ലന്തക്കാർ എന്ന പദം ഞാനാദ്യമായി വായിക്കുന്നതോ അറിയുന്നതോ ആദരണീയനായ എസ്.കെ.പൊറ്റക്കാടിന്റെ ‘പാതിരാ സൂര്യന്റെ നാട്ടിൽ‘ എന്ന യാത്രാവിവരണ ഗ്രന്ഥത്തിൽ നെതർലാൻഡിനെപ്പറ്റി (ഹോളണ്ട്) പരാമർശിക്കുന്നയിടത്താണ്. ആ രാജ്യമേതാണെന്ന് ആദ്യം ഒരു പിടിയും കിട്ടിയില്ല. പിൽക്കാലത്ത് ആ പദപ്രയോഗത്തിന്റെ അർത്ഥം മനസ്സിലാക്കാൻ ചില്ലറ ശ്രമങ്ങൾ നടത്താതിരുന്നില്ല.
നെതർലാൻഡ്സ് പതാക. |
ഡച്ചുകാരെ അല്ലെങ്കിൽ നെതർലാൻഡുകാരെ, ലന്തക്കാർ എന്ന് പഴയ കാലത്ത് കേരളത്തിൽ വിളിച്ചുപോന്നിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകളില്‍ ‘ലന്തപ്പറങ്കിയുമിങ്കിരിയേസും’ എന്നുള്ള പരാമര്‍ശങ്ങളുണ്ട്. ലന്തക്കാർ = ഡച്ചുകാര്‍, പറങ്കികൾ = പോര്‍ച്ചുഗീസുകാര്‍, ഇങ്കിരിയേസ് = ബ്രിട്ടീഷുകാര്‍. തൊപ്പിയിട്ട നാലു വിദേശി വിഭാഗങ്ങളെ പറങ്കികൾ, പരന്ത്രീസുകാർ(ഫ്രഞ്ച്), ലന്തക്കാർ, ഇങ്കിരീസുകാർ എന്നാണ് കേരള ചരിത്രത്തിൽ പ്രതിപാദിക്കുന്നത്.
ആംസ്റ്റർഡാം പതാക. |
ലന്ത എന്ന വാക്ക് ഉരുത്തിരിഞ്ഞിരിക്കുന്നത് ‘ഹോളണ്ട് ജനത‘ എന്ന് അർത്ഥം വരുന്ന പദത്തിൽ നിന്നാണത്രേ! ഡച്ച്, ലന്ത, നെതർലാൻഡ്, ഹോളണ്ട് എന്നതെല്ലാം പതിനേഴാം നൂറ്റാണ്ടിൽ കച്ചവടത്തിനായി കടൽ മാർഗ്ഗം കേരളത്തിലെത്തി ഒന്നേകാൽ നൂറ്റാണ്ടോളം കൊച്ചി ഭരിച്ചിരുന്ന നെതർലാൻഡുകാർ തന്നെ.
എറണാകുളം ജില്ലക്കാരനായ എനിക്കിവരെ കൂടുതൽ പരിചയം ഡച്ചുകാർ എന്ന പേരിലാണ്. ഡച്ച് പാലസ്, ഡച്ച് സിമിത്തേരി, ബോൾഗാട്ടി പാലസ് എന്നിങ്ങനെ ഡച്ചുകാരുടെ ഓർമ്മ നിലനിർത്തുന്ന ഒട്ടനവധി സ്മാരകങ്ങളാണ് കൊച്ചിയിലുള്ളത്. ഞാനതൊക്കെയും കേട്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതും നെതർലാൻഡ്‌സ് എന്ന പേരിലല്ല മറിച്ച് ഡച്ച് എന്ന നാമധേയത്തിലാണ്. യൂറോപ്പിലെ ഒരു കൊച്ചുരാജ്യത്തുനിന്ന് കടൽകടന്ന് കച്ചവടം ചെയ്യാനും ആധിപത്യമുറപ്പിക്കാനുമായി നമ്മുടെ നാട്ടിലെത്തി ഇവിടം പിടിച്ചടക്കി ഭരിച്ചിരുന്ന ഒരു ജനത. അന്യരാജ്യം കൈയ്യേറാനാണെങ്കിലും എന്തൊക്കെ ദുരിതങ്ങൾ നേരിട്ടുകാണും അറബിക്കടലിന്റെ രാജ്ഞിയുടെ പക്കലെത്താൻ ?! ഞങ്ങളിപ്പോൾ ഇതാ അത്രയ്ക്കൊന്നും കഷ്ടപ്പാടൊന്നും അനുഭവിക്കാതെ അവരുടെ രാജ്യത്തേക്ക് ചെല്ലാനുള്ള വിമാനത്തിനായി ബാർസലോണ (സ്പെയിൻ) എയർപ്പോർട്ടിൽ കാത്തിരിക്കുന്നു.
