിച്ചിട്ടുണ്ടോ എന്നതാണ് പ്രസക്തമായ വിഷയവും ചോദ്യവും. എങ്ങനേയും മനക്കരുത്തുണ്ടാക്കി വായിച്ച് മനസ്സിലാക്കേണ്ടത് തന്നെയാണ് യസീദികൾക്കെതിരെ ഐസിസ് അഴിച്ചുവിട്ടിരിക്കുന്ന ക്രൂരതകൾ. ശുദ്ധ തെമ്മാടിത്തരങ്ങളും ലൈംഗിക അരാജകത്വവും നടപ്പിലാക്കാൻ വേണ്ടി ഒരുകൂട്ടർ ഏർപ്പാടാക്കിയിരിക്കുന്ന പദ്ധതി മാത്രമാണ് ഐസിസ്. അതിലൊരിടത്തും ജനനന്മയില്ല, സാമൂഹ്യനീതിയില്ല, മനുഷ്യത്വമില്ല. ലോകസമാധാനം തുലാസ്സിലാക്കുകയും ചെയ്യുന്നു ഇക്കൂട്ടർ.

ഇപ്പോഴും ആയിരക്കണക്കിന് യസീദി സ്ത്രീകളും പെൺകുട്ടികളും ഐസിസ് താവളങ്ങളിൽ ദുരിതമനുഭവിച്ച് പെട്ടുകിടക്കുന്നുണ്ട്. എത്രയോ യസീദികളെ അവർ കൊന്നൊടുക്കിക്കഴിഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിന് ഈ വിഷയത്തിൽ എന്ത് ചെയ്യാനാകും എന്നതിലേക്ക് ശ്രദ്ധ കൊണ്ടുവരുകയാണ് രക്ഷപ്പെടലിന് ശേഷം നാദിയ ചെയ്തത്. അതിനവൾ അമാൽ ക്ലൂണി എന്ന യൂറോപ്യൻ വനിതാ അഭിഭാഷകയുടെ സഹായം തേടുന്നു. വിഷയം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. ഐസിസിനെതിരെയുള്ള തെളിവുകൾ ശേഖരിക്കുന്ന കാര്യത്തിൽ ഒരു പരിധിവരെ അവർ വിജയിച്ചിട്ടുണ്ട്. പക്ഷെ ഈ ഭീകരന്മാർക്കെതിരെയുള്ള നടപടികൾ എത്തരത്തിൽ, എന്ന്, എവിടെ നിന്നുണ്ടാകും എന്നതെല്ലാമാണ് ഇനി കാത്തിരുന്ന് കാണാനുള്ളത്.

യുദ്ധക്കെടുതികളിൽ‌പ്പെട്ട് ഉഴലുന്ന യസീദികളെ സഹായിക്കാൻ സജ്ജമാക്കിയ ‘യസ്ദ’ എന്ന സംഘടനയുടെ പ്രവർത്തകയാണിപ്പോൾ നാദിയ. നാദിയയുടെ പ്രവർത്തനങ്ങൾ അവൾക്ക് 2018 ലെ സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം (ഡോ:ഡെനിസ് മുക്‌വെഗിനൊപ്പം) നേടിക്കൊടുത്തു. ജർമ്മനി ആസ്ഥാനമാക്കി നാദിയ പൊരുതിക്കൊണ്ടേയിരിക്കുകയാണ്. നോബൽ പുരസ്ക്കാരം സ്വീകരിച്ചുകൊണ്ട് നാദിയ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നാദിയയുടെ പോരാട്ടത്തിന് ഒപ്പം നിൽക്കണമെങ്കിൽ അവൾക്ക് സംഭവിച്ചത് പൂർണ്ണമായോ ഭാഗികമായോ എങ്കിലും മനസ്സിലാക്കേണ്ടത് മനുഷ്യരാശിയുടെ ഉത്തരവാദിത്തമാണ്. ആ ലക്ഷ്യത്തിലേക്ക് ഇതുപോലുള്ള ഓരോ ഗ്രന്ഥവും വലിയ പങ്കാളിത്തമാണ് വഹിക്കുന്നത്. ആയതിനാൽത്തന്നെ പി.എസ്.രാകേഷിന്റെ ഈ ജീവചരിത്ര ശ്രമം ഏറെ പ്രശംസയർഹിക്കുന്നു.

