ഹവാ മഹലിന്റെ ഉൾവശം കാണുക; ബാക്കി സമയത്ത് സിറ്റി പാലസ് കാണുക. ഇന്നത്തെ പദ്ധതി അതായിരുന്നു. ഇന്നലെ ഹവാ മഹലിന്റെ പുറത്ത് നിന്ന് കാണുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു.
ഭാഗിയേയും കൊണ്ട് ജയ്പൂർ പട്ടണത്തിൽ പോകുന്നത് ബുദ്ധിശൂന്യതയാണെന്ന് ഇതിനകം ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു. നഗരത്തിൽ ഭാഗിക്ക് പാർക്കിങ്ങ് ഇടം കിട്ടില്ല. കിട്ടിയാലും അവിടെച്ചെന്ന് ടുക്ക് ടുക്ക് സംഘടിപ്പിച്ച് യാത്ര ചെയ്യേണ്ടി വരും. അതിലും ഭേദം മെട്രോയിൽ ചെന്ന് നഗരത്തിൽ ഇറങ്ങി ടുക്ക് ടുക്കിൽ കറങ്ങുന്നതാണ്.
സിവിൽ ലൈൻ, റെയിൽവേ സ്റ്റേഷൻ, സിന്ധി ക്യാമ്പ്, ചാന്ത് പോൾ, ഛോട്ടി ചൗപട്, ബഢി ചൗപ്പഢ് എന്നിങ്ങനെ എനിക്കിപ്പോൾ ഈസ്റ്റ് വെസ്റ്റ് മെട്രോ കോറിഡോറിലെ സ്റ്റേഷനുകൾ മിക്കവാറും പരിചിതമായി കഴിഞ്ഞു. നോർത്ത് സൗത്ത് കോറിഡോറിൽ ഇതുവരെ കയറിയിട്ടില്ല. ഈ രണ്ട് ലൈനുകളും തമ്മിൽ കൂട്ടിമുട്ടുന്നില്ല എന്നുള്ളത് ജയ്പൂർ മെട്രോയുടെ പ്രത്യേകതയാണ്.
സിവിൽ ലൈൻ സ്റ്റേഷനിലേക്ക് നടന്ന് അവിടുന്ന് മെട്രോ കയറി ഛോട്ടി ചൗപ്പഢിൽ ഇറങ്ങി. അവിടന്ന് നടക്കാവുന്ന ദൂരമേയുള്ളൂ ഹവാ മഹലിലേക്ക്.
* 1799ൽ സവായ് പ്രതാപ് സിംഗ് ആണ് ഹവാ മഹൽ ഉണ്ടാക്കിയത്.
* ആർക്കിടെക്ട് ലാൽ ചന്ത് ഉസ്ത.
* കൃഷ്ണഭക്തനായിരുന്ന പ്രതാപ് സിംഗ്, ശ്രീകൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിലാണ് ഈ കെട്ടിടം ഉണ്ടാക്കാൻ നിർദ്ദേശിച്ചത്.
* 87 അടി ഉയരമുള്ള അഞ്ച് നില കെട്ടിടം; പിരമിഡിന്റെ ആകൃതി.
* ശരദ്, രത്തൻ, വിചിത്ര, പ്രകാശ്, ഹവ എന്നിങ്ങനെ 5 നിലകൾ.
* രണ്ടാമത്തെ ചത്വരത്തിൽ വലിയൊരു ഫൗണ്ടൻ ഉണ്ട്.
* ഹവാ മഹലും രാജകൊട്ടാരമായ സിറ്റി പാലസും തമ്മിൽ ബന്ധിപ്പിച്ച് ഇടനാഴിയുണ്ട്. കൊട്ടാരത്തിലെ സ്ത്രീകൾ ഈ ഇടനാഴിയിലൂടെ ഹവ മഹലിൽ എത്തി തെരുവിലെ ഘോഷയാത്രകൾ കാണുമായിരുന്നു.