എന്തെങ്കിലുമൊക്കെ കാരണങ്ങളാൽ അക്ഷാംശവും രേഖാംശവുമൊക്കെ മുറിച്ചുകടന്ന് വായുമാർഗ്ഗവും ജലമാർഗ്ഗവുമൊക്കെ മനുഷ്യൻ ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്നു. ചിലർ ദേശാടനപ്പക്ഷികളെപ്പോലെ ആണ്ടിലൊരിക്കലോ മറ്റോ, മറ്റു ചിലർ നേരവും കാലവുമൊന്നുമില്ലാതെ, പിന്നെ കുറേപ്പേർ ഞങ്ങളെപ്പോലെ സഞ്ചാരികളുടെ വേഷത്തിൽ ഇടയ്ക്കും തലയ്ക്കും.
പാസ്സ്പ്പോർട്ട് നഷ്ടപ്പെട്ട ഒരു 18കാരി ഭ്രാന്തുപിടിച്ചതുപോലെ എയർപ്പോട്ടിൽ നട്ടംതിരിയുന്നു. ആ കുട്ടിയുടെ ഗ്രൂപ്പിലുള്ള ചിലർ ഞങ്ങളുടെ അടുത്തിരിക്കുന്നുണ്ട്. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങളുടെ തൊട്ടടുത്തിരിക്കുന്ന ഒരു യുവതി ചാടിയെഴുന്നേറ്റ് പാസ്പ്പോർട്ട് കിട്ടിയെന്ന് അറിയിച്ചു. അവരുടെ ഹാൻഡ് ബാഗിലുണ്ടായിരുന്ന പാസ്സ്പ്പോർട്ട് അന്വേഷിച്ചാണ് പതിനെട്ടുകാരി പരക്കം പാഞ്ഞിരുന്നത്. യാത്രയ്ക്കിടയിൽ പാസ്സ്‌പോർട്ടോ മറ്റ് യാത്രാരേഖകളോ നഷ്ടപ്പെട്ടുപോയാൽ എന്തുചെയ്യും എന്ന് ആലോചിക്കാൻ പോലുമുള്ള മനക്കരുത്ത് എനിക്കില്ല.
Transavia കമ്പനിയുടെ ചിലവു കുറഞ്ഞ വിമാനം ബാർസലോണയിൽ നിന്ന് പറന്നുയർന്നു. ഞാൻ വിമാനത്തിലിരുന്ന് അൽപ്പം മയങ്ങുകയും വിമാനം താഴേക്ക് ഇറങ്ങാൽ തുടങ്ങിയപ്പോൾ ജനാലയിലൂടെയുള്ള ആകാശക്കാഴ്ച്ചയ്ക്കായി ഉണരുകയും ചെയ്തു. പലയിടത്തും കൃത്യമായ അളവുകൾക്കനുസരിച്ച് കരയിത്ര, വെള്ളമിത്ര എന്ന മട്ടിൽ വിഭജിച്ചിരിക്കുന്നതുപോലെ. കൊച്ചുകൊച്ച് മേഘക്കീറുകൾ ആകാശത്തിൽ പാറി നിൽക്കുന്നു. റോഡുകളേക്കാൾ അധികം തോടുകൾ (കനാൽ) ഉള്ള രാജ്യം. വായിച്ചറിവ് മാത്രമുള്ള പ്രകൃതിയുടെ ആകാശക്കാഴ്ച്ച. വിമാനത്തിലെ ജാലകത്തിലൂടെ ചില ദൃശ്യങ്ങൾ ഞാൻ ക്യാമറയിൽ പകർത്തി.
