ലോഹഗഡ് കോട്ട & ഭരത്പൂർ മ്യൂസിയം (കോട്ട # 111) (ദിവസം # 76 – രാത്രി 09:28)


2
വാ
വളരെ സൗകര്യപ്രദമായ 9 രാത്രികളാണ് ആൽവാറിലെ നവരത്ന റസ്റ്റോറന്റിന് മുന്നിൽ കടന്ന് പോയത്. റസ്റ്റോറൻ്റുകാർ എഴുന്നേൽക്കുന്നതിന് മുന്നേ തന്നെ ഞാൻ ആൽവാർ വിടും എന്നതിനാൽ, ഇന്നലെ രാത്രി തന്നെ എല്ലാവരോടും യാത്ര പറഞ്ഞു.

ഭരത്പൂറിലേക്കുള്ള 110 കിലോമീറ്ററോളം വരുന്ന രണ്ടര മണിക്കൂർ യാത്രയിൽ, നല്ലൊരു ഭാഗം ഹൈവേയിലൂടെ തന്നെയാണ്. അവസാനത്തെ 50 കിലോമീറ്ററോളം ആഗ്രയിലേക്കുള്ള ദേശീയപാതയാണ്.

11 മണിയോടെ ഭരത്പൂരിലെത്തി. നഗരമദ്ധ്യത്തിൽ തന്നെയാണ് ലോഹഗഡ് കോട്ട. ഭാഗിയെ ഓടിച്ച് കോട്ടയുടെ മുന്നിൽ കൊണ്ടുചെന്ന് പാർക്ക് ചെയ്യാനുള്ള വഴിയുണ്ട്. പക്ഷേ ആ വഴി ഗൂഗിൾ ചേട്ടത്തി കാണിച്ചു തരില്ല എന്ന് വെച്ചാൽ പിന്നെന്ത് ചെയ്യും. ഇറങ്ങി നടക്കുക തന്നെ.

* ലോഹഗഡ് കോട്ട ഇപ്പോൾ ASIയുടെ നിയന്ത്രണത്തിലാണ്. അവരുടെ ഒരു ഓഫീസും കോട്ടയ്ക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ട്.

* കോട്ട മതിലിനെ ചുറ്റി, പൊതുജനങ്ങൾക്ക് പ്രഭാത സവാരി നടത്താൻ പാകത്തിന്, ഒരു വഴി കോട്ടയ്ക്കകത്ത് തയ്യാറാക്കിയിട്ടുണ്ട്.

* ചുറ്റിനും വലിയ കിടങ്ങും അതിൽ വെള്ളവുമുള്ള ഒരു കോട്ടയാണ് ഇത്. സമതലത്തിലുള്ള കോട്ടകൾക്ക് കൂടുതൽ സുരക്ഷ നൽകാൻ വേണ്ടിയാണ് ഇത്തരം കിടങ്ങുകൾ.

* 12 കവാടങ്ങൾ ഉള്ള സാമാന്യം വലിയ ഒരു കോട്ടയാണ് ഇത്.

* പല സർക്കാർ ഓഫീസുകളും സ്കൂളുകളും ഇതിൽ പ്രവർത്തിക്കുന്നു.

* കോട്ടയ്ക്കകത്ത് ധാരാളം വഴികളുണ്ട്, കടകളുണ്ട്, വീടുകൾ ഉണ്ട്, ക്ഷേത്രങ്ങൾ ഉണ്ട്.

* കോട്ടയ്ക്കകത്ത് തന്നെയാണ് ഭരത്പൂർ മ്യൂസിയവും നിലകൊള്ളുന്നത്.

* പലയിടത്തും കോട്ടമതിലുകൾ ഇടിഞ്ഞ് വീണിരിക്കുന്നു. ചിലയിടത്ത് വഴികൾ സ്ഥാപിക്കാൻ വേണ്ടി മതിലുകൾ ഇടിച്ചിരിക്കുന്നു.

* 1732ൽ മഹാരാജ സൂരജ് മാൾ ആണ് കോട്ടയുടെ നിർമ്മാണം തുടങ്ങിവെച്ചത്.

* ഭരത്പൂരിലെ ജത് രാജവംശത്തിന്റെ ശക്തി ദുർഗ്ഗമായിരുന്നു ഇത്.

* ബ്രിട്ടീഷുകാർ 13 പ്രാവശ്യം ഈ കോട്ട കീഴടക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാൻ ആയില്ല.

* പക്ഷേ, 1826 ജനുവരി 18ന്, അവസാനം വെള്ളക്കാർ വിജയം കൈവരിച്ചു. കോട്ട കീഴടക്കുകയും ഭരത്പൂർ, അവരുടെ കീഴിലുള്ള ഒരു പ്രിൻസ്ലി സ്റ്റേറ്റ് ആക്കി മാറ്റുകയും ചെയ്തു.