ഇന്നലെ കയറിയ സർഗസുലിയുടെ പടവുകൾക്ക് സമാനമായ പടവുകളിലൂടെ അഞ്ച് നിലകളിലേക്ക് കയറിപ്പോയി. അഞ്ചാമത്തെ നിലയിൽ അക്ഷരാർത്ഥത്തിൽ നല്ല ഹവ (കാറ്റ്) ഉണ്ട്. മുകളിൽ നിലകളിൽ നിന്ന് നോക്കിയാൽ ദൂരെയായി നെഹർഗഡ് കോട്ട കാണാം. ഓരോ നിലകളിലുമുള്ള കിളിവാതിലുകളിലൂടെ താഴേക്ക് നോക്കിയാൽ തെരുവിലെ കാഴ്ചകൾ കൃത്യമായി കാണാം.
ആവശ്യത്തിന് പടങ്ങളും വീഡിയോകളും എടുത്തതിനുശേഷം ഹവാ മഹലിൽ നിന്ന് സിറ്റി പാലസിലേക്ക് നടന്നു.
300 രൂപയാണ് സിറ്റി പാലസിലെ പ്രവേശന ഫീസ്. ഈ കൊട്ടാരം രാജവംശത്തിന്റെ കൈവശമാണ് ഇപ്പോഴും. ഗൈഡിൻ്റെ ഫീസ് 400 രൂപ ആണെങ്കിലും ഞാൻ ഒറ്റക്ക് ആയതുകൊണ്ട് 300 രൂപയ്ക്ക് സഞ്ജയ് സിംഗ് എന്ന ഗൈഡ് എനിക്കൊപ്പം വന്നു.
* ജയ്പൂർ നഗരത്തിന്റെ നിർമ്മാണത്തിന് തൊട്ടു പിന്നാലെ, അതായത് 1729ൽ ജയ്പൂർ പാലസിന്റെ നിർമ്മാണവും ആരംഭിച്ചു.
* നിർമ്മാണം തുടങ്ങിവച്ചത് സവായ് ജയ് സിംഗ് രണ്ടാമൻ.
കൊട്ടാരത്തെപ്പറ്റി കൂടുതൽ വർണ്ണനയ്ക്കൊന്നും മുതിരുന്നില്ല. ഏതൊരു രാജസ്ഥാൻ കൊട്ടാരത്തിനേക്കാളും വലിയ സൗകര്യങ്ങളും ആഢ്യത്വവും ആഡംബരവും ഉള്ള കൊട്ടാരം. യുദ്ധത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ധാരാളമായി പ്രദർശിപ്പിച്ചിട്ടുണ്ട്. 20% ആയുധങ്ങൾ മാത്രമാണ് ഉപയോഗിക്കാതെ ഉള്ളത്. അതെല്ലാം സമ്മാനം കിട്ടിയതാണ്.
25 കിലോഗ്രാം ഭാരമുള്ള ഒരു തോക്ക് വൃത്തിയാക്കി ചുമരിലേക്ക് എടുത്ത് വെക്കുന്ന ഒരു കൊട്ടാരം ഉദ്യോഗസ്ഥനെ നോക്കി കുറെ നേരം ഞാൻ നിന്നു. ആ ജോലി കഴിഞ്ഞപ്പോഴേക്കും സത്യത്തിൽ അയാൾ ക്ഷീണിച്ചു കിതയ്ക്കുന്നുണ്ടായിരുന്നു. അത്തരത്തിലുള്ള തോക്കുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് യുദ്ധസാമഗ്രികളുടെ കൂട്ടത്തിൽ.
₹300 ടിക്കറ്റിന് രണ്ട് നടത്തളങ്ങളിലും പൊതു ദർബാറിലും ഒക്കെ കറങ്ങി നടക്കാം. പക്ഷേ ജയ്പൂർ സിറ്റി പാലസിന്റെ അത്ഭുതവും ആഢ്യത്വവും മറഞ്ഞിരിക്കുന്നത് കൊട്ടാരത്തിന്റെ പ്രധാന ഭാഗത്ത് രാജകുടുംബാംഗങ്ങൾ ഇപ്പോൾ താമസിക്കുന്ന വലിയ ഏഴ് നിലക്കെട്ടിടത്തിൻ്റെ ഭാഗത്താണ്. ആ കെട്ടിടത്തിന് മുകളിലുള്ള രണ്ട് കൊടികളിൽ മുകളിലത്തെ കൊടി ഉയർന്നിട്ടുണ്ടെങ്കിൽ, രാജാവ് ജയ്പൂരിൽ ഉണ്ടെന്നാണ് അർത്ഥം. ജയ്ഗഡ് കോട്ടയിലും ഈ സംവിധാനം നമ്മൾ കണ്ടതാണ്.
