ഇന്നലെ രാത്രി വൈകിയതോടെ ധാരാളം ലോറിക്കാരും മറ്റ് വാഹനങ്ങളും ജ്യോതി ഹോട്ടലിന്റെ മുന്നിൽ വന്ന് നിറഞ്ഞു. എനിക്ക് അതുകൊണ്ട് ശല്യം ഒന്നും ഉണ്ടായില്ല. ഞാൻ തെരുവിലെ ഉറക്കം നന്നായിത്തന്നെ ആസ്വദിക്കുന്നുണ്ട്.
അതിനിടയ്ക്ക് വന്നും പോയും ഒരാൾ എന്നേയും ഭാഗിയേയും വീക്ഷിക്കുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോൾ അയാൾ എന്നോട് സംസാരിക്കാൻ തുടങ്ങി. കക്ഷി മലയാളിയാണ്. ആലപ്പുഴക്കാരൻ ദാമോദരൻ. 20 വർഷത്തിലധികമായി ഗുജറാത്തിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. ജ്യോതി ഹോട്ടലിന് മുന്നിലുള്ള പഞ്ചർ ഒട്ടിക്കുന്ന കട അദ്ദേഹത്തിൻ്റേതാണ്. ദേശീയപാതയിലുള്ള മിക്കവാറും ഹോട്ടലുകൾക്കും ധാബകൾക്കും മുന്നിൽ ഒരു ടയർ-പഞ്ചർ കട ഉണ്ടാകും. ഈ ഹോട്ടൽ ഉടമയുടെ മറ്റൊരു ഹോട്ടലിന് മുന്നിൽ ദാമോദരന്റെ ജ്യേഷ്ഠനാണ് ടയർ കട നടത്തുന്നത്.
ഞങ്ങൾ കുറെയധികം നേരം സംസാരിച്ചു നിന്നു. ദാമോദരന്റെ കുടുംബം നാട്ടിലാണ്.
കൊല്ലത്തിൽ മൂന്ന് നാല് പ്രാവശ്യം നാട്ടിൽ പോയി വരും. കടയ്ക്കുള്ളിൽ തന്നെയാണ് കിടപ്പും ഭക്ഷണം പാചകം ചെയ്യലും എല്ലാം. തണുപ്പ് കാലത്ത് കടയുടെ ഉള്ളിൽ കിടക്കും. ചൂടുകാലത്ത് കട്ടിൽ പുറത്തിട്ട് വെളിയിൽ കിടക്കും. അങ്ങനെ ഒരിക്കൽ വെളിയിൽ കിടക്കുമ്പോൾ ഉള്ളിൽ കവർച്ച നടന്നു. മൊബൈൽ ഫോണും വാടക കൊടുക്കാൻ വെച്ചിരുന്നത് അടക്കം ഒരുപാട് പൈസയും നഷ്ടമായി.
രാജസ്ഥാനിലെ കോസ്ലു ഗ്രാമത്തിലെ എണ്ണപ്പാടത്ത് ജോലി ചെയ്തിരുന്ന കാലത്ത് ഇതുപോലെ ഒരു ടയർ കട നടത്തുന്ന മലയാളിയെ പരിചയമുണ്ടായിരുന്നു. അച്ചായൻ എന്നാണ് ഞങ്ങൾ അയാളെ വിളിച്ചിരുന്നത്. പകൽ മുഴുവൻ എല്ലു മുറിയെ പണിയെടുക്കും. രാത്രി ആ കാശിന് മുഴുവൻ മദ്യപിക്കും. കുടുംബമൊന്നും ഉണ്ടായിരുന്നില്ല. കേരളം വിട്ട് ഓടിപ്പോന്നത് പോലെ ആയിരുന്നു പെരുമാറ്റവും സംസാരവും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവിടെത്തന്നെ കിടന്ന് മരിച്ചു എന്ന വാർത്തയും കേട്ടു.
മനുഷ്യർ നാടുവിട്ട് കൂടുവിട്ട് വീടുവിട്ട് ഏതൊക്കെയോ ദേശങ്ങളിൽ ഏതൊക്കെയോ രാജ്യങ്ങളിൽ എങ്ങനെയൊക്കെയോ!! ആലോചിക്കാൻ പോയാൽ ഒരു അന്തവും കുന്തവും കിട്ടില്ല.
രാവിലെ, ജ്യോതി ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ച് ദാമോദരനോട് യാത്രയും പറഞ്ഞ് ഒരു മണിക്കൂർ ഡ്രൈവിംഗ് ദൂരമുള്ള വിത്തൽഗഡ് കോട്ടയിലേക്ക് തിരിച്ചു.