നെതർലാൻഡ്സ് – ഒരു ആകാശക്കാഴ്‌ച്ച. |
സമുദ്രനിരപ്പിൽ നിന്ന് താഴെയുള്ള ഭാഗങ്ങൾ കാൽഭാഗത്തിൽ അധികമുണ്ട് ആംസ്റ്റർഡാമിൽ. അങ്ങനെയാണ് ‘താഴ്‌ന്ന ഭൂമി‘ എന്ന അർത്ഥം വരുന്ന ‘നെതർ ലാൻഡ്സ് ‘ എന്ന പേരുണ്ടാകുന്നത്. കരയിലേക്ക് കടൽവെള്ളം കടക്കാതെ തടഞ്ഞുനിർത്താനായി ഡാമുകൾ ഉണ്ടാക്കേണ്ടി വന്ന രാജ്യമാണിത്. ശത്രുക്കൾക്കെതിരായി അത്തരം ഡാമുകൾ തകർത്തുവിട്ട് പടപൊരുതിയവരാണ് ലന്തക്കാർ.
സമയം വൈകീട്ട് 05:50. വിമാനം നിലം തൊട്ടു. സ്പെയിനും ഹോളണ്ടും തമ്മിൽ കാര്യമായ സമയവ്യത്യാസം ഇല്ലാത്തതുകൊണ്ട് വാച്ചിന്റെ ക്രൌണിൽ തൊടേണ്ടി വന്നില്ല. പുറത്ത് താപമാനം 16 ഡിഗ്രി. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങൾ ശരിക്കും അത്ഭുതപ്പെടുന്ന തരത്തിലുള്ള ഒരു സംഭവമാണ് പിന്നീടുണ്ടായത്. പാസ്പോർട്ടിൽ ഒരു എമിഗ്രേഷൻ സ്റ്റാമ്പ് പോലും അടിക്കാതെ എയർപ്പോർട്ടിന് വെളിയിലേക്കാണ് ചെന്നെത്തിയത്. യു.കെ.യിൽ നിന്നുള്ള മടക്കയാത്രകളിൽ പാസ്പോർട്ടിൽ എക്സിറ്റ് സ്റ്റാമ്പ് അടിക്കുന്ന പതിവ് ഇല്ലെങ്കിലും ഇതാദ്യമായാണ് ഒരു രാജ്യത്ത് ചെന്നിറങ്ങിയത് രേഖപ്പെടുത്താത്ത അനുഭവം ഉണ്ടാകുന്നത്.
നടക്കാനുള്ള ദൂരമേ അണ്ടർഗ്രൌണ്ട് റെയിൽവേ സ്റ്റേഷനിലേക്കുള്ളൂ. മെഷീനിൽ നിന്ന് ടിക്കറ്റെടുത്താൽ ചാർജ്ജ് കുറവാണ്. പക്ഷെ, ഭാഷാപ്രശ്നം കാരണം ഞങ്ങൾക്ക് അത് സാദ്ധ്യമായില്ല. കൌണ്ടറിൽ നിന്ന് ടിക്കറ്റെടുത്തു. കൌണ്ടറിൽ ഇരിക്കുന്ന വനിതയുടേത് വളരെ ഹൃദ്യമായ പെരുമാറ്റം.
