അഭയ കേസും രാജുവും ഏഷ്യാനെറ്റും


222
28 വർഷങ്ങൾക്കുശേഷം നാളെ സിസ്റ്റർ അഭയ കേസിന്റെ വിധി വരുകയാണ്. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബാബറി മസ്ജിദ് കേസിലും 28 വർഷമെടുത്തു തീർപ്പുണ്ടാകാൻ.

മതപരമായ വിഷയങ്ങളിൽ അഥവാ മതാധികാരികളും മതഭ്രാന്തന്മാരും ഉൾപ്പെടുന്ന കേസുകളിൽ വിധി പ്രഖ്യാപിക്കാൻ, 28 വർഷങ്ങൾ ഒരു സ്വാഭാവിക കണക്കാണോ സ്വതന്ത്ര ഇന്ത്യയിൽ?

ബാബറി മസ്ജിദ് വിധി പോലെ തന്നെ ഒരു ‘കോമഡി’ വിധി നാളെ അഭയ കേസിലും ഉണ്ടാകാതിരുന്നാൽ ഭാഗ്യം. സഭയ്ക്കും പ്രതികൾക്കും വിലയ്ക്കെടുക്കാൻ കഴിയാതെ പോയ പ്രധാന സാക്ഷിയായ രാജുവാണ്, സിസ്റ്ററെ കൊന്ന് കിണറ്റിൽ തള്ളിയതെന്ന് വിധി പ്രഖ്യാപിക്കാതിരുന്നാൽ മഹാഭാഗ്യം.

ഏഷ്യാനെറ്റ് ന്യൂസ് വഴിയാണ് നാളെ അഭയ കേസ് വിധിദിനമാണെന്ന് മനസ്സിലാക്കിയത്. അതിനവർക്ക് നന്ദി. പക്ഷേ, ഏഷ്യാനെറ്റിനോട് ഒരു പരാതിയുണ്ട്. നിർദ്ദേശമായി കണക്കാക്കിയാലും വിരോധമില്ല.

രാജു എന്ന വ്യക്തിയെ ‘അടക്ക രാജു’ എന്ന് പലവട്ടം നിങ്ങൾ പരിചയപ്പെടുത്തി. പിന്നീട്, മോഷ്ടാവാണെന്ന് അയാളുടെ മുന്നിൽ വെച്ച് തന്നെ പറഞ്ഞ് സൈൻ ഓഫ് ചെയ്തു. അയാളാകട്ടെ ആ സംഭവത്തിനുശേഷം, അതായത് 28 കൊല്ലത്തിനിപ്പുറം ഒരു മൊട്ടുസൂചി പോലും മോഷ്ടിച്ചിട്ടില്ല എന്ന് പറയുകയും ചെയ്തു. അതിന് തൊട്ടുപിന്നാലെയാണ് നിങ്ങളയാളെ ‘മോഷ്ടാവാണ് ‘ (മോഷ്ടാവായിരുന്നു എന്ന് പോലുമല്ല) എന്ന് മുദ്രകുത്തുന്നത്. നിങ്ങളുടെ ക്യാമറയ്ക്കും കോലുമൈക്കിനും മുന്നിൽ ഇരുന്ന് തന്നതാണോ രാജു ചെയ്ത കുറ്റം? അഭയ കേസിൽ, പണത്തിനും പ്രലോഭനങ്ങൾക്കും അടിപ്പെടാതെ നിന്നതാണോ അയാളുടെ കുറവ് ? അതിന്റെ പേരിൽ പൊലീസിന്റെ ഭേദ്യത്തിനും മർദ്ദനത്തിനും ഇരയാകേണ്ടി വന്നതാണോ അയാൾ ചെയ്ത തെറ്റ് ? അതുകൊണ്ടാണോ അയാളെ നിങ്ങളിപ്പോളും കള്ളനായി ചാപ്പ കുത്തുന്നത്? എന്തൊരു മോശം മാദ്ധ്യമപ്രവർത്തനവും സംസ്ക്കാരവുമാണ് ഇതെന്ന് മനസ്സിലാക്കുന്നുണ്ടോ ?