ദേശീയപാതയിൽ നിന്ന് കഷ്ടി ഒരു കിലോമീറ്റർ ഉള്ളിലേക്ക് തിരിഞ്ഞാൽ വിത്തൽ ഗഡ് ഗ്രാമമായി. തകർന്നുവീണ് കിടക്കുന്ന കോട്ട ദൂരെ നിന്ന് തന്നെ കാണാം. എങ്കിലും അതിന്റെ ഗേറ്റ്, താഴും ചങ്ങലയും ഇട്ട് പൂട്ടിയിരിക്കുന്നു. മതിൽ പൊളിഞ്ഞാണ് കിടക്കുന്നത്. ഒന്ന് ശങ്കിച്ച് നിന്ന ശേഷം ഇടിഞ്ഞ് കിടക്കുന്ന മതിലിലൂടെ ഞാൻ അകത്തേക്ക് കടന്ന് ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. ഗ്രാമവാസികൾ കാര്യമായി എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു.
കോട്ടയുടെ മതിൽക്കെട്ടിനകം മുഴുവൻ ഗ്രാമവാസികൾ വിസർജ്ജിച്ച് നിറച്ചിരിക്കുന്നു. കാലെടുത്ത് കുത്താൻ പറ്റില്ല എന്ന അവസ്ഥ. കോട്ടയുടെ പ്രധാന കവാടവും അടച്ചാണ് ഇട്ടിരിക്കുന്നത്. ആ പ്രതികൂല സാഹചര്യത്തിലും അത്യാവശ്യം പടങ്ങൾ എടുത്ത് ഞാൻ പുറത്ത് കടന്നു. കോട്ടയുടെ വശങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ എടുക്കാൻ നടന്നപ്പോൾ അതിനകത്തെ കയ്യേറ്റങ്ങൾ കൃത്യമായി മനസ്സിലായി. എരുമകളെ വളർത്തുന്ന ഒരു വീടിന്റെ തൊഴുത്താണ് കോട്ടയുടെ ഒരു ഭാഗത്ത്. അതുവഴി കോട്ടയിലേക്ക് പോകാൻ പറ്റില്ല എന്ന് വീട്ടുകാർ പറഞ്ഞത് അവഗണിച്ച്, അതിലൂടെ കയറി അത്യാവശം പടങ്ങൾ എടുത്തു. സത്യത്തിൽ വീട്ടുകാർ പറയുന്നത് ഒന്നും എനിക്ക് മനസ്സിലായില്ല എന്നതാണ് സത്യം.
ഈ ദിവസങ്ങളിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, തട്ടിയും മുട്ടിയും ഹിന്ദി പറഞ്ഞ് പോലും പിടിച്ച് നിൽക്കാൻ പറ്റുന്നില്ല. ഗുജറാത്തിൽ പലയിടത്തും ഹിന്ദി ഏശുന്നില്ല. മറുവശത്തുള്ളയാൾക്ക് ഗുജറാത്തി മനസ്സിലാകില്ല എന്ന് പിടികിട്ടിയാലും അവർ ഹിന്ദി സംസാരിക്കുന്നില്ല. അവർക്ക് ഹിന്ദി അറിയാത്തത് കൊണ്ടാണെന്ന് ഞാൻ കരുതുന്നില്ല. വിത്തൽ ഗ്രാമത്തിലും മറ്റും ആ പ്രശ്നം ഞാൻ ശരിക്കും അനുഭവിച്ചു.
പത്ത് മണിയോടെ വിത്തൽഗഡ് കോട്ട സന്ദർശനം കഴിഞ്ഞു. ഇനി പോകാനുള്ളത് വട്നഗർ കോട്ടയിലേക്കാണ്. മൂന്ന് മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സ്ഥലമാണ് വട്നഗർ. പക്ഷേ ഗൂഗിൾ മാപ്പിൽ ആ പേരിൽ ഒരു കോട്ട കാണിക്കുന്നില്ല. അതെന്തായാലും ഭാഗി വട്നഗർ നഗരത്തിൽ ചെന്ന് കയറി. കോട്ടയെപ്പറ്റി കൂടുതൽ തിരക്കിയപ്പോൾ പല കാര്യങ്ങൾ മനസ്സിലാക്കാനായി.
* വട്നഗർ എന്ന പട്ടണം ഈ കോട്ടയ്ക്കുള്ളിലാണ് ഇരിക്കുന്നത്.
* 6 കവാടങ്ങളാണ് ഈ കോട്ടയ്ക്ക് ഉള്ളത്. അതെല്ലാം അടച്ച് കഴിഞ്ഞാൽ പിന്നെ ആർക്കും പട്ടണത്തിലേക്ക് കടക്കാൻ ആവില്ല.