നാദിയയ്ക്ക് സംഭവിച്ചതിന്റെ പത്തിലൊന്ന് പുസ്തകത്തിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ടാകണമെന്നില്ല. 96 പേജ് മാത്രമുള്ള പുസ്തകത്തിൽ പറഞ്ഞ ചില കാര്യങ്ങളെങ്കിലും ചുരുക്കിപ്പറയാൻ എനിക്കും സാധിച്ചിട്ടില്ല. ആ അനുഭവങ്ങൾ അത്രയ്ക്ക് കഠിനമാണ്, വേദനാജനകമാണ്, ശത്രുക്കൾക്ക് പോലും അങ്ങനെയൊന്നും സംഭവിക്കരുതേയെന്ന് ഐസിസ് അല്ലാത്ത ഏതൊരു മനുഷ്യനും ആഗ്രഹിച്ചുപോകുന്നതാണ്.

പുസ്തകത്തിനോട് എനിക്കുള്ള ഏക വിയോജിപ്പ്, അതിൽ പലയിടത്തും ഐസിസുകാരെ പരാമർശിക്കുമ്പോൾ ഐസിസ് ഭടൻ, ഐസിസ് ഉന്നതൻ എന്നൊക്കെ സൂചനയുണ്ട്. ഐസിസ് എന്ന് പറയുന്നിടത്തൊക്കെ ഭീകരൻ, കൊടുംഭീകരൻ, നരാധമൻ എന്നൊക്കെയുള്ള വിശേഷണങ്ങൾ മാത്രമേ പാടുള്ളൂ എന്നാണ് എന്റെ പക്ഷം.

വാൽക്കഷണം:- ഐസിസ് എന്ന കൊടുംഭീകരക്കൂട്ടത്തിന് നമ്മുടെ കേരളമണ്ണിൽ നിന്ന് പോലും പ്രവർത്തകരുണ്ടെന്നത് ഭീതിജനിപ്പിക്കുന്ന ഒരു വസ്തുതയാണ്. ഐസിസിന് രഹസ്യമായി സാമ്പത്തികമടക്കമുള്ള സഹായങ്ങൾ ചെയ്യുന്നവരും നമുക്കിടയിൽ ജീവിക്കുന്നില്ലെന്ന് ആരുകണ്ടു? ലോകത്തുള്ള മറ്റ് മതങ്ങളും ജനതയുമെല്ലാം ഇല്ലാതാക്കപ്പെടേണ്ടതാണെന്ന് കരുതുന്നവർ ആരായാലും അവർ മനുഷ്യന്മാരല്ല. അത്തരം നരാധമന്മാർ ഉന്മൂലനം ചെയ്യപ്പെടുന്ന കാലത്ത് മാത്രമേ ലോകസമാധാനം പുലരുകയുള്ളൂ.

Comments

comments

2 thoughts on “ ഞാൻ നാദിയ മുറാദ്

  1. I read Nadia Murad’s the last girl.
    I felt very sorry for her and her family. I wonder, to escape from Mosul, why they ( Nader and Nadia) chose kirkuk then Sulaimania then Erbil. It’s too long, but Erbil is nearst place from Mosul..

  2. I read Nadia Murad’s the last girl.
    I felt very sorry for her and her family. I wonder, to escape from Mosul, why they ( Nader and Nadia) chose kirkuk then Sulaimania then Erbil. It’s too long, but Erbil is nearst place from Mosul..
    I am confused and didn’t understand their escaping route

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>