മെഷീനിൽ നിന്ന് തീവണ്ടി ടിക്കറ്റ് എടുക്കുന്നവർ. |
2 മിനിറ്റിനുള്ളിൽ തലസ്ഥാനമായ ആംസ്റ്റർഡാമിലേക്കുള്ള തീവണ്ടി വന്നെത്തി. സാമാന്യം നല്ല തിരക്കുണ്ട്. കുറേയധികം വിവിധ രാജ്യങ്ങളിൽ നിന്നുള്ള, എണ്ണത്തിൽ പതിനഞ്ചിൽ താഴെ വരുന്ന ആൺകുട്ടികളും പെൺകുട്ടികളും കയറിയ ഒരു ബോഗിയിൽ ഞങ്ങളും കയറിപ്പറ്റി. പരസ്പരം കളിയാക്കിയും കലഹിച്ചും ബഹളമുണ്ടാക്കിയും യാത്രയിൽ ഉടനീളം അവർ യുവത്വം ആഘോഷിച്ചുകൊണ്ടിരുന്നു. ആംസ്റ്റർഡാം സെൻട്രൽ സ്റ്റേഷൻ എത്തിയതറിഞ്ഞില്ല. ഇരുട്ട് വീണുതുടങ്ങിയിട്ടില്ല. തിരക്കിട്ട് ഹോട്ടൽ മുറിയിൽ എത്തിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതിരുന്നതുകൊണ്ട് മാപ്പ് നിവർത്തിപ്പിടിച്ച് ബാഗുകളും വലിച്ചുകൊണ്ട് ഞങ്ങൾ തെരുവിലൂടെ നടന്നു.
ഒരു ആംസ്റ്റർഡാം തെരുവ്. |
ആംസ്റ്റർ ഡാമിലെ തെരുവുകളെപ്പറ്റി കുറെയേറെ ധാരണകൾ മനസ്സിലുണ്ട്. ലോകപ്രസിദ്ധമാണ് ഇവിടത്തെ ചുവന്ന തെരുവുകൾ. സൂക്ഷിച്ചും കണ്ടും നടന്നില്ലെങ്കിൽ പ്രതീക്ഷിക്കാതെ അത്തരം ഒരു തെരുവിൽ ചെന്ന് കയറിയെന്ന് വരാം. എത്രത്തോളം അപകടകരമാണ്, എത്രത്തോളം സുരക്ഷിതമാണ് ഈ വഴികളിലൂടെയുള്ള നടത്തം എന്ന് വലിയ പിടിപാടൊന്നുമില്ല്ല. ഇത്തരം സ്ഥലങ്ങളിൽ അല്ലറ ചില്ലറ പ്രശ്നങ്ങൾ പ്രതീക്ഷിക്കാതിരിക്കാൻ ആവില്ലല്ലോ ? അതുകൊണ്ടുതന്നെ പന്തികേടാണെന്ന് തോന്നുന്ന ഇടവഴികളിലേക്കൊന്നും കടക്കാതെ പ്രധാന വീഥികളിലൂടെ തന്നെയാണ് ഞങ്ങൾ നടന്ന് നീങ്ങിയത്. നല്ല ദൈർഘ്യമുള്ള നടത്തമായിരുന്നു അത്. അധികം ബുദ്ധിമുട്ടാതെ തന്നെ റെംബ്രാൻഡ് ക്ലാസ്സിൿ (Rembrant Classic) എന്നു പേരുള്ള ഹോട്ടൽ കണ്ടുപിടിക്കാനായി. കനാലിന് അഭിമുഖമായിട്ടാണ് ഹോട്ടൽ കെട്ടിടം. കനാലിന് അരുകിലുള്ള മിക്കവാറും കെട്ടിടങ്ങളെല്ലാം മുട്ടിമുട്ടിയാണ് നിൽക്കുന്നത്. വശങ്ങളിലേക്ക് എന്നതിനേക്കാൾ മുകലിലേക്കാണ് കെട്ടിടങ്ങളുടെ വളർച്ച.
ഹോട്ടലിന്റെ മുൻവശത്തെ തെരുവ്, മുന്നിൽ കനാൽ. |
2500ൽപ്പരം കെട്ടിടങ്ങളാണ് ഇത്തരത്തിൽ കനാലുകൾക്ക് അരികിൽ മാത്രമായി നെതർലാൻഡ്സിൽ ഉള്ളത്. അതിൽത്തന്നെ 1200 എണ്ണം സംരക്ഷിത നിർമ്മിതികളാണ്. മുൻസിപ്പാലിറ്റിയുടെ അനുവാദമില്ലാതെ അതിലൊന്നിനെപ്പോലും പൊളിച്ച് പണിയാനോ കൂട്ടിച്ചേർക്കലുകൾ നടത്താനോ ആകില്ല.
