അഞ്ച് ദിവസം എന്നെ ഒരു കുടുംബാംഗത്തെപ്പോലെ പരിഗണിച്ച്, എനിക്ക് ഭക്ഷണം വിളമ്പിയ, എനിക്ക് പോകാനുള്ള സ്ഥലങ്ങളുടെ കൃത്യമായ വിവരണങ്ങൾ നൽകിയ, വീർ തേജാജി ധാബയിലെ സുഹൃത്തുക്കളോടും അജ്മീറിനോടും വിടപറഞ്ഞ്, രാവിലെ 9 മണിയോടെ ദേവ്മാലി ലക്ഷ്യമാക്കി ഇറങ്ങി.
ദേവ്മാലി എന്ന ഗ്രാമത്തെപ്പറ്റി ഞാൻ ആദ്യമായി അറിയുന്നത്, ഈ യാത്ര തുടങ്ങിയതിന് ശേഷം ശ്രീമതി ജോളി ജോണിന്റെ Jolly John ഒരു ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ്. ഞങ്ങൾ രണ്ടുപേരും ഏതാണ്ട് ഒരേസമയത്ത് ജയ്പൂരിൽ ഉണ്ടായിരുന്നു. ശ്രീമതി ജോളി ദേവ്മാലിയിൽ പോയത് എന്തിനാണെന്ന് ഞാൻ ചോദിച്ചു. അത് സഞ്ചാരികളുടെ ഒരു സ്ഥിരം ലക്ഷ്യസ്ഥാനം അല്ലല്ലോ?!
അങ്ങനെയാണ് ആ ഗ്രാമത്തെപ്പറ്റി ഞാൻ മനസ്സിലാക്കുന്നത്.
ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഞാൻ എന്തിന് ദേവ്മാലിയിൽ പോകണ്ടെന്ന് വെക്കണം?
* ഇന്ത്യയിലെ പേരുകേട്ട ഒരു ടൂറിസ്റ്റ് ഗ്രാമം എന്നതാണ് ദേവ്മാലിയെ വ്യത്യസ്തമാക്കുന്നത്.
* ഈ ഗ്രാമത്തിലുള്ളവർക്ക് കെട്ടുറപ്പുള്ള വീടുകൾ ഇല്ല. കല്ലും മണ്ണും കൊണ്ട് കെട്ടി, മണ്ണ് തേച്ച്, ഓട് പാകിയ ചെറിയ വീടുകളാണ് ഗ്രാമം മുഴുവൻ.
* ഗ്രാമവാസികളുടെ ആരാധനാമൂർത്തിയായ ദേവ്നാരായണനോടുള്ള പ്രതിജ്ഞയുടെ ഭാഗമായാണ് ഇത്തരം വീടുകളിൽ അവർ കഴിയുന്നത്.
* ഈ ഗ്രാമത്തിലുള്ളവർ മത്സ്യമാംസാദികൾ കഴിക്കാറില്ല, മദ്യപിക്കാറില്ല.
* ഇവരുടെ വീടുകൾ ഇരിക്കുന്ന പുരയിടങ്ങൾ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഈ സ്ഥലമെല്ലാം തങ്ങളുടെ ദൈവമായ ദേവ്നാരായണൻ്റേതാണ് എന്നാണ് ഇവരുടെ വിശ്വാസം.
* ഇവർ മണ്ണെണ്ണയോ വേപ്പ് തടിയോ ഇന്ധനം എന്ന നിലയ്ക്ക് കത്തിക്കാറില്ല.
* മോഷണമോ കൊള്ളയോ ഒന്നും ഇവിടെ നടക്കാറില്ല. അതുകൊണ്ടുതന്നെ ഈ ഗ്രാമത്തിലെ വീടുകൾക്ക് താഴും താക്കോലും ഇല്ല.
* ഗ്രാമത്തിന്റെ ഒരു വശത്ത് കുന്നിൻ മുകളിലായി ദേവനാരായണന്റെ ക്ഷേത്രം നിലകൊള്ളുന്നു.
* സമാധാനവും സൗഭാഗ്യവും ഉണ്ടാകാൻ വേണ്ടി ഈ മലക്ക് ചുറ്റും നഗ്നപാതരായി നടക്കുന്നതാണ് ഗ്രാമവാസികളുടെ പ്രധാന ഒരു ആചാരം.