* കിഷോരി മഹൽ, ഖോത്തി ഘാസ്, മഹൽ ഘാസ്, എന്നെ കെട്ടിടങ്ങളാണ് കോട്ടയ്ക്ക് അകത്തുള്ള പുരാതന നിർമ്മിതികൾ.

* 1764ലെ ഡൽഹി യുദ്ധത്തിൽ മുഗളന്മാർക്ക് എതിരെ നേടിയ വിജയത്തിന്റെ പ്രതീകമായി 1765ൽ മഹാരാജ ജവഹർ സിങ്ങ് നിർമ്മിച്ച ജവഹർ ബുർജ് ആണ് കോട്ടയിലെ ഒരു പ്രധാന ആകർഷണം.
കോട്ടയ്ക്കകത്തുള്ള മ്യൂസിയത്തിൽ എല്ലാ കോട്ടകളിലും എന്നപോലെ ആയുധങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും യുദ്ധസാമഗ്രികളും കൂടാതെ പഴയകാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിലെ ബിംബങ്ങളും മറ്റും പ്രദർശിപ്പിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ എന്നെ ഏറെ ആകർഷിച്ചത് ഒന്നാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ച 1914-18 കാലഘട്ടത്തിലെ ഒരു പീരങ്കിയാണ്. ജയ്പൂർ ഹിസ് ഹൈനസ് ആർമിക്ക്, ബ്രിട്ടീഷ് ഭരണകൂടം സമ്മാനമായി നൽകിയതാണ് ആ പീരങ്കി.
ഇത്രയും നടന്ന് കണ്ടപ്പോൾത്തന്നെ സമയം നാലുമണി ആയിരുന്നു. ഒരാഴ്ചയോളം ഞാൻ ഭരത്പൂരിൽ ഉണ്ടാകും. അതിനിടയ്ക്ക് ഒന്നുകൂടി കോട്ട വിശദമായി കാണാനുണ്ട്. ഇന്ന് അധികസമയം കറങ്ങി നടക്കാൻ ആവില്ല. രാത്രി തങ്ങാനുള്ള സ്ഥലം കണ്ടുപിടിക്കാനുള്ളതാണ്.

ഭരത്പൂർ – ജയ്പൂർ റോഡിൽ ആർ.കെ. എന്ന പേരിൽ ഒരു റസ്റ്റോറന്റിന് മുന്നിൽ ഭാഗിയെ ഒതുക്കി. നാലഞ്ച് ദിവസം അവിടെ വാഹനം ഇടുന്നതിന് അവർക്ക് വിരോധമൊന്നും ഇല്ല. പക്ഷേ ഓരോ സെക്കന്റിലും വാഹനങ്ങൾ ചീറിപ്പാഞ്ഞ് പൊയ്ക്കൊണ്ടിരിക്കുന്ന തിരക്കുള്ള ഈ തെരുവ് എനിക്കത്ര പിടിച്ചിട്ടില്ല. തിരക്ക് സൗകര്യപ്രദമായ മറ്റൊരു സ്ഥലം നാളെ കണ്ടുപിടിക്കാൻ ആയാൽ, ക്യാമ്പ് അങ്ങോട്ട് മാറിയെന്ന് വരും.

തണുപ്പ് ആൽവാറിനേക്കാൾ കൂടുതലാണ് ഇവിടെ. ആൽവാറിൽ വെളുപ്പിന് 13 ഡിഗ്രി ആയിരുന്നെങ്കിൽ ഇവിടെ 10 ഡിഗ്രിയാണ് നാളെ വെളുപ്പിന് കാണിക്കുന്നത്. രാത്രി തെർമൽ കുപ്പായത്തിലേക്ക് കയറേണ്ടി വരുമെന്ന് തോന്നുന്നു.

ഇവിടന്ന് ആഗ്രയിലേക്ക് കഷ്ടി 70 കിലോമീറ്റർ ദൂരമേയുള്ളൂ. ഒന്നര മണിക്കൂർ യാത്ര. ഭരത്പൂരിലെ കോട്ടകൾ കണ്ട് കഴിഞ്ഞാൽ, ആഗ്രയിലേക്ക് പോയി താജ്മഹൽ ഒരിക്കൽ കൂടെ കണ്ടതിനുശേഷം ഗുജറാത്തിലേക്ക് തിരിച്ചാൽ മതി എന്നൊരു ചിന്തയുണ്ട് ഇപ്പോൾ. 1989 ഡിസംബറിൽ ആണ് ആദ്യമായും അവസാനമായും താജ്മഹൽ കണ്ടത്. ആ വെണ്ണക്കൽ ശില്പം എത്ര കണ്ടാലാണ് മതിവരുക?

തണുപ്പ് കൂടിക്കൂടി വരുന്നുണ്ട്. റസ്റ്റോറന്റിലെ പയ്യന്മാർ തീ കായുന്നതിനൊപ്പം കുറച്ച് നേരം ഞാനും കൂടി. ഇനി വല്ലതും കഴിച്ച് ഉറങ്ങാനുള്ള നടപടികളിലേക്ക് കടക്കട്ടെ.

ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>