Monthly Archives: December 2018

പണിമുടക്കിനെ ഹർത്താൽ ആക്കരുത്


67 - Copy

2019 ജനുവരി 8,9 തീയതികളിൽ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ദേശീയ പണിമുടക്ക് ആഹ്വാനം വന്നിട്ട് ഏറെ ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു.

ഒന്നുകൂടെ വ്യക്തമാക്കി പറയാം. അതൊരു ഹർത്താൽ അല്ല. പണിമുടക്ക് മാത്രമാണ്. പണിമുടക്ക് മാത്രം.

കഴിഞ്ഞ വർഷങ്ങളിലും ജനുവരിയിൽ ഇതേ 48 മണിക്കൂർ പണിമുടക്ക് ഉണ്ടായിരുന്നു. അതൊരു പണിമുടക്ക് മാത്രമായിരുന്നതുകൊണ്ട് ഹർത്താലിന്റെ ലിസ്റ്റിലോ എണ്ണത്തിലോ ഞങ്ങൾ ചേർത്തിരുന്നില്ല. പക്ഷെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ആ പണിമുടക്ക് വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ പോയപ്പോൾ കേരളത്തിലെ ‘പ്രബുദ്ധരായ’ ജനങ്ങൾ അതേറ്റെടുത്ത് ഹർത്താലിനേക്കാൾ മനോഹരമാക്കി വിജയിപ്പിച്ചുകൊടുത്തു.

പക്ഷേ, ഇക്കൊല്ലം കാര്യങ്ങൾക്ക് വ്യത്യാസമുണ്ട്. ഹർത്താലിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന് വന്നിരിക്കുകയാണ്. ഇനിയും ഹർത്താൽ എന്ന സമരമുറയുമായി മുന്നോട്ട് പോയാൽ ജനങ്ങൾ പാർട്ടിക്കാരെ തെരുവിൽ കീഴ്പ്പെടുത്തും എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഒരു ഹർത്താൽ പരാജയപ്പെട്ടാലുണ്ടാകുന്ന മനോവ്യഥ തോറ്റവന് മാത്രമേ മനസ്സിലാകൂ. അതേ സമയം ഹർത്താലെന്ന് മിണ്ടാനും പറ്റുന്നില്ല. പാർട്ടിക്കാർ ധർമ്മസങ്കടത്തിൽ ആകാതിരിക്കുമോ ?

മുകളിൽ കാണുന്ന പത്രവാർത്ത ശരിയാണെങ്കിൽ തോറ്റുകൊടുക്കാൻ മനസ്സിലാത്ത ചിലരെങ്കിലും 2019 ജനുവരി 8, 9 തീയതികളിലെ പണിമുടക്ക് പതിവുപോലെ ഹർത്താലിനേക്കാൾ കേമമായി വിജയിപ്പിക്കാൻ കോപ്പുകൂട്ടുന്നുണ്ട്.

പണിമുടക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ട്. നിങ്ങൾ പണിയെടുത്തില്ലെങ്കിൽ നിങ്ങൾക്ക് പോയി; നിങ്ങളുടെ കുടുംബത്തിന് പോയി. അതുകൊണ്ടുതന്നെ പണിമുടക്കിനൊന്നും ആരും എതിരല്ല ഇവിടെ. പക്ഷെ പറഞ്ഞല്ലോ, ഇവിടെ പണിമുടക്ക് ഹർത്താൽ ആയി മാറിയ അനുഭവമാണ് ഇതുവരെയുള്ളത്.

ആയതിനാൽ 2019 ജനുവരി 8, 9 തീയതികളിൽ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്ന പണിമുടക്ക് ഹർത്താൽ ആക്കി മാറ്റാതിരിക്കാനുള്ള ഉത്തരവാദിത്വം ഹർത്താലിനെതിരെ ഇപ്പോളുണ്ടായിരിക്കുന്ന ജനവികാരത്തിനൊപ്പം നിൽക്കുന്ന എല്ലാവർക്കുമുണ്ട്. പണിയെടുക്കാത്തവൻ പണിയെടുക്കണ്ട. പക്ഷെ കടകൾ തുറക്കുമെന്ന് തീരുമാനിച്ചിട്ടുള്ള വ്യാപാരികൾ തുറക്കണം. ഹർത്താൽ ഇനി തങ്ങളെ ബാധിക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ള ഗ്രാമങ്ങളും പഞ്ചായത്തുകളും പതിവ് പോലെ തന്നെ മുന്നോട്ട് പോകണം. സിനിമാക്കാർ അന്നേ ദിവസങ്ങളിൽ ഷൂട്ടിങ്ങ് നടത്തണം; സിനിമകൾ പ്രദർശിപ്പിക്കണം. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഈ പണിമുടക്ക് കഴിഞ്ഞ വർഷങ്ങളിൽ ഒരു ചലനം പോലും ഉണ്ടാക്കിയിട്ടില്ല എന്ന് മനസ്സിലാക്കി പ്രവർത്തിക്കണം. പണിയെടുക്കാതെ തിന്നാനുള്ള മലയാളിയുടെ വ്യഗ്രതയാണ് ഹർത്താലുകളും പണിമുടക്കുകളും വിജയിക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്ന് ഒളിഞ്ഞും തെളിഞ്ഞും ആൾക്കാരെക്കൊണ്ട് പറയിപ്പിക്കാൻ ഇടവരുത്തരുത്.