* ആയിരക്കണക്കിന് ഭക്തജനങ്ങൾ ഗ്രാമത്തിന് വെളിയിൽ നിന്ന് ഇവിടെ നിത്യവും വന്നു പോകുന്നു. ഇന്ന് അക്കൂട്ടത്തിൽ ഞാനും ചേർന്നു.
* വളരെ വൃത്തിയും വെടിപ്പുമുള്ള ഒരു ഗ്രാമം ആയിട്ടാണ് എനിക്ക് ദേവ്മാലിയെ കാണാൻ കഴിഞ്ഞത്. ഒരിടത്തും പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കാണാനായില്ല. അത്തരത്തിൽ എന്തെങ്കിലുമുണ്ടെങ്കിൽ അത് ക്ഷേത്രത്തിന്റെ അടിവാരത്ത് മാത്രമാണ്. അതാകട്ടെ പുറത്തുനിന്ന് വന്നു പോകുന്നവരുടെ സംഭാവനയും ആണ്.
* ഗ്രാമവാസികൾ വളരെ സൗഹൃദത്തോടെയാണ് പെരുമാറുന്നത്. അവരുടെ വീടുകളിൽ കയറിച്ചെന്ന് ഫോട്ടോയെടുക്കാൻ സന്തോഷപൂർവ്വം അവർ അനുമതി നൽകി.
* ഏതാണ്ട് ഇരുന്നൂറോളം പടികൾ കയറിയാൽ കുന്നിൻ മുകളിലുള്ള ക്ഷേത്രത്തിൽ എത്താം. ധാരാളം ആൾക്കാർ ദേവ്നാരായണനെ ദർശിക്കാൻ വേണ്ടി വന്നിട്ടുണ്ട്. അവർ ഇടയ്ക്കിടയ്ക്ക് മുദ്രാവാക്യം വിളി പോലെ “ബോലോ ദേവനാരായണൻ കീ ജയ് ” എന്ന് വിളിച്ചുകൊണ്ടിരുന്നു.
ദേവ്മാലിയിൽ നിന്ന് പാലി ഹബ്ബിലേക്ക് പോകാനാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. ഭാഗിക്കും എനിക്കും തങ്ങാൻ ഒരു സ്ഥലം കണ്ടെത്തണം. എന്നാലേ ഹബ്ബ് എന്ന് വിളിക്കാൻ പറ്റൂ. ഏകദേശം 130 കിലോമീറ്റർ യാത്രയുണ്ട് പാലിയിലേക്ക്. രണ്ടര മണിക്കൂർ ഡ്രൈവ്.
അതിനിടയ്ക്ക് പെട്ടെന്ന് ബർ(barr) എന്ന സ്ഥലത്തിന്റെ ബോർഡ് കണ്ടു. ബർ എന്റെ മറ്റൊരു ഹബ്ബ് ആണ്. ബർ തീർക്കാതെയും കാണാതെയും എന്തിന് പാലിയിലേക്ക് പോകണം? ആദ്യം കണ്ട ഹവേലി റിസോർട്ടിലേക്ക് ഭാഗിയെ ഞാൻ ചേർത്ത് ഒതുക്കി. അതിൻെറ ഉടമ ലോക്നാഥ് ചൗധരിയോട് ഞങ്ങൾക്ക് തങ്ങാനുള്ള സൗകര്യം തരണമെന്ന കാര്യം പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷം.
സമയം രണ്ടര മണി ആകുന്നതേയുള്ളൂ. ബറിൽ ഒരു കോട്ടയുണ്ട്. അത് കണ്ട് വന്നിട്ട് വിശ്രമിച്ചാൽ മതിയെന്ന് തീരുമാനിച്ച് ഞങ്ങൾ 20 കിലോമീറ്റർ ദൂരെയുള്ള ബറിലേക്ക് തിരിച്ചു.
ബർ കോട്ട കണ്ടുപിടിക്കാൻ തീരെ ബുദ്ധിമുട്ടുണ്ടായില്ല. പരിചരണം തീരെ ഇല്ലാതെ കിടക്കുന്ന കോട്ടയുടെ കവാടം അടഞ്ഞാണ് കിടക്കുന്നത്. ഞാൻ കോട്ടയുടെ പരിസരം മുഴുവൻ ചുറ്റി നടന്നു കണ്ട് പടങ്ങൾ എടുത്തു.
