Monthly Archives: January 2014

66

ഞാൻ ഏതുതരം ആദ്‌മിയാണ് ?


സുഹൃത്തുക്കളേ….

ആം ആദ്‌മി പാർട്ടി സംബന്ധമായി സ്വന്തം പോസ്റ്റുകളിലും മറ്റുള്ളവരുടെ പോസ്റ്റുകളിലും ഞാനെടുത്ത നിലപാടുകൾ കണ്ട് ഒരുപാട് പേർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആ തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയാണ് ഈ പോസ്റ്റ്.

“ ആം ആദ്‌മിക്കാരൻ ആണല്ലേ ? “
“ നമുക്കും ആം ആദ്‌മിയിൽ ചേരണ്ടേ ചേട്ടാ ? “
“ നിരക്ഷരൻ ഇതുവരെ ആം ആദ്‌മിയിൽ ചേർന്നില്ലേ ? “……

എന്നൊക്കെ ചോദിക്കുകയും ആം ആദ്‌മി വക്താവ് എന്നു വരെ എന്നെ വിലയിരുത്തുകയും ചെയ്തവരോട് നിലപാട് അറിയിക്കാൻ ആഗ്രഹിക്കുന്നു.

ഞാൻ ആം ആദ്‌മി പാർട്ടി അംഗം അല്ല. ജീവിതത്തിൽ ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല. ഒരിക്കലും ഒരു പാർട്ടിയിലും അംഗത്വം എടുക്കാതെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. അതിന് രണ്ട് കാരണങ്ങളുണ്ട്.

1. ഒരു പാർട്ടിക്കാർക്കും എന്നെ ഉൾക്കൊള്ളാനോ സഹിക്കാനോ ആവില്ല. (എന്തുചെയ്യാം, അത്തരത്തിലുള്ള ഒരു വിചിത്രജന്മമായിപ്പോയി.) ഏതെങ്കിലും ഒരു പാർട്ടിയിൽ കേറിച്ചെന്ന അടുത്ത നിമിഷം തന്നെ എന്റെ നിലപാടുകൾ അവരെ എന്റെ ശത്രുവാക്കാനുള്ള സാദ്ധ്യതയാണ് കൂടുതൽ. സ്വന്തം പാർട്ടിയിലുള്ള ഒരുവൻ അഴിമതിയോ തോന്ന്യവാസമോ ചെയ്താൻ അനുകൂലിക്കാനോ മറച്ചുപിടിക്കാനോ എനിക്കാവില്ല. ഉറക്കെ വിളിച്ച് പറയും. അങ്ങനെയുള്ളവർക്ക് ഒരു പാർട്ടിയിൽ നിലനിൽ‌പ്പില്ലല്ലോ ? ഇതൊക്കെ എനിക്ക് തന്നെ നല്ല ബോദ്ധ്യമുള്ളതുകൊണ്ട് ഒരു പാർട്ടിയിലും ചേരാതെ നിൽക്കാനും അതേ സമയം നല്ല കാര്യങ്ങൾ ഏത് പാർട്ടി ചെയ്യുമ്പോളും അവരുമായി സഹകരിക്കാനും (അവർക്ക് വേണമെങ്കിൽ) ഒരു മടിയുമില്ല.

2. ജനനന്മയ്ക്കും സമൂഹനന്മയ്ക്കും രാഷ്ട്രത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ കാര്യം വരുമ്പോൾ എന്റെ നാട്ടുകാരനായ സർവ്വോദയം കുര്യൻ എന്ന മനുഷ്യസ്നേഹിയുടെ നിലപാടുകളോടാണ് എനിക്ക് താൽ‌പ്പര്യം. നാടിനെ സേവിക്കാൻ സംഘടിക്കണമെന്നോ അധികാരസ്ഥാനങ്ങൾ വേണമെന്നോ ഒരു നിർബന്ധവും അദ്ദേഹം വെച്ച് പുലർത്തിയിരുന്നില്ല. ഒറ്റയാനായിട്ടാണ് അദ്ദേഹം പടനയിച്ചിട്ടുള്ളത്. ഒരു തെരുവ് വൃത്തിയാക്കിയോ ഒരു ഓട ശുചീകരിച്ചോ പോലും നാടിനെ സേവിച്ചിട്ടുള്ളവർ എത്രപേരുണ്ട് പുതിയതും പഴയതുമായ പാർട്ടികളിൽ ? സർവ്വോദയം കുര്യൻ ഇപ്പറഞ്ഞ കാര്യങ്ങൾ ആരെയും ബോദ്ധ്യപ്പെടുത്താൻ വേണ്ടിയല്ലെങ്കിലും ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. ജനത്തെ സേവിക്കാൻ അധികാരവും സ്ഥാനമാനങ്ങളും സംഘടിത സ്വഭാവവും ഉണ്ടായേ തീരൂ എന്ന തെറ്റായ ധാരണ തിരുത്താൻ പോന്ന ഉത്തമോദാഹരണമായിരുന്നു അദ്ദേഹം. അദ്ദേഹത്തെ പൂർണ്ണമായും അനുകരിക്കാൻ പറ്റുന്നില്ലല്ലോ എന്നതിൽ മാത്രമാണ് വ്യസനം.

