വികസിത രാജ്യങ്ങളിൽ കുട്ടികളെ വാഹനങ്ങളുടെ സീറ്റിൽ ഇരുത്തുന്നതിന് ധാരാളം നിഷ്ക്കർഷകളുണ്ട്. പിൻസീറ്റിൽ ആയാലും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. സീറ്റ് ബെൽറ്റ് കുട്ടിയുടെ കഴുത്തിലൂടെ കടന്ന് പോകുന്ന ഉയരമേ കുട്ടിക്കുള്ളുവെങ്കിൽ (ഇത് പ്രായം വെച്ചും കണക്കാക്കാറുണ്ട്) ചൈൽഡ് സീറ്റിൽ കുട്ടിയെ ഇരുത്തി ആ സീറ്റ് ലോക്ക് ചെയ്ത് വെക്കണം. സൈക്കിളിൽ കുട്ടിയെ ഇരുത്തണമെങ്കിൽപ്പോളും ഹെൽമറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയിരിക്കണം. അപ്പോൾപ്പിന്നെ ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ.
ഇവിടെ സ്ക്കൂട്ടറിൽ കുട്ടികൾക്ക് ആരെങ്കിലും ഹെൽമെറ്റ് വെക്കാറുണ്ടോ ? കാറിൽ അച്ഛനമ്മമാരുടെ മടിയിൽത്തന്നെയല്ലേ കുട്ടികളെ ഇരുത്തുക പതിവ് ? അങ്ങനെയാകുമ്പോൾ നമുക്ക് ചേരുന്ന പേര്, അത്യാധുനിക സംവിധാനങ്ങളും സൌകര്യങ്ങളും ഉപയോഗിക്കുന്ന അപരിഷ്കൃതരായ സമൂഹം എന്ന് തന്നെയാണ്.
ഇതൊക്കെ മനസ്സിലാക്കാനും പഠിക്കാനും പ്രാവർത്തികമാക്കാനും, എല്ലാവർക്കും വികസിത രാജ്യങ്ങളിലേക്ക് യാത്ര പോകാനാവില്ലല്ലോ? അപ്പോൾപ്പിന്നെ ഇതൊക്കെ ജനത്തെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയും നിയമനിർമ്മാണത്തിലൂടെ നടപ്പാക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. പക്ഷേ അവരുടെ ഇടപെടൽ വികസിത രാജ്യങ്ങൾ സന്ദർശിച്ച് അർമ്മാദിക്കുക എന്ന പ്രവർത്തിയിലൊതുങ്ങുന്നു.
മറ്റൊരു രീതിയിലും ഇതിനെ കണ്ടുകൂടെ ? വലിപ്പത്തിൽ ചെറിയൊരു രാജ്യമാണ്. ജനസംഖ്യയിലാകട്ടെ രണ്ടാം സ്ഥാനവും. പല ഭാഷ, പല സംസ്ക്കാരം, അതിന്റേതായ നൂറ് കൂട്ടം പ്രശ്നങ്ങൾ. 125 കോടി ജനങ്ങളുടെ പ്രശ്നങ്ങൾ ഇത്രയൊക്കെയേ അന്വേഷിക്കാനും നേരെയാക്കാനും പറ്റൂ എന്നാരെങ്കിലുമൊക്കെ ചിന്തിക്കുന്നുണ്ടായിക്കൂടെ ?
ലോകം വിരൽത്തുമ്പിലാണിപ്പോൾ. മറ്റുള്ളയിടങ്ങളിൽ എങ്ങനെയാണെന്ന് കണ്ട് മനസ്സിലാക്കൂ. അതുപോലെ ജീവിക്കാൻ തുടങ്ങൂ. അല്ലെങ്കിൽ ബാലഭാസ്ക്കറിനും സുരേഷ് ഗോപിക്കുമൊക്കെ ദുര്യോഗമുണ്ടാകുമ്പോൾ മാത്രം ചർച്ച ചെയ്യാനുള്ള ഒരു വിഷയമായി ഇതെന്നെന്നും നിലനിൽക്കും.
നമുക്ക് നാം മാത്രമേയുള്ളൂ. സീൽറ്റ് ബെൽറ്റ് ഇടണോ, ഹെൽമറ്റ് വെക്കണോ, ചൈൽഡ് സീറ്റ് ഘടിപ്പിക്കണോ, മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കണോ, ഉറക്കത്തെ അവഗണിച്ച് വാഹനമോടിക്കണോ, ലൈറ്റില്ലാത്ത വാഹനം ഓടിക്കണോ, അപരിചിതമായ റോഡുകളിൽ രാത്രിയാത്ര ഒഴിവാക്കണോ എന്നൊക്കെ നമ്മൾ തന്നെ തീരുമാനിക്കുക നടപ്പിലാക്കുക.
വാൽക്കഷണം:- ഈ തീരാദുഃഖത്തിൽ നിന്ന് എത്രയും പെട്ടെന്ന് കരകയറാൻ ബാലഭാസ്ക്കറിനും കുടുംബത്തിനും കഴിയുമാറാകട്ടെ. അതിനദ്ദേഹത്തിന്റെ സംഗീതം തന്നെ അദ്ദേഹത്തിന് തുണയാകട്ടെ.