ഇതിപ്പോൾ തുടർച്ചയായി നാലാമത്തെ കോട്ടയിലാണ് കയറാൻ പറ്റാതെ നിരാശനാകുന്നത്. ഇങ്ങനെ പോയാൽ, പുറത്ത് നിന്നെങ്കിലും കണ്ടിട്ടുള്ള കോട്ടകളുടെ, ഒരു വലിയ ലിസ്റ്റ് ഉണ്ടാകും ഈ പര്യടനത്തിന്റെ അവസാനം എന്നുറപ്പാണ്.
ഞങ്ങൾ ഹവേലി റിസോർട്ടിലേക്ക് മടങ്ങി. നാളെ ഈ പരിസരത്തുള്ള ഒന്ന് രണ്ട് കോട്ടകളിലേക്ക് ലോക്നാഥ് ചൗധരി കൂടെ വരാം എന്ന് പറഞ്ഞിട്ടുണ്ട്. ആൽക്കെമിസ്റ്റിൻ്റെ ഗൂഢാലോചന ലിസ്റ്റിലേക്ക് ഒരാൾ കൂടെ!
സത്യത്തിൽ ഓരോ ഹബ് വിട്ട് അടുത്ത ഹബ്ബിലേക്ക് പോകുമ്പോഴും ആശങ്കയാണ് എനിക്ക്. പുതിയ ഹബ് എവിടെയായിരിക്കും? അവിടെ അത്യാവശ്യം സൗകര്യങ്ങൾ തരപ്പെടുമോ? ഭാഗിയിൽ ബോധം കെട്ട് ഉറങ്ങാൻ പാകത്തിന് അവിടം സുരക്ഷിതം ആയിരിക്കുമോ? എന്നിങ്ങനെ പോകും ബേജാറുകൾ. പക്ഷേ എൻ്റെ ഇത്തരം ആശങ്കകൾക്ക് വിപരീതമായി, പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ഒരു ഹബ്ബിൽ തന്നെയാണ് ഞാൻ എന്നും എത്തിപ്പെടാറുള്ളത്. 2024 ജനുവരിയിലും ഫെബ്രുവരിയിലും പിന്നെ ഇപ്പോൾ ഒക്ടോബറിലും സെപ്റ്റംബറിലും ഈ നവംബറിലും എല്ലാം എനിക്ക് മറിച്ച് ഒരു അനുഭവം രാജസ്ഥാനിൽ ഉണ്ടായിട്ടില്ല.
ഇന്നത്തെ ദിവസം ഒരു കോട്ടയിൽ കയറി കാണാൻ പറ്റാത്തതിലുള്ള നിരാശ ഉണ്ടെങ്കിലും, മറ്റൊരു കാര്യത്തിൽ സന്തോഷവാനാണ് ഞാൻ.
ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രാജസ്ഥാനിലേക്ക് നടത്തിയ യാത്രയാണ് ജീവിതത്തിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള യാത്ര. 50 ദിവസമാണ് അന്ന് തുടർച്ചയായി സഞ്ചരിച്ചത്. എന്റെ ആ റെക്കോർഡ് ഞാനിന്ന് തിരുത്തിക്കുറിക്കുന്നു. സെപ്റ്റംബർ 13ന് ആരംഭിച്ച ഈ യാത്രയുടെ 51-) മത്തെ ദിവസമാണ് ഇന്ന്. അങ്കത്തിന് ഒരു ബാല്യം കൂടെയുണ്ട് എന്ന് കിളവൻ (രാജസ്ഥാൻകാരുടെ ബാബുജി) വീണ്ടും തെളിയിച്ചിരിക്കുന്നു.
2025 ഫെബ്രുവരി അവസാന വാരം വരെ ഈ യാത്ര വിഘ്നങ്ങളൊന്നുമില്ലാതെ തുടരുകയാണെങ്കിൽ, 150ൽപ്പരം ദിവസം തുടർച്ചയായി യാത്ര ചെയ്തെന്നും ആ ദിവസങ്ങളിലെല്ലാം മുടങ്ങാതെ യാത്രാക്കുറിപ്പുകൾ എഴുതിയെന്നും സന്തോഷിക്കാൻ എനിക്കാവും.
നാളെ മുതൽ നാലഞ്ച് ദിവസത്തേക്കുള്ള യാത്ര കൃത്യമായി പദ്ധതിയിടണം. ഇന്ന് രാത്രി അതിനുള്ള സമയം കൂടിയാണ്.
ശുഭരാത്രി.