ഇത്തരം വാർത്താ സന്ദർഭങ്ങൾ ഒഴിവാക്കാൻ പറ്റില്ലെങ്കിൽ, നിങ്ങൾക്ക് രാജുവിന്റെ മുഖം മറച്ചു കൊണ്ട് വാർത്ത കാണിക്കാം. അതല്ലെങ്കിൽ നിലവിൽ മോഷ്ടാവ് അല്ലാത്ത ഒരാളെ, ‘മോഷ്ടാവായിരുന്നു, പക്ഷേ ഇപ്പോളല്ല’ എന്ന് പരിചയപ്പെടുത്താനുള്ള സന്മനസ്സെങ്കിലും കാണിക്കാം. പക്ഷേ ഇതൊന്നുമല്ല നിങ്ങളുടെ രീതി.

കരിക്കൻവില്ല കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ശേഷം പുറത്തിറങ്ങിയ മുഖ്യപ്രതി റെനി ജോർജ്ജ്, പിന്നീടെങ്ങനെയാണ് ജീവിതം നയിച്ചതെന്ന് നന്നായി അറിയുന്നവരാണ് നിങ്ങൾ. അറിയില്ലെങ്കിൽ പറഞ്ഞു തരാം. റെനി ജോർജ്ജ് പിന്നീട് നീങ്ങിയത് ദൈവ വഴിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായാണ്. തടവുകാരുടെ മക്കൾക്കായി ഒരു ഭവനം പോലും അദ്ദേഹം നടത്തുകയുണ്ടായി.

വിദേശ മാദ്ധ്യമങ്ങളിൽ അല്ലെങ്കിൽ വികസിതരാജ്യങ്ങളിലെ മാദ്ധ്യമങ്ങളിൽ ഒരു മോഷണക്കേസ് പോലും റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയാണെന്ന് കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? കേസിൽ പിടിക്കപ്പെട്ട് വിചാരണ ചെയ്ത് തടവിലാക്കപ്പെട്ടാലും ഇല്ലെങ്കിലും പ്രതിസ്ഥാനത്തുള്ളവരുടെ മുഖം പൂർണ്ണമായും പത്രദൃശ്യമാദ്ധ്യമങ്ങളിൽ അവർ കാണിക്കില്ല. നിങ്ങളാകട്ടെ ഒരാളൊരു കേസിൽ പെട്ടാലുടൻ അയാളുടെ കിട്ടാവുന്നത്ര ചിത്രങ്ങളും വീഡിയോകളും സംഘടിപ്പിച്ച് വലിച്ചിഴച്ച് കൊട്ടിഘോഷിച്ച് മികവ് കാണിക്കും; റേറ്റിങ്ങ് കൂടിയെന്ന് വീമ്പിളക്കും.

ഇതൊക്കെ നല്ല മാദ്ധ്യപ്രവർത്തനത്തിന്റെ കണക്കിൽ ചേർക്കാൻ ബുദ്ധിമുട്ടുണ്ട്. ഇനിയെങ്കിലും ഇതെല്ലാം ശ്രദ്ധിച്ചുകണ്ട് പഠനവിധേയമാക്കി റെനി ജോർജ്ജിനെപ്പോലെ മാനസ്സാന്തരപ്പെടാൻ ശ്രമിക്കണമെന്ന് അപേക്ഷയുണ്ട്.

വാൽക്കഷണം:- ഇക്കിളിപ്പെടുത്തുന്ന വാർത്തകൾ തേടിപ്പോയി മസാല ചേർത്ത് അവതരിപ്പിക്കുന്നത് മേൽപ്പറഞ്ഞ രാജ്യങ്ങളിലും പതിവുണ്ട്. അത്തരം മാദ്ധ്യമപ്രവർത്തകരെ പാപ്പരാസികൾ എന്ന് വിളിക്കുന്നതും അവിടെ പതിവാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>