* 10 – 12 നൂറ്റാണ്ടിൽ സോലങ്കി കാലഘട്ടത്തിൽ ഉണ്ടാക്കിയ ഷർമ്മിഷ്ഠ എന്ന് പേരുള്ള വലിയ തടാകം കോട്ടയ്ക്ക് അകത്തുണ്ട്. ആരവല്ലി മലനിരകളിൽ നിന്ന് ഒഴുകിവരുന്ന കപില നദിയിലെ വെള്ളമാണ് ഈ തടാകത്തിൽ ഉള്ളത്. രാജസ്ഥാൻ അതിർത്തിയിലാണ് വട്നഗർ ഉള്ളത്. അതുകൊണ്ട് തന്നെ ആരവല്ലി മലനിരകളിൽ നിന്ന് ജലം ഇങ്ങോട്ടും ഒഴുകിയെത്തുന്നു.
* തടാകത്തിന് ചുറ്റും ജലത്തിൽ പില്ലറുകൾ അടിച്ച് നടക്കാനുള്ള പാത ഒരുക്കിയിട്ടുണ്ട് ഇപ്പോൾ. എന്നിട്ടും ഇങ്ങോട്ട് എത്തുന്ന സഞ്ചാരികൾ കുറവാണ്.
* ക്ലോക്ക് ടവർ ഗാലറിയും മ്യൂസിയവുമാണ് കോട്ടയിലെ പ്രധാന ആകർഷണങ്ങൾ. വട്നഗറിന്റെ മുഴുവൻ ചരിത്രവും ഇവിടെ വിവരിക്കുന്നുണ്ട്.
* കോട്ടയ്ക്കകത്ത് പഴയ നഗരത്തിന്റേതായ ധാരാളം പഴയ കെട്ടിടങ്ങൾ ഉണ്ട്.
* നൂറുകണക്കിന് വീടുകളിലായി ആയിരക്കണക്കിന് ജനങ്ങൾ ഇതിനകത്ത് തിങ്ങിപ്പാർക്കുന്നു.
* ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഒരു നഗരം ഇവിടെ ഉണ്ടായിരുന്നു എന്നത് കാണിക്കുന്നത് ഇവിടെ നടന്നിരുന്ന കച്ചവടത്തിന്റെ ഉന്നമനം ആണ്.
* ജൈനമതം ബുദ്ധമതം എന്നിങ്ങനെ മതപരമായും സമ്പത്തിന്റെ കാര്യത്തിലും ഒക്കെ പുരാതന കാലത്ത് വട്നഗറിന് ഉണ്ടായിരുന്ന പ്രാധാന്യം മ്യൂസിയത്തിൽ അനാവരണം ചെയ്യുന്നുണ്ട്.
* VR (Virtual Reality) സാങ്കേതികവിദ്യയുടെ സഹായത്തോടെ, മുഴുവൻ നഗരത്തെ കാണിച്ച് തരുന്നുണ്ട് മ്യൂസിയത്തിൽ.
കോട്ടയാകുന്ന പട്ടണത്തിൽ കുറേനേരം ചുറ്റി നടന്നു. തമ്പാക്ക് നിറച്ച് വലിക്കുന്ന പൈപ്പുകൾ (ചലം) സോവനീറായി വാങ്ങി. മ്യൂസിയം കണ്ട് കഴിഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി. അര ദിവസം കൊണ്ട് കണ്ടുതീർക്കാവുന്ന ഒരിടമല്ല വട്നഗർ.
ആയതിനാൽ, ഇന്ന് വട്നഗറിൽ തങ്ങാനും നാളെ അര ദിവസം ഈ പട്ടണം ചുറ്റിക്കറങ്ങാനും തീരുമാനിച്ചു. അതിനായി, ക്ലോക്ക് ടവർ മ്യൂസിയത്തിലെ ഗൈഡ് രാകേഷിന്റെ സഹായം ഞാൻ ഉറപ്പ് വരുത്തി.
ഇന്ന് രാത്രി ഭാഗിയും ഞാനും തങ്ങുന്നത്, കോട്ടയുടെ തൊട്ട് വെളിയിലുള്ള ഹട്കേശ്വർ മഹാദേവ ക്ഷേത്രത്തിന്റെ പാർക്കിംങ്ങ് ഇടത്തിലാണ്. അവരുടെ കാന്റീനിൽ നിന്ന് മിതമായ നിരക്കിൽ (₹50) ദാൽ ബാട്ടി കഴിച്ചു. ഈ യാത്രയ്ക്കിടയിൽ ആദ്യമാണ് ഒരു ക്ഷേത്ര പരിസരത്ത് തങ്ങുന്നത്.
നാളെ രാവിലെ എട്ട് മണിക്ക് രാഗേഷ് വരും. അദ്ദേഹത്തിൻ്റെ ബൈക്കിലാണ് നാളത്തെ നഗര സവാരി.
ശുഭരാത്രി.