ഹിസാറിൽ, ഇന്ന് വെളുപ്പിന് താപമാനം 2 ഡിഗ്രി ആണെന്ന് കണ്ടിരുന്നു എന്ന് മാത്രമല്ല, രാത്രിയിലെ 8 ഡിഗ്രി പോലും സൂചി കുത്തുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. രാവിലെ കാര്യങ്ങൾ അത്ര പന്തി ആയിരിക്കില്ല എന്ന് ധാരണ ഉണ്ടായിരുന്നതിനാൽ, ഞാനൊരു ഉടായിപ്പ് മുൻകരുതൽ എടുത്തു.
ഭാഗി ഓടിക്കൊണ്ടിരിക്കുമ്പോൾ പിന്നിലുള്ള കിടക്കയിൽ പൊടി വീഴാതിരിക്കാനായി ഒരു ടാർപോളിൻ ഷീറ്റ് ഞാൻ രാജസ്ഥാനിലെ ബാഡ്മറിൽ നിന്ന് വാങ്ങി വിരിച്ചിരുന്നു. കിടക്കുമ്പോൾ ആ ഷീറ്റ് മടക്കി വെക്കാറാണ് പതിവ്. ഇന്നലെ രാത്രി ഞാനതെടുത്ത് സ്ലീപ്പിങ് ബാഗിന് മുകളിലൂടെ വിരിച്ചു. ആ സൂത്രപ്പണി വിജയിച്ചു. 2 ഡിഗ്രി തണുപ്പ് ഏശിയതേയില്ല.
ഹരിയാനയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള രസകരമായ ഒരു പ്രത്യേകതയുള്ള ജില്ലയാണ് സിർസ. സിര്‍സയുടെ അതിരുകൾ 5 ഭാഗമായി തിരിച്ചാൽ, അതിൽ 2 ഭാഗം രാജസ്ഥാൻ ആണ്; 2 ഭാഗം പഞ്ചാബ്; 1 ഭാഗം മാത്രമാണ് ഹരിയാനയിലെ തന്നെ മറ്റൊരു ജില്ലയായ ഫത്തേഹാബാദ്. ഞാൻ ഇന്നലെ തങ്ങിയ ഹിസാർ ഫത്തേഹാബാദിലാണ്.
ഫത്തേഹാബാദിൽ നിന്ന്, 150 കിലോമീറ്ററോളം ദൂരത്തുള്ള സിർസയിലേക്കാണ് ഞാൻ രാവിലെ പുറപ്പെട്ടത്. സിർസയിൽ ഒരു കോട്ട ഉണ്ടെന്ന് സൂചനയുണ്ട് പക്ഷേ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കാണിക്കുന്നില്ല. പുറപ്പെടുന്നതിന് മുൻപ് സിർസയിലെ കോട്ടകൾക്ക് മാത്രമായി പ്രത്യേകം പരതി. അപ്പോൾ ദാ പൊങ്ങി വരുന്നു ഭുക്കർക എന്നൊരു കോട്ട. നേരെ അങ്ങോട്ട് നീങ്ങി. സിർസയിലേക്ക് കടക്കുമ്പോൾ ഹരിയാനയുടെ ഭൂപ്രകൃതി മാറി രാജസ്ഥാൻ്റേത് ആകുന്നത് കൃത്യമായി മനസ്സിലാകും. അപ്പോളും ഞാൻ മനസ്സിലാക്കാതിരുന്ന മറ്റൊരു കാര്യം ഉണ്ടായിരുന്നു. അത് പിന്നാലെ പറയാം.
ഇടുങ്ങിയ ഗളികൾക്കിടയിൽ, ദൂരെ നിന്ന് തന്നെ കോട്ടയുടെ ഭാഗങ്ങൾ കാണാം.
കോട്ട വാതിൽ തുറന്ന് കിടന്നിരുന്നു. ഒരു ബസ്സ് അടക്കം കുറേ വാഹനങ്ങൾ അതിനകത്ത് കിടക്കുന്നുണ്ട്. അനാഥമായ ആരും ശ്രദ്ധിക്കാനില്ലാത്ത ഒരു കോട്ടയുടെ ഉൾവശം പൊതുജനങ്ങൾ പാർക്കിംഗ് ഇടമായി ഉപയോഗിക്കുന്നു എന്നാണ് ഞാൻ ആദ്യം കരുതിയത്. ആ വാഹനങ്ങളെല്ലാം രാജസ്ഥാൻ രജിസ്ട്രേഷൻ ആയിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ മറ്റെന്തോ കാര്യം ഉണ്ടെന്ന് തോന്നി.
