ഇന്നലെ രാത്രി സുരക്ഷിതമായ പാർക്കിങ്ങ് കിട്ടിയ ശേഷം ഞാൻ പാലിത്താനയുടെ തെരുവിലൂടെ വെറുതെ നടന്നു. ഓട്ട് ഉരുപ്പിടികളുടെ ഒരു കട കണ്ടപ്പോൾ അവിടെ നിന്ന് സുവനീർ ആക്കാൻ പറ്റിയ എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച് അങ്ങോട്ട് കയറി.
ധർമ്മേന്ദ്ര എന്നാണ് ആ കടക്കാരന്റെ പേര്. അദ്ദേഹം എനിക്ക് ജൈൻ സംസ്ക്കാരത്തെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു; അദ്ദേഹം ജൈൻ അല്ല എങ്കിലും.
ഭംഗിയുള്ള ഒരു താക്കോൽ അവിടെ ഉണ്ടായിരുന്നു പക്ഷേ അത് വിൽപ്പനക്ക് ഉള്ളതായിരുന്നില്ല. “നാളെ മലയിറങ്ങി വന്നതിന് ശേഷം വീണ്ടും ഇതുവഴി ഒന്ന് വരൂ. അനുജനോട് ചോദിച്ചശേഷം ഞാൻ അത് വിൽക്കുന്ന കാര്യം പറയാം.” എന്ന് ധർമ്മേന്ദ്ര പറഞ്ഞു.
രാവിലെ 07:15 ഞാൻ മല കയറ്റം തുടങ്ങി. 3524 പടികൾ കയറി രണ്ടേകാൽ മണിക്കൂർ കൊണ്ട് മുകളിലെത്തി. മുകളിൽ പലയിടത്തും നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. 2 അടിക്ക് മുകളിൽ വീതിയും 15 അടിയോളം നീളവുമുള്ള പടികളാണ്. നേരം വെളുത്തെങ്കിലും ചൂട് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടെല്ലാം ആയിരിക്കണം അനായാസമായിത്തന്നെ ഞാൻ മുകളിൽ എത്തി.
ഇവിടെ റോപ്പ് വേ ഇല്ല. പക്ഷേ, ധോളി സേവനം ഉണ്ട്. ₹800 മുതൽ ആൾക്കാരുടെ ഭാരത്തിന് അനുസരിച്ച് 2000 രൂപ വരെ നിരക്ക് ഉണ്ട്. ഇതുകൂടാതെ മറ്റൊരു സേവനവും ഇവിടെയുണ്ട്. അത് അല്പം തമാശയാണ്. ഒരാൾ പുറകിൽ നിന്ന് നമ്മുടെ ഇടുപ്പിൽ പിടിച്ച് തള്ളിത്തരും. അപ്പോൾ നടുവിന്റെ ആയാസം അല്പം കുറയുന്നത് കൊണ്ട് കയറ്റം എളുപ്പമാകും. ഇതിനും നേരത്തെ പറഞ്ഞ നിരക്കുകൾ തന്നെയാണ്. കുട്ടികളെ കയറ്റിയുള്ള ധോളി കൊണ്ടുപോകുന്നത് സ്ത്രീകളാണ്. നടുപിടിച്ച് തള്ളിക്കയറ്റാനും സ്ത്രീകളുടെ സേവനമുണ്ട്. ഉറങ്ങുന്ന കൈക്കുഞ്ഞുങ്ങൾ, ധോളിയിൽ ഇരുന്ന് അച്ഛനേയും അമ്മയേയും നോക്കി കരയുന്ന കുട്ടികൾ, എന്നിങ്ങനെ കുട്ടികളുടെ ധോളി സംഭവബഹുലമാണ്.
രാംപോള്‍ എന്ന കവാടത്തിന് അപ്പുറത്തേക്ക് ധോളി സേവനമില്ല. അവിടന്ന് വീണ്ടും 200 പടികളുണ്ട് ആദിനാഥൻ്റെ പ്രധാന ക്ഷേത്രത്തിൽ എത്താൻ. രാംപോൾ മുതൽക്ക് ഇരുവശവും ക്ഷേത്രങ്ങളുടെ ബഹളമാണ്. അത്രയും ക്ഷേത്രങ്ങളുടെ നടയിൽ നിന്ന് തൊഴുത് മുഴുവൻ ക്ഷേത്രങ്ങളും കണ്ടു തീർക്കണമെങ്കിൽ മണിക്കൂറുകൾ തന്നെ വേണം. ആദിനാഥന്റെ നടയിലേക്ക് കയറാനാകട്ടെ നീണ്ട നിരയാണ്.