രാജകുടുംബാംഗങ്ങൾ താമസിക്കുന്ന ചന്ദ്രമഹൽ ഭാഗത്തേക്ക് പ്രവേശിക്കണമെങ്കിൽ 3000 രൂപയുടെ ടിക്കറ്റ് എടുക്കണം. ഒരുവിധം സന്ദർശകർ ആ തുക ചെലവഴിക്കാൻ തയ്യാറാകില്ല. നിലവിലെ 300 രൂപ ടിക്കറ്റ് തന്നെ വലിയ തുക ആയിരിക്കും പലർക്കും. എനിക്ക് പക്ഷേ കൊട്ടാരത്തിന്റെ ആ ഭാഗത്തേക്ക് കൂടെ പോയേ തീരൂ എന്നാണ്. കൊച്ചിയിൽ നിന്ന് എന്നും വന്നു പോകാൻ പറ്റുന്ന ദൂരത്തിൽ അല്ലല്ലോ ജയ്പൂർ. 3000 രൂപ ചെലവഴിച്ച് കൊട്ടാരത്തിന്റെ പ്രധാന ഭാഗത്തേക്ക് പോകുക തന്നെ.
3000 രൂപയുടെ ടിക്കറ്റ് എടുത്താൽ ഗൈഡ് സൗജന്യമാണ്. ശീഷ്മഹൽ നീൽ മഹൽ, ശോഭാ മഹൽ എന്നിങ്ങനെ മൂന്ന് മുറികളിലേക്ക് പ്രവേശനം കിട്ടും. അവിടെയെല്ലാം ആവശ്യത്തിന് ഫോട്ടോകൾ എടുക്കുകയും ആവാം. പോരാത്തതിന് ചായയും കാപ്പിയും വെള്ളവുമൊക്കെ കിട്ടും.
ഞാൻ ആ ടിക്കറ്റ് എടുത്തു. അങ്ങോട്ടു പോകാൻ ഗൈഡായി ജയ്സിങ്ങിനെ തന്നെ തിരഞ്ഞെടുത്തു. അയാൾക്കും സന്തോഷമായി.
സത്യത്തിൽ, 3000 രൂപയുടെ ആ ടിക്കറ്റ് എടുത്തില്ലെങ്കിൽ, ജയ്പൂർ സിറ്റി പാലസിലെ കാഴ്ചകൾ പൂർണമായി എന്ന് ഞാൻ കരുതുന്നില്ല.
മേൽപ്പറഞ്ഞ മൂന്ന് മഹലുകളിലും, ഗൈഡും ഞാനും അവിടുത്തെ പരിചാരകരും മാത്രമാണ് ഉണ്ടായിരുന്നത്. അവർ നമ്മുടെ പടങ്ങളും വീഡിയോകളും എല്ലാം എടുത്തു തരും. സത്യത്തിൽ ഗൈഡിന് കാര്യമായ ജോലിയൊന്നുമില്ല. പരിചാരകർ നമ്മുടെ കാര്യങ്ങൾ എല്ലാം കൃത്യമായി ചെയ്ത് തരും; കാര്യങ്ങളെല്ലാം പറഞ്ഞുതരും.
നീൽ മഹലിൽ ഞങ്ങൾ ചെന്നപ്പോൾ മുതൽ രണ്ട് പരിചാരകർ എനിക്കൊപ്പം ഇടം വലം നിന്നു. മൂന്നാമതൊരാൾ രാവൺ എന്ന സംഗീതോപകരണം വായിച്ചുകൊണ്ടേയിരുന്നു. ശരിക്കും രാജകീയമായ അനുഭൂതി.