ഞാൻ കോട്ടക്കകത്ത് ചുറ്റിനടന്ന് ചിത്രങ്ങളും വീഡിയോകളും എടുത്തു. തുറക്കാതെ കിടന്നിരുന്ന രണ്ട് വാതിലുകൾക്ക് മുന്നിൽ മാത്രം ശങ്കിച്ചു നിന്നു. വാഹനത്തിൽ വന്നിരിക്കുന്നവർക്കും അതിൻെറ ഡ്രൈവർമാർക്കും അതേപ്പറ്റി ഒന്നും അറിയില്ല. അവർ ഒരു കല്യാണ ആവശ്യത്തിന് വന്നവരാണ് അവർ. “കോട്ടയെപ്പറ്റി ഞങ്ങൾക്കറിയില്ല ഗ്രാമവാസികളുടെ ചോദിക്കൂ” എന്നാണ് അവർ പറഞ്ഞത്.
“രാജസ്ഥാനിൽ നിന്ന് ഹരിയാനയിലേക്ക് കല്യാണം കഴിക്കാറുണ്ടല്ലേ” എന്ന് ഞാൻ അവരോട് ചോദിച്ചു.
“ഹരിയാന കുറച്ച് അപ്പുറത്താണ്. ഇത് രാജസ്ഥാനാണ്.”
എനിക്കപ്പോൾ കാര്യങ്ങൾ വ്യക്തമായി. രാജസ്ഥാൻ കോട്ടകളുടെ ലിസ്റ്റിൽ ഇല്ലാതിരുന്ന ഒരു കോട്ടയാണ് ഭുക്കർക. ഹരിയാനയിലെ സിർസയിലുള്ള കോട്ടയാണെന്ന് തെറ്റിദ്ധരിച്ച് ഞാൻ എത്തിയിരിക്കുന്നത് രാജസ്ഥാനിലാണ്. അതുകൊണ്ടാണ് അകത്ത് കിടക്കുന്ന വാഹനങ്ങൾക്കെല്ലാം രാജസ്ഥാൻ രജിസ്ട്രേഷൻ.
വെസ്റ്റ് ബംഗാൾ രജിസ്ട്രേഷൻ ഉള്ള ചില ജീപ്പുകൾ തുരുമ്പ് പിടിച്ച് അതിനകത്ത് കിടക്കുന്നുണ്ട്. അതിന്റെ കഥ എന്താണാവോ? പിന്നെ കുറെ കൃഷി സാധനങ്ങളും ട്രാക്ടറിന്റെ ഉപകരണങ്ങളും ഉണ്ട്.
കല്യാണ ആവശ്യത്തിന് വന്നവരിൽ രണ്ടുപേർ അടഞ്ഞ് കിടക്കുന്ന വാതിലിൽ ശക്തിയായി തട്ടി. അധികം വൈകാതെ നരവീണ കൊമ്പൻ മീശക്കാരനായ ഒരാൾ വാതിൽ തുറന്നു.
“ഇത് എൻ്റെ വീടാണ്. നിങ്ങളുടെ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാൻ അനുവദിച്ചു എന്ന് വെച്ച് ഇതിനകത്ത് ജീവിക്കാൻ സമ്മതിക്കില്ലേ?” … അദ്ദേഹം അവരോട് ക്ഷുഭിതനായി. ശേഷം നോട്ടം എന്നിലേക്ക് തിരിഞ്ഞു. ഞാൻ അദ്ദേഹത്തോട് നമസ്തേ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.
സംഗതി പന്തിയല്ല. ഇതുവരെയുള്ള അനുഭവം വെച്ച് നോക്കിയാൽ കോട്ടയിൽ അദ്ദേഹം താമസിക്കുന്ന ഭാഗത്തേക്ക് കടക്കാനോ പടങ്ങൾ എടുക്കാനോ സമ്മതിക്കുകയുമില്ല. രംഗം വഷളാക്കാതിരിക്കുകയാണ് നല്ലത്. കിട്ടിയ പടങ്ങളും വീഡിയോകളും ബോണസ് എന്ന് കണക്കാക്കുക.
