ആകാശത്ത് നിന്നുള്ള ഭൂമി (THE EARTH FROM THE AIR)


11
ഭൂമിയിലെ മുഴുവൻ കാഴ്ച്ചകളും കപ്പലിലോ തീവണ്ടിയിലോ കാറിലോ ബസ്സിലോ സൈക്കിളിലോ നടന്നോ പോയി കാണാൻ നമുക്ക് പറ്റിയെന്നിരിക്കും. വിമാനത്തിൽ വളരെ ഉയരത്തിൽ പറക്കുമ്പോൾ ഭൂമിയിലെ കാഴ്ച്ചകൾ കാണുന്നതിന് പരിധിയുണ്ട്. നമ്മൾ കടന്ന് പോയ ഭൂവിടങ്ങളിലെ ആകാശക്കാഴ്ച്ചകൾക്ക് വേറൊരു ഭംഗിയും മികവും ചാരുതയുമാണ്. ഡ്രോൺ ക്യാമറകൾ വന്നതിന് ശേഷം അത്തരം പല ദൃശ്യങ്ങൾക്കും ക്ഷാമമില്ല.

എന്നാൽ അത്തരത്തിലുള്ള ഗംഭീര ദൃശ്യങ്ങൾ നമ്മുടെ സ്വന്തം ആൽബത്തിലെന്ന പോലെ കൈവശം വെക്കാനും ഇടയ്ക്കിടയ്ക്ക് അതെടുത്ത് മറിച്ച് നോക്കാനും പറ്റിയാൽ എങ്ങനെയിരിക്കും?!

ആ സൗകര്യവും സന്തോഷവുമാണ് Yann Arths Berrand ൻ്റെ ചിത്രങ്ങൾ, Thames & Hudson എന്ന പ്രസാധകരിലൂടെ THE EARTH FROM THE AIR എന്ന പുസ്തകത്തിലൂടെ നമുക്ക് ലഭിക്കുന്നത്. ആകാശത്ത് നിന്നെടുത്ത ഭൂമിയുടെ നൂറ് കണക്കിന് മനോഹരവും അപൂർവ്വവുമായ ദൃശ്യങ്ങളാണ് ഈ പുസ്തകത്തെ മികവുറ്റതും അമൂല്യമാക്കുന്നത്.

“ഇത് വെറും ഫോട്ടോഗ്രാഫുകളുടെ പരമ്പരയല്ല, മറിച്ച് ഒരു കലാസൃഷ്ടിയാണ്”….. എന്ന് പ്രസാധകർ പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അമ്പരപ്പോടെയും അത്ഭുതത്തോടെയും മാത്രമേ ഇതിലെ ഓരോ ചിത്രങ്ങളിലൂടെയും കടന്ന് പോകാനാവൂ. ഡ്രോണുകളും മറ്റും സർവ്വവ്യാപി അല്ലാത്ത ഒരു കാലത്ത് ബലൂണിലും ഹെലിക്കോപ്റ്ററുകളിലും മറ്റും പറന്ന് അൻ്റാർട്ടിക്ക മുതൽ ഹിമാലയം വരെയും ആഫ്രിക്ക മുതൽ ലോകത്തിൻ്റെ മറ്റേതൊരു കോൺ വരേയും പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് എടുത്ത അവിശ്വസനീയമായ ചിത്രങ്ങൾ!

പരിസ്ഥിതി, ജനപ്പെരുപ്പം, ഭൂപ്രകൃതി, കൃഷി, വെള്ളം, ആകാശം, കടൽ, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിദ്ധ്യം, ഗ്രാമങ്ങൾ, ഉൾനാടുകൾ, നാഗരികത എന്നിങ്ങനെ എല്ലാം ഈ ചിത്രങ്ങളിലൂടെ ആസ്വാദ്യകരമായ അനുഭവമായി മാറുന്നു.