ശീഷ് മഹലിലാണ് ശരിക്കും അത്ഭുതം കൊണ്ട് കണ്ണ് തള്ളിയത്. നാളിതുവരെ കണ്ടിട്ടുള്ള എല്ലാ ശീഷ് മഹലുകളിലും പറയുന്ന ഒരു കാര്യമുണ്ട്. വിളക്ക് തെളിയിച്ച് വെക്കുമ്പോൾ അതിന്റെ പ്രതിബിംബം മുകളിലും വശങ്ങളിലും ഉള്ള കണ്ണാടികളിൽ പ്രതിഫലിപ്പിക്കുമെന്ന കാര്യമാണ് അത്. അങ്ങനൊന്ന് പക്ഷേ ഇതുവരെ കാണാൻ പറ്റിയിട്ടില്ല.
ജയ്പൂരിലെ ശീഷ് മഹലിൽ നമുക്കുവേണ്ടി 2 മെഴുകുതിരികൾ കത്തിച്ച്, പരിചാരകർ ആ കണ്ണാടി കൊട്ടാരത്തിന്റെ പ്രവർത്തനരീതിയും ഭംഗിയും കാണിച്ചു തരുന്നു. ജീവിതത്തിൽ ആഗ്രഹിക്കുമ്പോളൊക്കെ നടത്താൻ ഒരു സാദ്ധ്യതയും ഇല്ലാത്ത സംഭവങ്ങളുടെ കൂട്ടത്തിലേക്ക് ഞാനത് ചേർത്ത് വെക്കുന്നു. അത്ര ഗംഭീരമായ ഒരു അനുഭവമായിരുന്നു അത്. എന്റെ ക്യാമറയ്ക്ക് അത് എത്രത്തോളം പകർത്തിയെടുക്കാൻ പറ്റി എന്ന് ഒരുറപ്പുമില്ല. പക്ഷേ എന്റെ കണ്ണുകൾ ഒരു പഞ്ഞവുമില്ലാതെ അത് പകർത്തിയെടുത്തു. ആ സമയത്തെ നിർവൃതി പറഞ്ഞറിയിക്കാൻ വയ്യ.
അടുത്തത് ശോഭ മഹൽ ആണ്. ദസറ സമയത്ത് രാജാവും കുടുംബാംഗങ്ങളും പൂജ ചെയ്യുന്നതും ഇതേ മഹലിൽ ആണ്. അവിടന്ന് നോക്കിയാൽ, നേരെ ദൂരെയായി മലമുകളിൽ കാണുന്നത് ഗണേശ ക്ഷേത്രമാണ്.
ഒരാഴ്ച്ച കൂടെ കഴിഞ്ഞാൽ ദസറ ആഘോഷത്തിനും പൂജയ്ക്കുമായി രാജാവ് വന്നിരിക്കുന്ന ഇരിപ്പിടത്തിൽ എനിക്കിരിക്കാൻ അവസരം കിട്ടിയിരിക്കുന്നു. ആവശ്യത്തിന് പടങ്ങൾ എടുക്കാനും പറ്റിയിരിക്കുന്നു. ശീഷ് മഹലിനേക്കാൾ നിറപ്പകിട്ടും ഭംഗിയും ഉണ്ടായിരുന്നു ശോഭാ മഹലിന്. തിരതല്ലിയ ആഹ്ലാദത്തിന്റെ അളവെനിക്കറിയില്ല.
3000 രൂപയേക്കാൾ വിലപിടിപ്പുള്ള മൂന്ന് അനുഭവങ്ങളിലൂടെ ആയിരുന്നു അരമണിക്കൂറിനുള്ളിൽ ഞാൻ കടന്നു പോയത്. സത്യത്തിൽ അതിന്റെ ആലസ്യത്തിൽ നിന്ന് ഞാനിപ്പോഴും പുറത്തു കടന്നിട്ടില്ല.
ശുഭരാത്രി കൂട്ടരെ.