ഞാൻ വേഗം കോട്ടയിൽ നിന്ന് പുറത്ത് കടന്ന് ചുറ്റുമതിൽ വളഞ്ഞ് ഒരു വട്ടം നടന്നു.
കോട്ടയുടെ കാര്യമായ ചരിത്രമൊന്നും ലഭ്യമല്ല. അത് കോട്ടക്കുള്ളിൽ നിന്ന് വന്ന ‘രാജാവിനോട് ‘ ചോദിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നില്ലല്ലോ. കാര്യമായി ഒരു അന്വേഷണം വൈകാതെ നടത്തേണ്ടിവരും.
സമയം മൂന്നു മണി. രാത്രി തങ്ങാൻ പറ്റിയ സ്ഥലങ്ങൾ ഒന്നും ആ ഭാഗത്ത് ഞാൻ കണ്ടിരുന്നില്ല. ഹരിയാനയിലെ അടുത്ത ഹബ്ബ് ആയ മഹേന്ദ്രഗഡിലേക്ക് 5 മണക്കൂറോളം യാത്രയുണ്ട്. അത് ഇന്ന് നടക്കില്ല. ഇടയ്ക്ക് എവിടെയെങ്കിലും തങ്ങേണ്ടിവരും.
ഹരിയാനയിലെ ഭിവാനി ജില്ലയിലുള്ള ലോഹരു എന്ന സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു. അവിടെ ഒരു കോട്ടയുണ്ട്. അത് നാളെ രാവിലെ കാണാം. പക്ഷേ അങ്ങോട്ട് എത്തുന്നതിന് മുൻപ് ഇരുള് വീഴാൻ തുടങ്ങി. ഞാൻ, ഇടക്കുള്ള ഒബ്റ എന്ന സ്ഥലത്തെ ഗ്യാസ് സ്റ്റേഷനിൽ ഭാഗിയെ ഒതുക്കി. അവിടുന്ന് വീണ്ടും 25 കിലോമീറ്റർ ദൂരമുണ്ട് ലോഹരുവിലേക്ക്.
തൊട്ടപ്പുറത്ത് ഒരു ചെറിയ റസ്റ്റോറൻറ് കണ്ടു. അവിടെ എന്ത് കഴിക്കാൻ കിട്ടും എന്ന് അന്വേഷിച്ചപ്പോൾ, അത് വലിയ തമാശ. ചിക്കൻ മാത്രമേ ഉള്ളൂ പോലും! രാജസ്ഥാനിലോ ഹരിയാനയിലോ വന്നിട്ട് ആദ്യമായിട്ടാണ് വെജിറ്റേറിയൻ ഭക്ഷണം ഒന്നുമില്ലാത്ത ഒരു റസ്റ്റോറൻറ് കാണുന്നത്. അതിന് കാരണമുണ്ട്. അവിടെ പ്രധാന കച്ചവടം അനധികൃത മദ്യമാണ്. ഒന്ന് രണ്ട് മൂലയിൽ മദ്യപാന സദസ്സ് നടക്കുന്നുമുണ്ട്. വിലകുറഞ്ഞ ഏതോ മദ്യത്തിന്റെ രൂക്ഷഗന്ധം ചുറ്റിനുമുണ്ട്.
അത്തരം ഒരു സ്ഥലത്ത് നിന്ന് ചിക്കൻ കഴിക്കാൻ എനിക്ക് താല്പര്യമില്ല. ചിക്കിയ മുട്ടയും ചപ്പാത്തിയും കഴിച്ച് സ്ഥലം കാലിയാക്കി.
ഇവിടെയും തണുപ്പ് 3 ഡിഗ്രിയാണ് രാവിലെ. ഇന്നലത്തെപ്പോലെ, സ്ലീപ്പിങ് ബാഗിന് മുകളിലൂടെ ടാർപോളിൻ വിരിച്ച് കിടക്കുക തന്നെ രക്ഷ.
ശുഭരാത്രി.