ഒരു കനാൽ ദൃശ്യം. |
കനാലുകൾക്ക് കുറുകെ കടന്ന് പോകുന്ന പാലങ്ങൾക്ക് തറനിരപ്പിൽ നിന്ന് അധികം ഉയരമില്ല. പതിനേഴാം നൂറ്റാണ് മുതൽക്കുള്ള ഇത്തരം 1250ൽപ്പരം പാലങ്ങളാണ് ഇവിടെയുള്ളത്. പാലത്തിനടിയിലൂടെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ നല്ല നീളമുള്ളതും ഉയരം കുറഞ്ഞതുമായ വലിയ യാത്രാബോട്ടുകൾ കടന്ന് പോകുന്നു. 3 മുതൽ 6 മീറ്റർ വരെ ആഴമുള്ള കനാലുകൾ വളരെ വൃത്തിയുള്ളതാണ്. കനാലുകൾ, കച്ചറ കൊണ്ടുക്കളയാനുള്ള സ്ഥലമല്ല ഡച്ചുകാർക്ക് എന്ന് വ്യക്തം.
കനാലിന് മുകളിലൂടെയുള്ള പാലത്തിൽ നിന്ന് ഒരു കാഴ്ച്ച. |
ഹോട്ടൽ ജോലിക്കാരെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെങ്കിലും തപ്പിത്തടഞ്ഞുള്ള ഒഴുക്കില്ലാത്ത പ്രയോഗമാണത്. ഞങ്ങൾ ചെക്ക് ഇൻ ചെയ്ത് ഒന്ന് ഫ്രഷ് ആയി പെട്ടെന്ന് തന്നെ വെളിയിൽ കടന്നു. സമയം രാത്രി 8 മണി. നിശയുടെ കൂത്തരങ്ങിൽ തുടങ്ങാനിരിക്കുന്ന പരിപാടികൾക്ക് വിഘ്നം സൃഷ്ടിക്കാനെന്നവണ്ണം സൂര്യപ്രകാശം പാത്തും പതുങ്ങിയും നിൽക്കുകയാണ്. വേനൽക്കാലമായതുകൊണ്ട് ദൈർഘ്യമുള്ള പകലുകളാണ് യൂറോപ്പിലെങ്ങും. കൂടുതൽ എന്തെങ്കിലും ചെയ്യാനുള്ള സമയം ഉണ്ടെന്ന് തോന്നിയില്ല. തെരുവുകൾ പൂർണ്ണമായും രാത്രിയുടെ പിടിയിൽ അമരുന്നതിന് മുന്നേ പാതകളിലൂടെ അലസമായി നടക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. പുറത്ത് താപമാനം 14 ഡിഗ്രി. വേനൽക്കാലം ആയതുകൊണ്ട് കമ്പിളിക്കുപ്പായങ്ങൾ ഒന്നും കരുതിയിട്ടില്ലെങ്കിലും, തണുപ്പിനെ ആലിംഗനം ചെയ്തുകൊണ്ടുള്ള ആ നടത്തത്തിന് ഒരു സുഖമുണ്ടായിരുന്നു. തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് നടത്തം നീണ്ടുനീണ്ടുപോയി. റസ്റ്റോറന്റുകൾ ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങളൊക്കെ അടഞ്ഞുകഴിഞ്ഞിരിക്കുന്നു. അതുകൂടെ അടയുന്നതിന് മുന്നേ അത്താഴം കഴിക്കാനായി നിറയെ ഭോജനശാലകളുള്ള ഒരു തെരുവിലേക്ക് ഞങ്ങൾ കടന്നു.