എല്ലാ ജൈന തീർത്ഥങ്കരന്മാരും ഒരുപോലെയാണ് എനിക്ക് തോന്നാറുള്ളത്. നിൽക്കുന്ന ആൾ ആയതുകൊണ്ട് ബാഹുബലിയെ മാത്രം തിരിച്ചറിയാം. അദ്ദേഹമാകട്ടെ തീർത്ഥങ്കരൻ ആയിട്ടുമില്ല. തീർത്ഥങ്കരന്മാരുടെ ഇരിപ്പിടത്തിന് കീഴെ ചില അടയാളങ്ങളുണ്ട്. അത് നോക്കിയാണ് അവർ ആളെ മനസ്സിലാക്കുന്നത്.
ചുമരിലും തൂണുകളിലും ഉള്ള ശില്പങ്ങളെ തൊട്ടും തലോടിയും അതിന്റെ ഭംഗി ആസ്വദിച്ചും നടന്നിരുന്ന എന്നെ, ഒരു ചെറുപ്പക്കാരൻ പൂജാരി ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്തേക്ക് വിളിച്ചുകൊണ്ട് പോയി. ആ ഭാഗത്ത് സിനിമാ ടിക്കറ്റിന് വരി നിൽക്കുന്നതുപോലെയാണ് തീർത്ഥങ്കരന്മാരുടെ നിര. അക്കൂട്ടത്തിൽ 1200 വർഷം പഴക്കമുള്ള ഒരു ശില്പത്തെ അദ്ദേഹം എനിക്ക് കാണിച്ചു തന്നു. മറ്റ് തീർത്ഥങ്കരന്മാരുടെ ശില്പത്തിൽ നിന്ന് ഒരുപാട് വ്യത്യാസം അതിനുണ്ട്.
അദ്ദേഹം അതിൽ എന്നെക്കൊണ്ട് പൂജ ചെയ്യിച്ചു. അൽപ്പം പോക്കറ്റ് മണി ഉണ്ടാക്കാനുള്ള ഏർപ്പാടാണെങ്കിലും അത്രയും തിരക്കിനിടയിൽ എനിക്ക് കിട്ടിയ പ്രത്യേക പരിഗണന വളരെ ഇഷ്ടപ്പെട്ടു. രാംപോളിന് ഉള്ളിൽ ഒരിടത്തും ഫോട്ടോഗ്രാഫി അനുവദിക്കാത്തത് കൊണ്ട് ഇതെല്ലാം ഓർമ്മയിൽ തന്നെ സൂക്ഷിക്കണം.
ക്ഷേത്രസമുച്ചയം ഇരിക്കുന്ന മതിൽക്കെട്ടിന് ഒരു കോട്ടയുടെ രൂപഭാവങ്ങൾ ഉണ്ട്. ഒരു സുരക്ഷാ മതിൽക്കെട്ട് എന്നതിനപ്പുറം ഒരു കോട്ട അവിടെ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നില്ല. 3524 പടികൾ ഇറങ്ങി ഒരു മണിക്കൂർ കൊണ്ട് ഞാൻ താഴെയെത്തി. ജൈന സന്യാസിമാർ പടി കയറുന്നതും ഇറങ്ങുന്നതും ഒരു അത്ഭുതക്കാഴ്ച്ചയാണ്. എത്ര വേഗത്തിലാണെന്നോ അവർ സഞ്ചരിക്കുന്നത്. ഉയരമുള്ള മലകളിലുള്ള അവരുടെ ക്ഷേത്രങ്ങളിൽ സ്ഥിരമായി കയറി, അവർക്ക് അതൊരു ശീലമായിരിക്കുന്നു.
അവസാനത്തെ 200 പടികൾ ബാക്കിയുള്ളപ്പോൾ ഒരാൾ പിങ്ക് നിറത്തിലുള്ള ഒരു രസീത് തന്നു. അത് താഴെ ചെന്ന് കാണിച്ചപ്പോൾ പ്രസാദവും പ്രാതലും ചായയും പാലും ഒക്കെ സൗജന്യമായി കിട്ടി.