എങ്ങോടെങ്കിലും സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുകയും അതിനുള്ള സാഹചര്യം ഇല്ലാതെ പോകുകയും ചെയ്യുന്ന ദിവസങ്ങൾ ഈ പുസ്തകത്തിലെ ചിത്രങ്ങളിലൂടെ കടന്ന് പോകുന്നതാണ് നിലവിൽ എൻ്റെയൊരു പരിപാടി. അപ്പോൾ കിടുന്ന ഊർജ്ജം ചില്ലറയൊന്നുമല്ല. അത് മാത്രമല്ല, ഈ ഭൂമികയിലൂടെയൊക്കെ കടന്ന് പോയാലും, ഈ ചിത്രങ്ങളിൽ കാണുന്ന ദൃശ്യങ്ങൾ അതേ കോണിൽ ആകാശത്ത് നിന്ന് കാണാൻ, ഒരിക്കൽപ്പോലും എനിക്ക് സാധിക്കില്ലെന്ന കാര്യത്തിൽ തർക്കമില്ല. ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ കാണുന്നതിൻ്റെ ഇരട്ടിയിലേറെ വലിപ്പത്തിൽ ചിത്രങ്ങൾ കാണാനും മറിച്ചുപോകാനും പറ്റുമെന്നതാണ് മറ്റൊരു സൗകര്യവും സന്തോഷവും.

ഒരു എത്ര മനോഹരമാണ് ഈ ഭൂമി എന്ന് പലവട്ടം പറഞ്ഞുറപ്പിക്കാതെ ഈ പുസ്തകത്തിൻ്റെ A3 വലിപ്പമുള്ള 440ൽപ്പരം പേജുകൾ ഒരുവട്ടം പോലും മറിച്ച് നോക്കാനാവില്ല. വെറുതെ തള്ളുന്നതല്ല എന്ന് ബോദ്ധ്യപ്പെടുത്താനായി മാത്രം ഇതിലെ ചില ചിത്രങ്ങൾ ഈ കുറിപ്പിനൊപ്പം ചേർക്കുന്നു. അതെല്ലാം പുസ്തകത്തിലുള്ള ചിത്രത്തിന്റെ പകുതി വലിപ്പം മാത്രമാണെന്ന് മനസ്സിലാക്കുക.

25 രാജ്യങ്ങളിലായി 3 മില്ല്യനിൽ അധികം വിറ്റ് പോയ ഈ പുസ്തകത്തിൻ്റെ ആദ്യ പതിപ്പ് 1999ലാണ് പ്രകാശിപ്പിക്കപ്പെട്ടത്. എനിക്ക് കിട്ടിയത് മൂന്നാമത്തെ എഡിഷനാണ്. രണ്ടായിരം രൂപയ്ക്ക് മുകളിൽ വിലയുണ്ട് ഈ പുസ്തകത്തിന്. പക്ഷേ, ഒബ്റോൺ മാളിലെ ഒരു പുസ്തകമേളയിൽ നിന്ന് ഞാനിത് സ്വന്തമാക്കിയത് തുച്ഛമായ വിലയ്ക്കാണ്. ഒരു പെട്ടി നിറയെ പുസ്തകങ്ങൾ വാങ്ങിയാൽ 1500 രൂപ കൊടുത്താൽ മതി. ഇതടക്കം ധാരാളം പുസ്തകങ്ങൾ അങ്ങനെ ചെറിയ വിലയ്ക്ക് കിട്ടി.

വാൽക്കഷണം:- ഈ പുസ്തകം കാണണമെന്ന് ആഗ്രഹമുള്ളവർ ഏറണാകുളത്ത് ഏതെങ്കിലും നല്ല റസ്റ്റോറൻ്റിൽ വന്നിരുന്ന് നിങ്ങൾക്കും എനിക്കുമുള്ള ഭക്ഷണം ഓർഡർ ചെയ്ത ശേഷം വിളിക്കുക. വെയ്റ്റർ പ്ലേറ്റ് വെക്കുന്നതിന് മുൻപ് ഞാനവിടെ പുസ്തകവുമായി എത്തിയിരിക്കും. ഈ പുസ്തകം ആർക്കും തന്ന് വിടുന്നതല്ല.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>