ഭോജനശാലകൾ നിറഞ്ഞ ഒരു തെരുവിന്റെ പകൽച്ചിത്രം. |
നല്ല എരിവുള്ളതെന്ന് പറഞ്ഞ് ചെമ്മീനും മീറ്റുമൊക്കെ ചേർന്ന Hollandse Garnelen Grill വിളമ്പിയ ഹോട്ടലിന്റെ ഉടമ ഈജിപ്റ്റിൽ നിന്നെത്തിയ ഖാലിദ് ആണ്. എനിക്കെന്തോ അത്ര വലിയ എരിവൊന്നും തോന്നിയില്ല. യൂറോപ്യൻസിന്റെ എരിവൊന്നും നമുക്കൊരു എരിവല്ലല്ലോ.
അത്താഴത്തിന് സ്പൈസി ഗ്രിൽ വൈവിദ്ധ്യം. |
സൂര്യകിരണങ്ങൾ ഇപ്പോൾ പൂർണ്ണമായും അന്ധകാരത്തിന് കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു. തണുപ്പിന് കനം കൂടിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിന് ശേഷം പത്ത് മണിയോടെ ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ച് നടന്നു. മടക്കവഴി അറിയാമെങ്കിലും ഇനിയുള്ള യാത്ര അതീവ ശ്രദ്ധയോടെ വേണമെന്ന് മനസ്സ് പറഞ്ഞു. ചിലയിടങ്ങളിൽ റോഡ് കുറുകെ കടക്കുമ്പോൾ ശരിക്കും ആശയക്കുഴപ്പമുണ്ടായി. സൈക്കിളുകൾ, ട്രാം, കാൽനടക്കാർ, കാറുകൾ, വാനുകൾ എന്നിങ്ങനെ തലങ്ങും വിലങ്ങും പോയും വന്നുമിരിക്കുന്ന വാഹനങ്ങളുടെ പാതകൾ പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും അടുക്കും ചിട്ടയും വേഗതാ നിയന്ത്രണവുമൊക്കെയുള്ള ഗതാഗതം ആയതുകൊണ്ട് അപകട സാദ്ധ്യതയുണ്ടെന്ന് തോന്നിയതേയില്ല.
വെളിച്ചം ഇരുട്ടിന് വഴിമാറുള്ള വേള – ഒരു തെരുവു ദൃശ്യം. |
ജനലുകൾ തുറന്നിട്ട് കിടക്കരുതെന്ന്, ഹോട്ടൽ മുറിയിലേക്ക് കടക്കുന്നതിന് മുന്നേ മുന്നറിയിപ്പ് കിട്ടി. കള്ളന്മാരുടെ ശല്യമൊന്നുമല്ല കാരണം. ഞങ്ങൾ കൊച്ചിക്കാർക്ക് നല്ല പരിചയമുള്ള കുറെ കക്ഷികൾ പരിസരത്തൊക്കെയുണ്ട്. കൊതുകുകൾ!!!! നിറയെ കനാലുകൾ ഉള്ളതുകൊണ്ടാകാം കൊതുകുകൾ വിലസുന്നത്. എന്തുതന്നെയായാലും കൊച്ചിയിലെ കൊതുകുകൾക്കൊപ്പം വരില്ല ഡച്ച് കൊതുകുകൾ എന്നെനിക്ക് ഉറപ്പായിരുന്നു.
പുറത്ത് സാമാന്യം നല്ല തണുപ്പായിരുന്നെങ്കിലും മുറിക്കകത്ത് അത്യാവശ്യം ചൂടുണ്ട്. രാവിലെ മുതൽ വൈകീട്ട് വരെ നീളുന്ന യാത്രകൾ കാരണമാകാം, കിടക്കയിലേക്ക് മറിയുന്ന മാത്രയിൽത്തന്നെ നിദ്രാദേവി തഴുകിയുറക്കുന്നത്. പരിചയമില്ലാത്ത ഒരു സ്ഥലത്ത് ചെന്ന് കിടന്നാൽ സാധാരണ രീതിയിൽ ഉണ്ടാകാറുള്ള അങ്കലാപ്പുകൾ എല്ലാം വഴിമാറുന്ന സുഖനിദ്ര.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ആംസ്റ്റർ ഡാമിലെ തെരുവുകളെപ്പറ്റി കുറെയേറെ ധാരണകൾ മനസ്സിലുണ്ട്. ലോകപ്രസിദ്ധമാണ് ഇവിടത്തെ ചുവന്ന തെരുവുകൾ. സൂക്ഷിച്ചും കണ്ടും നടന്നില്ലെങ്കിൽ പ്രതീക്ഷിക്കാതെ അത്തരം ഒരു തെരുവിൽ ചെന്ന് കയറിയെന്ന് വരാം.