ഇനി വേണ്ടത് പാലിത്താനയുടെ ഓർമ്മയ്ക്കായി ഒരു സുവനീർ ആണ്. ധർമ്മേന്ദ്രയുടെ കടയിൽ വീണ്ടും ചെന്നെങ്കിലും ആ താക്കോൽ തരാൻ ധർമ്മേന്ദ്രയുടെ അനിയനും സമ്മതമില്ല. പിന്നെ ഞാൻ നോട്ടമിട്ട് വെച്ചിരിക്കുന്നത്, ജൈന സന്യാസിമാർ കയ്യിൽ കരുതുന്ന വടിയാണ്. അതിന്റെ മുകൾഭാഗം നല്ല രസകരമായി കടഞ്ഞ് എടുത്തിട്ടുണ്ട്. കൈവശമുള്ള മുളകളുടേയും വടികളുടേയും ചൂരലുകളുടെയും ശേഖരത്തിലേക്ക് എനിക്കതിനെ ചേർക്കാം. ആ തെരുവിലെ കടകളിൽ കയറിയിറങ്ങി അവസാനം ഞാനാ ദണ്ഡ് സംഘടിപ്പിച്ചു. ജൈന സന്യാസിമാർ ഉപയോഗിക്കുന്ന വടിയുടെ പേര് സാധു മഹാരാജ് ടണ്ട എന്നും സന്യാസിനിമാർ ഉപയോഗിക്കുന്ന വടിയുടെ പേര് സാധ്വി ടണ്ട എന്നുമാണ്.
സൗരാഷ്ട്രയോട് വിട പറയുന്നതിന് മുൻപ് ഒരു സ്ഥലം കൂടെ സന്ദർശിക്കാനുണ്ട്. ഭാവ്നഗറിലേക്കുള്ള യാത്രാമദ്ധ്യേയുള്ള തൽജ എന്ന ഗുഹകളാണ് അത്. പാലിത്താനയിൽ നിന്ന് ഒരു മണിക്കൂറോളം യാത്രയുണ്ട് തൽജയിലേക്ക്.
ഒരു മലയെ ചുറ്റിവളഞ്ഞ് ധാരാളം ഗുഹകൾ കൊത്തി എടുത്തിരിക്കുകയാണ്. നാല് തട്ടുകളിലായി ഗുഹകളിൽ കയറിയിറങ്ങി ഞാൻ ശരിക്കും ക്ഷീണിച്ചു. 425ൽപ്പരം പടികൾ കയറിയാലാണ് ഗുഹയിലേക്ക് എത്തുക. രാവിലെ 3524 പടികൾ കയറിയ ഞാനാണ് വീണ്ടും ഈ കയറ്റത്തിൽ ചെന്ന് ചാടിയിരിക്കുന്നത്. എന്തായാലും ഗുജറാത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും ഗംഭീരമായ ഗുഹകൾ തൽജയിലേത് തന്നെയാണ്.
ഗുഹയ്ക്ക് മുകളിൽ ജൈന ക്ഷേത്രം നിലകൊള്ളുന്നു. ഒരു ടണലിലൂടെ കടന്നുവേണം ക്ഷേത്രത്തിലേക്ക് എത്താൻ. പക്ഷേ ക്ഷേത്രത്തിന്റെ അങ്കണത്തിലേക്ക് ജൈനരെ മാത്രമേ കടത്തിവിടൂ.
ഇരുട്ട് വീഴുന്നതിന് മുൻപ്, ഭാവ്നഗറിൽ നിന്ന് 15 കിലോമീറ്റർ ദൂരത്തുള്ള ദീൻദയാൽ തുറമുഖത്ത് എത്തി. അവിടന്ന് നാളെ രാവിലെ 8 മണിക്ക് റോ – റോ ഫെറി വഴി സൂറത്തിലെ ഹസീറ പോർട്ടിൽ എത്താനാണ് പദ്ധതി. 4 മണിക്കൂർ ജലയാത്ര ചെയ്യുന്ന സമയത്ത് എനിക്ക് അല്പം വിശ്രമം കിട്ടും. ടിക്കറ്റ് ഓൺലൈൻ വഴി എടുത്തിട്ടുണ്ട്. ഫെറി വിടുന്നതിന് ഒരു മണിക്കൂർ മുന്നേ ഹാജരാകണം എന്നാണ് ചട്ടം. രാത്രി തന്നെ പോർട്ടിൽ പോയി കിടന്നാൽ പ്രശ്നമില്ലല്ലോ.
പോർട്ടിന്റെ വലിയ ഗേറ്റിന് മുന്നിൽ ഭാഗിയും ഞാനും സ്ഥാനം പിടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ വളരെ സന്തോഷത്തോടെ അത് സമ്മതിച്ചു. ഈ യാത്രയിൽ ഇതിപ്പോൾ രണ്ടാമത്തെ പോർട്ടിലാണ് കിടക്കുന്നത്. പോർട്ടിന് എതിർവശത്തുള്ള ഒരു ഇടത്തരം റസ്റ്റോറന്റിൽ നിന്ന് ഭക്ഷണവും തരമായി.
നാളെ സൗരാഷ്ട്രയോട് വിട പറയുകയാണ്.
ശുഭരാത്രി.