ആം ആദ്‌മി പാർട്ടിയോട് എനിക്കൊരു വിരോധവുമില്ല. മറ്റ് പലരേയും പോലെ അവരുടെ നീക്കങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഞാനും. ഇടതും വലതും നടുക്കുമൊക്കെ നിന്ന് ഭരിച്ച് കുളം തോണ്ടിയവരെക്കൊണ്ട് മടുത്തപ്പോൾ ജനം പുതിയ മേച്ചിൽ‌പ്പുറങ്ങൾ തേടിപ്പോയിട്ടുണ്ടെങ്കിൽ അതിലെന്താണ് തെറ്റ് ? സഹികെട്ട് നിഷേധ വോട്ട് ചെയ്യാൻ തയ്യാറെടുത്തവർ പുതിയൊരു പാർട്ടിക്ക് കൂറ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിലെന്താണ് അപാകത ? ആം ആദ്‌മി പാർട്ടി, അരാഷ്ട്രീയ പാർട്ടി ആണെന്നും മറ്റും പറയുന്നവരോട് എതിർത്ത് സംസാരിച്ചിച്ചിട്ടുണ്ട് ഞാൻ. നിലവിലുള്ള പാർട്ടികൾ ചെയ്യുന്ന എല്ലാ പോക്രിത്തരങ്ങളും രാഷ്ട്രീയമാണെന്നും  പുതുതായി വന്ന ഒരു പാർട്ടി എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് തന്നെ അരാഷ്ട്രീയപ്പാർട്ടി, എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇപ്പറഞ്ഞതിനർത്ഥം ഞാൻ ആം ആദ്‌മി പാർട്ടിക്കാരനാണെന്നോ അവരുടെ വക്താവോ ആണെന്നല്ല.

സത്യത്തിൽ എന്താണ് രാഷ്ട്രീയം എന്ന പദത്തിന്റെ അർത്ഥം? രാഷ്ട്രത്തിനും സമൂഹത്തിനും ജനങ്ങൾക്കും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നവൻ ആരായാലും അയാളാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ എന്നാണ് എന്റെ വിലയിരുത്തൽ. അല്ലാതെ, ഏതെങ്കിലും ഒരു പാർട്ടിയുടെ അംഗമായി അതിന്റെ കൊടിക്കീഴിൽ നിന്ന് ആ പാർട്ടിയുടെ നേതാക്കൾ പറയുന്നതും അവരുടെ എഴുതപ്പെട്ടതും അല്ലാത്തതുമായ പ്രത്യയശാസ്ത്രങ്ങൾക്ക് കീ ജെയ് വിളിക്കുകയും അവർക്ക് വേണ്ടി കൊല്ലും കൊലയും കൊള്ളിവെയ്പ്പുമൊക്കെ നടത്തുന്നവൻ രാഷ്ട്രീയക്കാരനല്ല വെറും പാർട്ടിക്കാരൻ മാത്രമാണെന്നാണ് എന്റെ കാഴ്ച്ചപ്പാട്. അതുകൊണ്ടുതന്നെ എന്റെ കുറിപ്പുകളിലും കമന്റുകളിലുമൊക്കെ രാഷ്ട്രീയക്കാരൻ എന്ന് പറയുന്നതിന് പകരം പാർട്ടിക്കാരൻ എന്ന് പറയുകയാണ് പതിവ്.

ഒരു വ്യാ‍ഴവട്ടക്കാലം പ്രവാസജീവിതം നയിച്ചതുകൊണ്ട് നാട്ടിൽ ഒരു വോട്ട് പോലും ഇല്ലാത്തവനാണ്. വരുന്ന തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ കയറിപ്പറ്റാനായാൽ തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ വോട്ട് ചെയ്തിരിക്കും. ആ വോട്ട് ആർക്കാണെന്ന് വിളിച്ച് പറഞ്ഞ് വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്താൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ല.

ഏത് പാർട്ടി വന്നാലും നാട് നന്നാകണം, ജനങ്ങൾ നന്നാകണം. ഏതെങ്കിലും ഒരു പാർട്ടിക്കാരൻ അല്ലാത്തതുകൊണ്ടോ ഏതെങ്കിലും ഒരു പാർട്ടിയെ എതിർക്കുന്നതിന്റെ പേരിലോ ആർക്കും ജീവഹാനിയുണ്ടാകരുത്. ഓൺലൈനിലായാലും ഓഫ്‌ലൈനിലായാലും പാർട്ടിയുടെ പേരും പറഞ്ഞ് ശത്രുക്കൾ ഉണ്ടാകാൻ ഇട വരരുത്. ഇതൊക്കെയാണ് ആഗ്രഹങ്ങൾ. ഇങ്ങനെയൊക്കെയുള്ള ഒരു ആദ്‌മിയാണ്. ഇനിയൊരു ജീവിതം ഈ ഗോളത്തിൽ ഉണ്ടാകുമോ എന്നറിയില്ല. പാർട്ടികൾക്കും രാഷ്ട്രീയത്തിനുമൊക്കെ അപ്പുറം മറ്റനേകം കാര്യങ്ങൾ ഈ ദുനിയാവിൽ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നവനാണ്. ഇത് രണ്ടും അത്തരം നൂറ് കാര്യങ്ങളിൽ രണ്ടെണ്ണം മാത്രമാണെനിക്ക്.

ഇതിൽക്കൂടുതൽ കാട് കയറാൻ ഉദ്ദേശിക്കുന്നില്ല. ഞാനിങ്ങനെയൊക്കെയാണ്. ഇത്തരത്തിൽ ഒരു ആദ്‌മിയാണ്. എന്നെ വെറുതെ വിടുക.

എന്ന് സസ്നേഹം
- നിരക്ഷരൻ

(അന്നും ഇന്നും എപ്പോഴും)