ഈ വർഷത്തെ ആദ്യ യാത്രാവിവരണം.
ഈ വർഷത്തെ ആദ്യ യാത്രാവിവരണത്തിനു ആദ്യ ആശംസകള്‍…
കനാലുകൾ, കച്ചറ കൊണ്ടുക്കളയാനുള്ള സ്ഥലമല്ല ഡച്ചുകാർക്ക് എന്ന് വ്യക്തം.—– നമുക്കു മാത്രം!!!!!!!!!!!!!! വിവരണം അസ്സലായി….. ബാക്കിക്കായി കാത്തിരിക്കാം.
അങ്ങനെ വീണ്ടും യുറോപ്…. എന്റെ ഇഷ്ട സ്ഥലം….ഹോളണ്ട് നെ ജപനീസില്‍ “ഒറാണ്ട” എന്നാണ് പറയുന്നത്… ഓരോ ഭാഷയില്‍ അവരവരുടെ ഇഷ്ടം പോലെ ആണോ ആവോ വിളിക്കുന്നത്….,. നമ്മള്‍ ലന്തക്കാര്‍,ഡച്ചുകാര്‍ എന്നൊക്കെ പറഞ്ഞ പോലെ…
യാത്രാവിവരണങ്ങള്‍ വായിച്ചു വായിച്ചു യുറോപ് വല്ലാത്ത ഒരു ആഗ്രഹമായി മനസ്സില്‍…,.. എന്നെങ്കിലും പോവാന്‍ പറ്റുമോ എന്തോ….
വിവരണം പതിവുപോലെ നന്നായി… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
അതൊരു പുതിയ അറിവായിരുന്നു. നന്ദി മഞ്ജൂ. ഈ പേരുകൾ ഒക്കെയും ഡച്ചുകാർക്ക് അറിയുമോ ആവോ ?
അങ്ങിനെ ലന്തക്കാരുടെ നാട്ടിലും എത്തിയല്ലേ… അവിടുത്തെ കൊതുകുകള്‍ നമ്മള്‍ കൊച്ചിക്കാരോട് മല്ലടിച്ച് കഷ്ടപ്പെട്ട് കാണും…:)
മനോജിന്റെ കൊതിപ്പിക്കുന്ന യാത്രാ വിവരണങ്ങള്‍ തുടരട്ടെ, ബാക്കിക്കായി കാതോര്‍ത്തിരിക്കുന്നു.
ഓരോ യാത്രാ ക്കുറിപ്പുകളും ഒരു ചരിത്ര പഥ ത്തിന്റെ പങ്കു വയ്ക്കലും അതാതു സ്ഥലത്തെ സംസ്കാര മധുരിമയുടെ പകര്‍ച്ചയും ആയി ആസ്വദിക്കാന്‍ പാകപെടുത്തുന്ന ഈ നിരക്ഷരന്‍ ശൈലി ഞാന്‍ എന്നോട് ചേര്‍ത്ത് വയ്ക്കുന്നു …….അടുത്ത എഴുത്ത് ചെപ്പിനായുള്ള കാത്തിരിപ്പോടെ ……..
http://www.hrishithageethangal.blogspot.com/
nice one…
നല്ല വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി, അഭിനന്ദനങ്ങള്‍..
കുശുമ്പ് തോന്നുന്നതിനാൽ ഒന്നും പറയുന്നില്ല.ഡച്ചുകാരുടെ സിനിമകൾ കണ്ടിട്ടുണ്ട്.
