ഇന്ന് പകൽ നല്ലൊരു പങ്കും ഞാൻ മഹാരാജ സയ്യാജിറാവു യൂണിവേഴ്സിറ്റിയിൽ ആയിരുന്നു.
ദിവ്യയുടെ മകൾ ഖുശി അവിടെ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ്. രാവിലെ ദിവ്യയും ഞാനും യൂണിവേഴ്സിറ്റിയിൽ എത്തി ഭാഗിയെ അകത്ത് പാർക്ക് ചെയ്ത ശേഷം ഖുശിയെ വിളിച്ചു. കൂട്ടുകാർക്ക് ഒപ്പം ഖുശി ഞങ്ങളെ ക്യാമ്പസ് കൊണ്ട് നടന്ന് കാണിച്ചു. ഉച്ചഭക്ഷണം എല്ലാവരും ചേർന്ന് കാന്റീനിൽ നിന്ന് കഴിച്ചു. മൂന്ന് കാന്റീനുകളും നിരവധി കോഫി ഷോപ്പുകളും ക്യാമ്പസിൽ ഉണ്ട്.
ക്യാമ്പസ്സിലെ ബൊട്ടാണിക്കൽ ഗാർഡനിൽ കയറണമെങ്കിൽ അനുമതി വാങ്ങണമെന്നുള്ളതിനാൽ, കുട്ടികൾ എനിക്ക് വേണ്ടി അപേക്ഷ എഴുതിയുണ്ടാക്കി ഓഫീസിൽ നൽകി. അൽപ്പനേരം കഴിഞ്ഞ് ഡീൻ വെങ്കിടേശ്വര എന്നെ വിളിപ്പിച്ചു. ഖുശിയും ഞാനും അദ്ദേഹത്തിൻ്റെ മുറിയിൽ ചെന്നു. അദ്ദേഹം ഞങ്ങളെ മര്യാദപൂർവ്വം ഇരുത്തിയ ശേഷം, എന്നോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഈ യാത്രയിൽ എന്തെങ്കിലും പ്രത്യേക ലക്ഷ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ കോട്ടകളുടെ കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ മുഖം വിടർന്നു. ഒട്ടും വൈകാതെ എനിക്ക് അനുമതി എഴുതി ഒപ്പിട്ട് തന്നു.
അങ്ങനെ ആ വലിയ സർവ്വകലാശാലയിൽ നിരക്ഷരനായ ഈയുള്ളവന്റെ ഒരു കടലാസ് ഫയലിൽ കയറി.
വളരെ സന്തോഷകരമായ മണിക്കൂറുകൾ ആയിരുന്നു ഇന്നെനിക്ക് ആ യൂണിവേഴ്സിറ്റിയിൽ. ക്യാമ്പസുകളിലെ വലിയ ക്ലാസ്സ് മുറികളിൽ കയറിയിറങ്ങി. ധാരാളം പടങ്ങളും വീഡിയോകളും എടുത്തു. കുട്ടികൾക്കൊപ്പം കാന്റീനിലെ ഭക്ഷണം ആസ്വദിച്ചു. എങ്കിലും ആ ക്യാമ്പസിന്റെ ചെറിയൊരു ഭാഗം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.
* 1881ൽ, മഹാരാജ സയ്യാജിറാവു ഗെയ്ക്ക്വാദ് മൂന്നാമൻ ആണ് ഒരു കോളേജ് എന്ന നിലയിൽ ഈ കലാലയം തുടങ്ങി വെച്ചത്.
* സ്വാതന്ത്ര്യത്തിന് ശേഷം, പ്രസാദ് സിങ്ങ് ഗെയിക്ക്വാദിൻ്റെ കാലത്ത്, അതായത് 1949ൽ ഇവിടം സർവ്വകലാശാല പദവിയിലേക്ക് ഉയർത്തപ്പെട്ടു.
* ബീജാപൂരിലെ ഗോൾ ഗുമ്പസിന്റെ മാതൃകയിലാണ് എം. എസ്. യൂണിവേഴ്സിറ്റിയുടെ കോൺവെക്കേഷൻ ഹാളിൻ്റെ മകുടം ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ യൂണിവേഴ്സിറ്റിയുടെ പ്രധാന ആകർഷണവും ഈ കെട്ടിടം തന്നെ.
* കുറഞ്ഞ ചെലവിൽ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന കാര്യത്തിൽ ഇപ്പോഴും എം.എസ്. യൂണിവേഴ്സിറ്റി മുന്നിൽ നിൽക്കുന്നു.
* ഒരു രൂപയ്ക്കാണ് മഹാരാജാവ് ഈ യൂണിവേഴ്സിറ്റി സർക്കാരിന് കൈമാറിയത്.
* 275 ഏക്കറിൽ 6 ക്യാമ്പസ്സുകളിലായി പടർന്ന് കിടക്കുന്ന ഈ സർവ്വകലാശാലയിൽ 89 ഡിപ്പാർട്ട്മെന്റുകൾ ഉണ്ട്.
എം.എസ്സ്. യൂണിവേഴ്സിറ്റിയുടെ തൊട്ടടുത്ത് തന്നെയാണ് കമട്ടി പാർക്ക്. അതിനോട് ചേർന്നാണ് ബറോഡ മ്യൂസിയവും പിക്ചർ ഗ്യാലറിയും. ബാക്കിയുള്ള സമയം അതിനകത്ത് ചിലവഴിച്ചു. അവിടെ പടങ്ങൾ എടുക്കാൻ അനുമതിയില്ല. പ്രദർശന വസ്തുക്കളുടെ വൈവിദ്ധ്യം കൊണ്ട് സമ്പന്നമാണ് മ്യൂസിയം. എങ്കിലും BC 1300-600 കാലഘട്ടത്തിലെ ഒരു മമ്മിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. കുട്ടികളുടെ വിഭാഗത്തിൽ, ഒരു നീലത്തിമിംഗലത്തിൻ്റെ അസ്ഥികൂടവും പ്രദർശിപ്പിച്ചിട്ടുണ്ട്.
സൂര്യ പാലസ് ഭാഗത്ത് നടക്കുന്ന മേളയുടെ അവസാന ദിവസമാണിന്ന്. ബറോഡയുടെ ഓർമ്മയ്ക്കായി ഒരു ടേബിൾ ബെൽ അവിടന്ന് വാങ്ങി ഇന്നത്തെ ദിവസത്തിന് വിരാമമിട്ടു.
പകൽ മുഴുവൻ ഞാൻ വിയർത്തു എന്നതാണ് സങ്കടകരം. ഇവിടെ തണുപ്പ് വല്ലാതെ കുറഞ്ഞിരിക്കുന്നു. എന്നിരുന്നാലും രാത്രി ഫാൻ ഇടാതെ കിടക്കാൻ പറ്റുന്നുണ്ട്. അത് തന്നെ വലിയ ആശ്വാസം.
ശുഭരാത്രി.