ഹർത്താലിനെതിരെയുള്ള ജനവികാരം മുൻപെങ്ങുമില്ലാത്ത വിധം ഉണർന്ന് വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ, ആദ്യമായി വരാൻ പോകുന്ന ഈ പണിമുടക്കിനെ ഹർത്താലാക്കി വിജയിപ്പിച്ച് കൊടുത്താൽ അതോടെ തീർന്നു. പിന്നെ നിങ്ങൾക്ക് ഹർത്താലിൽ നിന്ന് ഒരുകാലത്തും രക്ഷയുണ്ടായെന്ന് വരില്ല. ‘ഈ പണിമുടക്കിനറിയാം, പുതുതായി ഹർത്താൽ വിരുദ്ധത പ്രസംഗിക്കുന്നവരുടെ ആത്മാർത്ഥത’ എന്ന് ഉറ്റുനോക്കിയിരിക്കുന്ന ഒരു പൊതുസമൂഹം വെളിയിലുണ്ടെന്നത് മറക്കരുത്.

ആയതിനാൽ ഒന്നുകൂടെ പറയുന്നു. 2019 ജനുവരി 8, 9 തീയതികളിൽ നടക്കാൻ പോകുന്നത് പണിമുടക്ക് മാത്രമാണ്; ഹർത്താൽ അല്ല. സ്ക്കൂളുകൾക്കും പരീക്ഷകൾക്കും ഒന്നും അവധിയില്ല; അവധി നൽകാനും പാടില്ല. വാഹനങ്ങൾ ഓടിക്കുന്നതിന് ഒരു തടസ്സവും ഇല്ല. തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കുക. ആര് ഭരിച്ചാലും ഒരു പ്രതിപക്ഷം ഉണ്ടാകും. എല്ലാക്കൊല്ലവും നേർച്ച പോലെ രണ്ട് ദിവസം പണിമുടക്കെന്ന പേരിൽ ഹർത്താൽ വേണമോ എന്ന് നിങ്ങൾ തന്നെ ആലോചിക്കുക.

2019 ൽ വരാൻ പോകുന്നത് പാർലിമെന്റ് തിരഞ്ഞെടുപ്പാണ്. നിങ്ങൾ ജനങ്ങൾ കടും‌പിടുത്തം പിടിച്ചാൽ പാർട്ടിക്കാർ വാല് മടക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നിങ്ങളുടെ വോട്ടിന് ഏറെ മൂല്യം കൽ‌പ്പിക്കപ്പെടുന്ന ഒരു സമയത്ത് നിങ്ങൾ പറയുന്നത് അനുസരിക്കാൻ പാർട്ടികളും നേതാക്കന്മാരും തയ്യാറാകുമെന്നതിന് സംശയമുണ്ടോ ? വടക്കേ ഇന്ത്യയിൽ ഇക്കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിയുന്നത് വരെ ഇന്ധനവില വർദ്ധിച്ചിരുന്നില്ല എന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞതും വില വർദ്ധിക്കാൻ തുടങ്ങി എന്നതും എന്താണ് സൂചിപ്പിക്കുന്നത്?

നിങ്ങളുടെ വോട്ടിന്റെ ശക്തി ഇനിയെങ്കിലും മനസ്സിലാക്കൂ. 2019 ജനുവരി 8,9 തീ‍യതികളിൽ നടക്കാൻ പോകുന്ന പണിമുടക്കിനെ ഹർത്താലാക്കി മാറ്റാതെ പരാജയപ്പെടുത്തൂ.

വാൽക്കഷണം:- രണ്ടാം നവോത്ഥാനവും സർക്കാർ ചിലവിൽ വനിതാ മതിലുപണിയും പദ്ധതിയിട്ടിറങ്ങിയിരിക്കുന്ന ഭരണകക്ഷി പാർട്ടിക്കാരോട് ഒരു ചെറിയ ചോദ്യമുണ്ട്. നവോത്ഥാനത്തിന്റേയും മതില് പണിയുടേയും കൂ‍ട്ടത്തിൽത്തന്നെയാണോ ഹർത്താലുകളെ നിങ്ങളിപ്പോഴും താലോലിക്കുന്നത് ? എങ്കിൽ നിങ്ങളീപ്പറയുന്ന നവോത്ഥാനത്തിൽ എനിക്ക് വിശ്വാസമില്ല.

#Say_No_To_Harthal
small