എന്തെങ്കിലുമൊക്കെ കാരണങ്ങളാൽ അക്ഷാംശവും രേഖാംശവുമൊക്കെ മുറിച്ചുകടന്ന് വായുമാർഗ്ഗവും ജലമാർഗ്ഗവുമൊക്കെ മനുഷ്യൻ ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്നു. ചിലർ ദേശാടനപ്പക്ഷികളെപ്പോലെ ആണ്ടിലൊരിക്കലോ മറ്റോ, മറ്റു ചിലർ നേരവും കാലവുമൊന്നുമില്ലാതെ, പിന്നെ കുറേപ്പേർ ഞങ്ങളെപ്പോലെ സഞ്ചാരികളുടെ വേഷത്തിൽ ഇടയ്ക്കും തലയ്ക്കും….
അങ്ങിനെയായതുകൊണ്ടാണല്ലോ ഈ സ്ഥലങ്ങളെ പറ്റിയൊക്കെ ഞങ്ങളൊക്കെ അറിയുന്നതും..!
മനോജ്…’യാത്രകളൊക്കെ അവസാനിപ്പിച്ച് വിശ്രമത്തിലാണോ’ എന്ന് ഒരു മെയിൽ അയക്കണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ യാത്രാവിവരണം എത്തുന്നത്..ഈ വർഷത്തെ ആദ്യ യാത്രാവിവരണത്തിന് എല്ലാ ആശംസകളും. ഈ പുതിയ വർഷത്തിലും ഏറെ യാത്രകളും വിവരണങ്ങളുമായി ബൂലോകവാസികളെ കൊതിപ്പിക്കുവാൻ എത്തട്ടെ എന്നു കൂടി ആശംസിക്കുന്നു.
ഹോളണ്ട് യാത്ര തുടരട്ടെ നിരക്ഷരാ..ബാക്കി വായിക്കാൻ കാത്തിരിക്കുന്നു….
ഒരു കുഞ്ഞു തിരുത്ത് പറഞ്ഞോട്ടേ…നെതെർലാന്റിന്റെ പതാക എന്ന് പറഞ്ഞ് കാണിച്ചിരിക്കുന്നത് ആംസ്റ്റർഡാം നഗരത്തിന്റെ പതാകയാണ്…
സസ്നേഹം,
പഥികൻ
പഥികൻ , അതെങ്ങനെ കുഞ്ഞ് തിരുത്താകും ? അതൊരു ഭീകരമായ പിശകായിപ്പോയി, അതുകൊണ്ട് തന്നെ വലിയ തിരുത്താണ്. ഉടനെ തിരുത്തുന്നു. വായനയ്ക്കും പിശക് ചൂണ്ടിക്കാണിച്ച് തന്നതിനും പ്രത്യേകം നന്ദി.
നന്നായി ട്ടോ മനോജ് ഭായ് വിവരണം.
ഇപ്പോള്‍ നടന്നത് ആംസ്റ്റർഡാം തെരുവുകളിലൂടെ ആണെങ്കില്‍ കൂടുതല്‍ വിശാലമായ കാഴ്ചകള്‍ ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഗുള്ളിറ്റും ഡേവിഡ്സും വാന്‍ബാസ്റ്റനും നിസ്റ്റല്‍ റൂയിയും നിറയുന്ന ഒരു ലോകമാണ് എനിക്ക് നെതര്‍ ലാന്‍ഡ്. അവിടത്തെ കാണാപ്പുറങ്ങളിലേക്ക് ആവേശമായി ഈ യാത്ര നീങ്ങട്ടെ.
ആശംസകള്‍
ലന്തക്കാരുടെ നാട്ടിലെ യാത്ര തുടരുന്നു. രണ്ടാം ഭാഗം ‘ആംസ്റ്റർഡാം കനാലുകളിലൂടെ’
Good…
അങ്ങനെ ചുളിവിൽ ഞാനും ലന്തക്കാരുടെ വിശേഷങ്ങൾ അറിയാൻ എത്തി.
ആംസ്റ്റർഡാം യാത്ര തുടരുന്നു. മൂന്നാം ഭാഗം – വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും.
ആദ്യഭാഗത്തിനു നന്ദി പറഞ്ഞുകൊണ്ട് മുന്പോട്ട്..